Wednesday, February 21, 2007

കവിതയിലെ കലാസംവിധാനം

പരസ്യം ഡിസൈന്‍ ചെയ്യുമ്പോള്‍ കൊള്ളാവുന്ന ആര്‍ട്‌ ഡയറക്ടര്‍മാര്‍ പിന്തുടരുന്ന ഒരു തത്വമുണ്ട്‌. അതിലെ ടെക്സ്റ്റ്‌ എങ്ങനെ വായിക്കപ്പെടണമോ അതിനനുസരിച്ച്‌ ടൈപ്പ്‌ ഫേസും അക്ഷരങ്ങളുടെ വലിപ്പവും വരികള്‍ക്കിടയിലെ സ്ഥലവും ഒക്കെ ക്രമീകരിക്കുക എന്ന തത്വം. ഉദാഹരണത്തിന്‌ ഉറക്കെ ഉച്ചരിക്കപ്പെടേണ്ട വിധം സ്ട്രോങ്ങ്‌ ആയ ഒരു ഹെഡ്‌ ലൈനാണെങ്കില്‍ വളരെ ബോള്‍ഡായ (impact പോലുള്ള) ഒരു ഫോണ്ട്‌ സാമാന്യം വലിയ പോയിന്റ്‌ സൈസ്‌ ഉപയോഗിച്ചാവും ഹെഡ്‌ലൈന്‍ നിര്‍മ്മിക്കുന്നത്‌. മറിച്ച്‌ ഒരു whispering tone ആണ്‌ ഹെഡ്‌ലൈനിനു വേണ്ടതെങ്കില്‍ കനം കുറഞ്ഞ, അഴകും വെടിപ്പുമുള്ള ഒരു ഫോണ്ട്‌ (അധികം വലിപ്പമില്ലാതെ) ഉപയോഗിക്കും. ഇങ്ങനെ വായനയെ സൂക്ഷ്മമായി നിര്‍വചിച്ച്‌ ആര്‍ട്‌ ഡയറക്ഷനില്‍ പല പരീക്ഷണങ്ങളും നടത്താറുണ്ട്‌, പലരും. ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും.

കവിതയില്‍ ഇത്തരമൊരു ആര്‍ട്‌ ഡയറക്ഷന്‍ സാധ്യമല്ല. അതിന്‌ പ്രസക്തിയുമില്ല. (ശരിയല്ലേ, കുമാര്‍ ജീ?) കവിതക്ക്‌ അതിന്റെ ഭാഷയിലൂടെ മാത്രമേ സംവേദിക്കാനാകൂ. അതാണതിന്റെ ശരിയും. ആവറേജ്‌ ആയ ഒരു ഹെഡ്‌ ലൈനിന്‌ പോലും അസാധാരണമായ ഒരു വിഷ്വല്‍ ടച്ച്‌ കൊടുത്ത്‌ വായനക്കാരനെ വലിച്ചടുപ്പിക്കുന്ന ആര്‍ട്‌ ഡയറക്ഷന്‍ എന്ന മാജിക്ക്‌ കവിതയ്ക്ക്‌ പ്രാപ്യമല്ല. അപ്പോള്‍ കവി (അയാളുടെ ഭാഷയില്‍) എന്തു ചെയ്യും?

ആകെ ചെയ്യാന്‍ പറ്റുന്നത്‌ ഇതാണ്‌: വരികള്‍ മുറിക്കാം, താളം തെറ്റിച്ച്‌ പുതിയൊരു താളമോ താളമില്ലായ്മയോ ഉണ്ടാക്കാം. ചിഹ്നങ്ങള്‍ വേണ്ടിടത്ത്‌ ഇടാതെയും വേണ്ടാത്തിടത്ത്‌ ഇട്ടും പരീക്ഷിക്കാം. പൂര്‍ണ്ണവിരാമമിടുന്നതിന്‌ പകരം "ഈ വാക്യം ഇവിടെ അവസാനിച്ചു, എന്നാല്‍ അവസാനിച്ചില്ല" എന്ന മട്ടില്‍ അടുത്ത വരിക്ക്‌ മുന്നിലായി കുറച്ചധികം സ്ഥലം മാത്രമിടാം. (ബ്ലോഗിലും സ്വന്തമായിറക്കുന്ന പുസ്തകത്തിലും ഇതൊക്കെ പൂര്‍ണ്ണമായും സാധ്യമാണ്‌. മാഗസിനുകളില്‍ എഡിറ്ററും ലേ-ഔട്ട്‌ ആര്‍ട്ടിസ്റ്റും ചേര്‍ന്നു കാര്യങ്ങള്‍ കുളമാക്കിയേക്കും!)

