അന്നു രാത്രി ബാറില്‍ വച്ചു കണ്ടുമുട്ടിയ അപരിചിതനായ വിദേശി യുവാവിനൊപ്പം ഒരേ കിടക്കയില്‍ ശയിക്കുമ്പോള്‍, രതിയുടെ മൂര്‍ദ്ധന്യനേരത്തും ഉല്ല തിരിച്ചറിയുന്നത് താന്‍ എന്തുമാത്രം ഒറ്റപ്പെട്ടിരിക്കുന്നുവെന്നതാണ്. ദിവസങ്ങള്‍ക്കു മുമ്പ് മാത്രം മരണപ്പെട്ട ഭര്‍ത്താവിനെക്കുറിച്ച് പോളിഷ് ഭാഷയില്‍, വിഷാദം കലര്‍ന്ന സ്വരത്തില്‍ അവള്‍ സംസാരിക്കുന്നു. ആ സംഭാഷണം തന്റെ താല്‌ക്കാലിക ലൈംഗികപങ്കാളിയില്‍ വിശേഷിച്ചൊരു ചലനവും സൃഷ്ടിക്കാന്‍ പോകുന്നില്ലെന്ന് അവള്‍ക്ക് ബോധ്യമുണ്ട്. എങ്കിലും അവള്‍ക്ക് ആന്റെക്കിനെക്കുറിച്ച് സംസാരിക്കാതിരിക്കാനാകുന്നില്ല. ഈ യുവാവിനെ സംബന്ധിച്ചിടത്തോളം വെറും അമ്പത് ഡോളറിന് ഒത്തുകിട്ടിയ തരക്കേടില്ലാത്ത ഒരന്തിക്കൂട്ട് മാത്രമാണ് താനെന്ന അറിവ് അവളുടെയുള്ളില്‍ നിസ്സംഗമായ ഒരു പുഞ്ചിരിയുണര്‍ത്തുന്നുണ്ടെന്നത് ബാറില്‍ വച്ച് അയാള്‍ ഇടപാട് ഉറപ്പിക്കുന്ന ദൃശ്യത്തില്‍ തന്നെ വെളിപ്പെടുന്നുണ്ട്. ഉല്ലയ്ക്ക് അയാളുമായുള്ള രതി കേവലം ശാരീരികാവശ്യം നിറവേറ്റലല്ല. രതിമൂര്‍ച്ഛയിലൂടെ, മനസ്സില്‍ നാളുകളായി വിങ്ങിനിറയുന്ന ആത്മനിന്ദയോടടുത്തു നില്‌ക്കുന്ന വികാരത്തെ അതിന്റെ പരകോടിയിലെത്തിക്കുകയാണവള്‍. "നിന്റെ കൈകള്‍ ആന്റെക്കിന്റേതു പോലെയിരിക്കുന്നു." എന്ന അവളുടെ വചനത്തിനോട് പോളിഷ് ഭാഷ വശമില്ലാത്ത അയാളുടെ ഭാഗത്തുനിന്ന് വിശേഷിച്ചൊരു പ്രതികരണവുമുണ്ടാകുന്നില്ല. ഇംഗ്ലീഷില്‍ സംസാരിക്കാനായുള്ള അയാളുടെ അഭ്യര്‍ത്ഥന അവള്‍ നിരസിക്കുകയും ചെയ്യുന്നു. ഉല്ലയ്ക്ക് അയാളുടെ പ്രതികരണം ആവശ്യമുണ്ടായിരുന്നില്ല. അവളുടേത് ഏതാണ്ടൊരു ആത്മഭാഷണമായിരുന്നു. ആ അപരിചിതയുവാവിനോട് അനുതാപപൂര്‍വ്വം, "നിനക്കൊന്നും മനസ്സിലാകില്ല. അത് എന്റെ പ്രശ്നമാണ്", എന്ന് മൊഴിയുന്നുമുണ്ടവള്‍. തന്നോടൊപ്പം അത്താഴം കഴിക്കുവാനും ആ രാത്രി മുഴുവന്‍ ചിലവഴിക്കാനുമുള്ള അയാളുടെ ക്ഷണം വിശേഷിച്ചൊരു വികാരവും പ്രകടിപ്പിക്കാതെ നിരസിക്കുകയാണവള്‍.
