“മകന്‍ ഡോക്ടറാകും, അവന്റെ കൈയക്ഷരം അതിനു പറ്റിയതാണെ”ന്ന പഴഞ്ചന്‍ ഫലിതത്തിനു ജനത്തെ ചിരിപ്പിക്കാനുള്ള കെല്പ് കുറവാണ്. അതെന്തായാലും കുട്ടികളുടെ കൈയക്ഷരം നന്നായിരിക്കണമെന്ന് മാതാപിതാക്കളും അധ്യാപകരുമൊക്കെ ആശിക്കാറും നിഷ്കര്‍ഷിക്കാറുമുണ്ട്. നല്ല കൈയക്ഷരമുള്ള കുട്ടികളോട് മമത തോന്നാത്തവരും കുറയും. പക്ഷേ കുട്ടി മുതിര്‍ന്നു കഴിഞ്ഞാലോ? വടിവൊത്ത കൈയക്ഷരമുള്ള മുതിര്‍ന്നയാളിന്റെ വ്യക്തിത്വത്തില്‍ എന്തോ ഒരു തരം ബാലിശത്വമുണ്ടെന്ന തോന്നലുണ്ടെനിക്ക്. ചെറിയ കാര്യങ്ങള്‍ക്ക് അമിതശ്രദ്ധ കൊടുക്കുന്നത് മനസ്സിന്റെ വലിപ്പക്കുറവിനെ കാണിക്കുന്നതാകാം എന്ന ലളിതതത്വത്തില്‍ നിന്നുത്ഭവിച്ച ഒരു മുന്‍വിധിയായിരിക്കാം ഈ തോന്നല്‍. അല്ലെങ്കില്‍ “മദ്യപാനം മോശമായിരിക്കാം, പക്ഷേ മദ്യപിക്കാത്തവര്‍ പൊതുവേ കടുത്ത അരസികന്മാരായിരിക്കും.” എന്ന് പണ്ടൊരു സുഹൃത്ത് അഭിപ്രായപ്പെട്ട പോലെ തികച്ചും വ്യക്തിപരമായ ഒരു നിരീക്ഷണമാകാമത്. ഒരു പക്ഷേ, താനെഴുതുന്നത് ചിലപ്പോഴെങ്കിലും സ്വയം വായിക്കാന്‍ പറ്റാത്ത അവസ്ഥ വന്നിട്ടുള്ള ഒരുവന്റെ പരോക്ഷമായ സ്വയം പ്രതിരോധിക്കലിന്റെ ലക്ഷണമാകാനും മതി.
ഡോക്ടറുടെയടുത്തേക്ക് മടങ്ങി വരാം. സ്പഷ്ടതയുടെ കാര്യത്തില്‍ കഷ്ടതരമായ കൈപ്പടയുള്ള ഭിഷഗ്വരന്‍മാരെ കണ്ടിട്ടുണ്ട്, തീര്‍ച്ചയായും. പക്ഷേ വൈദ്യരംഗവുമായി വിദൂരബന്ധം പോലുമില്ലാത്ത പലരുടേയും കൈയക്ഷരം കണ്ടിട്ട് ലിപി ഇംഗ്ലീഷ് ആണെന്നു കഷ്ടിച്ചു മനസ്സിലാക്കാന്‍ പറ്റിയതേ ഭാഗ്യമെന്നു തോന്നിയിട്ടുണ്ട് താനും. എന്തായാലും പരിചയമില്ലാത്ത കൈപ്പടയില്‍ എഴുതിയിരിക്കുന്നത് വായിച്ചെടുക്കുമ്പോള്‍ സംഭവിക്കാവുന്ന പിശക് വീട്ടിലോ ഓഫീസിലോ തമാശയാകും, മറിച്ച് മെഡിക്കല്‍ സ്റ്റോറിലാണെങ്കില്‍ (ഗുരുതരമായ) കുഴപ്പമാകുമെന്നും നമുക്കെല്ലാവര്‍ക്കുമറിയാമെങ്കിലും ഡോക്ടറുടെയടുത്തു നിന്നു പ്രിസ്ക്രിപ്ഷന്‍ കൈപ്പറ്റുമ്പോള്‍ ഭുരിപക്ഷം പേരും അതേപ്പറ്റി ഓര്‍ക്കാറില്ലെന്നതാണ് സത്യം. കൈയിലിരിക്കുന്ന കടലാസ്സിലേക്ക് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്‍ രണ്ടു മിനിറ്റ് നേരം കണ്ണുചുളിച്ചു നോക്കിയാലും അയാള്‍ക്കും കുറിപ്പ് തന്ന ഡോക്ടര്‍ക്കുമിടയില്‍ അദൃശ്യവും എന്നാല്‍ ആശങ്കയ്ക്കിടയില്ലാത്തതുമായ എന്തോ വിനിമയമുണ്ടെന്ന ഉറച്ച ധാരണയിലെന്നോണം ഹെഡ് ആന്റ് ഷോള്‍ഡേഴ്സിന്റെയോ ലക്സിന്റെയോ പോസ്റ്ററിലേക്ക് നോക്കി നില്ക്കുന്നതു കാണാം പലരും.

