Wednesday, December 06, 2006

എഴുത്തുമേശപ്പുറത്തെ മഞ്ഞപ്പൂക്കള്‍

എഴുതുന്നവന്‍/എഴുതുന്നവള്‍ (അത്‌ ഫലിതബിന്ദുവോ, അനുഭവക്കുറിപ്പോ, കഥയോ, കവിതയോ, എന്തുമാകട്ടെ) നേരിടുന്ന ചെറുതല്ലാത്ത ഒരു പ്രതിസന്ധിയുണ്ട്‌. പക്ഷേ അത്‌ പറയുന്നതിനു മുമ്പ്‌ ഒരു മുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നു.

ഒരു വിഷയമുണ്ട്‌, അത്‌ വിഷയമില്ലായ്മയെന്ന വിഷയം പോലുമാകാം, എഴുതണമെന്ന് വിചാരിക്കുന്നു, അങ്ങനെയാണ്‌ തുടക്കമെന്ന് കരുതുക. എഴുത്ത്‌ എന്ന പ്രക്രിയ അത്രയും കാലം കൊണ്ട്‌ അവനവന്‍ ആര്‍ജ്ജിച്ച ഭാഷ, അനുഭവങ്ങള്‍, അതുമായി ബന്ധപ്പെട്ട ചിന്തകള്‍, കണ്ടെത്തലുകള്‍, ഒരാളില്‍ സ്വതവേയുള്ള (വ്യാഖാനത്തിന്‌ എളുപ്പം വഴങ്ങിത്തരാത്ത) സര്‍ഗ്ഗോര്‍ജ്ജം, എന്നിവയെ ആശ്രയിച്ച്‌ മുന്നേറുന്നു.

ഈ എഴുത്തുപ്രക്രിയയ്ക്കൊപ്പം തന്നെ സമാന്തരമായി നടക്കുന്ന മറ്റൊരു പ്രധാനസംഗതി എഡിറ്റിംഗാണ്‌. രണ്ടും വേര്‍തിരിച്ചു കാണേണ്ട കാര്യമില്ല എന്ന് തോന്നാമെങ്കിലും രണ്ടും രണ്ട്‌ തന്നെ. നമ്മള്‍ സ്വാഭാവികമായി എഴുതുന്ന ചില വരികള്‍ ഒരു പുനര്‍വിചിന്തനത്തിന്റെ ഫലമായി തൊട്ടടുത്ത നിമിഷം തന്നെ മാറ്റിയെഴുതുകയോ വെട്ടിക്കളയുകയോ ചെയ്യുന്ന പ്രക്രിയ യഥാര്‍ത്ഥത്തില്‍ എഴുത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. എന്നാല്‍ സംവേദനമാണ്‌ എഴുത്തിന്റെ ലക്ഷ്യമെന്നതിനാല്‍ അതേ തടസ്സപ്പെടുത്തല്‍ തന്നെ വായനയുടെ ഒഴുക്കിന്‌ ഗുണകരമായി ഭവിക്കുകയും ചെയ്യുന്നു. ശരിക്കുമുള്ള സര്‍ഗ്ഗാത്മകതയെന്നത്‌ അന്തം വിട്ട ഭാവനയല്ല, മറിച്ച്‌ ഭാവനയുടെ പരിധി നിശ്ചയിക്കുവാനുള്ള ത്രാണിയാണെന്നുള്ള നിരീക്ഷണം എഡിറ്റിംഗിന്റെ പ്രസക്തിയെ വാനോളമുയര്‍ത്തുകയല്ലേ ചെയ്യുന്നത്‌, സത്യത്തില്‍?

