Wednesday, December 06, 2006

എഴുത്തുമേശപ്പുറത്തെ മഞ്ഞപ്പൂക്കള്‍

എഴുതുന്നവന്‍/എഴുതുന്നവള്‍ (അത്‌ ഫലിതബിന്ദുവോ, അനുഭവക്കുറിപ്പോ, കഥയോ, കവിതയോ, എന്തുമാകട്ടെ) നേരിടുന്ന ചെറുതല്ലാത്ത ഒരു പ്രതിസന്ധിയുണ്ട്‌. പക്ഷേ അത്‌ പറയുന്നതിനു മുമ്പ്‌ ഒരു മുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നു.

ഒരു വിഷയമുണ്ട്‌, അത്‌ വിഷയമില്ലായ്മയെന്ന വിഷയം പോലുമാകാം, എഴുതണമെന്ന് വിചാരിക്കുന്നു, അങ്ങനെയാണ്‌ തുടക്കമെന്ന് കരുതുക. എഴുത്ത്‌ എന്ന പ്രക്രിയ അത്രയും കാലം കൊണ്ട്‌ അവനവന്‍ ആര്‍ജ്ജിച്ച ഭാഷ, അനുഭവങ്ങള്‍, അതുമായി ബന്ധപ്പെട്ട ചിന്തകള്‍, കണ്ടെത്തലുകള്‍, ഒരാളില്‍ സ്വതവേയുള്ള (വ്യാഖാനത്തിന്‌ എളുപ്പം വഴങ്ങിത്തരാത്ത) സര്‍ഗ്ഗോര്‍ജ്ജം, എന്നിവയെ ആശ്രയിച്ച്‌ മുന്നേറുന്നു.

ഈ എഴുത്തുപ്രക്രിയയ്ക്കൊപ്പം തന്നെ സമാന്തരമായി നടക്കുന്ന മറ്റൊരു പ്രധാനസംഗതി എഡിറ്റിംഗാണ്‌. രണ്ടും വേര്‍തിരിച്ചു കാണേണ്ട കാര്യമില്ല എന്ന് തോന്നാമെങ്കിലും രണ്ടും രണ്ട്‌ തന്നെ. നമ്മള്‍ സ്വാഭാവികമായി എഴുതുന്ന ചില വരികള്‍ ഒരു പുനര്‍വിചിന്തനത്തിന്റെ ഫലമായി തൊട്ടടുത്ത നിമിഷം തന്നെ മാറ്റിയെഴുതുകയോ വെട്ടിക്കളയുകയോ ചെയ്യുന്ന പ്രക്രിയ യഥാര്‍ത്ഥത്തില്‍ എഴുത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. എന്നാല്‍ സംവേദനമാണ്‌ എഴുത്തിന്റെ ലക്ഷ്യമെന്നതിനാല്‍ അതേ തടസ്സപ്പെടുത്തല്‍ തന്നെ വായനയുടെ ഒഴുക്കിന്‌ ഗുണകരമായി ഭവിക്കുകയും ചെയ്യുന്നു. ശരിക്കുമുള്ള സര്‍ഗ്ഗാത്മകതയെന്നത്‌ അന്തം വിട്ട ഭാവനയല്ല, മറിച്ച്‌ ഭാവനയുടെ പരിധി നിശ്ചയിക്കുവാനുള്ള ത്രാണിയാണെന്നുള്ള നിരീക്ഷണം എഡിറ്റിംഗിന്റെ പ്രസക്തിയെ വാനോളമുയര്‍ത്തുകയല്ലേ ചെയ്യുന്നത്‌, സത്യത്തില്‍?

അങ്ങനെ എഴുത്തും എഡിറ്റിംഗുമൊക്കെ ഒരുമിച്ചോ, ഘട്ടം ഘട്ടമായോ ഒക്കെ ചെയ്തുകഴിഞ്ഞ്‌, കൃതി, കൃത്യം എന്നിങ്ങനെ സ്വന്തമിഷ്ടമനുസരിച്ച്‌ വിളിക്കാവുന്ന ആ 'സാധനം' നമ്മുടെ മേശപ്പുറത്ത്‌ വിശ്രമിക്കുകയാണ്‌. ഇനിയുള്ള പ്രശ്നത്തെക്കുറിച്ചാണ്‌ ഈ കുറിപ്പ്‌. അതായത്‌ സ്വയം വിമര്‍ശനമെന്ന പ്രഹേളിക. അങ്ങനെയൊന്ന് സാധ്യമാണോയെന്ന് പോലും പലപ്പോഴും സംശയം തോന്നിയിട്ടുള്ളത്‌ കൊണ്ടാണ്‌ പ്രഹേളികയെന്ന 'കടന്ന കൈ' പ്രയോഗിച്ചത്‌.

