Wednesday, June 25, 2008

മിനിമം മര്യാദ കാണിക്കണം!

പാഠപുസ്തകപ്രശ്നത്തില്‍ ഉചിതമായ പരിഹാരം കാണാന്‍ കേരളസര്‍‌ക്കാരിന് എന്തിനാണിത്ര ആശങ്ക? പൌവത്തിലും ലീഗും ചെന്നിത്തലയും ബ്രാഹ്മിണ്‍ ഫെഡറേഷനും അവരോടൊക്കെയൊപ്പമുള്ള ജനലക്ഷങ്ങളും ‘അബദ്ധജടിലവും സത്യവിരുദ്ധവു’മായ ഉള്ളടക്കത്തിനെതിരെ ഇത്രയും പ്രതിഷേധിച്ചത് പോരെന്നാണോ? ഹിന്ദു പാഠപുസ്തകം, കൃസ്ത്യന്‍ പാഠപുസ്തകം, മുസ്ലീം പാഠപുസ്തകം എന്നൊക്കെ വേറെ വേറെ ബുക്കുകള്‍ അച്ചടിക്കുന്നതിനും അതാത് പിള്ളേരെയെല്ലാം പ്രത്യേകം ക്ലാസ്സുകളില്‍ ഇരുത്തി പഠിപ്പിക്കുന്നതിനും എന്തു തടസ്സമാണുള്ളത്? ഏകദൈവവിശ്വാസം, ബഹുദൈവവിശ്വാസം, ദിവ്യഗര്‍‌ഭം, വിഗ്രഹാരാധന, വിഗ്രഹവിരോധന ഒക്കെ ഒരേ സമയം പരമസത്യങ്ങളും പുരോഗമനാത്മകവും യുക്തിഭദ്രവും ശാസ്ത്രീയവുമാണെന്നു ഒറ്റപ്പുസ്തകത്തില്‍ പഠിപ്പിക്കാതിരിക്കുക എന്ന മിനിമം മര്യാദ കാണിച്ചാല്‍ എല്ലാവര്‍‌ക്കും പ്രയോജനപ്രദമായിരിക്കുമെന്നു പ്രത്യേകം പറയേണ്ടല്ലോ?

Wednesday, June 18, 2008

കവിത + വിഷ്ണുപ്രസാദ്‌



നിള, എഴുത്തുകാരന്‍, ടിപ്പിക്കല്‍ ഐറ്റം, ക്ലീഷേ എന്നൊക്കെ പറയാന്‍ വരട്ടെ. കുറച്ചു വ്യത്യാസങ്ങളുണ്ട്‌. സംഗതി ഭാരതപ്പുഴ തന്നെ. വിഷ്ണുപ്രസാദ്‌ ഒരു എഴുത്തുകാരനാണു താനും. പക്ഷേ ഒന്നാമതായി ശ്രദ്ധിക്കേണ്ട സംഗതി അയാള്‍ ആകാശത്തേക്കോ അനന്തതയിലേക്കോ നോക്കി നില്‌ക്കുകയല്ലെന്നതാണ്‌. മറിച്ച്‌ താഴേക്കു നോക്കി നടക്കുകയാണ്‌. രണ്ടാമതായി, വിഷ്ണു ധരിച്ചിരിക്കുന്നത്‌ ഗൃഹാതുരത്വപ്രിയനായ ഒരെഴുത്തുകാരനു നിരക്കുന്ന വെളുത്ത വേഷ്ടിയല്ല, മാടിക്കുത്തിയ ലുങ്കിയാണ്‌. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ സംഗതി ഇതാണ്‌: ഇദ്ദേഹം ഏതെങ്കിലും സാഹിത്യമാസികയിലെ ഫീച്ചറിനു വേണ്ടിയോ അഭിമുഖത്തിനൊരലങ്കാരമെന്ന നിലയ്ക്കോ പോസ്‌ ചെയ്തതല്ല. കുട്ടികള്‍ പുഴയില്‍ തിമര്‍ക്കുമ്പോള്‍ അവര്‍ക്കു കുഴപ്പം വല്ലതും പറ്റാതിരിക്കാനായി കൂടെയിറങ്ങിയതാണ്‌. 'ഗ്ലോറിഫൈ' ചെയ്യാന്‍ പറ്റിയ ഒന്നും ഈ ദൃശ്യത്തിലില്ലെന്നു ചുരുക്കം.