അങ്ങനെ എഴുത്തും എഡിറ്റിംഗുമൊക്കെ ഒരുമിച്ചോ, ഘട്ടം ഘട്ടമായോ ഒക്കെ ചെയ്തുകഴിഞ്ഞ്‌, കൃതി, കൃത്യം എന്നിങ്ങനെ സ്വന്തമിഷ്ടമനുസരിച്ച്‌ വിളിക്കാവുന്ന ആ 'സാധനം' നമ്മുടെ മേശപ്പുറത്ത്‌ വിശ്രമിക്കുകയാണ്‌. ഇനിയുള്ള പ്രശ്നത്തെക്കുറിച്ചാണ്‌ ഈ കുറിപ്പ്‌. അതായത്‌ സ്വയം വിമര്‍ശനമെന്ന പ്രഹേളിക. അങ്ങനെയൊന്ന് സാധ്യമാണോയെന്ന് പോലും പലപ്പോഴും സംശയം തോന്നിയിട്ടുള്ളത്‌ കൊണ്ടാണ്‌ പ്രഹേളികയെന്ന 'കടന്ന കൈ' പ്രയോഗിച്ചത്‌.

സ്വയം വിമര്‍ശനവും എഴുതുന്നയാള്‍ സ്വയം ചെയ്യുന്ന എഡിറ്റിംഗും ഒന്നാണോ? അല്ല എന്ന് തോന്നുന്നു. എഡിറ്റുചെയ്യലിന്‌ പ്രേരകമാകുന്ന മനോവ്യാപാരത്തില്‍ സ്വയം വിമര്‍ശനത്തിന്റെ അംശമുണ്ടെങ്കില്‍പ്പോലും, ഇവിടെ സ്വയം വിമര്‍ശനമെന്നുദ്ദേശിച്ചത്‌, എഴുതുന്നയാള്‍ പൂര്‍ണ്ണമായിക്കഴിഞ്ഞ സ്വന്തം കൃതിയെ കഴിയുന്നത്ര നിഷ്പക്ഷമായി വിലയിരുത്തുന്ന വിഷമം പിടിച്ച പണിയെയാണ്‌.അങ്ങനെ ചെയ്യുന്നത്‌ കൊണ്ട്‌ എന്തു പ്രയോജനമെന്ന ചോദ്യമെടുക്കാം. "എഴുതിയത്‌ നന്നായില്ല, ഇത്രയും സമയവും അദ്ധ്വാനവും പാഴായിപ്പോയി!" എന്ന തിരിച്ചറിവില്‍ എഴുതിയത്‌ വലിച്ചുകീറിയെറിഞ്ഞിട്ട്‌ വേറെന്തെങ്കിലും ചെയ്യാം എന്ന ലളിതവും ഉത്തമവുമായ പ്രയോജനത്തെ തല്‌ക്കാലം മാറ്റിവയ്ക്കാം. സ്വയം വിമര്‍ശനത്തിലൂടെ കൈവരുന്ന ഏറ്റവും മികച്ച നേട്ടം സ്വന്തം പരിമിതിയെക്കുറിച്ചുള്ള എഴുത്തുകാരന്റെ തിരിച്ചറിവാണ്‌. പരിമിതിയെ തിരിച്ചറിയാത്തവന്‌ അത്‌ ലംഘിക്കാനും കഴിയില്ല എന്ന ലളിതതത്വം ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയില്ലാത്തതിനാല്‍തന്നെ ഈയൊരു നേട്ടത്തിന്‌ പകരം വയ്ക്കാന്‍ മറ്റൊന്നില്ല.