സ്വയം വിമര്‍ശനവും എഴുതുന്നയാള്‍ സ്വയം ചെയ്യുന്ന എഡിറ്റിംഗും ഒന്നാണോ? അല്ല എന്ന് തോന്നുന്നു. എഡിറ്റുചെയ്യലിന്‌ പ്രേരകമാകുന്ന മനോവ്യാപാരത്തില്‍ സ്വയം വിമര്‍ശനത്തിന്റെ അംശമുണ്ടെങ്കില്‍പ്പോലും, ഇവിടെ സ്വയം വിമര്‍ശനമെന്നുദ്ദേശിച്ചത്‌, എഴുതുന്നയാള്‍ പൂര്‍ണ്ണമായിക്കഴിഞ്ഞ സ്വന്തം കൃതിയെ കഴിയുന്നത്ര നിഷ്പക്ഷമായി വിലയിരുത്തുന്ന വിഷമം പിടിച്ച പണിയെയാണ്‌.അങ്ങനെ ചെയ്യുന്നത്‌ കൊണ്ട്‌ എന്തു പ്രയോജനമെന്ന ചോദ്യമെടുക്കാം. "എഴുതിയത്‌ നന്നായില്ല, ഇത്രയും സമയവും അദ്ധ്വാനവും പാഴായിപ്പോയി!" എന്ന തിരിച്ചറിവില്‍ എഴുതിയത്‌ വലിച്ചുകീറിയെറിഞ്ഞിട്ട്‌ വേറെന്തെങ്കിലും ചെയ്യാം എന്ന ലളിതവും ഉത്തമവുമായ പ്രയോജനത്തെ തല്‌ക്കാലം മാറ്റിവയ്ക്കാം. സ്വയം വിമര്‍ശനത്തിലൂടെ കൈവരുന്ന ഏറ്റവും മികച്ച നേട്ടം സ്വന്തം പരിമിതിയെക്കുറിച്ചുള്ള എഴുത്തുകാരന്റെ തിരിച്ചറിവാണ്‌. പരിമിതിയെ തിരിച്ചറിയാത്തവന്‌ അത്‌ ലംഘിക്കാനും കഴിയില്ല എന്ന ലളിതതത്വം ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയില്ലാത്തതിനാല്‍തന്നെ ഈയൊരു നേട്ടത്തിന്‌ പകരം വയ്ക്കാന്‍ മറ്റൊന്നില്ല.
അകിരാ കുറൊസാവ
പാളിച്ചകള്‍ കുറഞ്ഞ സ്വയം വിമര്‍ശനത്തിന്‌ ഒരെഴുത്തുകാരനെ പ്രാപ്തനാക്കുന്ന ആന്തരികഘടകങ്ങളിലൊന്ന് അയാളുടെ തന്നെ വായനാനുഭവമാണ്‌. സാധാരണവായനക്കാരന്റേതില്‍ നിന്ന് വ്യത്യസ്തമാണ്‌, അഥവാ ആയിരിക്കണം, എഴുത്തുകാരന്‍ നടത്തുന്ന വായന. സൗന്ദര്യാസാദനവും സൗന്ദര്യരഹസ്യം തേടലും തമ്മിലുള്ള വ്യത്യാസം. അലസവായന എഴുത്തുകാരന്‌ / സര്‍ഗ്ഗസൃഷ്ടി നടത്തുന്നവന്‌ പറഞ്ഞിട്ടുള്ളതല്ല. "താന്‍ ഒരിക്കലും അലസവായന നടത്താറില്ലെന്നും എപ്പോഴും, വായിക്കുന്നതിനൊപ്പം തന്നെ സുപ്രധാനഭാഗങ്ങളും നിരീക്ഷണങ്ങളും കുറിച്ചുവയ്ക്കാറുമുണ്ടെ"ന്ന കുറൊസാവയുടെ വെളിപ്പെടുത്തല്‍ (Something like an autobiography) വിരല്‍ ചൂണ്ടുന്നതും മറ്റൊന്നിലേക്കുമല്ല. ചലച്ചിത്രകാരനെന്ന നിലയില്‍ തന്റെ വായന, അക്ഷരങ്ങളില്‍ നിന്നും വാക്കുകളില്‍ നിന്നും എഴുത്തിന്റെ പിന്നിലെ രാസപ്രക്രിയയെ അന്വേഷിച്ചു പോകേണ്ടതുണ്ടെന്ന് തീര്‍ച്ചയായും അദ്ദേഹം കരുതിയിരിക്കണം. (ഇതേ പുസ്തകത്തില്‍ തന്നെ, താന്‍ പോള്‍ സെസാനെന്ന ഫ്രഞ്ച്‌ ചിത്രകാരന്റെ ചിത്രങ്ങള്‍ കണ്ട ശേഷം ചിത്രകാരനാകണമെന്ന ആഗ്രഹം എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചതായി കുറൊസാവ പറയുന്നുണ്ട്‌. എഴുത്തുകാരന്‍, എഴുതിയത്‌ കീറിക്കളയുന്നതിന്‌ പകരം സ്വന്തം പേനതന്നെ ഒടിച്ച്‌ ദൂരെയെറിയുന്നതുപോലെ വേദന നിറഞ്ഞ ഒരു പ്രവൃത്തി.)

എഴുതുന്നയാള്‍ അയാളുടെ വായനയെ കൂടുതല്‍ ക്രിയാത്മകമാക്കുന്നതെങ്ങിനെ? നമ്മളെ തീക്ഷ്ണമായി ആകര്‍ഷിക്കുന്ന ഓരോ രചനയുടെയും പൊതുഘടനയെ പല ഘടകങ്ങളാക്കി വേര്‍തിരിച്ച്‌ അപഗ്രഥിക്കാന്‍ കഴിയും. ഒരു തരം അപനിര്‍മ്മാണരീതി (deconstruction). പനിനീര്‍പ്പൂവിന്റെ ആകര്‍ഷണീയതയുടെ രഹസ്യം കണ്ടുപിടിക്കാനായി അതിനെ കീറിമുറിച്ച്‌ പരിശോധിക്കുന്നതുപോലെ അപഹാസ്യം എന്ന് പരിഹസിക്കപ്പെട്ടിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത്തരം അപഗ്രഥനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ തികച്ചും വ്യത്യസ്തമായ മറ്റൊരു തലത്തിലാണ്‌.

