Saturday, October 28, 2006

ഇന്ദ്രിയങ്ങള്‍ ധ്യാനകവാടങ്ങള്‍

"... സ്ഫടികചക്രവാളം
കൊടുമുടികളില്‍ ഉടയുന്നു.
നാം പരലുകള്‍ക്ക്‌ മീതെ നടക്കുന്നു.
മുകളിലും താഴെയും
ശാന്തതയുടെ വന്‍കയങ്ങള്‍... "

- ജലത്തിന്റെ താക്കോല്‍
ഒക്ടേവിയോ പാസ്‌.


പാസിന്റെ കവിത ഭൂമിയോടു ചേര്‍ന്ന്‌ നില്‍ക്കുമ്പോഴും അഭൌമമായ എന്തോ ഒന്നിനെ സ്പര്‍ശിക്കുന്നുണ്ട്‌. 'സൂര്യശില' (sunstone) എന്ന ശീര്‍ഷകം തന്നെ ഒരു മികച്ച ഉദാഹരണം. കല്ലിനെയും സൂര്യനെയും ഒരൊറ്റ വാക്കില്‍ കുരുക്കി, ഒരൊറ്റ യാഥാര്‍ത്ഥ്യമായി നമ്മുടെ മനസിലേയ്ക്ക്‌ മൃദുവായി എറിഞ്ഞിട്ടു തരുന്നു, ആ കവിതാശീര്‍ഷകം. കൊടുമുടികളില്‍ ഉടയുന്ന സ്ഫടികചക്രവാളങ്ങളും ശാന്തതയുടെ വന്‍കയങ്ങളും കടന്ന്‌ 'ജലത്തിന്റെ താക്കോല്‍' അവസാനിക്കുന്നത്‌ "ആ രാത്രിയില്‍ ഞാന്‍ എന്റെ കരങ്ങള്‍ നിണ്റ്റെ മുലകളിലാഴ്ത്തി" എന്ന വരിയിലാണ്‌. ആത്മീയാനുഭൂതിയുടെ ആകാശത്ത്‌ നിന്നും വൈഷയികത്വമാര്‍ന്ന, ജീവിതത്തിന്റെ സ്വേദശയ്യയിലേയ്ക്ക്‌ നമ്മെ വലിച്ചിടുന്നു ഈ കവി, ക്ഷണനേരത്തില്‍. അതാകട്ടെ ആശ്ചര്യകരമായ ഒരു സാധ്യത വായനക്കാരന്‌ തുറന്ന്‌ കൊടുക്കുകയും ചെയ്യുന്നു. അതായത്‌, രതിശയ്യയില്‍ നിന്ന്‌ വെളിപാടിന്റെ മേഘശയ്യയിലേക്ക്‌ ഒരു ദ്രുതയാത്ര സാധ്യമാകുന്നു അവന്‌, കവിതയുടെ വിരാമചിഹ്നം കടന്ന ശേഷവും.

എല്ലാ കവികളെയും പോലെ അനുഭവങ്ങള്‍ തന്നെയാണ്‌ പാസിന്റെ കവിതയുടെ അസംസ്കൃതവസ്തു. അവയുടെ നിസ്തുലമായ ഒരു പരിവര്‍ത്തനപ്രക്രിയയാണ്‌ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്‌. പാസ്‌ കവിതയ്ക്ക്‌ വേണ്ടി ഇന്ദ്രിയാനുഭവത്തെ തമസ്കരിക്കുന്നില്ല. മറിച്ച്‌, അതിനെ സര്‍ഗ്ഗാത്മകമായ ഒരു ധ്യാനത്തിലേക്കുള്ള താക്കോലായി ഉപയോഗിക്കുന്നു അദ്ദേഹം. അതു കൊണ്ടാണ്‌ ആത്മീയതയുടെയും കേവലജീവിതത്തിണ്റ്റെയും മോഹനബിംബങ്ങള്‍ അന്യോന്യം കൈ കോര്‍ത്ത്‌ മന്ദതാളത്തില്‍ നൃത്തം ചെയ്യുന്ന ഹൃദ്യമായ കാഴ്ച പാസിന്റെ കവിതകളെ സമ്പന്നമാക്കുന്നത്‌.

അനുബന്ധം
: ഒക്ടേവിയോ പാസ്‌ 1914ല്‍ മെക്സിക്കോയില്‍ ജനിച്ചു. കവിതയ്ക്ക്‌ പുറമെ രാഷ്ട്രീയം, കല, സംസ്കാരം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള ഗദ്യരചനകളാലും സമൃദ്ധമാണ്‌ അദ്ദേഹത്തിന്റെ എഴുത്തിന്റെ ലോകം. ഇന്ത്യയില്‍ മെക്സിക്കന്‍ അംബാസിഡറായി ജോലി ചെയ്തിട്ടുണ്ട്‌. ഇന്ത്യന്‍ കലയിലും തത്വചിന്തയിലും ഏറെ ആകൃഷ്ടനായിരുന്നു.1990ല്‍ നോബല്‍ സമ്മാനം നേടി. 98ല്‍ മരണം.

Sunday, October 22, 2006

ഒക്‍ടേവിയോ പാസിന്റെ മൂന്ന് കവിതകള്‍

1. യൌവനം

തിരയുടെ കുതിപ്പിന്‌
ഏറെ വെണ്‍മ
ഓരോ മണിക്കൂറും
ഏറെ ഹരിതം
ഓരോ ദിനവും
ഏറെ ചെറുപ്പം
മരണം

2. ഉദ്യാനത്തിലെ സംഗീതമേള
(വീണയും മൃദംഗവും)

മഴയുതിര്‍ന്നു.
ഈ വിനാഴിക ഒരു ഭീമന്‍ ദൃഷ്ടിയാകുന്നു.
അതിനുള്ളില്‍ പ്രതിബിംബങ്ങളെന്നോണം നാം വരികയും പോകുകയും ചെയ്യുന്നു.
സംഗീതത്തിന്റെ നദി
എന്റെ രക്തത്തില്‍ പ്രവേശിക്കുന്നു.
ഞാന്‍ 'ശരീര'മെന്നു പറയുമ്പോള്‍ അത്‌ 'കാറ്റെ'ന്ന് മൊഴിയുന്നു.
ഞാന്‍ 'ഭൂമി' എന്ന് പറയുമ്പോള്‍ അത്‌ മൊഴിയുന്നു: "എവിടെ?"
ലോകം ഒരു ഇരട്ടപ്പുഷ്പമായി വിടരുന്നു:
ഇവിടേയ്ക്കെത്തിയതിന്റെ വേദന,
ഇവിടെയായിരിക്കുന്നതിന്റെ ആനന്ദം.
ഞാന്‍ നടക്കുന്നു, സ്വന്തം സത്തയിലേയ്ക്ക്‌ നഷ്ടപ്പെട്ടു കൊണ്ട്‌.

3. ദിനാരംഭം

കാറ്റിന്റെ കരങ്ങളും ചുണ്ടുകളും
ജലത്തിന്റെ ഹൃദയം
യൂക്കാലിപ്റ്റസ്‌
മേഘങ്ങള്‍ തമ്പടിക്കുമിടം
ഓരോ ദിവസവും ജനിക്കുന്ന ജീവിതം
ഓരോ ജീവിതത്തിലും ജനിക്കുന്ന മരണം
ഞാന്‍ മിഴികള്‍ തിരുമ്മുന്നു:
ആകാശം ഭൂമിക്കു മേല്‍ നടക്കുന്നു.