'നോ എന്‍ഡ്' എന്ന ചലച്ചിത്രം ഉര്‍സുല സൈറോ എന്ന ഉല്ലയുടെ മാത്രം കഥയല്ല. അത്യന്തം ഇഴമുറുക്കമുള്ള ദൃശ്യങ്ങളിലൂടെ പോളിഷ് ചലച്ചിത്രാചാര്യന്‍ ക്രിസ്തോഫ് കീസ്‌ലോവ്‌സ്‌കി നിര്‍വ്വഹിക്കുന്നത് ഒറ്റപ്പെടലെന്ന മനുഷ്യാവസ്ഥയെക്കുറിച്ചുള്ള തീവ്രവും കാവ്യാത്മകവുമായ ഒരു ഓര്‍മ്മപ്പെടുത്തലാണ്. നീതിയുടെ പക്ഷത്തു നിലകൊള്ളുകയും തൊഴില്‍സമരം നടത്തിയതിന്റെ പേരില്‍ ജയിലിലാകുകയും, തന്റെ നല്ലവനായ അഭിഭാഷകന്റെ മരണത്തെത്തുടര്‍ന്ന് ജയില്‍മോചനം അനിശ്ചിതത്വത്തിലാകുകയും തന്റെ മോചനത്തിന് വേണ്ടി അസത്യപ്രസ്താവം നടത്താന്‍ വിസമ്മതിക്കുകയും ചെയ്യുന്ന ഡാരെക് എന്ന യുവാവ്, ഭര്‍ത്താവിന്റെ മോചനത്തിനായി ചെറിയ മകളെയും കൂട്ടി വക്കീലിനെക്കാണാനും രേഖകള്‍ ശരിയാക്കുവാനും മറ്റുമായി നിരന്തരം അലയുന്ന ഡാരെക്കിന്റെ പത്നി, പ്രിയസുഹൃത്തിന്റെ മരണവും അയാളുടെ വിധവയുടെ, താന്‍ രഹസ്യമായി പ്രണയിച്ചിരുന്നവളുടെ, നിരാകരണവും ഈ നഗരത്തില്‍ താന്‍ അന്യനാണെന്ന തിരിച്ചറിവും സ്വന്തം ജന്മദേശത്തേക്ക് മടങ്ങിപ്പോകാനുള്ള പ്രേരണകളായി സ്വീകരിക്കുന്ന ടോമെക്ക് (ആന്റെക്കിന്റെ സുഹൃത്ത്), തന്റെ സുദീര്‍ഘമായ കര്‍മ്മജീവിതത്തിന്റെ നിരര്‍ത്ഥകത തിരിച്ചറിയുന്ന വൃദ്ധനായ ലാബ്രഡോര്‍ എന്ന വക്കീല്‍ എന്നിങ്ങനെ ഏകാന്തതയുടെ വൈവിധ്യമാര്‍ന്ന പ്രതീകങ്ങളെന്നോണം ചലിക്കുന്ന കുറേ കഥാപാത്രങ്ങളുണ്ട് ഈ സിനിമയില്‍. ഇവരെയെല്ലാം തമ്മില്‍ അടക്കിപ്പിടിച്ച ശോകം കൊണ്ട് നെയ്തൊരു അദൃശ്യച്ചരടാലെന്നോണം ബന്ധിപ്പിക്കുന്ന പരേതനായ ആന്റെക്കിന്റെ സാന്നിദ്ധ്യവുമുണ്ട് ചിത്രത്തിലുടനീളം.