വിശദമായിപ്പറയാം. നന്നായി സംവേദിക്കുന്ന ഒരു കവിതയെ നിരൂപകന്‍ പദാനുപദമായി വ്യാഖ്യാനിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംവേദനത്തിന്‌ ക്ഷതം സംഭവിക്കുന്നു. കവിതയെ കവിതയുടെ ഭാഷയില്‍ നിന്ന് സാമാന്യഭാഷയിലേക്ക്‌ തര്‍ജ്ജമ ചെയ്ത പോലെ. (സൂസന്‍ സൊന്‍ടാഗാണ്‌ ഇത്‌ പറഞ്ഞതെന്ന് തോന്നുന്നു.) എന്നാല്‍, മേല്‍പ്പറഞ്ഞ തരം വായനയെ താരതമ്യപ്പെടുത്താന്‍ കഴിയുന്നത്‌ ഒരു ഗായകന്‍ തന്നെ പിടിച്ചുലച്ച ഒരു സംഗീതകൃതിയെ വീണ്ടും വീണ്ടും കേള്‍ക്കുന്ന പ്രക്രിയയോടാണ്‌. പാട്ടില്‍ ലയിക്കുകയും അതേ സമയം തന്നെ സൂക്ഷ്മമായ രാഗസഞ്ചാരങ്ങളെ ജാഗ്രതയോടെ പിന്തുടരുകയും ചെയ്യുന്ന ശ്രവണകല. ചിലപ്പോള്‍ പാട്ടിനോടൊപ്പം അയാളും പാടും, ചില വ്യത്യാസങ്ങള്‍ പ്രയോഗിച്ചു നോക്കും. വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ ആ സംഗീതധാരയിലേക്ക്‌ തിരിച്ചുവരും. യുക്തിയില്‍ നിന്ന് യുക്ത്യാതീതമായ ആനന്ദത്തിലേക്കും, തിരിച്ചുമുള്ള നിരന്തരമായ യാത്ര. ചിത്രകലയില്‍ വാന്‍ഗോഗ്‌ പരിശീലിച്ചിരുന്ന, ഒരു പക്ഷേ വളരെ തീവ്രമായി നിലനിര്‍ത്തിപ്പോന്നിരുന്ന ഒന്നാണ്‌ ഇത്തരം പിന്തുടരല്‍. ദെലക്രോയി, ഹിരോഷിഗെ, മിയെ തുടങ്ങിയ ചിത്രകാരന്മാരുടെ രചനകള്‍ അസാമാന്യതീവ്രതയോടെ പകര്‍ത്തി വരച്ചിട്ടുണ്ട്‌, വാന്‍ഗോഗ്‌. ഒാരോ ബ്രഷ്‌ സ്ട്രോക്കിനും പിന്നിലെ രഹസ്യം തിരയാന്‍ അതിനെക്കാള്‍ മികച്ച മാര്‍ഗ്ഗമെന്തുണ്ട്‌? പക്ഷേ, ഇങ്ങനെയുള്ള പകര്‍പ്പ്‌ രചനകളില്‍ പോലും അന്തിമമായി തെളിയുന്നത്‌ വാന്‍ഗോഗിന്റെ കൈയൊപ്പാണ്‌. തികഞ്ഞ ശൈലീവ്യതിയാനം. അതായത്‌ വേറൊരാളിന്റെ രചനാരഹസ്യം തിരഞ്ഞുപോകുക വഴി സ്വന്തം സര്‍ഗ്ഗശൈലിയെ ഉണര്‍ത്തിക്കൊണ്ട്‌ വരികയാണ്‌ അദ്ദേഹം ചെയ്തത്‌. കലാകാരന്റെ തീവ്രാന്വേഷണത്തിന്റെ ഫലശ്രുതി.

ഇതൊക്കെ പറയുമ്പോഴും ഏതൊരു കലാസൃഷ്ടിയ്ക്കും അനുവാചകനോ വിമര്‍ശകനോ പിടിതരാതെ ഒഴിയുന്ന, ചലനാത്മകമായ ഒരു സൗന്ദര്യകേന്ദ്രമുണ്ടെന്ന് തോന്നുന്നു. പക്ഷേ, അത്‌ കൊണ്ട്‌ മാത്രം അന്വേഷണത്തിന്റെ പ്രസക്തിയില്ലാതാകുന്നില്ല. കാരണം ഈയൊരന്വേഷണത്തില്‍ മാര്‍ഗ്ഗത്തിന്‌, ഒരു പക്ഷേ ലക്ഷ്യത്തെക്കാള്‍ വലുതായ, പ്രാധാന്യമുണ്ട്‌. ചെറിയൊരുദാഹരണം പറയാം. വെറുമൊരു വായനക്കാരനെന്ന നിലയില്‍ ചില രചനകളില്‍ കൗതുകകരവും പലപ്പോഴും അലസവുമായ ചില തിരച്ചിലുകള്‍ നടത്തി നോക്കിയിട്ടുണ്ട്‌, ഇതെഴുതുന്നയാള്‍. എന്‍.എസ്‌. മാധവന്റെ 'കപ്പിത്താന്റെ മകള്‍' എന്ന കഥയിലൂടെയും നടത്തിനോക്കി, അത്തരത്തിലൊരു സഞ്ചാരം. (എന്നെ വല്ലാതെയാകര്‍ഷിച്ച ഒരു കഥയാണത്‌. മറ്റു പലരെയും ആകര്‍ഷിച്ചിട്ടുണ്ടാകണമെന്നില്ല.) അതിലെ കേന്ദ്രകഥാപാത്രമായ, മനോവിഭ്രാന്തിയുടെയും വൈകാരികപതനങ്ങളുടെയും നടുവില്‍പ്പെട്ടുഴറുന്ന, മാളവികയെന്ന ചിത്രകാരിയുടെ ഭൂതകാലം വെളിപ്പെടുത്തുന്ന ഭാഗങ്ങളെല്ലാം തന്നെ വളരെ നിര്‍ണ്ണായകങ്ങളാണ്‌. താന്‍ കുട്ടിയായിരിക്കുമ്പോള്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക്‌ സമുദ്രസഞ്ചാരം നടത്തുന്ന പിതാവുമായി അവള്‍ക്കുള്ള ബന്ധം തുറമുഖങ്ങളില്‍ നിന്ന് അദ്ദേഹം അയയ്ക്കുന്ന കത്തുകളിലൂടെ മാത്രമായിരുന്നു. എല്ലാ കത്തുകളുടേയും ഉള്ളടക്കം ഏതാണ്ടൊന്നുതന്നെയായിരുന്നുവെന്നറിയാവുന്ന കുഞ്ഞുമാളവികയുടെ കൗതുകം മുഴുവന്‍ കത്തുകളിന്മേല്‍ പതിച്ചിരുന്ന, വിവിധരാജ്യങ്ങളുടെ സ്‌റ്റാമ്പുകളോടായിരുന്നു. സ്‌റ്റാമ്പുകളോട്‌ തോന്നുന്ന കൗതുകവുമായി നമുക്ക്‌ വളരെ പെട്ടെന്ന് അടുക്കാന്‍ കഴിയുമല്ലോ. മാളവികയ്ക്ക്‌ വരുന്ന കത്തുകളില്‍ പതിച്ച ആ സ്‌റ്റാമ്പുകളില്‍ ആ കഥയുടെയും (അതിന്റെ സംവേദനതീവ്രതയുടെ) ആ കഥാപാത്രത്തിന്റെ ദുരന്തത്തിന്റെയും ഹൃദയരഹസ്യം ഒളിഞ്ഞിരിക്കുന്നത്‌ പോലെ എനിക്ക്‌ തോന്നി. അഥവാ, സ്‌റ്റാമ്പുകളെപ്പറ്റിയുള്ള ആ ഓര്‍മ്മയെ തനിച്ച്‌ നിര്‍ത്തി നോക്കിയപ്പോള്‍, കഥാശരീരത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ഒരു സുപ്രധാന അവയവമാണല്ലോ താരതമ്യേന ചെറിയ ആ പരാമര്‍ശമെന്ന ബോധ്യം ശക്തിപ്പെടുകയാണുണ്ടായത്‌. പക്ഷേ അതുകൊണ്ട്‌ മാത്രം ആ കഥയുടെ പിന്നിലെ രചനാപ്രക്രിയ വെളിവായിക്കിട്ടി എന്നര്‍ത്ഥമില്ല താനും. എങ്കിലും, ഞാനൊരു കഥയെഴുത്തുകാരനാണെങ്കില്‍ എന്റെ തന്നെ രചനകളെ വിലയിരുത്താന്‍ ചെറുതല്ലാത്ത തരത്തിലുള്ള പ്രയോജനം ചെയ്യും, അത്തരം അന്വേഷണങ്ങളെന്നതില്‍ സംശയമില്ല.

