മൂന്നു കോടിയിലധികം ജനസംഖ്യയുള്ള അഫ്‌ഗാനിസ്ഥാനില്‍ എത്ര ബുദ്ധമതവിശ്വാസികളുണ്ട്? എ ഡി ആദ്യനൂറ്റാണ്ടുകളില്‍ അഫ്ഗാന്‍ പ്രദേശത്ത് പ്രബലമായിരുന്ന ബുദ്ധമതവിശ്വാസം അധിനിവേശങ്ങളുടെ തേര്‍ച്ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് ഇല്ലാതായ കഥ അറിയാത്തവര്‍ ചുരുങ്ങും, ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്കിടയില്‍. ഇന്നവിടെബുദ്ധമതാനുയായികളില്ല. താലിബാനികളുടേതാകട്ടെ, ജനാധിപത്യവ്യവസ്ഥയുമായിരുന്നില്ല. എന്നിട്ടും ബാമിയാന്‍ മലയിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കപ്പെട്ടത് പരിഷ്കൃതലോകം ഞെട്ടലോടെയാണ് കണ്ടത്. അമൂല്യമായ ഒരു ചരിത്രസ്മാരകം, സാംസ്കാരികശേഷിപ്പ്, നിഷ്കരുണം ഉടച്ചുവീഴ്ത്തിയ പ്രവൃത്തി വംശഹത്യയോട്ഉപമിക്കപ്പെട്ടു. കടുത്ത മനുഷ്യാവകാശധ്വംസനങ്ങളിലൂടെ കുപ്രസിദ്ധരായിത്തീര്‍ന്നിരുന്ന താലിബാനികളുടെ നേതാവ് മുല്ലാ മുഹമ്മദ് ഒമറിന് അയാള്‍ തികച്ചും അര്‍ഹിക്കുന്ന ലേബല്‍, മാനവികതയുടെ മുഖ്യശത്രുക്കളിലൊരാള്‍ എന്ന മുദ്ര, കൂടുതല്‍ വ്യക്തമായി പതിയുന്നതില്‍ ബാമിയാന്‍ സംഭവവും അതിന്റേതായ പങ്കു വഹിച്ചു.
അഫ്ഗാന്‍ ദേശത്ത് ബുദ്ധപ്രതിമകളുടഞ്ഞു വീഴുന്നതിന് ഒമ്പത് വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ ചരിത്രപ്രാധാന്യമുള്ള ഒരു മുസ്ലീം ആരാധനാലയം തകര്‍ന്നു വീണത്. പതിനാലു കോടിയില്‍ പരം മുസ്ലിം മതവിശ്വാസികളും മതേതരജനാധിപത്യവ്യവസ്ഥയുമുള്ള ഒരു രാജ്യത്ത് നടന്നുവെന്നതിനാല്‍ തന്നെ മസ്ജിദ് പൊളിക്കല്‍ താലിബാന്റെ പ്രതിമതകര്‍ക്കലിനെക്കാള്‍ പലമടങ്ങ് ഗൌരവമാര്‍ന്ന, നികൃഷ്ടമായ ഒരു കുറ്റകൃത്യമായിരുന്നുവെന്നത് വര്‍ഗ്ഗീയതയുടെ അന്ധത ബാധിച്ചിട്ടില്ലാത്ത ആര്‍ക്കും മനസ്സിലാകും. പക്ഷേ ഓരോ പ്രവൃത്തിയെയും അവയുടെ കാരണക്കാര്‍ക്ക് അവയിലൂടെ ലഭിക്കുന്ന നേട്ടങ്ങളെ അടിസ്ഥാനമാക്കി പുനര്‍നിര്‍വ്വചിക്കുന്നവിചിത്രസമ്പ്രദായത്തിന്റെ പ്രയോഗസാധ്യത അപാരമാണ്. മസ്‌ജിദ് തകര്‍ക്കല്‍ ദൌര്‍ഭാഗ്യകരമായ ഒരു ദുരന്തമാണെന്ന, ആ ദുരന്തത്തിനു വഴിയൊരുക്കിയവരുടെതന്നെ, ചതഞ്ഞ വ്യാഖ്യാനത്തെയും കടന്ന്, ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് അധികാരശൃംഗത്തിലേറാനായി അരങ്ങേറ്റിയ ഒരു തന്ത്രമെന്ന നിലയിലേക്ക് (ചതുരംഗക്കളത്തിലെ ഒരു സുപ്രധാനനീക്കമെന്ന പോലെ) ആ കുറ്റകൃത്യം മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. ഉടഞ്ഞുവീണ മസ്ജിദിന്റെയും സഹിഷ്ണുതയുടെയും അവശിഷ്ടങ്ങള്‍ക്കു മേല്‍ അമര്‍ന്നിരുന്ന വര്‍ഗ്ഗീയ-രാഷ്ട്രീയ വിഗ്രഹങ്ങള്‍ കൂടുതല്‍ ഉറപ്പുള്ളവയായി മാറി. അതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടുന്നവര്‍ ഉണങ്ങിയ മുറിവുകള്‍ വീണ്ടുംകുത്തിത്തുരക്കുന്ന നികൃഷ്ടജീവികളെന്ന ആക്ഷേപത്തിനു വിധേയരായി.