സിനിമ തുടങ്ങുമ്പോള്‍ തന്നെ ആന്റെക്കിനെ നമുക്ക് കാണാം. അയാള്‍ മരിച്ചു കഴിഞ്ഞിരുന്നു. സ്വന്തം മരണത്തെ വിവരിക്കുന്ന ആന്റെക്കിന്റെ വാക്കുകളാണ് നമ്മളെ സിനിമയുടെ കഥയിലേക്ക് നയിക്കുന്നത് തന്നെ. പ്രഭാതത്തില്‍ ഓഫീസിലേക്ക് പുറപ്പെടാനായി കാറിലിരിക്കുമ്പോഴാണ് മരണം അയാളെ തന്റെ തണുത്ത ആശ്ലേഷത്തിനടിപ്പെടുത്തുന്നത്. ഉല്ലയും മകനും വീടിനുള്ളിലായിരുന്നതിനാല്‍ മരണനിമിഷത്തില്‍ ആന്റെക്ക് തീര്‍ത്തും തനിച്ചായിരുന്നു. തന്റെ മരണം വിവരിക്കുന്ന ആന്റെക്കിന്റെ വാക്കുകളില്‍ അതിവൈകാരികത തീരെയില്ല. പക്ഷേ ആന്റെക്കിന്റെ ശോകഛവിയാര്‍ന്ന മുഖത്തിന്റെ സമീപദൃശ്യവും ഏകാഗ്രതയ്ക്ക് ഭ്രംശം വരാത്ത വിധമുള്ള പ്രകാശവിന്യാസവും കൂടിച്ചേരുമ്പോള്‍ ആ വാക്കുകള്‍ പ്രേക്ഷകഹൃദയത്തിലേക്കുള്ള പാത അനായാസം കണ്ടെത്തുന്നു. തുടക്കത്തിലുള്ള ആന്റെക്കിന്റെ സാന്നിദ്ധ്യവും വാക്കുകളും നല്‌കുന്ന അനുഭവം, പ്രേക്ഷകനെ ചിത്രത്തിന്റെ തുടര്‍ന്നുള്ള ഗതിയില്‍ ലയിച്ചുചേരാന്‍ തെല്ലൊന്നുമല്ല സഹായിക്കുന്നത്.
ഭര്‍ത്താവിന്റെ ശവസംസ്കാരം കഴിഞ്ഞ് ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ് ഉല്ല. സമര്‍ത്ഥനും സമ്മതനുമായ ഒരു അഭിഭാഷകനായിരുന്നു ആന്റെക്ക്. തൊഴിലാളിനേതാവായ ഡാരെക്കിന്റെ കേസ് കൈകാര്യം ചെയ്തിരുന്നത് ആന്റെക്കാണ്. തൊഴില്‍സമരം നയിച്ചതിന് ജയിലിലാക്കപ്പെട്ട ഡാരെക്കിനെ മോചിപ്പിക്കാന്‍ അയാള്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നത് ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ വെളിപ്പെടുന്നുണ്ട്. ഭര്‍ത്തൃവിയോഗം നല്‌കിയ ശോകത്തില്‍ നിന്ന് മുക്തയാകും മുമ്പു തന്നെ ഡാരെക്കുമായി ബന്ധപ്പെട്ട വ്യവഹാരത്തിന്റെ സംഭവഗതികളിലിടപെടാന്‍ പ്രേരിതയാകുകയാണ് ഉല്ല. തുടക്കത്തില്‍ നിസ്സംഗത പുലര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും ഡാരെക്കിന്റെ നിരാലംബയായ ഭാര്യയുടെ സാന്നിദ്ധ്യത്തെ അവഗണിക്കാന്‍ ഉല്ലയ്ക്കാകുന്നില്ല. കേസ് വാദിക്കാന്‍ മറ്റൊരു വക്കീലിനെ കണ്ടുപിടിക്കാന്‍ അവളെ സഹായിക്കുവാന്‍ സന്നദ്ധയാകുന്ന ഉല്ല, ആന്റെക്കിന്റെ ഔദ്യോഗികജീവിതത്തിന്റെ ആദ്യനാളുകളില്‍ അദ്ദേഹത്തിന്റെ സീനിയറായിരുന്ന ലാബ്രഡോറിന്റെ പേരാണ് നിര്‍ദ്ദേശിക്കുന്നത്. വൃദ്ധനായ ലാബ്രഡോറാകട്ടെ, പോളിഷ് ഭരണകൂടം തികഞ്ഞ കാര്‍ക്കശ്യം കാട്ടിയിരുന്ന കാലഘട്ടമായതിനാല്‍ മറ്റു പല അഭിഭാഷകരേയും പോലെ രാഷ്ട്രീയവ്യവഹാരങ്ങളിലിടപെടുന്നത് തീരെ ഒഴിവാക്കിയിരുന്നു. എങ്കിലും തന്റെ തൊഴില്‍ജീവിതത്തിന്റെ അവസാനനാളുകളിലെത്തി നില്‌ക്കുന്ന ലാബ്രഡോര്‍ ആ കേസ് ഏറ്റെടുക്കുക തന്നെ ചെയ്യുന്നു. അയാളെ സംബന്ധിച്ചിടത്തോളം തന്റെ തൊഴിലിനെയും ജീവിതത്തെത്തന്നെയും വിഭിന്നമായ ഒരു കോണിലൂടെ നോക്കിക്കാണാനിടയാക്കിയ ഒന്നായി മാറുകയും ചെയ്യുന്നുണ്ട് ആ കേസ്. ഒരു ഘട്ടത്തില്‍, ആത്മനിന്ദ കലര്‍ന്ന സ്വരത്തില്‍ ലാബ്രഡോര്‍ തന്റെ സഹായിയോട് ഇങ്ങനെ പറയുന്നു പോലുമുണ്ട്: "കുറ്റവാളികള്‍ ശിക്ഷയില്‍ നിന്ന് വിടുതി നേടാനാശിക്കുന്നു. ഇവിടെയിതാ, നിരപരാധിയായ ഒരാള്‍ താന്‍ മോചനമാഗ്രഹിക്കുന്നില്ലെന്നു പറയുന്നു!" ഡാരെക്കിന്റെ മോചനത്തിനു ശേഷം തന്റെ മനോദുരിതത്തില്‍ നിന്നുള്ള അന്തിമമായ മോചനമാര്‍ഗ്ഗത്തിലേക്കെത്തുന്ന ഉല്ലയിലാണ് സിനിമയവസാനിക്കുന്നത്.
കീസ്‌ലോവ്‌സ്കി (ചിത്രത്തിന് കടപ്പാട്: my.dreamwiz.com)
ഉല്ലയെ അവതരിപ്പിക്കുന്ന ഗ്രാസിന സപൊലോവ്‌സ്‌കയടക്കമുള്ള അഭിനേതാക്കളെല്ലാം തന്നെ കൃത്യതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുകയും കഥയുടെ മ്ലാനതലങ്ങളെ സൂക്ഷ്മമായി പ്രതിഫലിപ്പിക്കും വിധം സ്ലവോമിര്‍ ഇദ്സ്യാക് ക്യാമറ ചലിപ്പിക്കുകയും ചെയ്തിരിക്കുന്ന ഈ ചിത്രം സ്വന്തം കലയുടെ മേല്‍ കീസ്‌ലോവ്‌സ്കിയ്ക്കുള്ള അന്യൂനമായ കയ്യടക്കത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്. പുറംവാതില്‍ രംഗങ്ങള്‍ തീരെ കുറവാണ് ഈ സിനിമയില്‍. നിഴലും വെളിച്ചവും ഇടകലരുന്ന അകത്തളങ്ങളില്‍ അഭിനേതാക്കളുടെ സമീപദൃശ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‌കിയുള്ള ചിത്രീകരണരീതി കാഴ്‌ചക്കാരനെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലേക്ക് കലാത്മകമായി വലിച്ചടുപ്പിക്കുന്നു. ഒരേ സമയം തന്നെ നമ്മെ ബൗദ്ധികമായി പ്രചോദിപ്പിക്കുകയും വൈകാരികമായി സ്വാധീനിക്കുകയും ചെയ്യുന്നതാണ് ഈ വിശ്രുതചലച്ചിത്രകാരന്റെ കല.
