Wednesday, February 21, 2007

കവിതയിലെ കലാസംവിധാനം

പരസ്യം ഡിസൈന്‍ ചെയ്യുമ്പോള്‍ കൊള്ളാവുന്ന ആര്‍ട്‌ ഡയറക്ടര്‍മാര്‍ പിന്തുടരുന്ന ഒരു തത്വമുണ്ട്‌. അതിലെ ടെക്സ്റ്റ്‌ എങ്ങനെ വായിക്കപ്പെടണമോ അതിനനുസരിച്ച്‌ ടൈപ്പ്‌ ഫേസും അക്ഷരങ്ങളുടെ വലിപ്പവും വരികള്‍ക്കിടയിലെ സ്ഥലവും ഒക്കെ ക്രമീകരിക്കുക എന്ന തത്വം. ഉദാഹരണത്തിന്‌ ഉറക്കെ ഉച്ചരിക്കപ്പെടേണ്ട വിധം സ്ട്രോങ്ങ്‌ ആയ ഒരു ഹെഡ്‌ ലൈനാണെങ്കില്‍ വളരെ ബോള്‍ഡായ (impact പോലുള്ള) ഒരു ഫോണ്ട്‌ സാമാന്യം വലിയ പോയിന്റ്‌ സൈസ്‌ ഉപയോഗിച്ചാവും ഹെഡ്‌ലൈന്‍ നിര്‍മ്മിക്കുന്നത്‌. മറിച്ച്‌ ഒരു whispering tone ആണ്‌ ഹെഡ്‌ലൈനിനു വേണ്ടതെങ്കില്‍ കനം കുറഞ്ഞ, അഴകും വെടിപ്പുമുള്ള ഒരു ഫോണ്ട്‌ (അധികം വലിപ്പമില്ലാതെ) ഉപയോഗിക്കും. ഇങ്ങനെ വായനയെ സൂക്ഷ്മമായി നിര്‍വചിച്ച്‌ ആര്‍ട്‌ ഡയറക്ഷനില്‍ പല പരീക്ഷണങ്ങളും നടത്താറുണ്ട്‌, പലരും. ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും.

കവിതയില്‍ ഇത്തരമൊരു ആര്‍ട്‌ ഡയറക്ഷന്‍ സാധ്യമല്ല. അതിന്‌ പ്രസക്തിയുമില്ല. (ശരിയല്ലേ, കുമാര്‍ ജീ?) കവിതക്ക്‌ അതിന്റെ ഭാഷയിലൂടെ മാത്രമേ സംവേദിക്കാനാകൂ. അതാണതിന്റെ ശരിയും. ആവറേജ്‌ ആയ ഒരു ഹെഡ്‌ ലൈനിന്‌ പോലും അസാധാരണമായ ഒരു വിഷ്വല്‍ ടച്ച്‌ കൊടുത്ത്‌ വായനക്കാരനെ വലിച്ചടുപ്പിക്കുന്ന ആര്‍ട്‌ ഡയറക്ഷന്‍ എന്ന മാജിക്ക്‌ കവിതയ്ക്ക്‌ പ്രാപ്യമല്ല. അപ്പോള്‍ കവി (അയാളുടെ ഭാഷയില്‍) എന്തു ചെയ്യും?

ആകെ ചെയ്യാന്‍ പറ്റുന്നത്‌ ഇതാണ്‌: വരികള്‍ മുറിക്കാം, താളം തെറ്റിച്ച്‌ പുതിയൊരു താളമോ താളമില്ലായ്മയോ ഉണ്ടാക്കാം. ചിഹ്നങ്ങള്‍ വേണ്ടിടത്ത്‌ ഇടാതെയും വേണ്ടാത്തിടത്ത്‌ ഇട്ടും പരീക്ഷിക്കാം. പൂര്‍ണ്ണവിരാമമിടുന്നതിന്‌ പകരം "ഈ വാക്യം ഇവിടെ അവസാനിച്ചു, എന്നാല്‍ അവസാനിച്ചില്ല" എന്ന മട്ടില്‍ അടുത്ത വരിക്ക്‌ മുന്നിലായി കുറച്ചധികം സ്ഥലം മാത്രമിടാം. (ബ്ലോഗിലും സ്വന്തമായിറക്കുന്ന പുസ്തകത്തിലും ഇതൊക്കെ പൂര്‍ണ്ണമായും സാധ്യമാണ്‌. മാഗസിനുകളില്‍ എഡിറ്ററും ലേ-ഔട്ട്‌ ആര്‍ട്ടിസ്റ്റും ചേര്‍ന്നു കാര്യങ്ങള്‍ കുളമാക്കിയേക്കും!)

പല ചിഹ്നങ്ങളും ഒരു വാക്കില്‍ നിന്ന് അടുത്ത വാക്കിലേക്ക്‌, അല്ലെങ്കില്‍ ഒരു വാക്യത്തില്‍ നിന്ന് അടുത്ത വാക്യത്തിലേക്ക്‌ നിര്‍മ്മിച്ച പാലങ്ങളാണെന്നു കരുതിയാല്‍ ഒരു പാലം തകര്‍ത്ത്‌ വായനക്കാരനെ കിടങ്ങിലേക്ക്‌ വീഴ്‌ത്താനുള്ള അവകാശവും കവിക്കുണ്ട്‌. അല്ലെങ്കില്‍ "ഇവിടെ പാലമില്ല, കിടങ്ങ്‌ ചാടിക്കടന്നോളൂ" എന്നൊരു നിശ്ശബ്ദപ്രസ്താവവുമാവാം അത്‌. ചിലര്‍ക്ക്‌ ആ 'വീഴ്‌ച' ഉത്തേജനമാവും, ചിലരുടെ നട്ടെല്ലിന്‌ ക്ഷതം പറ്റും. ചിലര്‍ 'ത്രില്ലോ'ടെ ചാടിക്കടക്കും. എന്തായാലും കവിതവായന ഒരു സാഹസപ്രവൃത്തി തന്നെ. മുന്‍വിധികളോടെ ചെയ്യാന്‍ പറ്റാത്ത ഒരു സാഹസം.

"കവിത നമുക്ക്‌ വേണ്ടി പാകപ്പെടുകയല്ല, മറിച്ച്‌ നമ്മള്‍ കവിതയ്ക്കു വേണ്ടി പാകപ്പെടുകയാണ്‌ വേണ്ടതെ"ന്ന് കമലാദാസ്‌ പറഞ്ഞത്‌ എവിടെയോ വായിച്ച ഓര്‍മ്മ.


ഒരു വിപരീതചിന്ത കൂടി : ചായം വച്ചിരുന്ന പാത്രം അബദ്ധത്തില്‍ ക്യാന്‍വാസിലേക്ക്‌ മറിഞ്ഞപ്പോള്‍ അതെടുത്ത്‌ ഫ്രെയിം ചെയ്ത്‌ പ്രദര്‍ശിപ്പിച്ച ചിത്രകാരനെപ്പോലുള്ള കവികളും അത്‌ കണ്ട്‌ 'ഉജ്ജ്വലം' എന്ന് വിസ്മയിച്ച കലാനിരൂപകനെപ്പോലുള്ള വായനക്കാരും ഇല്ലാതില്ല! അതോ, അവരാണോ എണ്ണത്തില്‍ കൂടുതല്‍?

40 comments:

പരാജിതന്‍ said...

ഉമ്പാച്ചിയുടെ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ച കണ്ടപ്പോള്‍ തോന്നിയ ചിലത്‌. അവിടെ കമന്റിടാന്‍ നോക്കിയിട്ട്‌ നടന്നില്ല. അവിടേക്കുള്ള കമന്റ്‌ അവിടെത്തന്നെയിടുന്നതായിരിക്കും. ഇതിവിടെയും കിടക്കട്ടെ!

കണ്ണൂസ്‌ said...

ഉമ്പാച്ചിയുടെ ബ്ലോഗില്‍ ഇടണമെന്ന് കരുതി എഴിതിവെച്ച മറുപടിയാണ്‌ താഴെ. ഇടാതിരുന്നത്‌ നന്നായെന്നു തോന്നുന്നു, ഇത്രയും വ്യക്തമായി, സുന്ദരമായി ഹരി അത്‌ ഇവിടെ എഴുതിയിരിക്കുന്നത്‌ കാണുമ്പോള്‍.

ഭാഷയുടെ വ്യാകരണങ്ങള്‍ കവിതയില്‍ പാലിക്കണം എന്ന് പറയുന്നതില്‍ തെറ്റില്ല, പക്ഷേ കവിതയുടെവ്യാകരണം തീരുമാനിക്കാനുള്ള അവകാശം കവിക്കാണെന്ന് വിസ്‌മരിക്കരുത്‌. തമസ്കരിക്കപ്പെടുന്ന ഒരു കുത്തോ കോമയോ, സംവദനത്തിന്‌ വേറൊരു തലം സൃഷ്ടിക്കും എന്ന് കവിക്ക്‌ തോന്നിയാല്‍, അത്‌ മനഃപൂര്‍വം ഒഴിവാക്കാന്‍ അയാള്‍ക്ക്‌ സ്വാതന്ത്ര്യമുണ്ടായിരിക്കണം.

ഉമ്പാച്ചി കവിതയില്‍ ചിഹ്‌നങ്ങള്‍ ഒഴിവാക്കുന്നത്‌ മനഃപൂര്‍വം ആണെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. (അദ്ദേഹത്തിന്റെ ബ്ലൊഗിന്റെ തലവാചകത്തില്‍ ചിഹ്‌നങ്ങള്‍ വളരെ ഭംഗിയായി ഉപയോഗിച്ചിരിക്കുന്നത്‌ ശ്രദ്ധിക്കുക). എല്ലാ കവിതയിലും എന്താ അങ്ങിനെ എന്നാണ്‌ അനംഗാരിയുടെ ചോദ്യമെങ്കില്‍, അതിന്‌ ഉമ്പാച്ചി തന്നെ മറുപടി പറയട്ടേ.

Inji Pennu said...

നല്ല പോസ്റ്റ്. ഞാന്‍ മലയാളം കവിത തീരെ കുഞ്ഞിലേ പരീക്ഷക്കല്ലാണ്ട് ഇന്നേ വരെ വായിച്ചിട്ടില്ല. ഇവിടെ ഈ ബൂലോഗത്തില്‍ വന്നതിനുശേഷമാണ് അങ്ങിനെ മലയാളം കവിത വായിക്കുന്നത്. അപ്പോള്‍ എന്റെ കുറേ സംശയങ്ങള്‍ ചോദിച്ചോട്ടെ?