ഫലപ്രദമായ വായനയിലൂടെ പ്രതിഭാശാലികളായ എഴുത്തുകാരുടെ രചനാസങ്കേതങ്ങളുടെ വേരുകള്‍ അന്വേഷിച്ചുപോയതു കൊണ്ടു മാത്രം സ്വയം വിമര്‍ശനമെന്ന കടമ്പ വിദഗ്ദമായി കടക്കാനാകണമെന്നില്ല. അതിന്‌ സ്വന്തം രചനയില്‍ നിന്ന്, അത്‌ പൂര്‍ണ്ണമായിക്കഴിഞ്ഞ ശേഷമെങ്കിലും, വൈകാരികമായ അകലം പാലിക്കാനും കഴിയേണ്ടതുണ്ടെന്ന് തോന്നുന്നു.

ഷഗാളിന്റെ ഒരു ചിത്രം


ഇത്‌, വായനയിലൂടെ, നിരീക്ഷണത്തിലൂടെ ആര്‍ജ്ജിക്കുന്ന ശേഷിയെ സ്വന്തം രചനാശേഷിയുടെ അതിരുകള്‍ വികസിപ്പിക്കാനായി ഉപയോഗിക്കുന്ന കാര്യം. തന്റെ കലാസൃഷ്ടിയെ വിലയിരുത്താനായി മാര്‍ക്‌ ഷഗാള്‍ എന്ന റഷ്യന്‍ ചിത്രകാരന്‍ ഉപയോഗിച്ചിരുന്ന ലളിതവും എന്നാല്‍ അത്ഭുതാവഹവുമായ ഒരു മാര്‍ഗ്ഗത്തെപ്പറ്റി വായിച്ച ഓര്‍മ്മയുണ്ട്‌. ഇത്തരം കാര്യങ്ങളില്‍ വച്ച്‌ ഏറ്റവും ആകര്‍ഷകമായിത്തോന്നിയ ഒന്ന്. പൂര്‍ത്തിയായിക്കഴിഞ്ഞ പെയിന്റിംഗിന്‌ നേരെ പ്രകൃതിജന്യമായ, അതായത്‌ മനുഷ്യന്‍ കൃത്രിമമായി സൃഷ്‌ടിച്ചതല്ലാത്ത, ഏതെങ്കിലുമൊരു വസ്തു വയ്ക്കും, ഷഗാള്‍. അത്‌ ഒരു ചെറിയ മരച്ചില്ലയാകാം, വലിയൊരു പുഷ്‌പമാകാം, സ്വന്തം കൈ പോലുമാകാം. എന്നിട്ട്‌ ആ വസ്തുവിനേയും പെയിന്റിംഗിനേയും താരതമ്യം ചെയ്യും. (ഷഗാള്‍ യഥാതഥസമ്പ്രദായത്തില്‍ (realistic) വരയ്‌ക്കുന്ന ആളല്ലായിരുന്നുവെന്നോര്‍ക്കണം.) അപ്പോള്‍ പെയിന്റിംഗിന്‌ എന്തെങ്കിലും ന്യൂനത തോന്നിയാല്‍ ആ രചന നന്നല്ലെന്ന് അദ്ദേഹം അനുമാനിച്ചിരുന്നത്രെ. ഇതിനെ എങ്ങനെ വിശദീകരിക്കും? കലാസൃഷ്ടിയില്‍ പ്രകടമാകുന്ന ലയം, നിറങ്ങളുടെയും രൂപങ്ങളുടെയും തുലനം എന്നിവ ഒരു സവിശേഷരീതിയില്‍ പ്രകൃതിയിലുള്ള അതേ പ്രതിഭാസങ്ങള്‍ക്ക്‌ നേരനുപാതത്തിലായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

താന്‍ എഴുതാനിരിക്കുമ്പോഴൊക്കെ എഴുത്തുമേശപ്പുറത്തെ പൂപ്പാത്രത്തില്‍ മഞ്ഞപ്പൂക്കളുണ്ടായിരിക്കണമെന്ന മാര്‍കേസിന്റെ, അന്ധവിശ്വാസത്തോടടുത്തു വരുന്ന, ആഗ്രഹത്തെ ഇതുമായി കൂട്ടിവായിച്ചു നോക്കൂ. എഴുത്ത്‌ തുടങ്ങുന്നതിന്‌ മുന്‍പ്‌ തന്നെ കൃതിയെ വിലയിരുത്തുന്ന ഏതോ 'മാജിക്കല്‍ റിയലിസ്റ്റിക്‌' പദ്ധതിയുടെ ഭാഗമായിരിക്കുമോ അത്‌?ഒന്നാമടിക്കുറിപ്പ്‌: വല്ല വിധേനയും എഴുതിത്തീര്‍ത്തു. സ്വയം വിമര്‍ശിക്കാനുള്ള ധൈര്യം തോന്നുന്നില്ല!

