Wednesday, June 18, 2008

കവിത + വിഷ്ണുപ്രസാദ്‌



നിള, എഴുത്തുകാരന്‍, ടിപ്പിക്കല്‍ ഐറ്റം, ക്ലീഷേ എന്നൊക്കെ പറയാന്‍ വരട്ടെ. കുറച്ചു വ്യത്യാസങ്ങളുണ്ട്‌. സംഗതി ഭാരതപ്പുഴ തന്നെ. വിഷ്ണുപ്രസാദ്‌ ഒരു എഴുത്തുകാരനാണു താനും. പക്ഷേ ഒന്നാമതായി ശ്രദ്ധിക്കേണ്ട സംഗതി അയാള്‍ ആകാശത്തേക്കോ അനന്തതയിലേക്കോ നോക്കി നില്‌ക്കുകയല്ലെന്നതാണ്‌. മറിച്ച്‌ താഴേക്കു നോക്കി നടക്കുകയാണ്‌. രണ്ടാമതായി, വിഷ്ണു ധരിച്ചിരിക്കുന്നത്‌ ഗൃഹാതുരത്വപ്രിയനായ ഒരെഴുത്തുകാരനു നിരക്കുന്ന വെളുത്ത വേഷ്ടിയല്ല, മാടിക്കുത്തിയ ലുങ്കിയാണ്‌. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ സംഗതി ഇതാണ്‌: ഇദ്ദേഹം ഏതെങ്കിലും സാഹിത്യമാസികയിലെ ഫീച്ചറിനു വേണ്ടിയോ അഭിമുഖത്തിനൊരലങ്കാരമെന്ന നിലയ്ക്കോ പോസ്‌ ചെയ്തതല്ല. കുട്ടികള്‍ പുഴയില്‍ തിമര്‍ക്കുമ്പോള്‍ അവര്‍ക്കു കുഴപ്പം വല്ലതും പറ്റാതിരിക്കാനായി കൂടെയിറങ്ങിയതാണ്‌. 'ഗ്ലോറിഫൈ' ചെയ്യാന്‍ പറ്റിയ ഒന്നും ഈ ദൃശ്യത്തിലില്ലെന്നു ചുരുക്കം.

കവിത വായിക്കുന്നവര്‍ക്ക്‌ അതെഴുതിയ ആളിന്റെ സാന്നിദ്ധ്യം, പക്ഷേ, ചില പ്രത്യേകതോന്നലുകളുണ്ടാക്കും. സാധാരണരീതിയില്‍ അവരോടിടപെടുമ്പോഴും അസാധാരണമായ എന്തോ ഒന്ന് ഓരോ നിമിഷത്തിനും അകമ്പടി സേവിക്കുന്നതായി അനുഭവപ്പെടും. എഴുത്തിനെയും മനുഷ്യരെയും കൂട്ടിക്കുഴയ്ക്കുക എന്ന മുന്‍വിധി ആരെക്കുറിച്ചും ഉണ്ടാകരുതെന്ന കടുത്ത വാശിയുള്ളതുകൊണ്ടാവണം, വിഷ്ണുപ്രസാദിനെ കാണുമ്പോഴൊക്കെ 'കായ്ച്ചു എന്ന ഒറ്റക്കുറ്റത്തിനാണ്‌ മാവ്‌ ഏറു കൊള്ളുന്ന'തെന്നും 'പിടിക്കപ്പെടുന്നതിന്റെ ത്രില്‍ നിഷേധിക്കലാണ്‌ ഒരു കള്ളനോടു ചെയ്യാവുന്ന കടുത്ത അനീതി'യെന്നും 'ഇല്ലാത്തവയെ ഉള്ളവയ്ക്ക്‌ ഭയമാണെ'ന്നും 'കെട്ടു പൊട്ടിച്ചോടിയ രണ്ടു കിലോമീറ്റര്‍ ദൂരമാവണം പശു പിന്നീട്‌ അയവിറക്കുന്നതെ'ന്നുമൊക്കെ കണ്ടെടുക്കുന്ന ഏതോ വിചിത്രേന്ദ്രിയം പേറുന്ന ഒരാളുടെ സാന്നിദ്ധ്യമെന്ന തോന്നലിനെ പ്രതിരോധിക്കാന്‍ പെടാപ്പാട്‌ പെട്ടിട്ടുണ്ട്‌, ഇതെഴുതുന്നയാള്‍.