ഈ കവിതയുടേയും ഗദ്യത്തിന്റേയും ബോര്‍ഡര്‍ ലൈന്‍ ഏതാണ്? അതോ അങ്ങിനെയൊരു ബോര്‍ഡര്‍ ലൈന്‍ ഇല്ലേ? ഇതുവരേക്കും ഞാന്‍ മനസ്സിലാക്കിയത് ഒരു വളരെ ക്ലിയര്‍ ആയ ബോഡര്‍ ലൈന്‍ ഉണ്ടായിരുന്നു എന്നാണ്. അത് വൃത്തവും കവിതയുടെ സെറ്റപ്പുകളും ഒക്കെയാണെന്നാണ് ഞാന്‍ വിചാരിച്ചു വെച്ചിരുന്നത്. ഇപ്പൊ എല്ലാം കൂടി വായിച്ചിട്ട് എനിക്കാകെ കണ്‍ഫ്യൂഷന്‍...

കണ്‍ഫ്യൂഷന്‍
കണ്‍ഫ്യൂഷന്‍
എനിക്കാകെ കണ്‍ഫ്യൂഷന്‍!

മുകളില്‍ എഴുതിയ മൂന്ന് വരി ഒരു കവിതയായി കൂട്ടുമൊ? ഇംഗ്ലീഷ് കവിതകളും മലയാളം കവിതകളും തമ്മിലൊരു കമ്പരിസണും കണ്ടു. അത് ശരിയാണൊ? ഇംഗ്ലീഷിന്റെ ഗ്രാമറും മലയാളത്തിന്റെ ഗ്രാമറും വ്യത്യാസമില്ലെ?

പിന്നെ എല്ലാം കവിയുടെ സ്വാതന്ത്യ്രം എന്നും ഈ പോസ്റ്റില്‍ കണ്ടു, അപ്പോള്‍ ആസ്വാദക സ്വാതന്ത്ര്യത്തിന്റേയും കവിയുടെ സ്വാതന്ത്ര്യത്തിന്റേയും ആ ബോര്‍ഡര്‍ ലൈന്‍ എവിടെയാണ്? ഒന്നു ആരെങ്കിലും പറഞ്ഞു തരുമൊ? കവിയുടെ സ്വാതന്ത്ര്യം എങ്ങിനേം കവിത കുത്തോ കോമയോ ഇല്ലാതെ എഴുതാമെന്നുള്ളതാണൊ? അതോ ആശയങ്ങളുടെ മേലല്ലേ സ്വാതന്ത്ര്യം? ആകെ ഒരു ഡിംഗോളിഫിക്കേഷന്‍...

- ബോര്‍ഡറില്‍ നിന്നൊരു ഭാവി കവയത്രി :)

chithrakaran ചിത്രകാരന്‍ said...

ആത്മപ്രകാശനം ഇന്നതെ ആകാവു എന്ന് വ്യക്തിപരമായി ഓരോരുത്തര്‍ക്കും വിശ്വസിക്കുകയും അതിനനുസരിച്ചുള്ള മുന്‍വിധികളൊടെ ആത്മപ്രകാശനങ്ങളെ മനസിലാക്കനും,വെട്ടിനിരത്തി അഭിപ്രായം പറയാനും അവകാശമുണ്ട്‌.
എന്നാല്‍ അതുപോലെ തന്നെ ആത്മപ്രകാശനം മുഴുവനായൊ, ഭാഗികമായൊ സൌകര്യമൊ മാനസിക നിലയൊ അനുസരിച്ച്‌ പ്രകടിപ്പിക്കാനോ, പ്രകടിപ്പിക്കാതിരിക്കാനൊ ഒരൊ സൃഷ്ടി കര്‍ത്തവിനും സ്വാതന്ത്ര്യമുണ്ട്‌.
കവിത കവിയുടെ മനസിലേക്ക്‌ ഇറങ്ങി ചെല്ലാനുള്ള വഴിയാണ്‌ അത്‌ എങ്ങനെ നിര്‍മ്മിക്കണമെന്ന് കവി തീരുമാനിക്കും. കമന്റുന്നവന്റെ സ്വതന്ത്ര്യം കവിക്കുമുണ്ട്‌.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിച്ചിട്ടുണ്ട്. വിരോധമില്ലെങ്കില്‍ താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക... കൂടുതല്‍ വിവരങ്ങള്‍ക്ക് http://vidarunnamottukal.blogspot.com/ സന്ദര്‍ശിക്കുക..

Abdu said...

പരാജിതന്‍,
നന്നായി, അരെങ്കിലും ഇത് എവിടെയെങ്കിലും പറയും എന്ന് വിചാരിച്ച് കാത്തിരിക്കുയായിരുന്നു ഞാന്‍.

പിന്നെ, ആര്‍ട്ട് ഡിറെക്ഷനില്‍ ഉപയോഗിക്കുന്ന ആ ടെക്നിക്ക് ഒരു കവിതയില്‍ ഉമ്പാച്ചി ഉപയോഗിച്ചതായി തോന്നി, ആരും അതത്ര ശ്രദ്ധിച്ചിട്ടില്ല. ഈ ലിങ്ക് നോക്കു,http://umbachy.blogspot.com/2007/01/blog-post_17.html

കൈയൊപ്പ്‌ said...

ഇടങ്ങള്‍, ആ ലിങ്ക് കണ്ടു.

കവിതയിലെ ആര്‍ട് ഡയറക്ഷന്‍ ഇല്ലസ്‌ട്രേഷന്‍ വഴി നമുക്ക് പരിചിതമാണു. പലപ്പോഴും നമ്പൂതിരിയുടെതടക്കം വരകള്‍ കഥക്കും കവിതക്കും വേറിട്ട മാനങള്‍ നല്‍കുന്നുണ്ടെന്നു നമുക്കറിയാമല്ലോ. ഇത് കവിതയോട് ചേര്‍ന്നു നില്‍ക്കുന്നതും തെറിച്ച് നില്‍ക്കുന്നതും ആവാം. പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ ഇത് തെരഞ്ഞെടുക്കാനുള്ള സ്വാത്രന്ത്യം എഡിറ്റര്‍ക്കാണല്ലോ.

കലാ സംവിധാനത്തിന് കൂടുതല്‍ സൌകര്യം ഇന്റെര്‍നെറ്റ് ഉപാധികള്‍ കവിക്ക് നല്‍കുന്നുണ്ട്, അല്ലേ പരാജിതന്‍.

രാജ് said...

ഓഫ്:

കൈയൊപ്പേ ഈ നമ്പൂതിരിയെ തന്നെയാണു നിര്‍മല്‍‌കുമാറിനെ പോലുള്ളവര്‍ ‘ആധുനികതയെ മനസ്സിലാക്കാത്ത വരക്കാര്‍’ എന്നു പറഞ്ഞു തള്ളിപ്പറയുന്നതു്. എങ്കിലും വര എഴുത്തിനു നല്‍കുന്ന ത്രിമാനത്തെ കുറിച്ചു നിര്‍മല്‍കുമാറിനും എതിരഭിപ്രായമൊന്നുമില്ല, സന്തോഷ് ഏച്ചിക്കാനത്തിന്റെ പന്തിഭോജനത്തെ കുറിച്ചു നിര്‍മലിന്റെ അഭിപ്രായത്തില്‍ നിന്നു മനസ്സിലാക്കിയതാണു് ഇത്രയും കാര്യങ്ങള്‍.

Anonymous said...

ഓഫ്:
പെരിങ്ങോടന്‍,

ഏച്ചിക്കാനത്തിനു നമ്പൂതിരി വരക്കുമ്പോഴാണീ പ്രശ്നങള്‍. ഷരീഫിന്റെ വര കൂടുതല്‍ യോജിക്കുമെന്നു തോന്നിയിട്ടുണ്ട്.

Unknown said...

ആസ്വാദകരുടെ അഭിപ്രായമാണിവിടെ കൂടുതല്‍ പ്രധാനം, എഴുതുന്നവര്‍ക്കും വരയ്ക്കുന്നവര്‍ക്കും തൊടുന്നതെല്ലാം ഉദാത്തങ്ങളായ സൃഷ്ടികളാവുമ്പോള്‍ ചില വായനക്കാര്‍ക്കു തികട്ടല്‍ ഉണ്ടാവുക സ്വാഭാവികം.

“കവിളിലല്പം വെറ്റിലയിട്ടാല്‍ കവിതയൂറും ചേട്ടാ..” എന്ന് താന്‍ കവിയെന്നു സ്വയം കരുതുന്ന (വിശ്വസിക്കുന്ന) ഒരാള്‍ സ്വത ഗുണങ്ങളെ പറ്റി എഴുതിയ കവിത വായിച്ചിട്ട് അന്തം വിട്ട് ഇരുന്നിട്ടുണ്ട്. കവിളും കപോലവുമൊക്കെ ഉള്‌‌വായ അല്ലെന്നും വായ്ക്കകത്തു വെറ്റിലയിടുന്നതിനെ കവിളിലാണു് ഇടുക എന്നു എഴു്തി വിശ്വസിക്കുന്ന അങ്ങോരോട് വാഗ്വാദത്തിനു പോകുന്നതിനെക്കാള്‍ ഗുണമുള്ളത് സ്വന്തം കാര്യം നോക്കി നടക്കുന്നതാണെന്നും കരുതിയതിനാല്‍ വലിയ വാദത്തിനൊന്നും തുനിഞ്ഞില്ല. അതൊരുപക്ഷെ താന്‍ ഉത്തമ കവി തന്നെ എന്ന അയാളുടെ അടിയുറച്ച ബോദ്ധ്യം കണ്ട് അല്പം പകച്ചതിനാലോ ആവാം.

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി-യും സമത്വമറ്റ ഹോമറും സമര്‍ത്ഥനായ സീസറും മറഞ്ഞു പോയി കാലചക്രവിഭ്രമത്തിലെങ്കിലീ നിനക്കു പിന്നെയെന്തു ശങ്ക? -- എന്ന വരികളുമാണു കവിത, എന്റെ മാത്രം അഭിപ്രായത്തില്‍.

വൃത്തബോധവും വ്യാകരണവും പാലിക്കുന്ന, സംവേദനത്തിനോട് കൂറുപാലിക്കുന്നതുമാണു് എന്റെ അഭിപ്രായത്തില്‍ കവിതകള്‍ക്കുണ്ടാകേണ്ട ഗുണം.

അതിബുദ്ധിാ‍മാന്മാര്‍ക്കു മാത്രം വെളിപ്പെടുന്ന ഹിഡ്ഡന്‍ വാച്യാര്‍ത്ഥങ്ങളുമുള്ള കവിതകളും ഇഷ്ടമല്ല. രാജാവിനു ഉടുതുണി പോയതു പോലെ ചിന്തിച്ചു മണ്ടനാവേണ്ട കാര്യമില്ലല്ലോ?

വൃത്തബോധമുണ്ടോ എന്നു് തിട്ടമല്ല എങ്കിലും ചൊല്ലിക്കേട്ടതില്‍ നിന്നും ഇഷ്ടമായത് “സഫലമീ യാത്ര” എന്നതാണു് -- അതു ഒരുപക്ഷെ, എനിക്കിനിയും വെളിപ്പെട്ടിട്ടില്ലാത്ത ഒരു മലയാള കവിതാ വിഭാഗത്തില്‍ നിന്നുള്ളതാവണം.