ഒരു വശത്ത്, ആയുധത്തിന്റെയും അക്രമത്തിന്റെയും ബലത്തില്‍ കരഗതമായ അധികാരത്തില്‍ മതിമറന്ന വിഡ്ഢിയും ക്രൂരനും മതഭ്രാന്തനുമായ നേതാവ്. ഇപ്പുറത്ത്, ഭൂരിപക്ഷവര്‍ഗ്ഗീയത എന്ന വജ്രായുധം ‘യുക്തിപൂര്‍വ്വം’ ഉപയോഗിച്ച് ജനാധിപത്യത്തെ കീഴടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിവുള്ള കുശാഗ്രബുദ്ധിയായ രാഷ്ട്രീയക്കാരന്‍ . സ്വീകാര്യതയുടെ തലത്തില്‍ ഇവര്‍ തമ്മിലുള്ള അന്തരം അനന്തതയേക്കാള്‍ വലുതാണെന്നു അഫ്ഗാനിസ്ഥാന്റെയും ഇന്ത്യയുടെയും ആധുനികചരിത്രം നമ്മെ പഠിപ്പിക്കുന്നു. “അധികാരത്തിലേക്ക് നേര്‍വഴി കണ്ടെത്തുക പ്രയാസമാണെന്നു തിരിച്ചറിഞ്ഞാല്‍ നേര്‍വഴിക്കോടുന്ന സൌമ്യവാഹനങ്ങളെ നിരാകരിച്ച് എന്തും തകര്‍ക്കാന്‍ പോന്ന ഒരു ബുള്‍ഡോസറിലേറി ലക്ഷ്യത്തിലേക്ക് പോകാനുള്ള വാസന, പോകുന്ന വഴിക്ക് തകര്‍ക്കപ്പെടുന്ന ഓരോന്നും, ചരിത്രസ്മാരകങ്ങളോ സഹിഷ്ണുതയോ മനുഷ്യരോ എന്തുമാകട്ടെ, തന്റെ ബുള്‍ഡോസറിനു ഇന്ധനമാക്കി മാറ്റാന്‍ പോന്ന ഒരു രാസപ്രക്രിയയിലെ വൈദഗ്ദ്ധ്യം, ഇതെല്ലാമൊത്തുവന്നാല്‍ ലക്ഷ്യത്തെ സാധൂകരിക്കുകയും മാര്‍ഗ്ഗത്തെ അപ്രസക്തമാക്കുകയും ചെയ്യുന്ന വ്യാഖ്യാനങ്ങള്‍ രൂപംകൊണ്ടു കൊള്ളുമെന്ന തിരിച്ചറിവ്.” ഇവയാണ് എല്‍.കെ. അദ്വാനിയെന്ന ഊര്‍ജ്ജസ്വലനായ വൃദ്ധന്റെ രാഷ്ട്രീയായുധങ്ങള്‍. ആ ആയുധങ്ങളുടെ ശക്തിയാണ് മുല്ലാ മുഹമ്മദ് ഒമറില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനും വോട്ടിനു പുറമേ കോര്‍പ്പറേറ്റ് കൊമ്പന്മാരുടെയും ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ളവരെന്നു ആത്മാര്‍ത്ഥമായി ഭാവിക്കുന്ന മാധ്യമങ്ങളുടെ പോലും അംഗീകാരമുള്ളവനുമാക്കുന്നത്. എന്‍ ഡി ടി വി അദ്വാനിയുടെ ‘ആജീവനാന്തനേട്ട’ത്തിനായി, ജൂറികളുടെ പോലും എതിര്‍പ്പവഗണിച്ച്, പ്രഖ്യാപിച്ച പുരസ്കാരത്തെയും ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്.