ഒരു മരണം. വിധവയായിത്തീരുന്ന ഒരു സ്ത്രീ. അവളുടെ ശേഷിക്കുന്ന ജീവിതാനുഭവം. ഇത്തരത്തില്‍ അതിസാധാരണമായ ഒരു കഥാതന്തുവിനെ അസാധാരണമായ ഒരു കലാനുഭവമാക്കി മാറ്റാന്‍ കീസ്‌ലോവ്‌സ്കി ആശ്രയിച്ചിരിക്കുന്നത് പ്രധാനമായും രണ്ട് ഘടകങ്ങളെയാണ്. ആദ്യത്തേത് ചിത്രത്തില്‍ ആദ്യന്തം അനുഭവപ്പെടുന്ന പരേതനായ ആന്റെക്കിന്റെ സാന്നിദ്ധ്യം. രണ്ടാമത്തേത്, ഉല്ലയുടെ ഒറ്റപ്പെടലിന് സമാന്തരമായി നെയ്‌തു ച്ചേര്‍ത്തിരിക്കുന്ന, അവള്‍ക്കു കൂടി ഭാഗഭാക്കാകേണ്ടി വരുന്ന ഡാരെക്കിന്റെ മോചനശ്രമത്തിന്റെ കഥ, അഥവാ പോളണ്ടിന്റെ സമകാലികരാഷ്ട്രീയ പരിതസ്ഥിതിയുടെ മ്ലാനവര്‍ണ്ണങ്ങളാല്‍ വരച്ച ഒരു ചിത്രം.
ചിത്രത്തിലെ ആന്റെക്കിന്റെ സാന്നിദ്ധ്യത്തെ എങ്ങനെ വ്യാഖ്യാനിക്കും? മരിച്ചയാള്‍ തിരികെ വന്ന് തന്റെ വിധവയുടെയും അവള്‍ക്കു ചുറ്റുമുള്ളവരുടെയും ജീവിതത്തെ നോക്കിക്കാണുന്നതായുള്ള, അയാളുടെ പരിപ്രേക്ഷ്യത്തെ (perspective) അടിസ്ഥാനമാക്കിയുള്ള ഒന്നാണോ ഈ ചിത്രത്തിന്റെ ആഖ്യാനഘടന? ആണെന്നു തീര്‍ത്തും പറയാന്‍ കഴിയുന്നില്ല. ആന്റെക്കിന്റെ രൂപം തന്റെ മരണത്തെക്കുറിച്ച് നമ്മോട് സംസാരിക്കുന്നതാണ് ചിത്രത്തിന്റെ തുടക്കമെങ്കിലും വളരെ യഥാതഥമായ രീതിയിലാണ് ചിത്രത്തിന്റെ മുന്നോട്ടുള്ള ഗതി. പിന്നീട് ആന്റെക്കിന്റെ പ്രത്യക്ഷസാന്നിദ്ധ്യം ദൃശ്യമാകുന്ന രംഗങ്ങളിലെല്ലാം തികഞ്ഞ സന്നിഗ്ദ്ധത (ambiguity) നിലനിര്‍ത്തിയിട്ടുണ്ട് താനും. അതായത്, ആന്റെക്കിന്റെ ആത്മാവ് അവിടെ സന്നിഹിതമായിരുന്നുവോ അതോ ആ സാന്നിദ്ധ്യം ഉല്ലയുടെ ഭ്രമകല്‌പനയുടെ ഭാഗമായിരുന്നുവോ എന്നു കൃത്യമായി നിര്‍വ്വചിക്കാനാകാത്ത സന്ദര്‍ഭങ്ങളാണവ.