അത്രകണ്ട് മോശമല്ലാത്ത കൈപ്പടയുള്ള ഒരു ന്യൂറോ സര്‍ജന്‍ തന്ന പ്രിസ്ക്രിപ്ഷനുമായി ഒരു മെഡിക്കല്‍ സ്റ്റോറില്‍ പോയി, അടുത്തിടെ. സാധാരണരീതിയിലുള്ള ചെറിയ മരുന്നുകടയല്ല, എയര്‍കണ്ടീഷന്‍ ചെയ്ത വിശാലമായ ഷോപ്പ്. നിരവധി ജീവനക്കാരും മികച്ച സേവനവും വിലക്കിഴിവുമൊക്കെയുള്ള പേരു കേട്ട ഒരു മെഡിക്കല്‍ സ്റ്റോര്‍ ശൃംഖലയാണ് അവരുടേത്. എനിക്കു വാങ്ങേണ്ടിയിരുന്ന ഗുളികകളിലൊന്നിന്റെ പേര് Nurocol എന്നായിരുന്നു. കുറിപ്പ് വാങ്ങിയ ജീവനക്കാരന്റെ മുഖത്ത് വിശേഷിച്ചൊരു സംശയഭാവവും കണ്ടില്ല. ഷെല്‍ഫില്‍ നിന്ന് അതാതു ടാബ്‌ലെറ്റുകള്‍ എടുത്തു മേശമേല്‍ വച്ചപ്പോള്‍ Nurocol-നു പകരമിരിക്കുന്നത് Nuocol. വൈദ്യശാസ്ത്രസംബന്ധമായ അറിവ് പൂജ്യത്തില്‍ നിന്നും ഏറെ താഴെയായ എന്നെപ്പോലൊരാള്‍ ഒരക്ഷരത്തിന്റെ വ്യത്യാസത്തില്‍ വന്ന പകരക്കാരനെ തിരിച്ചറിയുമായിരുന്നില്ല. ഭാഗ്യത്തിന് ന്യൂറോകോള്‍ മുമ്പ് വാങ്ങിയിട്ടുള്ളതിനാല്‍ അപ്പോള്‍ തന്നെ കാര്യം പറഞ്ഞു. മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്‍ ക്ഷമാപണത്തോടെ ഗുളിക മാറ്റിത്തരികയും ചെയ്തു. കടയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആലോചിച്ചത് ഗുളികയുടെ പേര് കൃത്യമായറിയില്ലായിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന അപകടത്തെപ്പറ്റി മാത്രമായിരുന്നില്ല. ധാരാളം തവണ മരുന്നു വാങ്ങിയിട്ടുണ്ടെങ്കിലും നാളിതു വരെ വാങ്ങിയ മരുന്ന് കൃത്യമാണോ എന്നു ഡോക്ടറെ കാണിച്ച് ഉറപ്പ് വരുത്തിയിട്ടില്ല. അതു കൊണ്ട് ഒരു തവണ പോലും തെറ്റിക്കാണില്ലെന്നു ആശ്വസിക്കാനേ പറ്റൂ. ഇനി മുതല്‍ എന്തു മരുന്നു വാങ്ങിയാലും കുറഞ്ഞപക്ഷം അയല്‍പ്പക്കത്ത് താമസിക്കുന്ന പരിചയക്കാരനായ ഡോക്ടറെയെങ്കിലും കാണിച്ച് കൃത്യത ഉറപ്പാക്കണമെന്നു നിശ്ചയിച്ചതിനാല്‍ എനിക്ക് സമാധാനിക്കാന്‍ പറ്റിയേക്കും. പക്ഷേ അഭ്യസ്തവിദ്യര്‍ക്കു പോലും പ്രിസ്ക്രിപ്ഷനും മരുന്നിന്റെ ലേബലും ഒത്തു നോക്കാന്‍ പ്രയാസമാണെന്നിരിക്കെ ഇംഗ്ലീഷ് വായിക്കാന്‍ പോലും വശമില്ലാത്ത വലിയൊരു ശതമാനം ജനവുമുള്‍പ്പെടുന്ന ഉപഭോക്താക്കള്‍ ഭാഗ്യത്തെ മാത്രം ആശ്രയിക്കേണ്ടുന്ന അവസ്ഥ മാറേണ്ടതല്ലേ?