പല ചിഹ്നങ്ങളും ഒരു വാക്കില്‍ നിന്ന് അടുത്ത വാക്കിലേക്ക്‌, അല്ലെങ്കില്‍ ഒരു വാക്യത്തില്‍ നിന്ന് അടുത്ത വാക്യത്തിലേക്ക്‌ നിര്‍മ്മിച്ച പാലങ്ങളാണെന്നു കരുതിയാല്‍ ഒരു പാലം തകര്‍ത്ത്‌ വായനക്കാരനെ കിടങ്ങിലേക്ക്‌ വീഴ്‌ത്താനുള്ള അവകാശവും കവിക്കുണ്ട്‌. അല്ലെങ്കില്‍ "ഇവിടെ പാലമില്ല, കിടങ്ങ്‌ ചാടിക്കടന്നോളൂ" എന്നൊരു നിശ്ശബ്ദപ്രസ്താവവുമാവാം അത്‌. ചിലര്‍ക്ക്‌ ആ 'വീഴ്‌ച' ഉത്തേജനമാവും, ചിലരുടെ നട്ടെല്ലിന്‌ ക്ഷതം പറ്റും. ചിലര്‍ 'ത്രില്ലോ'ടെ ചാടിക്കടക്കും. എന്തായാലും കവിതവായന ഒരു സാഹസപ്രവൃത്തി തന്നെ. മുന്‍വിധികളോടെ ചെയ്യാന്‍ പറ്റാത്ത ഒരു സാഹസം.

"കവിത നമുക്ക്‌ വേണ്ടി പാകപ്പെടുകയല്ല, മറിച്ച്‌ നമ്മള്‍ കവിതയ്ക്കു വേണ്ടി പാകപ്പെടുകയാണ്‌ വേണ്ടതെ"ന്ന് കമലാദാസ്‌ പറഞ്ഞത്‌ എവിടെയോ വായിച്ച ഓര്‍മ്മ.


ഒരു വിപരീതചിന്ത കൂടി : ചായം വച്ചിരുന്ന പാത്രം അബദ്ധത്തില്‍ ക്യാന്‍വാസിലേക്ക്‌ മറിഞ്ഞപ്പോള്‍ അതെടുത്ത്‌ ഫ്രെയിം ചെയ്ത്‌ പ്രദര്‍ശിപ്പിച്ച ചിത്രകാരനെപ്പോലുള്ള കവികളും അത്‌ കണ്ട്‌ 'ഉജ്ജ്വലം' എന്ന് വിസ്മയിച്ച കലാനിരൂപകനെപ്പോലുള്ള വായനക്കാരും ഇല്ലാതില്ല! അതോ, അവരാണോ എണ്ണത്തില്‍ കൂടുതല്‍?

Tuesday, February 06, 2007

മയില്‍ എന്ന പെണ്‍കുട്ടി




ടി.വി. സ്ക്രീനില്‍ ന്യൂയോര്‍ക്കിലെ തെരുവിലൂടെ കമലഹാസനും ജ്യോതികയും അലസമായി നടക്കുന്നു. ഗൗതം മേനോന്റെ ട്രേഡ്‌ മാര്‍ക്ക്‌ ചടുലദൃശ്യങ്ങള്‍. ഹാരിസ്‌ ജയരാജിന്റെ ത്രസിപ്പിക്കുന്ന സംഗീതം അമേരിക്കന്‍ നഗരനിശയുടെ ആത്മാവിനെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു:
"മഞ്ചള്‍ വെയില്‍ മറയുതേ
മെല്ലെമെല്ലെ ഇരുളുതേ
പളിച്ചിടും വിളക്കുകള്‍
പകല്‍ പോല്‍ കാട്ടുതേ..."