ആന്റെക്കിന്റെ മരണമെന്ന യാഥാര്‍ത്ഥ്യത്തെ സ്വീകരിക്കാന്‍ ഉല്ലയുടെ മനസ്സിന്റെ ഏതൊക്കെയോ അറകള്‍ വിസമ്മതിക്കുന്നുണ്ട്. "ആന്റെക്ക് ഇവിടെയുണ്ട്, ഞാനദ്ദേഹത്തെ കണ്ടു,"വെന്ന് ഒരു ഘട്ടത്തില്‍ അവള്‍ പറയുന്നു പോലുമുണ്ട്, ഗൗരവത്തോടെ തന്നെ. ഡാരെക്കിന്റെ കേസ് നടത്താനായി അഭിഭാഷകരുടെ മേല്‍വിലാസങ്ങളെഴുതി വച്ചിട്ടുള്ള പുസ്തകത്തില്‍ പരതി ലാബ്രഡോറിന്റെ പേര് നിര്‍ദ്ദേശിക്കുന്ന ഉല്ല പിന്നീട് അതേ പേജില്‍ ലാബ്രഡോറിന്റെ പേരിനു നേര്‍ക്ക് ആരോ ചുവന്ന മഷി കൊണ്ട് ഒരു ചോദ്യചിഹ്നമിട്ടിരിക്കുന്നത് കാണുന്നുണ്ട്. ലാബ്രഡോറിന്റെ സാമര്‍ത്ഥ്യത്തെപ്പറ്റി സന്ദേഹമുണ്ടായിരുന്ന ആന്റെക്ക് തന്റെ തിരഞ്ഞെടുക്കലില്‍ അതൃപ്തി പ്രകടിപ്പിച്ചതായിരുന്നു അതെന്ന് ഉല്ല ഉറച്ചു വിശ്വസിക്കുന്നു. അപരിചിതനായ യുവാവുമായി താന്‍ നടത്തിയ വേഴ്‌ചയെ പരാമര്‍ശിച്ചു കൊണ്ട് 'താന്‍ ആന്റെക്കിനെ വഞ്ചിച്ചു'വെന്ന് ഡാരെക്കിന്റെ പത്നിയോട് കുറ്റബോധത്തോടെ പറയുന്നുണ്ടവള്‍. 'അദ്ദേഹം ഇപ്പോഴില്ലല്ലോ' എന്നു സാന്ത്വനരൂപേണ പറയുന്ന മിസ്സിസ് ഡാരെക്കിനോട് ആന്റെക്കിന്റെ തീവ്രസാന്നിദ്ധ്യം തന്നെ സംബന്ധിച്ചിടത്തോളം ഒരു യാഥാര്‍ത്ഥ്യമാണെന്ന മട്ടിലാണ് അവള്‍ പ്രതികരിക്കുന്നത്. തുടര്‍ന്ന് മിസ്സിസ് ഡാരെക്കിന്റെ അഭിപ്രായപ്രകാരം ഹിപ്‌നോസിസിലൂടെ വേദനിപ്പിക്കുന്ന ഓര്‍മ്മകളില്‍ നിന്ന് വിടുതി നേടാന്‍ സഹായിക്കുന്ന ഒരു യുവാവിന്റെയടുക്കലേക്ക് ഉല്ല പോകുന്നു.
ഉല്ലയുടെ പ്രവൃത്തികള്‍, വിശേഷിച്ചും വിദേശിയുവാവുമൊത്തുള്ള താല്‌കാലികവേഴ്‌ച, ഹിപ്‌നോസിസിനു വിധേയയാകല്‍ എന്നിവ, എന്താണ് സൂചിപ്പിക്കുന്നത്? പ്രത്യക്ഷത്തില്‍ ആന്റെക്കിനെക്കുറിച്ചുള്ള സ്‌മരണകളില്‍ നിന്ന് രക്ഷ നേടാന്‍ ശ്രമിക്കുകയാണവള്‍ എന്നു തോന്നാം. പക്ഷേ ഓരോ തവണയും ആന്റെക്കിന്റെ അദൃശ്യസാന്നിദ്ധ്യമെന്ന അനുഭവത്തിന്റെ തീവ്രത കൂട്ടാന്‍, ഒട്ടൊക്കെ അബോധാത്മകമായിത്തന്നെ, ശ്രമിക്കുകയായിരുന്നിരിക്കണം ഉല്ല ചെയ്തത്. ടോമെക്കിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്നത്, രതിയിലേര്‍പ്പെടുന്ന യുവാവിനോട് ആന്റെക്കിനെക്കുറിച്ചു സംസാരിക്കുന്നത്, ഹിപ്‌നോസിസിന് വിധേയയാകും മുമ്പ് ആന്റെക്ക് മരിച്ചു പോയി എന്ന സത്യം വെളിപ്പെടുത്താതിരിക്കുന്നത്.. ഇതൊക്കെ തന്നെയും വിരല്‍ ചൂണ്ടുന്നത് മറ്റൊന്നിലേക്കുമല്ല. എല്ലാറ്റിനുമുപരി, ആന്റെക്കിന് വാദം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഡാരെക്കിന്റെ കേസിനോട് അവള്‍ കാട്ടുന്ന സജീവമായ താല്‌പര്യം മറ്റൊരു വിധത്തില്‍ നോക്കിയാല്‍ ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ജീവിക്കാനുള്ള വാഞ്ഛ തന്നെയാണെന്നു വരാം.