ഡോക്ടറുടെ മോശം കൈയക്ഷരം കാരണം യു എസില്‍ വര്‍ഷം തോറും 7000 പേര്‍ മരിക്കുന്നുവെന്നു 2006-ലെ ഒരു റിപോര്‍ടില്‍ കണ്ടെത്തിയതായി വിക്കിപീഡിയ പറയുന്നു. നമ്മുടെ നാട്ടിലെ കണക്കെന്താണെന്നറിയില്ല. വ്യാപകമായുള്ള ചെറിയ മരുന്നുകടകളില്‍ വൈദഗ്ദ്ധ്യം കുറഞ്ഞ ജോലിക്കാരുള്ള നാടാണ് നമ്മുടേതെന്നോര്‍ക്കണം. “ഈ മരുന്നില്ല, പകരം വേറെ കമ്പനിയുടേത് തരട്ടേ?” എന്നു ചോദിച്ചാല്‍ “ശരി!“ എന്നു തല കുലുക്കുന്ന ഉപഭോക്താക്കളും ഏറെയുണ്ടെന്നതും. ആശുപത്രിയുടെ ഭാഗമായുള്ള ഫാര്‍മസിയില്‍ നിന്നു പോലും മരുന്നു മാറിക്കൊടുത്ത സംഭവങ്ങളും കേട്ടിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, തന്റെ രോഗി കഴിക്കുന്നത് ശരിയായ മരുന്നാണെന്നുറപ്പു വരുത്താന്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കേണ്ട കടമ ഡോക്ടര്‍ക്കില്ലേ? കമ്പൂട്ടര്‍ പ്രിന്റഡ് പ്രിസ്‌ക്രിപ്ഷനിലേക്കു മാറുന്നതിനു തടസ്സമുണ്ടോ? ടൈപ്പിങ്ങ് എറര്‍ പോലും വരാതെ പ്രിസ്ക്രിപ്ഷന്‍ നല്കുകയെന്നത് ഒരാശുപത്രിയോ ഡോക്ടറോ വിചാരിച്ചാല്‍ നടക്കാത്ത കാര്യമാണോ? അതല്ലെന്നുണ്ടെങ്കില്‍ സ്വന്തം കൈയക്ഷരത്തെ താല്കാലികമായി മറന്നു കൊണ്ട് ഓരോ അക്ഷരവും വേറിട്ടറിയുന്ന തരത്തില്‍ എഴുതാം. എഴുതുന്നത് ഉപന്യാസമൊന്നുമല്ലാത്ത സ്ഥിതിയ്ക്ക് സ്പെല്ലിംഗ് കൃത്യമായി രോഗിക്കു പറഞ്ഞു കൊടുത്ത് അയാളോട് / അവളോട് ഒരു കടലാസ്സില്‍ എഴുതിയെടുക്കാന്‍ പറയുകയുമാവാം. അങ്ങനെ ചെയ്താല്‍ മരുന്നുകടയില്‍ നിന്നു കിട്ടുന്ന സാധനം കൃത്യമാണോയെന്നു അവര്‍ക്ക് എളുപ്പത്തില്‍ നോക്കാമല്ലോ. ലക്ഷക്കണക്കിനു രൂപ മാസവരുമാനമുള്ള ഒരു ഡോക്ടര്‍ക്ക് താന്‍ കുറിച്ചു കൊടുക്കുന്ന മരുന്നു തന്നെയാണ് രോഗിക്ക് ലഭിക്കുന്നതെന്നുറപ്പു വരുത്താന്‍ മുന്‍കരുതലെടുക്കണമെന്നു തോന്നാത്തത് അത്ര നിസ്സാരമായ പിഴവാണോ?
പാതവക്കില്‍ മൂത്രമൊഴിക്കുന്നവനെയും ക്യൂ തെറ്റിക്കുന്നവനെയുമൊക്കെ കുറ്റം പറഞ്ഞു നാവു കഴയ്ക്കുമ്പോഴെങ്കിലും ഇത്തരം കാര്യങ്ങളില്‍ നമ്മുടെ കണ്ണുടക്കേണ്ടതില്ലേ? കമ്പ്യൂട്ടറൈസ്ഡ് പ്രിസ്സ്ക്രിപ്ഷനും മറ്റും വികസിതരാജ്യങ്ങളേക്കാള്‍ ആവശ്യം നമ്മുടേതു പോലെ ആരോഗ്യരംഗത്തെക്കുറിച്ചുള്ള അവബോധം കുറഞ്ഞ ജനതയും അനാസ്ഥയ്ക്കു പഞ്ഞമില്ലാത്ത മരുന്നുകടക്കാരുമൊക്കെയുള്ള രാജ്യത്താണ്. പക്ഷേ വിദേശത്തു നിന്നും അത്യുന്നതബിരുദങ്ങള്‍ നേടിയെത്തിയിട്ടുള്ള പ്രഗത്ഭന്മാര്‍ പോലും അവയൊന്നും അനുവര്‍ത്തിച്ചു കാണുന്നില്ല. എന്തെന്നാല്‍ മരുന്നു മാറിപ്പോയാല്‍ അപകടത്തിലാവുന്ന രോഗികള്‍ അവരുടെ ആരുമല്ലല്ലോ!
(ചിത്രത്തിന് കടപ്പാട്: photolibrary.com)