ഒന്നരവര്‍ഷത്തിലേറെയായി നിരന്തരം പ്രതിഭാഷ സന്ദര്‍ശിക്കുന്ന ആര്‍ക്കും ഉണ്ടാകാവുന്ന പ്രതിസന്ധിയാകണമത്‌. ഇപ്പോള്‍, വിഷ്ണുവിന്റെ ആദ്യത്തെ പുസ്തകം, കുളം + പ്രാന്തത്തി, കയ്യില്‍ കിട്ടിയതുമുതല്‍ ആ പ്രതിസന്ധി രൂക്ഷമാവുകയാണ്‌. കാരണം, സാഹിത്യരചനകളുടെ കാര്യമെടുത്താല്‍, കമ്പ്യൂട്ടര്‍ സ്ക്രീനണച്ചാല്‍ അപ്രത്യക്ഷമാകുന്ന ബ്ലോഗിനെക്കാള്‍ എപ്പോഴും കയ്യെത്തി എടുക്കാവുന്ന, എപ്പോള്‍ വേണമെങ്കിലും കണ്ണിനെ പിടിച്ചു വലിക്കാവുന്ന പുസ്തകത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ 'മാരക'മാണ്‌. ഇന്റര്‍നെറ്റ്‌ യുഗത്തിനും മുമ്പേ വായനയെന്ന 'ദുശ്ശീല'ത്തിനടിമയായവന്റെ മേല്‍ അച്ചടിക്കപ്പെട്ട വാക്കുകള്‍ ചെയ്യുന്ന ആഭിചാരക്രിയയുടെ ശക്തിയും കൂടിയാവുമ്പോള്‍ ചിത്രം പൂര്‍ണ്ണമായി. എന്നിട്ടും, 'വിഷ്ണുപ്രസാദിന്റേതായി കൂടുതല്‍ കവിതകളും കൂടുതല്‍ പുസ്തകങ്ങളുമുണ്ടാകട്ടെ' എന്നാഗ്രഹിച്ചു പോകുന്നതിനെ എന്തു പേരിട്ടു വിളിക്കും? മസൊക്കിസം? അതോ സ്റ്റോക്‍ഹോം സിന്‍ഡ്രോമെന്നോ?


............................................................................................................
'കുളം + പ്രാന്തത്തി'യുടെ പ്രകാശനത്തെക്കുറിച്ച്‌ സനാതനന്‍ എഴുതിയ ഹൃദ്യമായ കുറിപ്പ്‌ ഇവിടെ വായിക്കാം. പുസ്തകം വാങ്ങാനുള്ള ലിങ്ക്‌ ഇതാണ്‌.

11 comments:

ടി.പി.വിനോദ് said...

"Granted, in daily speech, where we don't stop to consider every word, we all use phrases like "the ordinary world," "ordinary life," "the ordinary course of events"... But in the language of poetry, where every word is weighed, nothing is usual or normal. Not a single stone and not a single cloud above it. Not a single day and not a single night after it. And above all, not a single existence, not anyone's existence in this world".
(Wislawa Szymborska- Nobel Lecture, 1996 )

വിഷ്ണുമാഷ് എന്ന സാധാരണമനുഷ്യന് വിഷ്ണുപ്രസാദ് എന്ന കവിയോടുള്ളതും സ്റ്റോക്‍ഹോം സിന്‍ഡ്രോം പോലെ എന്തോ ആവണം. അതിസാധാരണമായ കാര്യങ്ങളില്‍ നിന്ന് അയാളനുഭവിക്കുന്ന അസാധാരണമായ ഭാരങ്ങള്‍, അവയെ സ്വീകരിക്കുകയും തുറന്നാവിഷ്ക്കരിക്കുകയും ചെയ്യുമ്പോള്‍ അയാളുടെ ഉള്ളില്‍ ഒരു പീഡനാനുഭവം എന്ന നിലയിലേക്ക് പോലും പെരുത്ത്പടരുന്ന സങ്കോച സംഘര്‍ഷങ്ങള്‍, കവി എന്ന ആത്മബോധം നല്‍കുന്ന പാതികയ്ക്കുന്ന ആനന്ദമധുരങ്ങള്‍.. എല്ലാം അപരിചിതമായ ഒരു അനുപാതത്തില്‍ സന്നിഹിതമാവുന്നു ആ കവിതകളില്‍. ഇനിയുമൊരുപാടൊരുപാട് ‘മാരക പ്രഹരങ്ങള്‍’ ആ കവിതകളില്‍ നിന്നു നാം കാത്തിരിക്കുന്നതും അതുകൊണ്ട് തന്നെയാവണം.

വിഷ്ണുമാഷിനും പുസ്തകത്തിനും ആശംസകള്‍..

സുന്ദരമായ ഈ കുറിപ്പിന് പരാജിതനോട് ഒരു സ്പെഷ്യല്‍ താങ്ക്സ്..:)

പാമരന്‍ said...

നല്ല കുറിപ്പ്‌..

aneeshans said...

ദുഷ്ട്, ആ ഫോട്ടൊ കണ്ടപ്പോള്‍ മുതല്‍ ഇങ്ങനെ ഒരു പോസ്റ്റിടാന്‍ വേണ്ടീ എഴുതി കൂട്ടിയതൊക്കെ ഞാന്‍ എന്ത് ചെയ്യും. ചതിയന്‍

ഓ ടോ : വിഷ്ണുമാഷിനെ കുറിച്ച് ഇതിലും നന്നായി എഴുതാന്‍ പറ്റില്ല.ഇതത് തന്നെ.

ജ്യോനവന്‍ said...