ഉല്ലയുടെ ജീവിതകഥയില്‍ ഡാരെക്കിന്റെ ജയില്‍ ജീവിതം പ്രസക്തമാകുന്നതെങ്ങനെ? നീതിരാഹിത്യത്തിന്റെ തുറുങ്കില്‍ കിടക്കുന്ന ഡാരെക്കും ഓര്‍മ്മകളുടെയും ആത്മനിന്ദയുടെയും തടവിലാക്കപ്പെട്ട ഉല്ലയും പ്രത്യക്ഷത്തില്‍ വിരുദ്ധതലങ്ങളില്‍ വര്‍ത്തിക്കുന്നവരാണ്. ഈ വിരുദ്ധതലങ്ങളെ കൂട്ടിയിണക്കുന്നതാകട്ടെ, ആന്റെക്കിന്റെ മരണവും. സ്വന്തം മനോദുരിതത്തില്‍ നിന്ന് വിടുതി നേടാനുള്ള ശ്രമങ്ങളൊക്കെയും വ്യര്‍ത്ഥമാണെന്നറിയുന്ന ഉല്ലയുടെ കഥയ്ക്ക് സമാന്തരമായി തന്റെ ജയില്‍ മോചനത്തിനായി വഞ്ചനാത്മകമായ നിലപാടെടുക്കാന്‍ മടിക്കുന്ന ഡാരെക്കിന്റെ കഥ ചേര്‍ത്തു വയ്ക്കുക വഴി പ്രധാനപ്രമേയത്തിന് അസാധാരണമായ ആഴം കൈ വരുത്തുകയാണ് സംവിധായകന്‍ ചെയ്തിരിക്കുന്നത്.
.........................................................
ചാള്‍സ് ബുകോവ്‌സ്കിയുടെ കുമ്പസാരം എന്ന കവിത ആസന്നമരണനായ ഒരാളുടെ തീവ്രത നിറഞ്ഞ തിരിച്ചറിവിനെക്കുറിച്ചാണ്. 'ഒന്നുമില്ലായ്മ മാത്രം ശേഷിപ്പായി കിട്ടിയ' തന്റെ ഭാര്യയെക്കുറിച്ചാണ് അയാള്‍ വ്യസനിക്കുന്നത്; സ്വന്തം മരണത്തെക്കുറിച്ചല്ല. ഒരുമിച്ചുള്ള ജീവിതത്തിലെ നിസ്സാരസംഗതികള്‍ പോലും സുന്ദരവും സാര്‍ത്ഥകവുമായിരുന്നുവെന്ന് ഒട്ടൊരു ആത്മനിന്ദയോടെ തിരിച്ചറിയുകയാണയാള്‍. ബുകോവ്‌സ്കി എഴുതുന്നു:
എക്കാലവും ഞാന്‍
പറയാന്‍ ഭയന്ന
ആ കടുത്ത വാക്കുകളും
ഇപ്പോള്‍ പറയാം:
"ഞാന്‍ നിന്നെ പ്രണയിക്കുന്നു."