രണ്ടാമടിക്കുറിപ്പ്‌: ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന പലതും (മാധവന്റെ കഥ, കുറൊസാവയുടെ പുസ്തകം തുടങ്ങിയതെല്ലാം) ഓര്‍മ്മയെ മാത്രം അവലംബിച്ചെഴുതിയതാണ്‌. തെറ്റുകളുണ്ടെങ്കില്‍ ക്ഷമിക്കുകയും തിരുത്തുകയും ചെയ്യുക.

Saturday, December 02, 2006

ഒക്‍ടേവിയോ പാസിന്റെ രണ്ട്‌ കവിതകള്‍ കൂടി

1. ഉള്‍വശം

അടരാടുന്ന ചിന്തകള്‍
എന്റെ തലയോട്‌ പിളര്‍ത്താന്‍ ശ്രമിക്കുന്നു.
ഈ രചന
കിളികളുടെ തെരുവിലൂടെ നീങ്ങുന്നു.
എന്റെ കൈ ഉച്ചത്തില്‍ ചിന്തിക്കുന്നു.
ഒരു വാക്ക്‌ മറ്റൊന്നിലേക്ക്‌ വിളിക്കുന്നു.

ഞാനെഴുതുന്ന ഈ പേജില്‍
ഉണ്മകള്‍ വരികയും പോകുകയും ചെയ്യുന്നത്‌ എനിക്ക്‌ കാണാം.
പുസ്തകവും നോട്ടുബുക്കും
അവയുടെ ചിറകുകള്‍ വിരിച്ച്‌ വച്ച്‌ വിശ്രമിക്കുന്നു.

വിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട്‌.
സമയം ഒരു കിടക്കയെന്നോണം
തുറക്കുകയും അടയുകയും ചെയ്യുന്നു.

ചുവന്ന കാലുറ ധരിച്ച്‌
വിളര്‍ത്ത മുഖവുമായി
നീയും രാത്രിയും അകത്ത്‌ പ്രവേശിക്കുന്നു.


2. ഇണകള്‍

എന്റെ ശരീരത്തില്‍
നീ തിരയുന്നു, പര്‍വ്വതത്തിലെന്നോണം,
അതിന്റെ വനത്തില്‍ മറവു ചെയ്യപ്പെട്ട സൂര്യനു വേണ്ടി.

നിന്റെ ഉടലില്‍
ഞാന്‍
നിശയുടെ മദ്ധ്യത്തില്‍ ഒഴുകി നടക്കുന്ന
വഞ്ചിക്കായി തിരയുന്നു.

Monday, November 27, 2006

തമിഴ്‌ നാടും ജാതിയും

തമിഴ്‌ നാട്ടിലെ ജാതികളായ കള്ളര്‍, മറവര്‍ തുടങ്ങിയവര്‍ തേവര്‍ എന്ന പൊതുസമുദായത്തില്‍ പെടുമെന്നും അവരൊക്കെ സാമൂഹ്യമായി മെച്ചപ്പെട്ട നിലയിലാണെന്നും അര്‍ത്ഥം വരുന്ന ഒരു കമന്റ്‌ വായിച്ചു, പെരിങ്ങോടന്റേതായി. ചിത്രകാരന്‍ എന്ന ബ്ലോഗറുടെ 'അയ്യപ്പക്ഷേത്ര'ത്തെ സംബന്ധിച്ച പോസ്റ്റില്‍.

തമിഴ്‌ നാട്ടിലെ ജാതിവ്യവസ്ഥയെപ്പറ്റി പുസ്തകങ്ങളില്‍ വായിച്ചുള്ള അറിവില്ല. പക്ഷേ ഇവിടുത്തെ പല ഗ്രാമങ്ങളിലും പോയിട്ടുള്ളതിനാലും ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക്‌ കുടിയേറിയ നിരവധി പേരെ പരിചയമുള്ളതിനാലും വ്യക്തമായി ബോധ്യമുള്ള ഒരു കാര്യമുണ്ട്‌. ജാതീയമായ അസമത്വം കൊടികുത്തി വാഴുന്ന സ്ഥലമാണ്‌ തമിഴ്‌ നാട്‌. കള്ളര്‍, മറവര്‍ തുടങ്ങിയവരില്‍ ബഹുഭൂരിപക്ഷവും സാമൂഹികമായി അമ്പേ പിന്നോക്കം നില്‌ക്കുന്നവരാണ്‌. തേവര്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ പലരും താരതമ്യേന ധനികരും സ്വാധീനശക്തിയുള്ളവരുമാണ്‌ എന്നാണറിവ്‌. മധുരയ്ക്ക്‌ സമീപമുള്ള ചില ഗ്രാമങ്ങളില്‍ കള്ളര്‍, തേവര്‍ എന്നീ ജാതിക്കാര്‍ തമ്മില്‍ കടുത്ത സംഘര്‍ഷമുണ്ടാകാറുണ്ട്‌, പലപ്പോഴും.

ഉയര്‍ന്ന ജാതിക്കാര്‍ക്ക്‌ സ്വാഭാവികമായും കൂടുതല്‍ സ്വത്തും ഭൂമിയുമെല്ലാമുണ്ടായിരിക്കുകയും അവര്‍ പിന്നാക്കക്കാരോട്‌ പരമനികൃഷ്ടമായി പെരുമാറുകയും ചെയ്യുന്ന ഗ്രാമങ്ങള്‍ ഏറെയുണ്ട്‌ തമിഴ്‌ നാട്ടില്‍. സാമൂഹ്യനീതിയുടെ കാര്യം പോട്ടെ, പൊലീസിനു പോലും കടന്ന് ചെല്ലാനോ നിയമം നടപ്പിലാക്കാന്‍ പറ്റാത്തതോ ആയ സ്ഥലങ്ങളുണ്ടെന്നും സംഗതി നേരിട്ടറിയാവുന്നവര്‍ പറയുന്നു.