അകിരാ കുറൊസാവ
പാളിച്ചകള്‍ കുറഞ്ഞ സ്വയം വിമര്‍ശനത്തിന്‌ ഒരെഴുത്തുകാരനെ പ്രാപ്തനാക്കുന്ന ആന്തരികഘടകങ്ങളിലൊന്ന് അയാളുടെ തന്നെ വായനാനുഭവമാണ്‌. സാധാരണവായനക്കാരന്റേതില്‍ നിന്ന് വ്യത്യസ്തമാണ്‌, അഥവാ ആയിരിക്കണം, എഴുത്തുകാരന്‍ നടത്തുന്ന വായന. സൗന്ദര്യാസാദനവും സൗന്ദര്യരഹസ്യം തേടലും തമ്മിലുള്ള വ്യത്യാസം. അലസവായന എഴുത്തുകാരന്‌ / സര്‍ഗ്ഗസൃഷ്ടി നടത്തുന്നവന്‌ പറഞ്ഞിട്ടുള്ളതല്ല. "താന്‍ ഒരിക്കലും അലസവായന നടത്താറില്ലെന്നും എപ്പോഴും, വായിക്കുന്നതിനൊപ്പം തന്നെ സുപ്രധാനഭാഗങ്ങളും നിരീക്ഷണങ്ങളും കുറിച്ചുവയ്ക്കാറുമുണ്ടെ"ന്ന കുറൊസാവയുടെ വെളിപ്പെടുത്തല്‍ (Something like an autobiography) വിരല്‍ ചൂണ്ടുന്നതും മറ്റൊന്നിലേക്കുമല്ല. ചലച്ചിത്രകാരനെന്ന നിലയില്‍ തന്റെ വായന, അക്ഷരങ്ങളില്‍ നിന്നും വാക്കുകളില്‍ നിന്നും എഴുത്തിന്റെ പിന്നിലെ രാസപ്രക്രിയയെ അന്വേഷിച്ചു പോകേണ്ടതുണ്ടെന്ന് തീര്‍ച്ചയായും അദ്ദേഹം കരുതിയിരിക്കണം. (ഇതേ പുസ്തകത്തില്‍ തന്നെ, താന്‍ പോള്‍ സെസാനെന്ന ഫ്രഞ്ച്‌ ചിത്രകാരന്റെ ചിത്രങ്ങള്‍ കണ്ട ശേഷം ചിത്രകാരനാകണമെന്ന ആഗ്രഹം എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചതായി കുറൊസാവ പറയുന്നുണ്ട്‌. എഴുത്തുകാരന്‍, എഴുതിയത്‌ കീറിക്കളയുന്നതിന്‌ പകരം സ്വന്തം പേനതന്നെ ഒടിച്ച്‌ ദൂരെയെറിയുന്നതുപോലെ വേദന നിറഞ്ഞ ഒരു പ്രവൃത്തി.)