എന്റെ അഭിപ്രായങ്ങള്‍ മാത്രമാണിവ, വായനക്കാരന്‍ എന്ന നിലയില്‍. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഇതില്‍ തീരെയും ഇല്ല.

വരയ്ക്കാന്‍ വെച്ച ക്യാന്‌വാസില്‍ മേലെക്കൂടെ പറന്നു പോയ കാക്ക കാഷ്ഠിച്ചതു് ശ്രേഷ്ഠ കലാ‍മൂല്യമുള്ള ചിത്രമാവുന്നതും, ഇതേ പോലെ ഉള്‍ക്കൊള്ളാന്‍ എനിക്കാവില്ല.

അതു് ഞാനെന്ന അനുവാചകന്റെ മാ‍ത്രം പ്രശ്നമാവാം. ഭൂരിപക്ഷം അനുവാചകരും ഇതേ ചിന്താഗതി പുലര്‍ത്തുന്നവരാകണമെന്നതു എന്റെ സ്വാര്‍ത്ഥ ചിന്തയും.

K.V Manikantan said...

ഉംബാചിയുടെ ബ്ലൊഗിലിടേണ്ട കമന്റ് -അവിടെ പണിമുടസ്ക്കാണ്.:)

അനംഗാരിയേട്ടന്റെ പ്രശ്നം പദ്യവും കവിതയും തമ്മിലുള്ള ആ വ്യത്യാസം അറിയാത്തതാണ്‌. പി.പി രാമചന്ദ്രന്‍ (ആണെന്ന് തോന്നുന്നു) എവിടെയോ പറഞ്ഞു: മഹാകാവ്യങ്ങളുടെ കാലം കഴിഞ്ഞു എന്ന്. വലിയ ഒരു മഹാനദിയേക്കാള്‍ മാധുര്യവും ഭംഗിയുമുള്ള ചെറു അരുവികളാ്‌ണ്‌ ഇന്നത്തെ കവിതകള്‍. അനംഗാരി, എവിടെയെങ്കിലും ഇന്ന് ഒരു മഹാകാവ്യം (നീണ്ട കാവ്യം) കാട്ടിത്തരാം പറ്റുമോ? (ഒരു ഖണ്ഡകാവ്യം, കുറേ പേജുകള്‍ ഉള്ളത്‌ ഭാഷാപോഷിണിയില്‍ വന്നിരുന്നു, കുറച്ചു നാള്‍ മുമ്പ്‌). വല്‍ക്കരണങ്ങളുടെ ഭാഗമായി നഷ്ടപ്പെട്ടവയാണിതെല്ലാം.

കവിത കേള്‍ക്കാനുള്ളതല്ല, വായിക്കാനുള്ളതാണ്‌ എന്നത്‌ ഒരു വെറും പ്രാഥമിക പാഠം മാത്രമാണ്‌. ഇത്‌ അനംഗാരി അംഗീകരിക്കാത്തിടത്തോളം കാലം ഈ ചര്‍ച്ചയ്ക്ക്‌ ഒരു ഗതി ഉണ്ടാകില്ല.

ഉംബാച്ചിയുടെ കവിതകളില്‍ പകുതിയിലധികവും നമ്മുക്ക്‌ ഒരു മധുരിക്കുന്ന അലോസരം (ഉമേേഷേട്ടാ, അലോരസം ആണോ?) നല്‍കുന്നു.

എന്നെ സംബന്ധിച്ച്‌ കവിതയായാലും കഥയായാലും 'ച്ഛെ, എന്റെ പരിസരത്തുള്ള കാര്യങ്ങളാണല്ലോ ഇതൊക്കെ, ഞാന്‍ ഇതു വരെ ശ്രദ്ധിച്ചില്ലല്ലോ, ഇത്‌ അവന്‍ അടിച്ചു മാറ്റിയല്ലോ' എന്ന് എനിക്ക്‌ തോന്നുനിടത്താണ്‌ ഒരു സൃഷ്ടിയുടെ വിജയം.

അനംഗാരിയോട്‌ ഒരു 'മുട്ടല്‍' അല്ല ഉദ്ദേശിച്ചത്‌.

സൂക്ഷ്മമായ നിരീക്ഷണങ്ങളുള്ള മറ്റൊരു ലാപുടയാണ്‌ ഉംബാച്ചി. നാളത്തെ കവികളുടെ കൂട്ടത്തില്‍ തീര്‍ച്ചയായും ഉംബാച്ചിക്ക്‌ ഇടം ഉണ്ടായിരിക്കും.

പരാജിതന്‍ said...

കണ്ണൂസ്‌, നന്ദി.
ഇഞ്ചി, നന്ദി. ആ സംശയത്തിനൊക്കെ ഞാന്‍ മറുപടി പറയണോ? :) വലച്ചു കളഞ്ഞല്ലോ!
ചിത്രകാരാ, എനിക്കൊന്നും മനസ്സിലായില്ല. ക്ലിഷ്ടതയോടെ എഴുതുന്നവരോട്‌ ഉടക്കാനുള്ള ജന്മവാസന കാരണം ആകെ കഷ്ടത്തിലായിരിക്കുവാ. :)
അബ്ദു, ആ കവിത ഞാന്‍ മുമ്പ്‌ കണ്ടിരുന്നു. നന്ദി.

പരാജിതന്‍ said...

കയ്യൊപ്പേ, പെരിങ്ങോടാ,

ഇല്ലസ്റ്റ്രേഷന്‍ വഴി കവിതയുടെ അവതരണം കൊഴുപ്പിക്കുന്ന തരം കലാസംവിധാനത്തെപ്പറ്റിയല്ല ഞാനെഴുതിയത്‌. ടൈപ്പോഗ്രാഫിയിലെ പരീക്ഷണങ്ങളിലൂടെയും വാക്കുകളുടെയും വരികളുടെയും ഇടയിലുള്ള സ്ഥലത്തിന്റെ വിന്യാസത്തിലൂടെയും ഉദ്ദേശിക്കുന്ന കാര്യത്തിന്‌ കൂടുതല്‍ ഫലപ്രദമായ ഊന്നല്‍ നല്‌കുന്നതിനെപ്പറ്റിയാണ്‌. പരസ്യകലയില്‍ ഇതിന്‌ വളരെയധികം പ്രാധാന്യമുണ്ട്‌. ഒരു ഉദാഹരണം പറയാം. വികലാംഗരും അനാഥരുമായ കുട്ടികളുടെ സ്കൂളിന്‌ വേണ്ടി ചെയ്ത ഒരു പരസ്യത്തില്‍ ബധിരനായ ഒരു കുട്ടിയുടെ ചിത്രത്തോടൊപ്പം കൊടുത്ത ഹെഡ്‌ ലൈന്‍ ഇതാണ്‌: For him, A.R. Rahman is just another name. ഇതില്‍ A.R. Rahman എന്ന വാക്ക്‌ മാത്രം താരതമ്യേന വലിപ്പത്തിലാണ്‌ കൊടുത്തത്‌. ആകെ ശോകച്ഛായയുള്ള ആ പരസ്യത്തില്‍ ആ വാക്ക്‌ മാത്രം വലുതായി കാണുമ്പോള്‍ തീര്‍ച്ചയായും വായനക്കാരന്‍ അതിലേക്ക്‌ ആകര്‍ഷിക്കപ്പെടും. അതില്‍ നിന്ന് just another name എന്ന സ്റ്റേറ്റ്‌മെന്റിലെ റ്റ്വിസ്റ്റിലേക്ക്‌ അയാളുടെ ശ്രദ്ധ തിരിയുകയും ജീവിതത്തിലൊരിക്കലും സംഗീതം ശ്രവിക്കാന്‍ പറ്റാത്ത ആ കുഞ്ഞിന്റെ വിധിയെക്കുറിച്ച്‌ ആലോചിക്കുകയും ചെയ്യും. (ഇതൊക്കെ പരസ്യം ചെയ്ത ആളിന്റെ പ്രതീക്ഷകളാണേ! 'അവന്റെയൊരു സ്കൂള്‌!' എന്നു പറഞ്ഞു പേജ്‌ മറിക്കുന്നവരും കാണും.) തന്നെയുമല്ല ഈ പരസ്യത്തില്‍ ആലങ്കാരികത തീരെ കുറഞ്ഞ, വിഷയത്തിനു നിരക്കുന്ന രീതിയിലുള്ള ഒരു ടൈപ്പ്‌ ഫേസ്‌ ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

കവിതയില്‍ ഇത്തരമൊരു സംഗതി ഔചിത്യമില്ലായ്മയാകും. പരസ്യം വായിക്കുമ്പോഴുള്ള മനോനിലയോടെയല്ല നമ്മള്‍ കവിത വായിക്കുന്നതെന്നത്‌ ഒരു കാരണം. കവിതയില്‍ മിനിമല്‍ ലേ-ഔട്ടില്‍ കവിഞ്ഞ്‌, ടൈപ്പ്‌ ഫേസിലും ലീഡിംഗ്‌ സ്പേസിലുമൊക്കെ പരീക്ഷണങ്ങള്‍ നടത്തിയാല്‍ വായിക്കുന്നയാള്‍ക്ക്‌ അരോചകമായി തീര്‍ന്നേക്കാം. തന്നെയുമല്ല ന്യൂനതകള്‍ മറയ്ക്കാനുള്ള ഒരു ശ്രമമായി അതുപയോഗിക്കാനും സാധിക്കും. (ഒരു കവിതാപുസ്തകത്തിലെ 10 കവിതകളില്‍ പത്തും പത്തു തരം ഫോണ്ടുകളും ലേ-ഔട്ടുമൊക്കെയായി വന്നാല്‍ എങ്ങനിരിക്കും?)

ഞാനെഴുതിയത്‌ കവിതയെ കൂടുതല്‍ ധ്വനിഭംഗിയുള്ളതാക്കാനും ആശയങ്ങള്‍ക്കും അര്‍ത്ഥങ്ങള്‍ക്കും വേറിട്ടൊരൂന്നല്‍ നല്‌കാനുമായി കവി തന്റെ ഭാഷയില്‍ ഒരു കലാസംവിധായകനെപ്പോലെ ഇടപെടുന്നതിനെക്കുറിച്ചാണ്‌.

ഇല്ലസ്റ്റ്രേഷനെക്കുറിച്ചൊരു കമന്റ്‌ പിറകെ വരുന്നു. അതിനു മുമ്പ്‌ ഇലസ്റ്റ്രേഷന്‍ ചെയ്ത്‌ കുളമാക്കിയ ഒരു കവിതാപുസ്തകത്തിന്റെ പേരു പറയാം: ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ഡ്രാക്കുള'. ആ പാതകം ചെയ്ത കലാകാരന്റെ പേര്‌ മുരളി.

K.V Manikantan said...