മതിലിനപ്പുറത്ത്‌ നിന്ന് മയിലിന്റെ വിടര്‍ന്ന കണ്ണുകള്‍ ടി.വി.യില്‍ തറഞ്ഞു നില്‌ക്കുന്നുണ്ട്‌. നാല്‌ മിനിറ്റു കഴിഞ്ഞാല്‍ അവള്‍ കൂരയിലേക്ക്‌ പോകും. എന്തെങ്കിലും പണിയുണ്ടാകും, അവള്‍ക്കവിടെ.

ഇത്‌ മയില്‍ എന്ന ബാലിക. പ്രായം പത്തോ പതിനൊന്നോ വരും. കോയമ്പത്തൂരില്‍ ഞാന്‍ താമസിക്കുന്ന വാടകവീടിനടുത്തുള്ള, കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ താമസിക്കുന്ന ഒരു താല്‌ക്കാലിക കോളനിയിലാണ്‌ ഇവളുടെ വാസം.

കഴിഞ്ഞ രണ്ടു വര്‍ഷമായി വസ്തു ഇടപാട്‌, കെട്ടിടനിര്‍മ്മാണം എന്നീ രംഗങ്ങളില്‍ മുമ്പ്‌ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അഭിവൃദ്ധിയാണ്‌ കോയമ്പത്തൂരില്‍. ലോക്കല്‍ ദല്ലാളന്മാര്‍ മുതല്‍ വന്‍കിട ബില്‍ഡര്‍മാരും എന്‍.ആര്‍.ഐ.കളും വരെ സജീവമാണ്‌ ഇവിടുത്തെ റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌. നിര്‍മ്മാണത്തൊഴിലാളികള്‍ക്കും, സ്വാഭാവികമായും, നല്ല ഡിമാന്റുണ്ട്‌. മയിലിന്റെ കൂട്ടര്‍ സേലം നഗരത്തിന്റെ പ്രാന്തപ്രദേശത്തെങ്ങോ നിന്ന് കോയമ്പത്തൂരിലെത്തിയതാണ്‌. കുറെ കുടുംബങ്ങളുണ്ട്‌. തെലുങ്കും തമിഴും കലര്‍ന്ന, കേട്ടാല്‍ പ്രാകൃതമെന്നു തോന്നിയേക്കാവുന്ന, വാമൊഴിയില്‍ അന്യോന്യം സംസാരിക്കും. ആണും പെണ്ണും പണിയെടുക്കും. കുറെയധികം കുട്ടികളുമുണ്ട്‌. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ കൗമാരപ്രായക്കാര്‍ വരെ. കുട്ടികളുടെ കൂട്ടത്തില്‍ എപ്പോഴും തലയെടുപ്പോടെ നില്‌ക്കുന്നവളാണ്‌ മയില്‍.