എഴുതുന്നയാള്‍ അയാളുടെ വായനയെ കൂടുതല്‍ ക്രിയാത്മകമാക്കുന്നതെങ്ങിനെ? നമ്മളെ തീക്ഷ്ണമായി ആകര്‍ഷിക്കുന്ന ഓരോ രചനയുടെയും പൊതുഘടനയെ പല ഘടകങ്ങളാക്കി വേര്‍തിരിച്ച്‌ അപഗ്രഥിക്കാന്‍ കഴിയും. ഒരു തരം അപനിര്‍മ്മാണരീതി (deconstruction). പനിനീര്‍പ്പൂവിന്റെ ആകര്‍ഷണീയതയുടെ രഹസ്യം കണ്ടുപിടിക്കാനായി അതിനെ കീറിമുറിച്ച്‌ പരിശോധിക്കുന്നതുപോലെ അപഹാസ്യം എന്ന് പരിഹസിക്കപ്പെട്ടിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത്തരം അപഗ്രഥനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ തികച്ചും വ്യത്യസ്തമായ മറ്റൊരു തലത്തിലാണ്‌.

വിശദമായിപ്പറയാം. നന്നായി സംവേദിക്കുന്ന ഒരു കവിതയെ നിരൂപകന്‍ പദാനുപദമായി വ്യാഖ്യാനിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംവേദനത്തിന്‌ ക്ഷതം സംഭവിക്കുന്നു. കവിതയെ കവിതയുടെ ഭാഷയില്‍ നിന്ന് സാമാന്യഭാഷയിലേക്ക്‌ തര്‍ജ്ജമ ചെയ്ത പോലെ. (സൂസന്‍ സൊന്‍ടാഗാണ്‌ ഇത്‌ പറഞ്ഞതെന്ന് തോന്നുന്നു.) എന്നാല്‍, മേല്‍പ്പറഞ്ഞ തരം വായനയെ താരതമ്യപ്പെടുത്താന്‍ കഴിയുന്നത്‌ ഒരു ഗായകന്‍ തന്നെ പിടിച്ചുലച്ച ഒരു സംഗീതകൃതിയെ വീണ്ടും വീണ്ടും കേള്‍ക്കുന്ന പ്രക്രിയയോടാണ്‌. പാട്ടില്‍ ലയിക്കുകയും അതേ സമയം തന്നെ സൂക്ഷ്മമായ രാഗസഞ്ചാരങ്ങളെ ജാഗ്രതയോടെ പിന്തുടരുകയും ചെയ്യുന്ന ശ്രവണകല. ചിലപ്പോള്‍ പാട്ടിനോടൊപ്പം അയാളും പാടും, ചില വ്യത്യാസങ്ങള്‍ പ്രയോഗിച്ചു നോക്കും. വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ ആ സംഗീതധാരയിലേക്ക്‌ തിരിച്ചുവരും. യുക്തിയില്‍ നിന്ന് യുക്ത്യാതീതമായ ആനന്ദത്തിലേക്കും, തിരിച്ചുമുള്ള നിരന്തരമായ യാത്ര. ചിത്രകലയില്‍ വാന്‍ഗോഗ്‌ പരിശീലിച്ചിരുന്ന, ഒരു പക്ഷേ വളരെ തീവ്രമായി നിലനിര്‍ത്തിപ്പോന്നിരുന്ന ഒന്നാണ്‌ ഇത്തരം പിന്തുടരല്‍. ദെലക്രോയി, ഹിരോഷിഗെ, മിയെ തുടങ്ങിയ ചിത്രകാരന്മാരുടെ രചനകള്‍ അസാമാന്യതീവ്രതയോടെ പകര്‍ത്തി വരച്ചിട്ടുണ്ട്‌, വാന്‍ഗോഗ്‌. ഒാരോ ബ്രഷ്‌ സ്ട്രോക്കിനും പിന്നിലെ രഹസ്യം തിരയാന്‍ അതിനെക്കാള്‍ മികച്ച മാര്‍ഗ്ഗമെന്തുണ്ട്‌? പക്ഷേ, ഇങ്ങനെയുള്ള പകര്‍പ്പ്‌ രചനകളില്‍ പോലും അന്തിമമായി തെളിയുന്നത്‌ വാന്‍ഗോഗിന്റെ കൈയൊപ്പാണ്‌. തികഞ്ഞ ശൈലീവ്യതിയാനം. അതായത്‌ വേറൊരാളിന്റെ രചനാരഹസ്യം തിരഞ്ഞുപോകുക വഴി സ്വന്തം സര്‍ഗ്ഗശൈലിയെ ഉണര്‍ത്തിക്കൊണ്ട്‌ വരികയാണ്‌ അദ്ദേഹം ചെയ്തത്‌. കലാകാരന്റെ തീവ്രാന്വേഷണത്തിന്റെ ഫലശ്രുതി.