'നോ എന്‍ഡി'ലൂടെ കീസ്‌ലോവ്‌സ്കി വരച്ചിടുന്ന ചിത്രവും ഒരര്‍ത്ഥത്തില്‍ ഇതിന് സമാനമാണ്. ഒരിക്കലും പറയാന്‍ കഴിയാതിരുന്ന വിലപ്പെട്ട വാക്കുകളെക്കുറിച്ചുള്ള തീവ്രമായ നോവാണ് ഉര്‍സുല സൈറോയുടെ ശേഷിക്കുന്ന ജീവിതം. ആന്റെക്കിന്റെ ശവക്കല്ലറയ്ക്കു മുന്നിലിരുന്ന് അവള്‍ പറയുന്നു: "ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നീ കേള്‍ക്കുന്നുണ്ടോ? ഞാന്‍ നിന്നെ സ്നേഹിക്കുന്നു!" ജീവിതത്തിലൂടെയും ഒടുവില്‍ മരണത്തിലൂടെയും തന്റെ പ്രണയവചനം ആന്റെക്കിന്റെ ആത്മാവിനോട് ഉരുവിടുകയാണവള്‍ ചെയ്യുന്നത്. ടെലിഫോണ്‍ വയര്‍ മുറിച്ചുമാറ്റി, അടുക്കളമുറിയിലെ പുറത്തേക്കുള്ള ചെറിയ പഴുതുകള്‍ പോലുമടച്ചു വച്ച്, പ്ലാസ്‌റ്ററിനാല്‍ വായ മൂടി ഭൗതികലോകവുമായുള്ള എല്ലാ വിനിമയങ്ങള്‍ക്കും വിരാമമിട്ട്, ഗ്യാസടുപ്പിന്റെ നോബുകള്‍ തുറന്നു വച്ച്, ഉത്‌കടമായ വേദനയുടെ പ്രതിരൂപമെന്നോണം തല കുനിച്ചിരിക്കുന്ന ഉല്ലയുടെ മുഖത്തു നിന്നും പിന്‍വാങ്ങുന്ന ക്യാമറ തൊട്ടുപിന്നീട് വെളിപ്പെടുത്തുന്നത് ആന്റെക്ക് മുഖമുയര്‍ത്തുന്ന ദൃശ്യമാണ്. മരണനിമിഷത്തിനടുത്തെത്തിയ ഉല്ലയുടെ ശിരസ്സ് ആന്റെക്കിന്റെ നെഞ്ചോടു ചേരുമ്പോള്‍ പ്രീസ്‌നര്‍ ഒരുക്കിയ സുന്ദരമായ പശ്ചാത്തലസംഗീതവും ഈ ചലച്ചിത്രം നല്‌കുന്ന സൗന്ദര്യാനുഭവവും അവയുടെ പാരമ്യതയിലെത്തുന്നു.
അനുബന്ധം: 1985-ലാണ് 'നോ എന്‍ഡ്' ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്.
പോളിഷ് സിനിമയിലെ കുലപതികളിലൊരാളായി എണ്ണപ്പെടുന്ന ക്രിസ്‌തോഫ് കീസ്‌ലോവ്‌സ്കി 1996-ല്‍, തന്റെ 54-ാം വയസ്സില്‍ അന്തരിച്ചു.
ഫീച്ചര്‍ സിനിമയിലും ഡോക്യുമെന്ററി നിര്‍മ്മാണത്തിലും ഒരു പോലെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് അദ്ദേഹം.
നോ എന്‍ഡ്, ക്യാമറാ ബഫ്, ഡബ്‌ള്‍ ലൈഫ് ഓഫ് വെറോണിക്ക്, ഡെക്കലോഗ് (പത്തു ചിത്രങ്ങളടങ്ങിയ ഒരു പരമ്പര. ഇവയില്‍ എ ഷോര്‍ട് ഫിലിം എബൗട് ലൗ, എ ഷോര്‍ട് ഫിലിം എബൗട് കില്ലിംഗ് എന്നിവ ഏറെ പ്രസിദ്ധം), ത്രീ കളേഴ്സ് ത്രയം (ബ്ലൂ, റെഡ്, വൈറ്റ്) എന്നിവ കീസ്‌ലോവ്‌സ്കിയുടെ പ്രശസ്തങ്ങളായ ഫീച്ചര്‍ ചിത്രങ്ങളില്‍ പെടുന്നു.
Saturday, July 28, 2007
Subscribe to:
Posts (Atom)