വിഷ്ണുമാഷ്=വിഷ്ണുമാഷ്
കുളം+പ്രാന്തത്തിക്ക് എല്ലാ ഭാവുകങ്ങളും.
പരാജിതന്‍.
നല്ല കുറിപ്പ്. നന്ദി.

തണല്‍ said...

നന്നായിരിക്കുന്നു!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വിഷ്ണുമാഷിന് ആശംസകള്‍

നജൂസ്‌ said...

വളരെ നന്നായിരിക്കുന്നു പരാചിതന്‍ ഈ ഒരെഴുത്ത്‌. വിഷ്ണുമാഷിന്റെ അടുത്തേക്ക്‌ താങ്കളിട്ട വഴിയിലൂടെ ഓടുന്ന ഒരു കുട്ടിയായി ഞാന്‍ തീരുന്നതും അതുകൊണ്ടാവും

പരാജിതന്‍ said...

ലാപുട, പാമരന്‍, നൊമാദ്, ജ്യോനവന്‍,തണല്‍, വഴിപോക്കന്‍, നജൂസ്.. മറ്റു വായനക്കാര്‍‌ക്കും നന്ദി.
നൊമാദ്, പോസ്റ്റിടാന്‍ പ്ലാനുണ്ടെന്നു നേരത്തെ പറയണ്ടേ? ഇനിയെന്തു ചെയ്യാന്‍! :)

തറവാടി said...

നാട്ടുകാരന്‍ എന്ന ഒറ്റക്കാരണം മാത്രമാണ് പ്രതിഭാഷ പതിവായി സന്ദര്‍ശിക്കാനും മനസ്സില്‍ തോന്നുന്ന കമന്‍‌റ്റുകള്‍ വിഷയവുമായി ബന്ധമുള്ളതല്ലെങ്കില്‍ പോലും ഇഷ്ടത്തോടെയും സ്വാതന്ത്ര്യത്തോടെ അവിടെ ഇടാനും കാരണം.

കവിയെയായിരുന്നില്ല നാട്ടുകാരനായ ഒരാളെയായിരുന്നു അവിടെ ഞാന്‍ കണ്ടിരുന്നത്. നേരില്‍ കണ്ടപ്പോള്‍ ഒരു പച്ചയായ മനുഷ്യന്‍ , സംസാരിക്കുമ്പോള്‍ വിഷ്ണുമാഷോടായിരുന്നു സംസാരിച്ചിരുന്നത് കവിയോടല്ല ആയിരുന്നെങ്കില്‍ പിന്നീടൊരിക്കലും കാണാന്‍ ശ്രമിക്കില്ലായിരുന്നു വ്യക്തിക്ക് കവിയേക്കാള്‍ പ്രധാന്യം കൊടുക്കുന്നതിനാലാവാം.

കമ്പ്യൂട്ടറില്‍ വായിച്ചാലും പുസ്തകത്തില്‍ വായിച്ചാലും ഒന്നുതന്നെയാണെന്നെന്റെ അഭിപ്രയം അലമാരയില്‍ നിന്നും പുസ്തകം കയ്യിലെടുക്കുന്നതുപോലെത്തന്നെയാണ് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുന്നതും തിരിച്ചും.

പരാജിതാ , നല്ല കുറിപ്പ്

രാജ് said...

touching...

വെള്ളെഴുത്ത് said...

സത്യം പറയാമല്ലോ ബ്ലോഗില്‍ വായിച്ചു കമന്റിട്ട ചിലകവിതകള്‍ തന്നെ പുസ്തകരൂപത്തില്‍ കിട്ടിയപ്പോള്‍ ആകെ മാറിയിരിക്കുന്നതായി അനുഭവപ്പെട്ടു. ഞാന്‍ തിരിച്ചും മറിച്ചും പലപ്രാവശ്യം വായിച്ചു. കല്ലുകളും ശബ്ദങ്ങളും സൂക്ഷിക്കുന്ന പളുങ്ക്. എന്നിട്ടും ‘സാധാരണത്വങ്ങിളിലെ അസാധാരണത്വങ്ങളെക്കുറിച്ച് വെളിച്ചം നല്‍കുന്ന അവ,‘മാരക‘മാവുന്നു എന്നു പരാജിതന്‍ പറയുന്നതിന്റെ പൊരുളിലേയ്ക്കു പ്രവേശിക്കാന്‍ എനിക്കു കഴിയുന്നില്ലെന്നാണ് അനുഭവം.(ഒരര്‍ത്ഥത്തില്‍ ലാപുട പറഞ്ഞതിനോടും) സ്വയം കീറിമുറിക്കാനുള്ള വിഷ്ണുവിന്റെ പ്രേരണപോലും നര്‍മ്മത്തിനെ അലകള്‍ കൊണ്ട് മയപ്പെട്ട രീതിയിലാണ് നമ്മിലേയ്ക്ക് വരുന്നത്. അങ്ങനെ തന്നെ സ്വയംനോക്കികാണിന്‍ എന്ന മട്ടില്‍. അങ്ങനെയല്ലേ അത്? ഞാന്‍ തെറ്റായിട്ടാണോ അയവിറക്കുന്നത്?