ഇതൊക്കെ പറയുമ്പോഴും ഏതൊരു കലാസൃഷ്ടിയ്ക്കും അനുവാചകനോ വിമര്‍ശകനോ പിടിതരാതെ ഒഴിയുന്ന, ചലനാത്മകമായ ഒരു സൗന്ദര്യകേന്ദ്രമുണ്ടെന്ന് തോന്നുന്നു. പക്ഷേ, അത്‌ കൊണ്ട്‌ മാത്രം അന്വേഷണത്തിന്റെ പ്രസക്തിയില്ലാതാകുന്നില്ല. കാരണം ഈയൊരന്വേഷണത്തില്‍ മാര്‍ഗ്ഗത്തിന്‌, ഒരു പക്ഷേ ലക്ഷ്യത്തെക്കാള്‍ വലുതായ, പ്രാധാന്യമുണ്ട്‌. ചെറിയൊരുദാഹരണം പറയാം. വെറുമൊരു വായനക്കാരനെന്ന നിലയില്‍ ചില രചനകളില്‍ കൗതുകകരവും പലപ്പോഴും അലസവുമായ ചില തിരച്ചിലുകള്‍ നടത്തി നോക്കിയിട്ടുണ്ട്‌, ഇതെഴുതുന്നയാള്‍. എന്‍.എസ്‌. മാധവന്റെ 'കപ്പിത്താന്റെ മകള്‍' എന്ന കഥയിലൂടെയും നടത്തിനോക്കി, അത്തരത്തിലൊരു സഞ്ചാരം. (എന്നെ വല്ലാതെയാകര്‍ഷിച്ച ഒരു കഥയാണത്‌. മറ്റു പലരെയും ആകര്‍ഷിച്ചിട്ടുണ്ടാകണമെന്നില്ല.) അതിലെ കേന്ദ്രകഥാപാത്രമായ, മനോവിഭ്രാന്തിയുടെയും വൈകാരികപതനങ്ങളുടെയും നടുവില്‍പ്പെട്ടുഴറുന്ന, മാളവികയെന്ന ചിത്രകാരിയുടെ ഭൂതകാലം വെളിപ്പെടുത്തുന്ന ഭാഗങ്ങളെല്ലാം തന്നെ വളരെ നിര്‍ണ്ണായകങ്ങളാണ്‌. താന്‍ കുട്ടിയായിരിക്കുമ്പോള്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക്‌ സമുദ്രസഞ്ചാരം നടത്തുന്ന പിതാവുമായി അവള്‍ക്കുള്ള ബന്ധം തുറമുഖങ്ങളില്‍ നിന്ന് അദ്ദേഹം അയയ്ക്കുന്ന കത്തുകളിലൂടെ മാത്രമായിരുന്നു. എല്ലാ കത്തുകളുടേയും ഉള്ളടക്കം ഏതാണ്ടൊന്നുതന്നെയായിരുന്നുവെന്നറിയാവുന്ന കുഞ്ഞുമാളവികയുടെ കൗതുകം മുഴുവന്‍ കത്തുകളിന്മേല്‍ പതിച്ചിരുന്ന, വിവിധരാജ്യങ്ങളുടെ സ്‌റ്റാമ്പുകളോടായിരുന്നു. സ്‌റ്റാമ്പുകളോട്‌ തോന്നുന്ന കൗതുകവുമായി നമുക്ക്‌ വളരെ പെട്ടെന്ന് അടുക്കാന്‍ കഴിയുമല്ലോ. മാളവികയ്ക്ക്‌ വരുന്ന കത്തുകളില്‍ പതിച്ച ആ സ്‌റ്റാമ്പുകളില്‍ ആ കഥയുടെയും (അതിന്റെ സംവേദനതീവ്രതയുടെ) ആ കഥാപാത്രത്തിന്റെ ദുരന്തത്തിന്റെയും ഹൃദയരഹസ്യം ഒളിഞ്ഞിരിക്കുന്നത്‌ പോലെ എനിക്ക്‌ തോന്നി. അഥവാ, സ്‌റ്റാമ്പുകളെപ്പറ്റിയുള്ള ആ ഓര്‍മ്മയെ തനിച്ച്‌ നിര്‍ത്തി നോക്കിയപ്പോള്‍, കഥാശരീരത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ഒരു സുപ്രധാന അവയവമാണല്ലോ താരതമ്യേന ചെറിയ ആ പരാമര്‍ശമെന്ന ബോധ്യം ശക്തിപ്പെടുകയാണുണ്ടായത്‌. പക്ഷേ അതുകൊണ്ട്‌ മാത്രം ആ കഥയുടെ പിന്നിലെ രചനാപ്രക്രിയ വെളിവായിക്കിട്ടി എന്നര്‍ത്ഥമില്ല താനും. എങ്കിലും, ഞാനൊരു കഥയെഴുത്തുകാരനാണെങ്കില്‍ എന്റെ തന്നെ രചനകളെ വിലയിരുത്താന്‍ ചെറുതല്ലാത്ത തരത്തിലുള്ള പ്രയോജനം ചെയ്യും, അത്തരം അന്വേഷണങ്ങളെന്നതില്‍ സംശയമില്ല.