അദ്വാനിയുടെ ആജീവനാന്തനേട്ടത്തെപ്പറ്റി പറയുമ്പോള്‍ അവഗണിക്കാന്‍ പറ്റാത്ത മറ്റൊരു സംഗതിയുണ്ട്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ഒരു പ്രയോഗം അദ്വാനിയുടെ സംഭാവനയാണ്: സ്യൂഡോ സെക്കുലറിസം എന്ന പ്രയോഗം. മതേതരത്വം എന്ന സങ്കല്പം വലിയൊരളവില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള ഇന്ത്യന്‍ സമൂഹത്തില്‍ മതവികാരം എന്ന നിക്ഷേപമിറക്കി ലാഭം കൊയ്യാനൊരുങ്ങുന്ന രാഷ്ട്രീയ അജണ്ടയ്ക്ക് മതേതരസങ്കല്പത്തിലധിഷ്ഠിതമായ വിമര്‍ശനങ്ങളെ പ്രതിരോധിക്കുകയെന്നതായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയെന്നത് എളുപ്പത്തില്‍ ഊഹിക്കാവുന്ന സംഗതിയാണ്. ആ വെല്ലുവിളിയെയാണ് സ്യൂഡോ സെക്കുലറിസം എന്ന ഒറ്റ പ്രയോഗം, അതിന്റെ പ്രയോക്താക്കളെ തീര്‍ത്തും സന്തുഷ്ടരാക്കും വിധം, കൈകാര്യം ചെയ്യുന്നത്. സെക്കുലര്‍ എന്ന വാക്കിന്റെ മേല്‍, അതിന്റെ അര്‍ത്ഥസൂചനകളെ നിഷ്പ്രഭമാക്കിക്കൊണ്ട്, സ്യൂഡോ സെക്കുലര്‍ എന്ന പദപ്രയോഗത്തെ സ്ഥാപിക്കും വിധത്തിലുള്ള പ്രചാരണങ്ങള്‍ ദിനംപ്രതി അരങ്ങേറുന്നു. പ്രസംഗവേദികളില്‍, ടെലിവിഷന്‍ സംവാദങ്ങളില്‍, ട്രെയിന്‍ യാത്രകളില്‍, റെസ്റ്റോറന്റുകളില്‍, പബ്ബുകളില്‍ (അതേ, ‘പബ്ബു’കളില്‍ തന്നെ) ഒക്കെയും അത് ‘അര്‍ത്ഥഗര്‍ഭമായി’ മൊഴിയപ്പെടുന്നു. ഒളിഞ്ഞും തെളിഞ്ഞും ഹൈന്ദവഫാസിസത്തെ പിന്തുണയ്ക്കുന്ന സകലരും വിപരീതാശയങ്ങളുള്ളവര്‍ക്കു നേരെ അത് ലോപമില്ലാതെ പ്രയോഗിക്കുന്നു. വര്‍ഗ്ഗീയതയെയും ഹിന്ദുരാഷ്ട്ര അജണ്ടകളെയും എതിര്‍ക്കുന്നവര്‍, എഴുത്തുകാരും രാഷ്ട്രീയപ്രവര്‍ത്തകരും മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയുള്ളവര്‍, ഒന്നടങ്കം ‘കപടമതേതരവാദികള്‍‘ എന്ന ഒരൊറ്റ ലേബലിനാല്‍ ചുറ്റിവരിയപ്പെട്ടിരിക്കുന്നു.
ഒരിക്കല്‍ ആവേശത്തള്ളിച്ചയില്‍ നിലമറന്ന സഹയാത്രികരാല്‍ തനിക്കു നേരെ തന്നെ പ്രയോഗിക്കപ്പെട്ടെങ്കിലും സമാനതകളില്ലാത്ത ഈ പ്രതിരോധതന്ത്രം താന്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിനും അതിന്റെ അനുയായികള്‍ക്കും വേണ്ടി സംഭാവന ചെയ്തത് അദ്വാനിയുടെ സുപ്രധാനനേട്ടങ്ങളിലൊന്നു തന്നെയാണ്. കര്‍സേവയ്ക്ക് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ രഥയാത്രയ്ക്കൊപ്പം സ്ഥാനം പിടിക്കാനുള്ള യോഗ്യതയുണ്ട് ആ പ്രയോഗത്തിന്. ആദ്യത്തേത് അനുയായികളുടെ മനോവീര്യം കൂട്ടി, കൂടുതല്‍ അനുഭാവികളെ സമ്പാദിച്ചു. രണ്ടാമത്തേത് പ്രതിയോഗികളുടെ വായടപ്പിക്കുക എന്ന ധര്‍മ്മം ഏറ്റെടുത്തു. എന്‍ ഡി ടി വി സമ്മാനം നല്‍കിയാലും ഇല്ലെങ്കിലും ഈ ‘കനപ്പെട്ട സംഭാവനക‘ളുടെ പേരില്‍ അദ്വാനിയുടെ നാമം ദീര്‍ഘകാലം ഓര്‍മ്മിക്കപ്പെടുക തന്നെ ചെയ്യും. “എങ്ങനെ ഓര്‍മ്മിക്കപ്പെടണം” എന്നത് ഈ കാലയളവിലെ കലുഷമായ രാഷ്ട്രീയപരിവര്‍ത്തനങ്ങള്‍ക്കും അവയുടെ പരക്കെയുള്ള പ്രത്യാഘാതങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണെന്നു മാത്രം.
അദ്വാനിയുടെ പുരസ്കാരലബ്ധിയെപ്പറ്റി ഉന്മേഷിന്റെ പോസ്റ്റ് ഇവിടെ.