മയിലിനെപ്പറ്റി എഴുതണമെന്ന് എനിക്ക്‌ തോന്നിയതെന്തു കൊണ്ടാവും? സുന്ദരിയാണ്‌ മയില്‍. നീണ്ട കണ്ണുകളും വരച്ചുവച്ചതു പോലുള്ള പുരികങ്ങളും ആകൃതിയൊത്ത മൂക്കും നല്ല ഭംഗിയുള്ള കറുപ്പ്‌ നിറവുമൊക്കെ ചേര്‍ന്ന വളരെ ആകര്‍ഷകമായ ഒന്നാണ്‌ അവളുടെ മുഖം. പക്ഷെ മയിലിനെ ഞാന്‍ ശ്രദ്ധിക്കാന്‍ കാരണം അതായിരുന്നില്ല. ഒരിക്കല്‍ ആദിത്യനുമായി (എന്റെ മകന്‍) ടെറസില്‍ ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ താഴെ റോഡിലേക്ക്‌ തെറിച്ചുപോയ പന്ത്‌ തിരികെ എറിഞ്ഞു തന്നത്‌ മയിലായിരുന്നു. ശീലത്തിന്റെ പുറത്ത്‌ "താങ്ക്സ്‌" എന്ന് അറിയാതെ പറഞ്ഞുപോയ എന്നോട്‌ ദൃഡസ്വരത്തില്‍ "യൂ ആര്‍ വെല്‍കം!" എന്നു മറുപടി പറഞ്ഞപ്പോഴാണ്‌ എണ്ണ കാണാതെ ചെമ്പിച്ച മുടിയും തിളങ്ങുന്ന കണ്ണുകളുമുള്ള ആ കുട്ടിയെ ഞാന്‍ തെല്ലൊരമ്പരപ്പോടെ ശ്രദ്ധിച്ചത്‌.

മയിലിനെപ്പറ്റി അധികമൊന്നും എനിക്കറിയില്ല. വെള്ളം നിറച്ച കുടം ഒക്കത്തുവച്ചു നടന്നു പോകുന്നതും അടുത്ത വീടുകളില്‍ പാത്രങ്ങളും വസ്ത്രങ്ങളുമൊക്കെ കഴുകിക്കൊടുക്കുന്നതും തന്നെക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളെ വട്ടത്തിലിരുത്തി കളിപ്പിക്കുന്നതുമൊക്കെ കാണാറുണ്ട്‌, എപ്പോഴും. പണി ചെയ്യുമ്പോഴും കളിക്കുമ്പോഴുമൊക്കെ പ്രായത്തില്‍ കവിഞ്ഞ ദാര്‍ഡ്യമാണ്‌ അവളുടെ മുഖത്ത്‌. മയില്‍ ഒരു 'സാധുപെണ്‍കുട്ടി'യല്ല തന്നെ. തന്റെ ജീവിതത്തിലെ പരിമിതസാഹചര്യങ്ങളോട്‌ പൊരുത്തപ്പെടാനും ചുറ്റും കാണുന്ന കാര്യങ്ങളെ തന്റേതായ രീതിയില്‍ നിര്‍വ്വചിക്കാനുമുള്ള ഒരു തരം സാമര്‍ത്ഥ്യം അവള്‍ക്കുണ്ടെന്നു തോന്നിയിട്ടുണ്ട്‌, പലപ്പോഴും. അവളുടെ മുഖത്ത്‌ നോക്കി ഒരാള്‍ ചിരിച്ചാല്‍, അവള്‍ക്ക്‌ പരിചയമുള്ള ആളാണെങ്കില്‍ പോലും, അവള്‍ തിരികെ പുഞ്ചിരിക്കണമെന്നില്ല. പകരം ചിരിച്ചയാളുടെ കണ്ണിലേക്ക്‌ നോക്കും അവള്‍, ആ ചിരിയുടെ അര്‍ത്ഥം വായിക്കാനെന്നോണം. ചിലപ്പോള്‍ മാത്രം ചുണ്ടിന്റെ കോണു കൊണ്ട്‌ ഒരു ചിരി പകരം നല്‌കിയെന്നിരിക്കും. ചെയ്യുന്ന പണിക്ക്‌ അവള്‍ വിചാരിക്കുന്നത്ര പണം കൊടുത്തില്ലെങ്കില്‍ മുഖം കറുപ്പിക്കാനും മടിയില്ല മയിലിന്‌. ഗൗരവത്തോടെ കാശിന്‌ കണക്കു പറയും അവള്‍.

