Monday, June 04, 2007

മരണാനന്തരബഹുമതി

അന്യാദൃശമായ പ്രതിഭയും ജീവിതത്തെ സംബന്ധിച്ച കാവ്യാത്മകമായ ഉള്‍ക്കാഴ്‌ചയുമുള്ള ഒരെഴുത്തുകാരി. അക്ഷരത്തെ സ്നേഹിക്കുന്ന ആരും ആദരവോടെ മാത്രം കാണുന്ന വ്യക്തിത്വം. അവരുടെ 'ചെരുപ്പിന്റെ വാറഴിക്കാന്‍' പോലും യോഗ്യതയില്ലാത്ത ഒരാള്‍ അവരെപ്പറ്റി മഞ്ഞപ്പുസ്തകങ്ങള്‍ നാണിച്ചുപോകുന്ന ഭാഷയില്‍ എന്തൊക്കെയോ എഴുതിക്കൂട്ടുന്നു. നോവല്‍ എന്നു വിളിക്കുന്നു. പ്രസിദ്ധീകരിക്കുന്നു. പ്രസാധകന്റെ കയ്യില്‍ നിന്നും പ്രതിഫലവും അനാഗതശ്മശ്രുക്കളുടെയും ഞരമ്പുരോഗികളുടെയും രഹസ്യാദരവും കൈപ്പറ്റി ആത്മനിര്‍വൃതിയടയുന്നു.

കാലമേറെ ചെല്ലുന്നു. എല്ലാ ജീവജാലങ്ങളെയും പോലെ പ്രസ്തുത നോവലെഴുത്തുകാരനും മരണമടയുന്നു. 'കുനിഞ്ഞ ശിരസ്സുകളോടെയും വിങ്ങുന്ന ഹൃദയങ്ങളോടെയും' ജനം ക്യൂവായി നിന്ന് 'ജനകീയസാഹിത്യപ്രതിഭയ്ക്ക്‌' ആദരാഞ്ജലികളര്‍പ്പിക്കുന്നു. സര്‍വ്വം മംഗളം, ശുഭം.

മരിച്ചുകഴിഞ്ഞാല്‍ ഏതു പരമനീചനെയും അവധൂതനാക്കുന്ന കലാപരിപാടിയെ എന്തു പേരിട്ടു വിളിക്കും? ചികിത്സ ആവശ്യമുള്ള രോഗമെന്നോ?

അന്യന്റെ കിടപ്പറയില്‍ ഒളിഞ്ഞു നോക്കാനുള്ള വ്യഗ്രത, സ്ത്രീകള്‍ എന്തുതരം കഴിവുകളുള്ളവരാണെങ്കിലും അവരെപ്പറ്റി താണതരം അശ്ലീലം മാത്രം പറഞ്ഞ്‌ രസിക്കല്‍ എന്നിങ്ങനെ പലതരം വൈകൃതങ്ങള്‍ മലയാളി 'സൈക്കി'യുടെ ഭാഗമാണെന്നു മാത്രമല്ല, അവയൊക്കെ ഒരളവു വരെ സ്വീകാര്യത നേടിയിട്ടുള്ള ഒരു സമൂഹവുമാണ്‌ നമ്മുടേത്‌. അപ്പോള്‍ അത്തരം മനോനിലയെ പരസ്യാഘോഷമാക്കി മാറ്റുന്നവര്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്‌ സ്വാഭാവികം. മറിച്ച്‌, അവനവന്റെ ജീവിതത്തെ നിരീക്ഷണവസ്തുവാക്കാന്‍ തുനിയുന്ന എഴുത്തുകാര്‍ 'തെറിച്ചവ'രായി എണ്ണപ്പെടുകയും ചെയ്യും. മലയാളം മരിക്കാതിരിക്കുന്നതിനോടൊപ്പം മലയാളിയുടെ ശീലങ്ങളും മരിക്കാതിരിക്കട്ടെ.