പല ജാതികള്‍ക്കും സ്വന്തമായി രാഷ്ട്രീയകക്ഷികളുണ്ടായതിന്റെ ഒരു കാരണം സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളിലും ഒരു പൊതുനീക്കം ഫലപ്രദമായി നടക്കാനുള്ള സാധ്യത തമിഴ്‌ നാട്ടിലെ രാഷ്ട്രീയാന്തരീക്ഷത്തിലില്ലാത്തതാകണം. ദ്രാവിഡപ്പാര്‍ട്ടികളുടെയൊക്കെ ചുക്കാന്‍ പലപ്പോഴും സവര്‍ണ്ണന്റെ അല്ലെങ്കില്‍ സവര്‍ണ്ണന്റെ നിലയിലേക്കെത്തിച്ചേര്‍ന്ന അവര്‍ണ്ണന്റെ താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നവരുടെ കൈയിലായിരുന്നുവെന്നത്‌ എല്ലാവര്‍ക്കുമറിയാം. 'തൊഴിലാളിവര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നെ അധികാരിവര്‍ഗ്ഗം'
എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എഴുതിയ പോലെയുള്ള ഒരു സ്ഥിതിവിശേഷം.

Sunday, November 05, 2006

ഒരു പെഗ്ഗിലെന്തിരിക്കുന്നു?

"മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്‌? മനുഷ്യന്‍ കടലാസില്‍ പുകയിലയിട്ട്‌ ചുരുട്ടി സിഗരറ്റുണ്ടാക്കുകയും വലിക്കുകയും ചെയ്യും, മദ്യം വാറ്റിയുണ്ടാക്കും, കുടിക്കും. അത്‌ തന്നെ!" ഈ ഡയലോഗിന്റെ കോപ്പിറൈറ്റ്‌ എനിക്കല്ല, തമ്പിച്ചായനാണ്‌. തമ്പിച്ചായന്‍ നന്നായി മദ്യപിക്കും, പുക വലിക്കും, പത്തറുപത്‌ വര്‍ഷത്തെ അനുഭവങ്ങളാലും വായനയാലും സൌഹൃദങ്ങളാലുമൊക്കെ സമ്പന്നമായ ജീവിതത്തില്‍ നിന്ന്‌ ചില നുറുങ്ങുകള്‍ കേള്‍വിക്കാര്‍ക്കായി ഏറ്റവും സരസമായി അവതരിപ്പിക്കും, പതിനാറു വയസ്സുകാരന്‌ പോലും അടുത്ത സുഹൃത്തെന്ന തോന്നലുണ്ടാക്കും. മേല്‍പറഞ്ഞ നിരീക്ഷണം മദ്യപിക്കാത്തവരെ അപമാനിക്കാന്‍ വേണ്ടി പറഞ്ഞതല്ല എന്ന്‌ തീര്‍ച്ച. മറിച്ച്‌, ഏറെക്കാലത്തെ മദ്യപാനാനുഭവത്തെ താന്‍ പോസിറ്റീവായാണ്‌ കാണുന്നതെന്ന്‌ സൂചിപ്പിച്ചതാണ്‌. സത്യത്തില്‍ മദ്യപിക്കും എന്നതാണോ തമ്പിച്ചായനെപ്പോലൊരാളെ സ്വീകാര്യനാക്കുന്നത്‌? അല്ല എന്നുത്തരം. അദ്ദേഹത്തിന്‌ സഹജമായുള്ള ധിഷണയും നര്‍മ്മബോധവും സ്നേഹവുമൊക്കെത്തന്നെയാണ്‌ മറ്റുള്ളവരെ ആകര്‍ഷിക്കുന്നത്‌. അപ്പോള്‍ മദ്യത്തിന്റെ റോളെന്താണ്‌?

ഉത്തേജനം എന്നതാണ്‌ മദ്യപിക്കുന്നവരുടെ പൊതുലക്ഷ്യം എന്ന്‌ പൊതുവേ കരുതപ്പെടുന്നു. അപ്പോള്‍ എന്തു കൊണ്ടാണ്‌ ആ ഉത്തേജനം പലരിലും പല രീതിയില്‍ പ്രവര്‍ത്തിക്കുന്നത്‌? അളവിന്റെയും ബ്രാണ്റ്റിന്റെയും പ്രശ്നമാകാന്‍ സാധ്യതയില്ല. താന്‍ തനിച്ചിരിക്കുമ്പോള്‍ മാത്രമോ അല്ലാത്ത പക്ഷം മനസ്സിനുള്ളില്‍ മാത്രമോ പാടുന്ന പാട്ടുകള്‍ മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ക്കായി ഗംഭീരമായി പാടുന്ന ഒരു ചങ്ങാതിയുണ്ട്‌. (എല്ലാവര്‍ക്കുമുണ്ടാകുമല്ലോ അത്‌ പോലെയുള്ള പരിചയക്കാര്‍.) സംഗീതപ്രിയനും സര്‍വ്വോപരി മദ്യപാനിയുമായതിനാല്‍ "ഇയാളീ ഐറിഷ്‌ പാട്ട്‌ പാടുന്നതിന്‌ പകരം എന്തു കൊണ്ട്‌ മുന്നിലിരിക്കുന്ന കോഴിക്കാലെടുത്ത്‌ ഫാനിലേക്കെറിയുന്നില്ല?" എന്ന്‌ യുക്തിപൂര്‍വ്വം ആലോചിച്ച്‌, അതിനൊരുത്തരം കണ്ടു പിടിച്ച്‌ നിര്‍വൃതിയടയാന്‍ കഴിഞ്ഞിട്ടില്ല, അന്നേരമൊന്നും. പാനപാത്രം ചിലര്‍ക്ക്‌ നല്ല കാര്യങ്ങളിലേക്കുള്ള യാനപാത്രമാകുമെന്നതിന്‌ ഒരൊന്നാന്തരം തെളിവാണ്‌ ആ ചങ്ങാതി. അതേ സമയം മദ്യം അകത്ത്‌ ചെന്നാല്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തിനെ ഒാര്‍മ്മിപ്പിക്കും വിധം അക്രമം പുറത്തേക്കെടുക്കുന്ന ചില സുഹൃത്തുക്കളുമുണ്ട്‌ എനിക്ക്‌. ഒാരോ മേജര്‍ മദ്യപാനത്തിനും ഒാരോ ക്രിമിനല്‍ കേസ്‌ എന്ന റെക്കോര്‍ഡിന്‌ മുടക്കം വരുത്താതിരിക്കുന്നതില്‍ തികഞ്ഞ ശ്രദ്ധയാണ്‌ ഈ വിദ്വാന്‍മാര്‍ക്ക്‌.