ഫലപ്രദമായ വായനയിലൂടെ പ്രതിഭാശാലികളായ എഴുത്തുകാരുടെ രചനാസങ്കേതങ്ങളുടെ വേരുകള്‍ അന്വേഷിച്ചുപോയതു കൊണ്ടു മാത്രം സ്വയം വിമര്‍ശനമെന്ന കടമ്പ വിദഗ്ദമായി കടക്കാനാകണമെന്നില്ല. അതിന്‌ സ്വന്തം രചനയില്‍ നിന്ന്, അത്‌ പൂര്‍ണ്ണമായിക്കഴിഞ്ഞ ശേഷമെങ്കിലും, വൈകാരികമായ അകലം പാലിക്കാനും കഴിയേണ്ടതുണ്ടെന്ന് തോന്നുന്നു.

ഷഗാളിന്റെ ഒരു ചിത്രം


















ഇത്‌, വായനയിലൂടെ, നിരീക്ഷണത്തിലൂടെ ആര്‍ജ്ജിക്കുന്ന ശേഷിയെ സ്വന്തം രചനാശേഷിയുടെ അതിരുകള്‍ വികസിപ്പിക്കാനായി ഉപയോഗിക്കുന്ന കാര്യം. തന്റെ കലാസൃഷ്ടിയെ വിലയിരുത്താനായി മാര്‍ക്‌ ഷഗാള്‍ എന്ന റഷ്യന്‍ ചിത്രകാരന്‍ ഉപയോഗിച്ചിരുന്ന ലളിതവും എന്നാല്‍ അത്ഭുതാവഹവുമായ ഒരു മാര്‍ഗ്ഗത്തെപ്പറ്റി വായിച്ച ഓര്‍മ്മയുണ്ട്‌. ഇത്തരം കാര്യങ്ങളില്‍ വച്ച്‌ ഏറ്റവും ആകര്‍ഷകമായിത്തോന്നിയ ഒന്ന്. പൂര്‍ത്തിയായിക്കഴിഞ്ഞ പെയിന്റിംഗിന്‌ നേരെ പ്രകൃതിജന്യമായ, അതായത്‌ മനുഷ്യന്‍ കൃത്രിമമായി സൃഷ്‌ടിച്ചതല്ലാത്ത, ഏതെങ്കിലുമൊരു വസ്തു വയ്ക്കും, ഷഗാള്‍. അത്‌ ഒരു ചെറിയ മരച്ചില്ലയാകാം, വലിയൊരു പുഷ്‌പമാകാം, സ്വന്തം കൈ പോലുമാകാം. എന്നിട്ട്‌ ആ വസ്തുവിനേയും പെയിന്റിംഗിനേയും താരതമ്യം ചെയ്യും. (ഷഗാള്‍ യഥാതഥസമ്പ്രദായത്തില്‍ (realistic) വരയ്‌ക്കുന്ന ആളല്ലായിരുന്നുവെന്നോര്‍ക്കണം.) അപ്പോള്‍ പെയിന്റിംഗിന്‌ എന്തെങ്കിലും ന്യൂനത തോന്നിയാല്‍ ആ രചന നന്നല്ലെന്ന് അദ്ദേഹം അനുമാനിച്ചിരുന്നത്രെ. ഇതിനെ എങ്ങനെ വിശദീകരിക്കും? കലാസൃഷ്ടിയില്‍ പ്രകടമാകുന്ന ലയം, നിറങ്ങളുടെയും രൂപങ്ങളുടെയും തുലനം എന്നിവ ഒരു സവിശേഷരീതിയില്‍ പ്രകൃതിയിലുള്ള അതേ പ്രതിഭാസങ്ങള്‍ക്ക്‌ നേരനുപാതത്തിലായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