സര്‍ഗാത്മകമോ ആവിഷ്ക്കാരപരമോ ആയ ഏതെങ്കിലും ഒരു നിര്‍മ്മിതിയില്‍ എത്രമാത്രം അലക്ഷ്യത സംഭാവ്യമാണ്‌? സംവേദനത്തിന്റെ സുതാര്യതകളിലേക്ക്‌ വീണ്ടെടുക്കപ്പെടാവുന്ന ഒരു തലത്തില്‍ ഏതോ ചില ക്രമങ്ങളുടെ അടയാളങ്ങള്‍ എല്ലാ അലക്ഷ്യതകളിലും അലിഞ്ഞുചേര്‍ന്നിരിക്കുന്നുവെന്ന്‌ ഈ ചോദ്യത്തിന്ന്‌ ഏറ്റവും പുതിയ ഉത്തരങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

http://www.moonnamidam.com/14/cs.htm

ജാക്സണ്‍ പൊള്ളൊക്ക്‌ പ്രസിദ്ധനായ അമേരിക്കന്‍ ചിത്രകാരനായിരുന്നു. തന്റെ ചിത്രങ്ങളില്‍ വര്‍ണ്ണങ്ങളെ വിന്യസിക്കുന്നതിന്‌ അദ്ദേഹം തിരഞ്ഞെടുത്ത രീതികള്‍ ഭ്രാന്തമായ വൈചിത്ര്യങ്ങള്‍ നിറഞ്ഞതായിരുന്നു. തറയില്‍ നിവര്‍ത്തിയിട്ട ക്യാന്‍വാസില്‍ അയാള്‍ ഒരു ബ്രഷിന്റെ അറ്റത്ത്‌ നിന്നോ, പെയിന്റ്‌ പാത്രത്തിന്റെ അടപ്പില്‍ നിന്നോ വര്‍ണ്ണങ്ങളെ ചിതറിച്ചുകൊണ്ടിരുന്നു. നിയതമായ ഒരു പാറ്റേണിനെയും ലക്ഷ്യമിടാതെ നിറങ്ങളെ ക്യാന്‍വാസിന്റെ എല്ലാ കോണുകളില്‍നിന്നും അയാള്‍ സ്വതന്ത്രമായി ഒഴുകാനും, പടരാനുമനുവദിച്ചു. തന്റെ ചിത്രത്തിന്റെ സ്ഥലരാശിയിലെമ്പാടുനിന്നും ഇത്തരത്തില്‍ നിറങ്ങളുടെ നിര്‍വ്വചനാതീതമായ ഒഴുക്കുകളെ ഉരുവപ്പെടുത്തിക്കൊണ്ട്‌ അയാള്‍ മനുഷ്യരുടെ കാഴ്ചകളെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. സ്വന്തം രചനകളെ ദ്യശ്യജല്‌പനങ്ങളെന്ന്‌ പരിഹസിച്ചവരെ അയാള്‍ ധാര്‍ഷ്‌ട്യത്തിന്റെ അഴകുനിറഞ്ഞ ആത്മബോധത്തോടെ നേരിട്ടു. തന്റെ നിറക്കൂട്ടുകളുടെ ഒഴുക്കുകളില്‍ ആകസ്മികമായി ഒന്നുമില്ലെന്നും മറിച്ച്‌ ഈ രൂപപ്പെടലുകളില്‍ തന്റെ നിയന്ത്രണമുണ്ടെന്നും അയാള്‍ പ്രഖ്യാപിച്ചു. ഒരുപക്ഷെ ചിത്രങ്ങളില്‍നിന്നുരുവാകുന്ന ദ്യശ്യപാഠങ്ങള്‍ക്കുപരി സ്വന്തം മാധ്യമത്തോടുള്ളസമീപനത്തിലെ വിധ്വംസകമായ ഈ വേറിട്ട്‌ നടത്തമാണ്‌ പൊള്ളോക്കിന്റെ നിറപ്പെരുക്കങ്ങളിലേക്ക്‌ ആളുകളെ ആകര്‍ഷിച്ചത്‌.

ഉന്മാദത്തിന്റെ ചായക്കലര്‍പ്പുകള്‍ ബാക്കിനിര്‍ത്തി ദശകങ്ങള്‍ക്ക്‌ മുമ്പ്‌ ഈ ഗ്രഹത്തില്‍ നിന്ന്‌ നിഷ്ക്രമിച്ച ചിത്രകാരന്റെ ആനുകാലിക പ്രസക്തി എന്താണ്‌? ജാക്സണ്‍ പൊള്ളൊക്ക്‌ എന്നപേര്‌ ഇപ്പോള്‍ ശാസ്ര്തകുതുകികള്‍ക്ക്‌ വേണ്ടപ്പെട്ട ഒന്നാകുന്നു. 90കളുടെ അവസാന വര്‍ഷങ്ങളില്‍ റിച്ചര്‍ഡ്‌ ടെയ്‌ലര്‍ എന്ന ഭൌതിക ശാസ്ര്തജ്ഗനാണ്‌ ആ ചിത്രങ്ങളിലേക്ക്‌ ശാസ്ര്തത്തിന്റെ ജാലകത്തിലൂടെ നോക്കുന്നത്‌. പൊള്ളൊക്കിന്റെ ചിത്രങ്ങളില്‍ നിര്‍ലീനമായിരിക്കുന്ന ചില സവിശേഷ പാറ്റേണുകളെ നിര്‍ദ്ദാരണം ചെയ്തെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഫ്രാക്‌ടലുകളുടെ (പരലുകള്‍) ജ്യാമിതിയുമായി ബന്ധപ്പെട്ട നൂതന സങ്കേതങ്ങളായിരുന്നു ടെയ്‌ലറിന്റെ ഊര്‍ജ്ജവും ഉപകരണവും.

ലാപുട എഴുതി മൂന്നാമിടം പ്രസിദ്ധീകരിച്ച ഒരു ലേഖനമാണിത്‌. ഇവിടെ പ്രസ്കതം എന്ന് തോന്നിയതു കൊണ്ട്‌ കട്ട്‌ പേസ്റ്റ്‌ ചെയ്തതാണ്‌.

Unknown said...

കവിതയില്‍ തുടങ്ങി ക്വാണ്ഡം ഫിസിക്സിലും ഒക്കെ എത്തിച്ചേരാവുന്നതാണു്. പ്രോഗ്രെഷനുകളുടെ വകഭേദങ്ങളാണല്ലോ വൃത്ത-വ്യാകരണ നിയമങ്ങളും.

തൊലിപ്പുറത്തെ ഓരോ കോശങ്ങള്‍ക്കും സങ്കീര്‍ണ്ണമായ ഡി.എന്‍.ഏ. (ഇതിനു മലയാളം എന്താണോ?) പാറ്റേണുകളില്ലേ?

(structure) ഘടകം അല്ലല്ലോ എന്റെ പ്രശ്നം, തികച്ചും surficial (ഉപരിപ്ല്വവം?) ആയിട്ട് നോക്കുമ്പോള്‍ ബോധിക്കുന്നില്ല, എന്നതാണു്.

പറഞ്ഞു പറഞ്ഞു വരുമ്പോള്‍ ഒന്നുമില്ലാതെയാവുമോ ആവോ?

രാജ് said...

ഹരീ അതറിയാവുന്നതു കൊണ്ടാണു്, ഓഫ്: എന്നൊരു തലക്കെട്ടിട്ടിരുന്നതു്.

പരാജിതന്‍ said...

കഥകള്‍ക്ക്‌ (മാസികകളിലും മറ്റും വരുമ്പോള്‍) ഇല്ലസ്റ്റ്രേഷന്‍ വലിയൊരളവു വരെ വായനക്കാരെ ആകര്‍ഷിക്കാന്‍ സഹായിക്കാറുണ്ടെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ആദ്യം ഓര്‍മ്മ വരുന്നത്‌ നമ്പൂതിരി തന്നെ. (ഏ.എസും എം.വി. ദേവനുമൊക്കെയാണ്‌ ആദ്യകാലങ്ങളില്‍ സജീവമായിരുന്നതെങ്കിലും.)

നമ്പൂതിരിയുടെ പ്രതിഭ അസാധാരണമാണെങ്കിലും പലപ്പോഴും ചില സവിശേഷരീതികളിലുള്ള കഥകള്‍ക്കാണ്‌ അദ്ദേഹത്തിന്റെ ശൈലി ഇണങ്ങുക എന്ന് തോന്നിയിട്ടുണ്ട്‌. ഐതിഹാസിക കഥാപ്രാത്രങ്ങളെയും മറ്റും വരക്കുമ്പോള്‍ നമ്പൂതിരിയുടെ കല അതിന്റെ പാരമ്യത്തിലെത്തുന്നതു കാണാം. ഉദാഹരണം രണ്ടാമൂഴം എന്ന് പറയേണ്ടതില്ലല്ലോ. നര്‍മ്മകഥകള്‍ക്കും നമ്പൂതിരിയുടെ വര അസ്സലായി ചേരും. ഉദാ: വി.കെ.എന്‍., മലയാറ്റൂരിന്റെ ബ്രിഗേഡിയര്‍ കഥകള്‍, ഐപ്പ്‌ പാറമേലിന്റെ ചേറപ്പായിക്കഥകള്‍.

ഈ കാറ്റഗറികള്‍ക്ക്‌ വെളിയില്‍ നില്‌ക്കുന്ന രചനകള്‍ക്ക്‌ വരക്കുമ്പോള്‍ നമ്പൂതിരി പ്രാഗത്ഭ്യം കാണിക്കുന്നില്ലെന്നല്ല. സി. രാധാകൃഷ്ണന്റെ 'സ്പന്ദമാപിനികളേ നന്ദി'ക്കൊക്കെ വരച്ച ചിത്രങ്ങള്‍ എന്നെ ആകര്‍ഷിച്ചിരുന്നു. പക്ഷേ പല കഥകള്‍ക്കും നമ്പൂതിരി വരച്ചാല്‍ ചേരില്ല, അഥവാ മറ്റു ചിലര്‍ വരച്ചാല്‍ കൂടുതല്‍ നന്നാവും എന്നാണ്‌ ഞാന്‍ വിചാരിക്കുന്നത്‌. ഇത്‌ നമ്പൂതിരിയുടെ പരിമിതിയായല്ല പറയുന്നത്‌. അഥവാ അങ്ങനെയൊരു പരിമിതി അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക്‌ മങ്ങലേല്‍പ്പിക്കുന്നില്ല. കാരണം ഒരു പുരുഷായസ്സു മുഴുവന്‍ കലാസപര്യ ചെയ്താല്‍ മാത്രം ലഭിക്കുന്ന ഒരു സവിശേഷശൈലി രൂപപ്പെടുത്തിയെടുത്തയാളാണ്‌ നമ്പൂതിരി. (പരിമിതിയെ പറ്റി പറയാനാണെങ്കില്‍, നമ്പൂതിരിയുടെ പെയിന്റിംഗുകളെപ്പറ്റി പറയണം. കണ്ടാല്‍ ഒരൊറ്റ പ്രാവശ്യമേ നോക്കൂ. വര്‍ണ്ണങ്ങള്‍ അദ്ദേഹത്തിന്‌ തീരെ വഴങ്ങില്ലെന്നു തോന്നുന്നു.)