ചുരുക്കത്തില്‍, മദ്യമല്ല പ്രശ്നം, മദ്യപിക്കുന്നവര്‍ നല്ലവരാണോ അല്ലയോ എന്നതിലാണ്‌ കാര്യം എന്ന്‌ പറയാന്‍ കഴിയുമോ? അതും സംശയമാണ്‌. ചില നല്ല മനുഷ്യര്‍, അതായത്‌ മദ്യപിച്ചാല്‍ പോലും നല്ല പെരുമാറ്റത്തിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കുന്നവര്‍, തങ്ങള്‍ക്ക്‌ യോജിച്ച്‌ പോകാന്‍ കഴിയാത്ത ചില മദ്യപാനസദസ്സുകളില്‍ അനിഷ്ടകരമായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ഒന്നാമത്തെ പെഗ്ഗിലെ ചിന്ത 'മിണ്ടാതെ കേട്ടു കൊണ്ടിരുന്നേക്കാ'മെന്നാണെങ്കില്‍ രണ്ടാമത്തെ പെഗ്ഗിലത്‌ 'കേട്ടില്ലെന്ന്‌ നടിച്ചേക്കാം' എന്ന നിലയിലെത്തുന്നു. അങ്ങനെ മൂന്നും കടന്ന്‌ നാലിലെത്തുമ്പോഴേക്കും 'എങ്കില്‍ നാലു വര്‍ത്തമാനം പറഞ്ഞിട്ടു തന്നെ കാര്യം' എന്ന രീതിയില്‍ പുരോഗമിക്കുന്നു. (രണ്ട്‌ പെഗ്ഗില്‍ നിര്‍ത്തി സ്വന്തം മാനം കാക്കുന്ന ബുദ്ധിശാലികളുമുണ്ട്‌.) ഒരാളുടെ പൊതുസ്വഭാവത്തിലുപരിയായി, മദ്യം ചുണ്ടോടു ചേര്‍ക്കുമ്പോളുള്ള മാനസികാവസ്ഥയ്ക്ക്‌ ഉള്ള പ്രാധാന്യത്തെയാണോ ഇത്‌ സൂചിപ്പിക്കുന്നത്‌?

ആയിരിക്കാം. ചിലര്‍ ഭാര്യയുമായി കുറച്ചേറെ നേരം ഹൃദയം തുറന്ന് സംസാരിക്കാനായി അല്‌പം ലഹരി ചെലുത്തുമ്പോള്‍ മറ്റു ചിലര്‍ 'കെട്ടിയോള്‍'ക്കിട്ട്‌ രണ്ട്‌ താങ്ങ്‌ താങ്ങാനായി കുപ്പിയെ കൂട്ട്‌ പിടിക്കുന്നു. ഒോരോ കവിള്‍ മദ്യത്തിനും പിന്നില്‍ അറിഞ്ഞോ അറിയാതെയോ ഒരു ചെറിയ അജണ്ടയുണ്ടെന്ന് സാരം. എങ്കിലും ഇത്തരം 'ഇന്‍സ്റ്റണ്റ്റ്‌ അജണ്ട'കളെപ്പോലും അട്ടിമറിക്കാനുള്ള കഴിവും മദ്യത്തിനുണ്ട്‌, അമിതമാകുമ്പോഴാണെന്ന് മാത്രം. അങ്ങനെ ഡ്രൈവിംഗ്‌ സീറ്റ്‌ മദ്യം കൈയടക്കിക്കഴിഞ്ഞാല്‍ പിന്നെ എല്ലാക്കാര്യങ്ങളും കുടിക്കുന്നവന്റെയോ കൂടെയുള്ളവരുടെയോ ഭാഗ്യം പോലെയിരിക്കും.

അനുബന്ധം
: ഈയിടെ 'ഹിന്ദു'വില്‍ ഒരു റിപോര്‍ട്‌ കണ്ടു: ഏതോ വിദേശസര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ മദ്യപിക്കുന്നവര്‍ മദ്യപിക്കാത്തവരെ അപേക്ഷിച്ച്‌ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സമര്‍ത്ഥരാണെന്ന് കണ്ടെത്തിയത്രെ. പക്ഷേ, ഈ അധികവരുമാനം അവര്‍ എങ്ങനെ ചിലവാക്കുന്നുവെന്ന് റിപോര്‍ട്ടിലില്ല.

Saturday, October 28, 2006

ഇന്ദ്രിയങ്ങള്‍ ധ്യാനകവാടങ്ങള്‍

"... സ്ഫടികചക്രവാളം
കൊടുമുടികളില്‍ ഉടയുന്നു.
നാം പരലുകള്‍ക്ക്‌ മീതെ നടക്കുന്നു.
മുകളിലും താഴെയും
ശാന്തതയുടെ വന്‍കയങ്ങള്‍... "

- ജലത്തിന്റെ താക്കോല്‍
ഒക്ടേവിയോ പാസ്‌.