താന്‍ എഴുതാനിരിക്കുമ്പോഴൊക്കെ എഴുത്തുമേശപ്പുറത്തെ പൂപ്പാത്രത്തില്‍ മഞ്ഞപ്പൂക്കളുണ്ടായിരിക്കണമെന്ന മാര്‍കേസിന്റെ, അന്ധവിശ്വാസത്തോടടുത്തു വരുന്ന, ആഗ്രഹത്തെ ഇതുമായി കൂട്ടിവായിച്ചു നോക്കൂ. എഴുത്ത്‌ തുടങ്ങുന്നതിന്‌ മുന്‍പ്‌ തന്നെ കൃതിയെ വിലയിരുത്തുന്ന ഏതോ 'മാജിക്കല്‍ റിയലിസ്റ്റിക്‌' പദ്ധതിയുടെ ഭാഗമായിരിക്കുമോ അത്‌?



ഒന്നാമടിക്കുറിപ്പ്‌: വല്ല വിധേനയും എഴുതിത്തീര്‍ത്തു. സ്വയം വിമര്‍ശിക്കാനുള്ള ധൈര്യം തോന്നുന്നില്ല!

രണ്ടാമടിക്കുറിപ്പ്‌: ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന പലതും (മാധവന്റെ കഥ, കുറൊസാവയുടെ പുസ്തകം തുടങ്ങിയതെല്ലാം) ഓര്‍മ്മയെ മാത്രം അവലംബിച്ചെഴുതിയതാണ്‌. തെറ്റുകളുണ്ടെങ്കില്‍ ക്ഷമിക്കുകയും തിരുത്തുകയും ചെയ്യുക.

Saturday, December 02, 2006

ഒക്‍ടേവിയോ പാസിന്റെ രണ്ട്‌ കവിതകള്‍ കൂടി

1. ഉള്‍വശം

അടരാടുന്ന ചിന്തകള്‍
എന്റെ തലയോട്‌ പിളര്‍ത്താന്‍ ശ്രമിക്കുന്നു.
ഈ രചന
കിളികളുടെ തെരുവിലൂടെ നീങ്ങുന്നു.
എന്റെ കൈ ഉച്ചത്തില്‍ ചിന്തിക്കുന്നു.
ഒരു വാക്ക്‌ മറ്റൊന്നിലേക്ക്‌ വിളിക്കുന്നു.

ഞാനെഴുതുന്ന ഈ പേജില്‍
ഉണ്മകള്‍ വരികയും പോകുകയും ചെയ്യുന്നത്‌ എനിക്ക്‌ കാണാം.
പുസ്തകവും നോട്ടുബുക്കും
അവയുടെ ചിറകുകള്‍ വിരിച്ച്‌ വച്ച്‌ വിശ്രമിക്കുന്നു.

വിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട്‌.
സമയം ഒരു കിടക്കയെന്നോണം
തുറക്കുകയും അടയുകയും ചെയ്യുന്നു.

ചുവന്ന കാലുറ ധരിച്ച്‌
വിളര്‍ത്ത മുഖവുമായി
നീയും രാത്രിയും അകത്ത്‌ പ്രവേശിക്കുന്നു.


2. ഇണകള്‍

എന്റെ ശരീരത്തില്‍
നീ തിരയുന്നു, പര്‍വ്വതത്തിലെന്നോണം,
അതിന്റെ വനത്തില്‍ മറവു ചെയ്യപ്പെട്ട സൂര്യനു വേണ്ടി.

നിന്റെ ഉടലില്‍
ഞാന്‍
നിശയുടെ മദ്ധ്യത്തില്‍ ഒഴുകി നടക്കുന്ന
വഞ്ചിക്കായി തിരയുന്നു.