കഥയുടെ ഇല്ലസ്റ്റ്രേഷനില്‍ വലിയൊരു മാറ്റം കൊണ്ടു വന്നത്‌ ഇന്ത്യാ ടുഡെയാണ്‌. ഭാസ്‌കരന്‍, അലക്സാണ്ടര്‍, മോഹന്‍ദാസ്‌, അച്യുതന്‍ കൂടല്ലൂര്‍, മധുസൂധനന്‍ തുടങ്ങി നിരവധി പ്രതിഭാശാലികളായ കലാകാരന്മാരെ അവര്‍ അവതരിപ്പിച്ചു. അവരില്‍ പലരും പുതിയ കാലത്തെ കഥകളോട്‌ നീതി പുലര്‍ത്തും വിധം വരയ്ക്കുകയും ചെയ്തു.

കവിതയ്ക്ക്‌ ഇല്ലസ്റ്റ്രേഷന്‍സ്‌ ചേര്‍ക്കുന്നതിന്‌ ധാരാളം പരിമിതികളുണ്ട്‌. കഥാപാത്രങ്ങള്‍ , സന്ദര്‍ഭങ്ങള്‍ അങ്ങനെ മൂര്‍ത്തസ്വഭാവമുള്ള അംശങ്ങള്‍ ചികഞ്ഞെടുത്തവതരിപ്പിക്കാനുള്ള പ്രയാസമാണ്‌ ഒരു കാരണം. ഇനി ഒട്ടൊക്കെ അമൂര്‍ത്തസ്വഭാവമുള്ള ഒരു പെയിന്റിംഗ്‌ പോലെ ഒന്ന് ചേര്‍ത്താല്‍ തന്നെയും അത്‌ കവിതയ്ക്കൊരു ദൃശ്യവ്യാഖ്യാനം ചമയ്ക്കുന്ന പ്രതീതി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്‌. അത്‌ നന്നല്ല. കവിത സ്വന്തം കാലില്‍ നില്‌ക്കട്ടെ. മാതൃഭൂമിയിലെ പ്രസാദ്‌ ഒരു വിധം ഒതുക്കത്തോടെ ഇല്ലസ്റ്റ്രേറ്റ്‌ ചെയ്യുന്നയാളാണെങ്കില്‍ പോലും പലപ്പോഴും കവിതകളോടൊപ്പം കാണുന്ന ഇല്ലസ്റ്റ്രേഷന്‍ അനാവശ്യമാണെന്നാണ്‌ തോന്നിയിട്ടുള്ളത്‌.

ഏറ്റവും അപലപനീയമായത്‌ കവിതയ്ക്കും ഫിക്ഷനുമൊക്കെ ഫോട്ടോഗ്രാഫോ, ഫോട്ടോഗ്രാഫ്‌ മാനിപ്പുലേറ്റ്‌ ചെയ്തുണ്ടാക്കിയ ഇമേജോ ചേര്‍ക്കുന്നതാണ്‌. ഭാവനയുടെ മുഖത്ത്‌ കരി വരിത്തേക്കുന്ന ഏര്‍പ്പാട്‌!

(മറ്റൊന്ന്, ഇല്ലസ്റ്റ്രേറ്റര്‍ക്ക്‌ കവിതയുടെയോ കഥയുടെയോ മേന്മയ്ക്കു മേല്‍ യാതൊരവകാശവും ഉന്നയിക്കാന്‍ പറ്റില്ലല്ലോ. അത്‌ എഴുതിയയാള്‍ക്ക്‌ മാത്രമുള്ളതല്ലേ? പരസ്യത്തിന്റെ കാര്യം അങ്ങനെയല്ല. ആര്‍ട്‌ ഡയറക്ടറില്ലാതെ പരസ്യമില്ല, അതില്‍ വിഷ്വലൊന്നുമൊല്ലെങ്കില്‍ പോലും.)

പരാജിതന്‍ said...

പെരിങ്ങോടാ. :)
മനസ്സിലായി.
അതൊരു പരാതിക്കമന്റല്ല. :)
കാര്യം പറഞ്ഞെന്നേയുള്ളു.

qw_er_ty

പരാജിതന്‍ said...

ഏവൂരാന്‍,
കമന്റുകള്‍ക്ക്‌ നന്ദി.
തര്‍ക്കിക്കുന്നില്ല. എന്നാല്‍ താങ്കളുടെ വീക്ഷണത്തോട്‌ യോജിക്കുന്നില്ലെന്നു മാത്രം പറഞ്ഞു കൊള്ളട്ടെ.

പിന്നെ, ഓരോരുത്തരുടെയും സെന്‍സിബിലിറ്റി വ്യത്യസ്തമായിരിക്കും. ചിലരുടേത്‌ ഒരു പ്രത്യേക പോയിന്റില്‍ വച്ച്‌ ഉറഞ്ഞു പോകും. ചിലരുടേത്‌ അതാത്‌ കാലത്തിനനുസരിച്ചുള്ള പരിണാമങ്ങള്‍ക്ക്‌ വിധേയമാകും. ഒ.വി. വിജയന്‍ പോലും ഉത്തരാധുനികതയെക്കുറിച്ച്‌ മനസ്സിലാക്കാന്‍ താല്‌പര്യമില്ലെന്നോ മറ്റോ പറഞ്ഞതായി ഓര്‍മ്മയുണ്ട്‌.

സങ്കുചിതാ, പൊള്ളോക്കിന്റെ ചിത്രങ്ങള്‍ എനിക്ക്‌ പൊതുവേ ഇഷ്ടമല്ല. കാരണം പറയണോ? നെടുങ്കന്‍ കമന്റായിപ്പോകും. ഇനിയൊരിക്കലാകട്ടെ.

വിഷ്ണു പ്രസാദ് said...

കിടിലന്‍ ലേഖനം.നല്ല ചര്‍ച്ച.വിശദമായി ഒരു കമന്റ് പിന്നീട് ഇടാമെന്ന് വിചാരിക്കുന്നു.

ടി.പി.വിനോദ് said...

ലേഖനം പതിവു പോലെ സുന്ദരം.

എന്നോടുതന്നെയും മറ്റു പലരോടും തര്‍ക്കിച്ചിട്ട്, തീര്‍പ്പാകാത്ത ഒരു സന്ദേഹം ഈ ചര്‍ച്ചയോട്
ചേര്‍ത്തുവെയ്ക്കാന്‍ തോന്നുന്നു.ചിന്തിക്കാന്‍ നമുക്ക് ഒരു ഭാഷ ആവശ്യമുണ്ടോ? അല്ലെങ്കില്‍ ചിന്ത എന്ന പ്രവര്‍ത്തി സാ‍ക്ഷാത്കരിക്കപ്പെടുന്നതിനുള്ള ഒരേയൊരു ഉപാധി ഭാഷ മാത്രമാണോ? എഴുത്ത്/എഴുത്തുകാരന്‍ എന്നത് വിഷയമാകുമ്പോള്‍ ഈ ചോദ്യത്തിന് ഉണ്ട്/ അതെ എന്നൊക്കെയാണ്
ഉത്തരമെന്നാണ് നിലവിലുള്ള എന്റെ അനുമാനം. (നീ ആരെടാ എന്ന് ചോദിച്ചാ സത്യമായും ഞാന്‍ ഓടുമേ :))

ആലോചനയില്‍ / ചിന്തയില്‍ എഴുത്തുകാരന്‍ ഭാഷയെ അവലംബിക്കുന്നുണ്ടെങ്കില്‍ ആ ഭാഷയുടെ നൈസര്‍ഗികമായ രൂപത്തിന്റെ യഥാര്‍ത്ഥ പതിപ്പിനെയാവില്ല എഴുതിവെയ്ക്കപ്പെട്ട കൃതിയില്‍ നാം കാണുന്നത്.എഴുത്ത് ശീലങ്ങളുടെ അല്ലെങ്കില്‍ അവയുടെ ലംഘനങ്ങള്‍ ഉദ്ദേശിച്ചുള്ള ‘കലാസംവിധാന’ ങ്ങളുടെ
ഘടനയിലേക്ക് എഴുത്തുകാരന്‍ അതിനെ തീര്‍ച്ചയായും പരുവപ്പെടുത്തുന്നുണ്ട്. എങ്കിലും ആലോചിക്കുവാന്‍ അയാള്‍ ഉപയോഗിച്ച ഭാഷയില്‍ നിന്ന് എഴുതുവാന്‍ അയാള്‍ ഉപയോഗിച്ച ഭാഷയിലേക്കുള്ള അകലം
എഴുത്തിന്റെ വിവിധ രൂപങ്ങളില്‍ വ്യത്യസ്തമായിരിക്കുമെന്നു തോന്നുന്നു. കഥയെ അപേക്ഷിച്ച് കവിതയില്‍
(പദ്യം എന്ന അര്‍ത്ഥത്തിലല്ല) ഈ ദൂരത്തെ കൂട്ടുവാനും കുറക്കുവാനുമുള്ള flexibility അധികമാണെന്നും തോന്നുന്നു.

ദൂരത്തെ സ്വയം നിര്‍ണ്ണയിച്ച് ഭാഷയ്ക്കും ചിന്തയ്ക്കുമിടയില്‍ കവി തന്നോട് തന്നെ
നടത്തുന്ന ഓട്ടപ്പന്തയം ആവുമ്പോഴാണ് കവിതയ്ക്ക് അതിന്റെ ഗാഢവും ഗൂഢവുമായ പ്രവേഗങ്ങളും ത്വരണങ്ങളും ഉണ്ടാവുന്നതെന്ന് കരുതാന്‍ എനിക്കിഷ്ടമാണ്. ഓട്ടത്തിനിടയിലേതു നിമിഷത്തിലും തോറ്റുവെന്നോ ജയിച്ചുവെന്നോ സ്വയം പ്രഖ്യാപിക്കാന്‍ കഴിയുന്നതരത്തിലുള്ള ആ സ്വാതന്ത്ര്യം തന്നെയാണ് പ്രമേയപരവും ഘടനാപരവുമായ അതിന്റെ ആനന്ദമെന്നും...
(ക്ലിഷ്ടതയുണ്ടെന്ന് അറിയാം...എനിക്കീ കാര്യത്തിനെ കുറച്ചുകൂടി സുതാര്യമായി പറയാനാവുന്നില്ലല്ലോ എന്ന് സങ്കടം :-( )

വല്യമ്മായി said...

എന്റെ എളിയ അഭിപ്രായം കൂടി കുറിക്കട്ടെ.എഴുതുമ്പോള്‍ എഴുതുന്ന ആളുടെ ഉള്ളില്‍ തന്നെവരുന്നുണ്ട് ഒരോ ചിഹ്നങ്ങളും.എന്റെ http://rehnaliyu.blogspot.com/2006/12/blog-post_13.html പോസ്റ്റിലുപയൊഗിച്ച അര്‍ദ്ധ വിരാമം അതിനുദാഹരണം.അപ്പോള്‍ പിന്നെ കരുതി കൂട്ടി ചിഹ്നങ്ങള്‍ വേണോ

K.V Manikantan said...