പാസിന്റെ കവിത ഭൂമിയോടു ചേര്‍ന്ന്‌ നില്‍ക്കുമ്പോഴും അഭൌമമായ എന്തോ ഒന്നിനെ സ്പര്‍ശിക്കുന്നുണ്ട്‌. 'സൂര്യശില' (sunstone) എന്ന ശീര്‍ഷകം തന്നെ ഒരു മികച്ച ഉദാഹരണം. കല്ലിനെയും സൂര്യനെയും ഒരൊറ്റ വാക്കില്‍ കുരുക്കി, ഒരൊറ്റ യാഥാര്‍ത്ഥ്യമായി നമ്മുടെ മനസിലേയ്ക്ക്‌ മൃദുവായി എറിഞ്ഞിട്ടു തരുന്നു, ആ കവിതാശീര്‍ഷകം. കൊടുമുടികളില്‍ ഉടയുന്ന സ്ഫടികചക്രവാളങ്ങളും ശാന്തതയുടെ വന്‍കയങ്ങളും കടന്ന്‌ 'ജലത്തിന്റെ താക്കോല്‍' അവസാനിക്കുന്നത്‌ "ആ രാത്രിയില്‍ ഞാന്‍ എന്റെ കരങ്ങള്‍ നിണ്റ്റെ മുലകളിലാഴ്ത്തി" എന്ന വരിയിലാണ്‌. ആത്മീയാനുഭൂതിയുടെ ആകാശത്ത്‌ നിന്നും വൈഷയികത്വമാര്‍ന്ന, ജീവിതത്തിന്റെ സ്വേദശയ്യയിലേയ്ക്ക്‌ നമ്മെ വലിച്ചിടുന്നു ഈ കവി, ക്ഷണനേരത്തില്‍. അതാകട്ടെ ആശ്ചര്യകരമായ ഒരു സാധ്യത വായനക്കാരന്‌ തുറന്ന്‌ കൊടുക്കുകയും ചെയ്യുന്നു. അതായത്‌, രതിശയ്യയില്‍ നിന്ന്‌ വെളിപാടിന്റെ മേഘശയ്യയിലേക്ക്‌ ഒരു ദ്രുതയാത്ര സാധ്യമാകുന്നു അവന്‌, കവിതയുടെ വിരാമചിഹ്നം കടന്ന ശേഷവും.

എല്ലാ കവികളെയും പോലെ അനുഭവങ്ങള്‍ തന്നെയാണ്‌ പാസിന്റെ കവിതയുടെ അസംസ്കൃതവസ്തു. അവയുടെ നിസ്തുലമായ ഒരു പരിവര്‍ത്തനപ്രക്രിയയാണ്‌ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്‌. പാസ്‌ കവിതയ്ക്ക്‌ വേണ്ടി ഇന്ദ്രിയാനുഭവത്തെ തമസ്കരിക്കുന്നില്ല. മറിച്ച്‌, അതിനെ സര്‍ഗ്ഗാത്മകമായ ഒരു ധ്യാനത്തിലേക്കുള്ള താക്കോലായി ഉപയോഗിക്കുന്നു അദ്ദേഹം. അതു കൊണ്ടാണ്‌ ആത്മീയതയുടെയും കേവലജീവിതത്തിണ്റ്റെയും മോഹനബിംബങ്ങള്‍ അന്യോന്യം കൈ കോര്‍ത്ത്‌ മന്ദതാളത്തില്‍ നൃത്തം ചെയ്യുന്ന ഹൃദ്യമായ കാഴ്ച പാസിന്റെ കവിതകളെ സമ്പന്നമാക്കുന്നത്‌.

അനുബന്ധം
: ഒക്ടേവിയോ പാസ്‌ 1914ല്‍ മെക്സിക്കോയില്‍ ജനിച്ചു. കവിതയ്ക്ക്‌ പുറമെ രാഷ്ട്രീയം, കല, സംസ്കാരം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള ഗദ്യരചനകളാലും സമൃദ്ധമാണ്‌ അദ്ദേഹത്തിന്റെ എഴുത്തിന്റെ ലോകം. ഇന്ത്യയില്‍ മെക്സിക്കന്‍ അംബാസിഡറായി ജോലി ചെയ്തിട്ടുണ്ട്‌. ഇന്ത്യന്‍ കലയിലും തത്വചിന്തയിലും ഏറെ ആകൃഷ്ടനായിരുന്നു.1990ല്‍ നോബല്‍ സമ്മാനം നേടി. 98ല്‍ മരണം.

Sunday, October 22, 2006

ഒക്‍ടേവിയോ പാസിന്റെ മൂന്ന് കവിതകള്‍

1. യൌവനം

തിരയുടെ കുതിപ്പിന്‌
ഏറെ വെണ്‍മ
ഓരോ മണിക്കൂറും
ഏറെ ഹരിതം
ഓരോ ദിനവും
ഏറെ ചെറുപ്പം
മരണം

2. ഉദ്യാനത്തിലെ സംഗീതമേള
(വീണയും മൃദംഗവും)

മഴയുതിര്‍ന്നു.
ഈ വിനാഴിക ഒരു ഭീമന്‍ ദൃഷ്ടിയാകുന്നു.
അതിനുള്ളില്‍ പ്രതിബിംബങ്ങളെന്നോണം നാം വരികയും പോകുകയും ചെയ്യുന്നു.
സംഗീതത്തിന്റെ നദി
എന്റെ രക്തത്തില്‍ പ്രവേശിക്കുന്നു.
ഞാന്‍ 'ശരീര'മെന്നു പറയുമ്പോള്‍ അത്‌ 'കാറ്റെ'ന്ന് മൊഴിയുന്നു.
ഞാന്‍ 'ഭൂമി' എന്ന് പറയുമ്പോള്‍ അത്‌ മൊഴിയുന്നു: "എവിടെ?"
ലോകം ഒരു ഇരട്ടപ്പുഷ്പമായി വിടരുന്നു:
ഇവിടേയ്ക്കെത്തിയതിന്റെ വേദന,
ഇവിടെയായിരിക്കുന്നതിന്റെ ആനന്ദം.
ഞാന്‍ നടക്കുന്നു, സ്വന്തം സത്തയിലേയ്ക്ക്‌ നഷ്ടപ്പെട്ടു കൊണ്ട്‌.

3. ദിനാരംഭം

കാറ്റിന്റെ കരങ്ങളും ചുണ്ടുകളും
ജലത്തിന്റെ ഹൃദയം
യൂക്കാലിപ്റ്റസ്‌
മേഘങ്ങള്‍ തമ്പടിക്കുമിടം
ഓരോ ദിവസവും ജനിക്കുന്ന ജീവിതം
ഓരോ ജീവിതത്തിലും ജനിക്കുന്ന മരണം
ഞാന്‍ മിഴികള്‍ തിരുമ്മുന്നു:
ആകാശം ഭൂമിക്കു മേല്‍ നടക്കുന്നു.