കവിത വായിക്കുന്നവര്‍ക്ക്‌ അതെഴുതിയ ആളിന്റെ സാന്നിദ്ധ്യം, പക്ഷേ, ചില പ്രത്യേകതോന്നലുകളുണ്ടാക്കും. സാധാരണരീതിയില്‍ അവരോടിടപെടുമ്പോഴും അസാധാരണമായ എന്തോ ഒന്ന് ഓരോ നിമിഷത്തിനും അകമ്പടി സേവിക്കുന്നതായി അനുഭവപ്പെടും. എഴുത്തിനെയും മനുഷ്യരെയും കൂട്ടിക്കുഴയ്ക്കുക എന്ന മുന്‍വിധി ആരെക്കുറിച്ചും ഉണ്ടാകരുതെന്ന കടുത്ത വാശിയുള്ളതുകൊണ്ടാവണം, വിഷ്ണുപ്രസാദിനെ കാണുമ്പോഴൊക്കെ 'കായ്ച്ചു എന്ന ഒറ്റക്കുറ്റത്തിനാണ്‌ മാവ്‌ ഏറു കൊള്ളുന്ന'തെന്നും 'പിടിക്കപ്പെടുന്നതിന്റെ ത്രില്‍ നിഷേധിക്കലാണ്‌ ഒരു കള്ളനോടു ചെയ്യാവുന്ന കടുത്ത അനീതി'യെന്നും 'ഇല്ലാത്തവയെ ഉള്ളവയ്ക്ക്‌ ഭയമാണെ'ന്നും 'കെട്ടു പൊട്ടിച്ചോടിയ രണ്ടു കിലോമീറ്റര്‍ ദൂരമാവണം പശു പിന്നീട്‌ അയവിറക്കുന്നതെ'ന്നുമൊക്കെ കണ്ടെടുക്കുന്ന ഏതോ വിചിത്രേന്ദ്രിയം പേറുന്ന ഒരാളുടെ സാന്നിദ്ധ്യമെന്ന തോന്നലിനെ പ്രതിരോധിക്കാന്‍ പെടാപ്പാട്‌ പെട്ടിട്ടുണ്ട്‌, ഇതെഴുതുന്നയാള്‍.

ഒന്നരവര്‍ഷത്തിലേറെയായി നിരന്തരം പ്രതിഭാഷ സന്ദര്‍ശിക്കുന്ന ആര്‍ക്കും ഉണ്ടാകാവുന്ന പ്രതിസന്ധിയാകണമത്‌. ഇപ്പോള്‍, വിഷ്ണുവിന്റെ ആദ്യത്തെ പുസ്തകം, കുളം + പ്രാന്തത്തി, കയ്യില്‍ കിട്ടിയതുമുതല്‍ ആ പ്രതിസന്ധി രൂക്ഷമാവുകയാണ്‌. കാരണം, സാഹിത്യരചനകളുടെ കാര്യമെടുത്താല്‍, കമ്പ്യൂട്ടര്‍ സ്ക്രീനണച്ചാല്‍ അപ്രത്യക്ഷമാകുന്ന ബ്ലോഗിനെക്കാള്‍ എപ്പോഴും കയ്യെത്തി എടുക്കാവുന്ന, എപ്പോള്‍ വേണമെങ്കിലും കണ്ണിനെ പിടിച്ചു വലിക്കാവുന്ന പുസ്തകത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ 'മാരക'മാണ്‌. ഇന്റര്‍നെറ്റ്‌ യുഗത്തിനും മുമ്പേ വായനയെന്ന 'ദുശ്ശീല'ത്തിനടിമയായവന്റെ മേല്‍ അച്ചടിക്കപ്പെട്ട വാക്കുകള്‍ ചെയ്യുന്ന ആഭിചാരക്രിയയുടെ ശക്തിയും കൂടിയാവുമ്പോള്‍ ചിത്രം പൂര്‍ണ്ണമായി. എന്നിട്ടും, 'വിഷ്ണുപ്രസാദിന്റേതായി കൂടുതല്‍ കവിതകളും കൂടുതല്‍ പുസ്തകങ്ങളുമുണ്ടാകട്ടെ' എന്നാഗ്രഹിച്ചു പോകുന്നതിനെ എന്തു പേരിട്ടു വിളിക്കും? മസൊക്കിസം? അതോ സ്റ്റോക്‍ഹോം സിന്‍ഡ്രോമെന്നോ?


............................................................................................................
'കുളം + പ്രാന്തത്തി'യുടെ പ്രകാശനത്തെക്കുറിച്ച്‌ സനാതനന്‍ എഴുതിയ ഹൃദ്യമായ കുറിപ്പ്‌ ഇവിടെ വായിക്കാം. പുസ്തകം വാങ്ങാനുള്ള ലിങ്ക്‌ ഇതാണ്‌.