മറ്റു കുട്ടികളെപ്പോലെ പെട്ടെന്ന് ആഹ്ലാദമോ സങ്കടമോ ഭയമോ ഒക്കെ പ്രകടിപ്പിക്കുന്ന പ്രകൃതമല്ല മയിലിന്റേത്‌. ഞായറാഴ്ചകളില്‍ മയില്‍ താമസിക്കുന്ന താല്‌ക്കാലിക ചേരിയിലെ പുരുഷന്മാര്‍ മോണിറ്റര്‍ എന്ന വിലകുറഞ്ഞ വിസ്കി മൂക്കറ്റം കേറ്റി പരസ്പരം ലഹളകൂട്ടുന്ന പതിവുണ്ട്‌. ഉറക്കെ ചീത്ത പറയുകയും ശപിക്കുകയുമൊക്കെ ചെയ്തുകൊണ്ട്‌ സ്ത്രീകളും പങ്കു ചേരാറുണ്ട്‌ ഈ കലാപരിപാടിയില്‍. കുട്ടികള്‍ ജിജ്ഞാസയോടെയും ഭയത്തോടെയും "അടുത്തതെന്ത്‌?" എന്ന് നോക്കിനില്‌ക്കും. മയില്‍ മാത്രം നിര്‍വികാരമായ മുഖത്തോടെ ഏതെങ്കിലും കോണില്‍ സ്വസ്ഥമായി നില്‌ക്കുന്നതു കാണാം. ദീപാവലിരാത്രിയില്‍ അപ്രതീക്ഷിതമായി ഒരു കൂട്‌ കമ്പിത്തിരി ലഭിച്ചപ്പോള്‍ മാത്രമാണ്‌ മയിലിന്റെ മുഖത്ത്‌ ആഹ്ലാദം നിറഞ്ഞു കത്തുന്നത്‌ കണ്ടത്‌.

"എത്ര വരെ പഠിച്ചു?" എന്ന ചോദ്യത്തിനു മുന്നില്‍ മാത്രം മയില്‍ മുഖം താഴ്ത്തി, ശബ്ദവും. രത്തിനപുരിയിലെ നാറുന്ന മാലിന്യക്കൂനയോട്‌ ചേര്‍ന്നുള്ള സര്‍ക്കാര്‍ സ്ക്കൂളില്‍ നാലാം ക്ലാസ്സ്‌ വരെ പഠിച്ചിട്ടുണ്ടവള്‍. പഠനം നിര്‍ത്തിയിട്ട്‌ ഒരു വര്‍ഷത്തിലേറെയായി. ഫോട്ടോയെടുക്കുന്നതിലും അവള്‍ തീരെ താല്‌പര്യം കാണിച്ചില്ല. വലിയൊരു പ്രിന്റടിച്ചു തരാമെന്ന് പറഞ്ഞിട്ടും നിര്‍വികാരതയോടെ "വേണാ!" എന്നാണവള്‍ പറഞ്ഞത്‌.

മയിലിനെക്കാണുമ്പോഴൊക്കെ മനസ്സിലേക്ക്‌ തള്ളി വരുന്ന ചില വരികളുണ്ട്‌. സുഗതകുമാരിയുടേതാണ്‌, വളരെക്കാലം മുമ്പ്‌ വായിച്ചവ:
"ഇവളെ കുളിപ്പിച്ചു വാര്‍മുടി മിനുക്കിയ-
ക്കരതാരിലായ്‌ പാഠപുസ്തകക്കെട്ടും നല്‌കി,
പച്ചയും വെളുപ്പുമാം സ്കൂളുടുപ്പിടുവിച്ചു
നിര്‍ത്തുകില്‍, ഉഷസ്സു പോല്‍ ഇവളും പ്രകാശിക്കും.
ഇവളും തലയാട്ടിച്ചിരിച്ചു കൊഞ്ചിപ്പാടും:
ഇതു താന്‍ ലോകത്തേക്കും സുന്ദരമാകും രാജ്യം."

കവിത വായിക്കുന്നതും നൊമ്പരപ്പെടുന്നതുമൊക്കെ എന്തെളുപ്പം, അല്ലേ?