ദൂരത്തെ
സ്വയം നിര്‍ണ്ണയിച്ച്
ഭാഷയ്ക്കും
ചിന്തയ്ക്കുമിടയില്‍
കവി
തന്നോട് തന്നെ
നടത്തുന്ന
ഓട്ടപ്പന്തയം

;)

വിഷ്ണു പ്രസാദ് said...

അനുവാചകനെ സംബന്ധിച്ച് വാക്കുകള്‍ കൊണ്ടുള്ള കലാവിദ്യ തന്നെയാണ് കവിത.കവി വാക്കുകളില്‍ അതിനെ പിടിച്ചിരുത്തുന്നത് അപരനു വേണ്ടിയാണ്.അതിനര്‍ഥം വാക്കുകള്‍ വെറും കവിതയ്ക്കും വായനക്കാരനുമിടയിലെ ഇടനിലക്കാരാണെന്നാണ്.അപ്പോള്‍ കവിത എന്നത് വാക്കുകളുടെ തുണയില്ലെങ്കിലും
ഇവിടെയുണ്ടെന്ന് വരുന്നു.പൂവില്‍ ,പുഴയില്‍ ,കാറ്റില്‍ ,ഒരു നോക്കില്‍ ,പുഞ്ചിരിയില്‍ ,കരച്ചിലില്‍ ...എല്ലായിടത്തും അതുണ്ട്.ഒരു നിര്‍വചനത്തിനു പോലും അസാധ്യമാം വിധം അതിന്റെ നിറവ് ഞാനറിയുന്നുണ്ട്.

വിഷ്ണു പ്രസാദ് said...

ചിഹ്നങ്ങളും വാക്കുകളും ഉപയോഗിച്ച് കവി അതിനെ അവതരിപ്പിക്കുന്നു.അയാള്‍ക്കേ അറിയൂ അതെങ്ങനെ അവതരിപ്പിക്കണമെന്ന്.വിശാഖ് ഉമ്പാച്ചിയുടെബ്ലോഗില്‍(ആദ്യ പകല്‍ എന്ന പോസ്റ്റിലെ കമന്റില്‍) പറഞ്ഞതു പോലെ, ചിഹ്നങ്ങളുടെ സ്വീകരണം മാത്രമല്ല നിരാസവും ഒരു കാവ്യ ശില്പത്തെ രൂപപ്പെടുത്താം.ശബ്ദങ്ങളും നിശ്ശ്ബ്ദതയും അതിനെ നിര്‍മിക്കുന്നുണ്ടാവാം.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ,രണ്ടു വാക്കുകള്‍ക്കിടയിലെ ദീര്‍ഘമായ വിടവു പോലും ഒരു വിനിമയമാവാം.കവിത എങ്ങനെ എഴുതണമെന്ന കവിയുടെ സ്വാതന്ത്ര്യത്തിനുമേല്‍ ഉള്ള എല്ലാ കൈകടത്തലുകളും അപരാധമാണ്.ചിഹ്ന വ്യവസ്ഥയെക്കുറിച്ചുള്ള ഒരു ബോധവല്‍ക്കരണം നല്ലതു തന്നെ.
പക്ഷേ ഒരു കവിയും വ്യവസ്ഥാപിതമായ അറിവിന്റെ ചങ്ങലയില്‍ കുടുങ്ങിക്കിടക്കുകയില്ല.വിനിമയങ്ങളെ നവീകരിച്ചുകൊണ്ടിരിക്കുന്ന അയാളാണ് ഭാഷ നിര്‍മിക്കുന്നത്.കവിത ഒരു ഭാഷയുടേയും തടവിലല്ല.ഭാഷയെ
പോഷിപ്പിക്കുക അതിന്റെ കടമയുമല്ല.വിനിമയങ്ങളെ നിരന്തരമായി പുതുക്കുമ്പോള്‍ ഭാഷ വികസിക്കുന്നുവെന്ന് മാത്രം.ഇതൊരു ബാധ്യതയല്ല.നിലവിലുള്ള ഭാഷകളൊക്കെ മരിക്കുന്നുവെന്ന സത്യം നാമെങ്ങനെ വിസ്മരിക്കും.എന്നാല്‍ കവിത മരിക്കുന്നില്ല.
കവിത വിശുദ്ധമായ അള്‍ത്താര മാത്രമല്ല,വേഗങ്ങള്‍ തടുക്കാനാവാത്ത ഒരു രോഗിയുടെ കിടക്ക കൂടിയാണ്.

വിഷ്ണു പ്രസാദ് said...

ഒരു ഫ്രെയിമില്‍ വസ്തുവിനെ എവിടെ നിര്‍ത്തണമെന്നും ഏത് കോണില്‍ അതിനെ കാണണമെന്നും അത് എന്ത് വിവക്ഷ ഉണ്ടാക്കുമെന്നുമുള്ള ഒരു ഛായാഗ്രാഹകന്റെ കാഴ്ച്ച കവിയോടൊപ്പവുമുണ്ട്.അതുകൊണ്ടാണ് കവിയും ഒരു കലാകാരനാവുന്നത്.കവിയുടെ ഈ കണ്ണുകള്‍ക്കു നേരെ കല്ലെറിയും മുന്‍പ്അവനവന്റെ ഉള്ളിലേക്ക് നോക്കണം.അവിടെ ഉറച്ചു പോയിട്ടുണ്ടാവാം,പടം പിടിത്തത്തിന്റെ ഒരു പഴയ ശൈലി.

ഒന്നു കൂടി ,വൃത്തവും കവിതയും തമ്മില്‍ ഒരു ബന്ധവുമില്ല.ഒരു ക്യാന്‍ വാസിന്റെ അതിരുകളല്ല,ചിത്രത്തെ ഉണ്ടാക്കുന്നത്.അതിരുകളെ അവഗണിക്കുന്നത് ചിത്രത്തെ ചിത്രമല്ലാതാക്കുന്നില്ല.കൂട്ടില്‍ നിന്ന് പുറത്തു വന്ന തത്തയോട് നീ കൂട്ടിലേക്ക് പോവൂ,എങ്കിലേ നീ തത്തയാവൂ എന്ന് പറയും പോലെയാണ് വൃത്തമില്ലാത്തത് കവിതയല്ല എന്ന് പറയുന്നത്.

വിഷ്ണു പ്രസാദ് said...

കമന്റ് ഒന്നിച്ച് ഇടാന്‍ ശ്രമിച്ച് പരാജയപ്പെട്ടു,പരാജിതാ.അതോണ്ടാ,ഈ തുടരന്‍ കമന്റുകള്‍..

Manoj | മനോജ്‌ said...

കാവാലം നാരായണപ്പണിക്കര്‍ “ഭാവഗീതങ്ങളില്‍” ഒന്നില്‍ എഴുതിയതോര്‍മ്മ വരുന്നു...

“കാലം തൊടുത്തത് ഉന്നം പിഴച്ചത് കഥയുടെ അകപ്പൊരുള്‍...അതു-
കാവ്യം പൊലിക്കും പാടലിലാക്കുവത് കവിയുടെ കരവിരുത്...”

nalan::നളന്‍ said...

ചിന്തിക്കാന്‍ ഭാഷ ആവശ്യമുണ്ടോ ? നല്ല ചോദ്യം

സത്യത്തില്‍ ഭാഷയുടെ (കവിയുടെ അല്ല) പരിമിതിയല്ലേ, ചിഹ്നങ്ങളുടെ ഇടപെടലിനെ സൂചിപ്പിക്കുന്നത്. ? ബിംബങ്ങളുപയോഗിക്കേണ്ടി വരുന്നതും ഇതുകോണ്ടാണോ? അതോ സംവേദനശക്തി കൂടുതലുള്ളതുകൊണ്ടാണോ ? അതും ഭാഷയുടെ പരിമിതിയായി കണ്ടുകൂടെ ?

വാക്കുകള്‍ സ്വയം തിരഞ്ഞെടുക്കുന്നുവെന്നു തോന്നുമ്പോഴും യഥാര്‍ത്ഥത്തില്‍ അവ ഏതൊ സങ്കീര്‍ണ്ണമായ പ്രക്രീയലൂടെ അബോധമായി തിരഞ്ഞെടുക്കപ്പെട്ടശേഷം മാത്രമാണു നമ്മള്‍ അവയെപ്പറ്റി പോലും ബോധവാന്മാരുകുന്നത് എന്നു വായിച്ചതോര്‍ക്കുന്നു.
കൂടുതലായി പരഞ്ഞാല്‍ കുളമാകും!

Kaippally said...

എനിക്കു പറയാനുള്ള കാര്യങ്ങള്‍ എങ്ങനെ ഇത്ര കൃത്യമായി പറഞ്ഞു.

telephonepathy അറിയാമോ?

പ്രിയംവദ-priyamvada said...

ഉപകാരപ്രദമായ ചര്‍ച്ച..
qw_er_ty

Kaippally said...

പരാജിത.
വളരെ നല്ല (കമന്റ് മൂത്തുണ്ടായ)ലേഖനം. :)

താങ്കളുടെ കലസംവിധാന കര്‍മ്മശസ്ത്രം കവിതകളില്‍ പ്രയോഗിക്കാന്‍ ശ്രമിച്ചത് ഞാന്‍ ശ്രദ്ധിച്ചു. (എന്നു വെച്ചാല്‍ ഞാന്‍ ഞെട്ടി !!)

കൊള്ളാം.

വീണ്ടും ഇതുപോലുള്ള ഐറ്റംസ് വരട്ടേ

Siji vyloppilly said...

വളരെ ഉപകാരപ്രദമായ ലേഖനവും ചര്‍ച്ചയും.ബൂലോഗത്തില്‍ ഇത്തരം ചര്‍ച്ചകളുടെ കുറവ്‌ ഉണ്ടായിരുന്നു.നന്ദി.

മനോജ് കുറൂര്‍ said...

ഓഫ്:(ഇനി മുതല്‍ ഞാനും ഇങ്ങനെയിടും!)
സങ്കുചിതമനസ്കന്‍ പറയുന്നു:
‘അനംഗാരി, എവിടെയെങ്കിലും ഇന്ന് ഒരു മഹാകാവ്യം (നീണ്ട കാവ്യം) കാട്ടിത്തരാം പറ്റുമോ? (ഒരു ഖണ്ഡകാവ്യം, കുറേ പേജുകള്‍ ഉള്ളത്‌ ഭാഷാപോഷിണിയില്‍ വന്നിരുന്നു, കുറച്ചു നാള്‍ മുമ്പ്‌). വല്‍ക്കരണങ്ങളുടെ ഭാഗമായി നഷ്ടപ്പെട്ടവയാണിതെല്ലാം.’
‘കോമാ’ എന്ന ആ കാവ്യത്തിന്റെ കര്‍ത്താവോ കര്‍മമോ ആണ് ഈയുള്ളവന്‍. പിന്നീട് ആ ഒറ്റക്കവിത ഡി.സി.ബുക്സ് പുസ്തകമാക്കി. അതൊരു ഖണ്ഡകാവ്യമാണെന്നു തോന്നുന്നുണ്ടോ? (അതിനെക്കുറിച്ച് എഴുതിയ വി. കെ. ശ്രീരാമനും ഖണ്ഡകാവ്യം എന്നു പറഞ്ഞിരുന്നു.)കഥാകാവ്യം എന്നാണു ഞാന്‍ പറയുന്നത്-അതിര്‍വരമ്പുകള്‍ വ്യക്തമല്ലെങ്കിലും. ഘടനയിലുള്ള വ്യത്യാസമാണ് ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നത്. ഡെറക് വാല്‍ക്കോട്ടിന്റെ ‘ഒമറോസ് ’(ഗ്രീക്ക് ഇതിഹാസമാതൃക), സ്വീഡിഷ് നോബല്‍ സമ്മാനക്കവി ഹാരി മാര്‍ട്ടിന്‍സണിന്റെ ‘അനിയാറ’(സയന്‍സ് ഫിക്ഷന്‍ മാതൃക) കൂടാതെ ജയിംസ് ഫെന്റണ്‍, അമേരിക്കന്‍ കവയിത്രി എയ് എന്നിവരുടെ നീണ്ട കവിതകള്‍....ഉദാഹരണങ്ങള്‍ അവസാനിക്കുന്നില്ല. മലയാളത്തില്‍ സ്വന്തം കാവ്യസിദ്ധാന്തം കവിതയുടെ വലിപ്പം പോലെയുള്ള
നിസ്സാരകാര്യങ്ങളില്‍ ചിലര്‍ ഒതുക്കുന്നതുകൊണ്ടു പറഞ്ഞെന്നു മാത്രം!

പരാജിതന്‍ said...

ലാപുട, ഇങ്ങനെ ഉള്‍ക്കാഴ്ച നിറഞ്ഞ ഒരു കമന്റ്‌ ഇവിടെ വച്ചതിന്‌ നന്ദി.
കവിതയ്ക്കോ അതു പോലുള്ള സര്‍ഗ്ഗരചനകള്‍ക്കോ നിദാനമാകുന്ന മനോസഞ്ചാരത്തെ ചിന്ത എന്നു വിളിക്കാമോ എന്ന ആശയക്കുഴപ്പവുമുണ്ട്‌. എങ്കിലും 'ചിന്തയ്ക്കും ഭാഷയ്ക്കുമിടയിലുള്ള ദൂരം നിര്‍ണ്ണയിക്കല്‍' രസിച്ചു. ഓട്ടത്തിനിടയിലും എഴുതുന്നയാള്‍ ദൂരത്തെ മാറ്റി നിര്‍ണ്ണയിച്ചുകൊണ്ടേയിരുന്നേക്കാം, അല്ലേ?
(ക്ലിഷ്ടതയൊന്നും തോന്നിയില്ല, കേട്ടോ. :) )

വിഷ്ണു, ഈ ദീര്‍ഘമായ കമന്റ്‌ പ്രതിഭാഷയില്‍ ഒരു പോസ്റ്റ്‌ ആയിടണമെന്നഭ്യര്‍ത്ഥിക്കുന്നു. ഇവിടെ കിടന്ന് പൊടിപിടിക്കേണ്ട ഒന്നല്ല ഇത്‌.

വല്ല്യമ്മായി, നളന്‍, കൈപ്പള്ളി, സിജി.. നന്ദി.

മനോജ്‌,
ശരിയാണ്‌. കവിതയുടെ വലിപ്പം കുറയുന്നതിലോ കൂടുന്നതിലോ അല്ല കാര്യമെന്നാണ്‌ എന്റെയും അഭിപ്രായം. വായിക്കുന്നയാളെ പിടിച്ചിരുത്താന്‍ പോന്ന തരത്തില്‍ മികച്ച ഒരു കാവ്യത്തിന്‌ 1000 വരികളുണ്ടായാലും ഇക്കാലത്തും ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്യും. 'കഥാകാവ്യ'ങ്ങളും വായിക്കപ്പെടും, തീര്‍ച്ച. വിക്രം സേത്തിന്റെ 'ഗോള്‍ഡന്‍ ഗേറ്റ്‌' ഇറങ്ങിയിട്ട്‌ പത്തിരുപത്‌ കൊല്ലമല്ലേ ആയുള്ളു.

(ഒരു സുഹൃത്ത്‌ താനെഴുതിയ പല പേജുകളുള്ള ഒരു കാവ്യത്തിന്റെ കൈയെഴുത്തുപ്രതി വായിക്കാനായി അയച്ചു തന്നത്‌ മേശപ്പുറത്ത്‌ കിടക്കുന്നു.)

പിന്നെ, സങ്കുചിതന്‍ ദീര്‍ഘകാവ്യങ്ങള്‍ക്ക്‌ തീരെ പ്രസക്തിയില്ല എന്ന അര്‍ത്ഥത്തിലാണ്‌ ആ കമന്റെഴുതിയതെന്ന് തോന്നുന്നില്ല. പുതിയ കാലത്ത്‌ ദീര്‍ഘകാവ്യങ്ങള്‍ ഉണ്ടാകുന്നത്‌ അത്യപൂര്‍വ്വമാണെന്നത്‌ ഈ കാലഘട്ടത്തിന്റെ ഒരു സവിശേഷതയാണെന്ന് സൂചിപ്പിക്കാന്‍ വേണ്ടി എഴുതിയതാകണം. പി.പി. രാമചന്ദ്രന്‍ ഏതു സാഹചര്യത്തിലാണ്‌ അത്‌ പറഞ്ഞതെന്നും അറിയില്ല.

(നാട്ടില്‍ പോകുമ്പോള്‍ 'കോമാ' വാങ്ങുന്നുണ്ട്‌. ഏതായാലും, 'ഓഫ്‌' എന്നെഴുതിയത്‌ നന്നായി. :) )

രാജേഷ് ആർ. വർമ്മ said...

പതിവുപോലെ വളരെ നല്ല ലേഖനം.

പരാജിതന്‍ പറഞ്ഞു:

"കവിതയില്‍ മിനിമല്‍ ലേ-ഔട്ടില്‍ കവിഞ്ഞ്‌, ടൈപ്പ്‌ ഫേസിലും ലീഡിംഗ്‌ സ്പേസിലുമൊക്കെ പരീക്ഷണങ്ങള്‍ നടത്തിയാല്‍ വായിക്കുന്നയാള്‍ക്ക്‌ അരോചകമായി തീര്‍ന്നേക്കാം. തന്നെയുമല്ല ന്യൂനതകള്‍ മറയ്ക്കാനുള്ള ഒരു ശ്രമമായി അതുപയോഗിക്കാനും സാധിക്കും. (ഒരു കവിതാപുസ്തകത്തിലെ 10 കവിതകളില്‍ പത്തും പത്തു തരം ഫോണ്ടുകളും ലേ-ഔട്ടുമൊക്കെയായി വന്നാല്‍ എങ്ങനിരിക്കും?)
"


ഇത്‌ നമ്മുടെ തലമുറയുടെ ശീലത്തിന്റെ ഒരു പ്രശ്നമായിക്കൂടേ? ചില പ്രത്യേക ബിന്ദുവില്‍ ഉറഞ്ഞുപോകുന്ന ഭാവുകത്വത്തിന്റെ പ്രശ്നം? നാളെ എഴുതുന്നവരില്‍ ഭൂരിപക്ഷത്തിനും കാക്കത്തൊള്ളായിരം ടൈപ്പ്‌ ഫെയ്സുകളും നിറങ്ങളും ലഭ്യമാകുന്ന ഒരു കാലമുണ്ടായാല്‍ ഇതൊരു സാധാരണപരിപാടി ആയെന്നും വരാമല്ലോ. അല്ലേ?

ഓഫ്‌:
സങ്കുചിതന്‍ പറഞ്ഞു: "കവിത കേള്‍ക്കാനുള്ളതല്ല, വായിക്കാനുള്ളതാണ്‌ എന്നത്‌ ഒരു പ്രാഥമികപാഠം മാത്രമാണ്‌."

ഇത്‌ സിനിമ ഒരു ദൃശ്യകലയാണെന്നു പറയുന്നതുപോലെ ഒരു പ്രസ്താവനയല്ലേ? കലയില്‍ എല്ലാ പ്രാഥമികപാഠങ്ങളെയും പൊളിച്ച്‌ ആരെങ്കിലുമൊക്കെ എഴുതും എന്നതാണ്‌ എന്റെ അനുഭവം. ഇന്‍ഡോ-ആറബ്‌ സാംസ്കാരിക സംഗമം കഴിഞ്ഞ്‌ ഒരു സുഹൃദ്‌ സദസ്സില്‍ മേതിലിന്റെ കവിത കേട്ടതിന്റെ അനുഭവത്തിന്റെ തീക്ഷ്ണതയെപ്പറ്റി ഒരു സുഹൃത്തു പറഞ്ഞിരുന്നു. അതു കേട്ട കവിതയായതുകൊണ്ട്‌ ക്ഷുദ്രമായ അനുഭവമായിരുന്നു പറയാന്‍ കഴിയുമോ? താങ്കളും അവിടെയുണ്ടായിരുന്നില്ലേ?

പരാജിതന്‍ said...

"..നാളെ എഴുതുന്നവരില്‍ ഭൂരിപക്ഷത്തിനും കാക്കത്തൊള്ളായിരം ടൈപ്പ്‌ ഫെയ്സുകളും നിറങ്ങളും ലഭ്യമാകുന്ന ഒരു കാലമുണ്ടായാല്‍ ഇതൊരു സാധാരണപരിപാടി ആയെന്നും വരാമല്ലോ. അല്ലേ?.."

രാജേഷ്‌, ഒരു വാദത്തിനു വേണ്ടി അങ്ങനെ പറയാമെന്നല്ലാതെ ഇതില്‍ ശരിക്കും കഴമ്പുണ്ടോ? ഇല്ലെന്നാണ്‌ എന്റെ വിനീതമായ അഭിപ്രായം. കാരണം ലളിതമാണ്‌. ടൈപ്പോഗ്രാഫിയും വര്‍ണ്ണസംവിധാനവുമൊക്കെ ഒരു സ്പെഷ്യലിസ്റ്റിന്റെ പണിയാണ്‌. കവിയുടേതല്ല. അറിയാത്ത പണി ചെയ്യുന്നതിനു പകരം ആ ഊര്‍ജ്ജം കൂടി കവിത നന്നാക്കുന്നതിനായി ഉപയോഗിക്കുകയായിരിക്കും കവിയ്‌ക്ക്‌ അഭികാമ്യം. ഇക്കാലത്തായാലും പത്തു കൊല്ലം കഴിഞ്ഞായാലും ഒരു കവിത പല വലിപ്പത്തിലുള്ള ടൈപ്പ്‌ ഫേസുകളും നിറങ്ങളുമൊക്കെ ഉപയോഗിച്ച്‌ 'കാഴ്‌ചക്കു ഭംഗി' തോന്നുന്ന വിധം അലങ്കരിച്ച്‌ അവതരിപ്പിച്ചാല്‍ കവി വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദമുള്ളയാളോ പരസ്യ ഏജെന്‍സിയില്‍ പണി ചെയ്യുന്നയാളോ ആണെന്നേ ഞാന്‍ കരുതുകയുള്ളൂ. അപ്പോഴും കവിതയെക്കുറിച്ചുള്ള അഭിപ്രായം അതില്‍ ഭാഷയെ ഉപയോഗിച്ചിരിക്കുന്ന വിധത്തെ ആശ്രയിച്ചിരിക്കും. ഇനി, ഇതേ അലങ്കാരപ്പണി ആരെങ്കിലും വൈദഗ്ദ്യമില്ലാതെ ചെയ്തു വച്ചാല്‍ 'വിവരദോഷി!' എന്നു പറയുമെന്നു മാത്രമല്ല, വായിക്കാന്‍ മിനക്കെടുകയുമില്ല.

ഇത്‌ ഭാവുകത്വത്തിന്റെ ഉറഞ്ഞുപോകലല്ലെന്ന് ബോധ്യപ്പെടുത്താന്‍ ഏറെ വിശദമായി എഴുതാവുന്നതേയുള്ളൂ. പക്ഷേ അതിന്റെ ആവശ്യമുണ്ടോ? സിനിമയില്‍ ശബ്ദം വന്നതുമായി, എന്തിന്‌, ഫോട്ടോഗ്രാഫി ഒരു ഡിജിറ്റല്‍ ആര്‍ട്ടെന്ന നിലയിലേക്ക്‌ പരിണമിച്ചു കൊണ്ടിരിക്കുന്നതുമായിപ്പോലും താങ്കള്‍ സൂചിപ്പിച്ച 'സാധ്യത'യെ താരതമ്യം ചെയ്യാനാവില്ല.

രാജേഷ് ആർ. വർമ്മ said...

ഹരീ,

തീര്‍ച്ചയായും വാദത്തിനു വേണ്ടി മാത്രം പറഞ്ഞതാണ്‌. അലങ്കാരപ്പണി കൊണ്ടോ ചിത്രീകരണം കൊണ്ടോ കവിതയ്ക്കു മൂല്യം കൂട്ടാന്‍ കവിയ്ക്കു കഴിയും എന്നതായിരുന്നില്ല എന്റെ വാദം. വാദം ഇതായിരുന്നു: അരോചകമായിരിക്കുന്നു എന്ന് ഇന്നു നമുക്കു തോന്നുന്നതു മാറിയേക്കാം എന്ന്.

ഹരി പറഞ്ഞതുപോലെ തന്നെ സിനിമയില്‍ ആദ്യം ശബ്ദവും പിന്നെ നിറവും വന്നപ്പോള്‍ കാഴ്ചക്കാര്‍ക്കും ചലച്ചിത്രകാരന്മാര്‍ക്കും ആദ്യം അരോചകത്വം തോന്നിയതുപോലെ, കവിതയുടെ ശബ്ദാവിഷ്കാരം ഒരു സ്പെഷ്യലിസ്റ്റിന്റെ പണിയായിട്ടും കവി തന്നെ അതു ചെയ്യുന്നതു കേള്‍ക്കാന്‍ കേരളത്തില്‍ ഇന്നും ആളുകൂടുന്നതുപോലെ, മാറുന്ന ഭാവുകത്വം നാളെ ഇന്നില്ലാത്ത ഒരു ശീലത്തെ സാധാരണമാക്കിയേക്കാം എന്നു പറയാന്‍ വേണ്ടി ഞാന്‍ ഉപയോഗിച്ച ഒരുദാഹരണം മാത്രമാണ്‌ ടൈപ്പ്ഫെയ്സുകളെപ്പറ്റിയുള്ളത്‌. ഇന്നിനെപ്പറ്റി 'നാളെയുടെ ഇന്നലെ' എന്ന് കാവാലം പറഞ്ഞിട്ടുള്ളത്‌ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു. ഒ.വി. വിജയന്റെ പേര്‌ മുകളില്‍ കണ്ടപ്പോള്‍ ഓര്‍മ്മവന്നത്‌ 'കാലഹരണപ്പെടലാണ്‌ നമ്മുടെയൊക്കെ സാഫല്യം' എന്നയര്‍ത്ഥത്തില്‍ അദ്ദേഹം ഒരിക്കല്‍ പറഞ്ഞതാണ്‌.

മറ്റൊന്നുകൂടി. കഥകള്‍ക്ക്‌ ഫോട്ടോകള്‍ ഉപയോഗിച്ചുള്ള ചിത്രീകരണത്തോടു താങ്കളുടെ അഭിപ്രായത്തോടു പൊതുവെ യോജിക്കുന്നെങ്കിലും ബി.ഡി. ദത്തന്‍ ജനയുഗം വാരികയിലും മറ്റും ചെയ്തുകണ്ടിട്ടുള്ള ചിലത്‌ ഒരപവാദമാണ്‌ എന്നെ സംബന്ധിച്ചേടത്തോളം.

ഇതുപോലെ ആഴമുള്ള കുറിപ്പുകള്‍ ഇനിയും പ്രതീക്ഷിച്ചുകൊണ്ട്‌.

Kumar Neelakandan © (Kumar NM) said...

പരാജിതോ,
ഇപ്പോളാണ് ഇതു വായിച്ചത്.
എന്നോടുള്ള ചോദ്യത്തിനുള്ള ഉത്തരം ലേഔട്ടിനെ കുറിച്ചാണെങ്കില്‍ താങ്കള്‍ പറഞ്ഞത് അപ്പടി കറക്ട്.
പരസ്യങ്ങളെ കുറിച്ച് പറയുമ്പോള്‍; ഫോണ്ടുകളില്‍ ബോള്‍ഡും നോര്‍മലും ഐറ്റാലിക്സും എക്സ്ട്രാ ബോള്‍ഡും ഒക്കെ നിര്‍മ്മിച്ചതു തന്നെ ഇതുപോലെ ഓരോരോ എക്സ്പ്രഷനുകള്‍ക്ക് വേണ്ടിയാണ്.
ടൈംസ് റോമന്‍, ഗാരമോണ്ട് തുടങ്ങിയ ഫോണ്ടുകള്‍ വളരെ സീരിയസ് ആയി നിന്നതു കൊണ്ടാണ് സീരിയസ് അല്ലാത്ത അവസരങ്ങള്‍ക്കു വേണ്ടി ഫാന്‍സി, ഫണ്ണി ഫോണ്ടുകള്‍ വന്നത്.
ഫോണ്ടുകള്‍ അവ നിലനില്‍ക്കുന്ന സ്റ്റൈല്‍ കാറ്റഗറിയെ ആ വരികളുമായി വേഗം കണക്റ്റ് ചെയ്യിക്കുന്നു.
കലാസംവിധായകന്റെ കളി അവിടെ കുറച്ചുകൂടി എളുപ്പമാകുന്നു.

ഇനി ആര്‍ട്ട് ഡയറക്ഷന്‍ കവിതയില്‍ ആണെങ്കില്‍ അതിനെ കുറിച്ചു പറയാന്‍ എനിക്കു വലിയ വിവരം ഇല്ല.
ഒരുപോലെ കാണുന്ന ഒരുപാട് വരികളില്‍ നിന്നും ഹൈലൈറ്റ് ചെയ്യപ്പേടേണ്ട വരികളും വാക്കുകളും അതിന്റെ മനോഹാരിതയിലും കാഠിന്യത്തിലും ഉയര്‍ന്നു തന്നെ നില്‍ക്കേണ്ടിവരും.
(മനോഹരമായി പുതുമയുള്ള ഫോണ്ടുകള്‍ അവസരത്തിനനുസരിച്ച് മാറി മാറി ഉപയോഗിക്കുന്ന സാഹിത്യ രചനാ രീതി? ഇവിടെ എന്തോ ഒരു സ്കോപ്പ് ഉണ്ടല്ലോ കൂട്ടരെ!)

പരസ്യത്തിലേതുപോലെ നിറങ്ങളുടെ സ്വാതന്ത്ര്യം ഇവിടെ ഇല്ല. (നിറങ്ങള്‍ എല്ലാം ഉണ്ടായിട്ടും 4 കളര്‍ ബ്ലാക്ക് & വൈറ്റ് പരസ്യങ്ങള്‍, ഈ രംഗത്തെ പ്രത്യേകത എന്നത് ചിരിക്കു വക നല്‍കുന്നു).
കവിത അവിടെയും കവി സങ്കല്‍പ്പിച്ചു നല്‍കുന്ന വാക്കുകളുടെ നിറങ്ങളില്‍തന്നെ ജീവിക്കുന്നു.

ചുരുക്കം പറഞ്ഞാല്‍ കവിയാകുന്നതിനേക്കാളും എളുപ്പം ആര്‍ട്ട് ഡയറക്ടര്‍ ആവുകയാണ്.
എടുത്തുകളിക്കാന്‍ ഡിവൈസുകള്‍ ഒരുപാട് ഉണ്ട്.

കവിയാകുന്നതിനേക്കാളും എളുപ്പം കോപ്പീറൈറ്റര്‍ ആവുകയാണ്. എഴുതുന്ന വരികള്‍ക്ക് ജീവനും ഓജസും കൊടുക്കാന്‍ കലാസംവിധായകനുണ്ടല്ലോ!


(ആകെ ഓഫ് ടോപ്പിക് ആയി അല്ലേ, എന്റെ ഈ അസ്ഥാനത്തുള്ള കമന്റ്? കവിതയെ കുറിച്ചു അടിസ്ഥാനപരമായി പറയാന്‍ അറിയില്ല പരാജിതോ. അതാ ഈ ഓഫടി)

ഓഫിന്റെ പുറത്ത് ഓഫോഫ് : ബോള്‍ഡ് ഫോണ്ടില്‍ impact നല്ലതു തന്നെ. പക്ഷെ എന്റെ ഇപ്പോഴത്തെ പ്രണയം യൂണിവേര്‍സ് ബോള്‍ഡ് കണ്ടന്‍സിനോടാണ്. അപ്പര്‍ ആന്റ് ലോവറില്‍ അവളെ ഒന്നു ഐറ്റാലിക്സ് ആക്കിയാല്‍ എന്തു ചന്തമാണ്. എന്തു ബോള്‍ഡാണ്)


ഞാന്‍ സ്വയം കണ്ടന്‍സ് ചെയ്തു ഇല്ലാതായി. അല്ലെങ്കില്‍ ഓടി.

Raji Chandrasekhar said...

ലാപുട, വായിച്ചു തുടങ്ങുന്നതിങ്ങനെ.

ഒപ്പം നിന്നു പറയാനുള്ള ശേഷിയില്ല.
ഇനിയും വായിക്കാം