തമിഴ് നാട്ടിലെ ജാതികളായ കള്ളര്‍, മറവര്‍ തുടങ്ങിയവര്‍ തേവര്‍ എന്ന പൊതുസമുദായത്തില്‍ പെടുമെന്നും അവരൊക്കെ സാമൂഹ്യമായി മെച്ചപ്പെട്ട നിലയിലാണെന്നും അര്‍ത്ഥം വരുന്ന ഒരു കമന്റ് വായിച്ചു, പെരിങ്ങോടന്റേതായി. ചിത്രകാരന്‍ എന്ന ബ്ലോഗറുടെ 'അയ്യപ്പക്ഷേത്ര'ത്തെ സംബന്ധിച്ച പോസ്റ്റില്‍.
തമിഴ് നാട്ടിലെ ജാതിവ്യവസ്ഥയെപ്പറ്റി പുസ്തകങ്ങളില്‍ വായിച്ചുള്ള അറിവില്ല. പക്ഷേ ഇവിടുത്തെ പല ഗ്രാമങ്ങളിലും പോയിട്ടുള്ളതിനാലും ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറിയ നിരവധി പേരെ പരിചയമുള്ളതിനാലും വ്യക്തമായി ബോധ്യമുള്ള ഒരു കാര്യമുണ്ട്. ജാതീയമായ അസമത്വം കൊടികുത്തി വാഴുന്ന സ്ഥലമാണ് തമിഴ് നാട്. കള്ളര്‍, മറവര്‍ തുടങ്ങിയവരില്‍ ബഹുഭൂരിപക്ഷവും സാമൂഹികമായി അമ്പേ പിന്നോക്കം നില്‌ക്കുന്നവരാണ്. തേവര്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ പലരും താരതമ്യേന ധനികരും സ്വാധീനശക്തിയുള്ളവരുമാണ് എന്നാണറിവ്. മധുരയ്ക്ക് സമീപമുള്ള ചില ഗ്രാമങ്ങളില്‍ കള്ളര്‍, തേവര്‍ എന്നീ ജാതിക്കാര്‍ തമ്മില്‍ കടുത്ത സംഘര്‍ഷമുണ്ടാകാറുണ്ട്, പലപ്പോഴും.
ഉയര്‍ന്ന ജാതിക്കാര്‍ക്ക് സ്വാഭാവികമായും കൂടുതല്‍ സ്വത്തും ഭൂമിയുമെല്ലാമുണ്ടായിരിക്കുകയും അവര്‍ പിന്നാക്കക്കാരോട് പരമനികൃഷ്ടമായി പെരുമാറുകയും ചെയ്യുന്ന ഗ്രാമങ്ങള്‍ ഏറെയുണ്ട് തമിഴ് നാട്ടില്‍. സാമൂഹ്യനീതിയുടെ കാര്യം പോട്ടെ, പൊലീസിനു പോലും കടന്ന് ചെല്ലാനോ നിയമം നടപ്പിലാക്കാന്‍ പറ്റാത്തതോ ആയ സ്ഥലങ്ങളുണ്ടെന്നും സംഗതി നേരിട്ടറിയാവുന്നവര്‍ പറയുന്നു.
പല ജാതികള്‍ക്കും സ്വന്തമായി രാഷ്ട്രീയകക്ഷികളുണ്ടായതിന്റെ ഒരു കാരണം സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളിലും ഒരു പൊതുനീക്കം ഫലപ്രദമായി നടക്കാനുള്ള സാധ്യത തമിഴ് നാട്ടിലെ രാഷ്ട്രീയാന്തരീക്ഷത്തിലില്ലാത്തതാകണം. ദ്രാവിഡപ്പാര്‍ട്ടികളുടെയൊക്കെ ചുക്കാന്‍ പലപ്പോഴും സവര്‍ണ്ണന്റെ അല്ലെങ്കില്‍ സവര്‍ണ്ണന്റെ നിലയിലേക്കെത്തിച്ചേര്‍ന്ന അവര്‍ണ്ണന്റെ താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നവരുടെ കൈയിലായിരുന്നുവെന്നത് എല്ലാവര്‍ക്കുമറിയാം. 'തൊഴിലാളിവര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നെ അധികാരിവര്‍ഗ്ഗം'
എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ പോലെയുള്ള ഒരു സ്ഥിതിവിശേഷം.
Monday, November 27, 2006
Sunday, November 05, 2006
ഒരു പെഗ്ഗിലെന്തിരിക്കുന്നു?
"മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്? മനുഷ്യന്‍ കടലാസില്‍ പുകയിലയിട്ട് ചുരുട്ടി സിഗരറ്റുണ്ടാക്കുകയും വലിക്കുകയും ചെയ്യും, മദ്യം വാറ്റിയുണ്ടാക്കും, കുടിക്കും. അത് തന്നെ!" ഈ ഡയലോഗിന്റെ കോപ്പിറൈറ്റ് എനിക്കല്ല, തമ്പിച്ചായനാണ്. തമ്പിച്ചായന്‍ നന്നായി മദ്യപിക്കും, പുക വലിക്കും, പത്തറുപത് വര്‍ഷത്തെ അനുഭവങ്ങളാലും വായനയാലും സൌഹൃദങ്ങളാലുമൊക്കെ സമ്പന്നമായ ജീവിതത്തില്‍ നിന്ന് ചില നുറുങ്ങുകള്‍ കേള്‍വിക്കാര്‍ക്കായി ഏറ്റവും സരസമായി അവതരിപ്പിക്കും, പതിനാറു വയസ്സുകാരന് പോലും അടുത്ത സുഹൃത്തെന്ന തോന്നലുണ്ടാക്കും. മേല്‍പറഞ്ഞ നിരീക്ഷണം മദ്യപിക്കാത്തവരെ അപമാനിക്കാന്‍ വേണ്ടി പറഞ്ഞതല്ല എന്ന് തീര്‍ച്ച. മറിച്ച്, ഏറെക്കാലത്തെ മദ്യപാനാനുഭവത്തെ താന്‍ പോസിറ്റീവായാണ് കാണുന്നതെന്ന് സൂചിപ്പിച്ചതാണ്. സത്യത്തില്‍ മദ്യപിക്കും എന്നതാണോ തമ്പിച്ചായനെപ്പോലൊരാളെ സ്വീകാര്യനാക്കുന്നത്? അല്ല എന്നുത്തരം. അദ്ദേഹത്തിന് സഹജമായുള്ള ധിഷണയും നര്‍മ്മബോധവും സ്നേഹവുമൊക്കെത്തന്നെയാണ് മറ്റുള്ളവരെ ആകര്‍ഷിക്കുന്നത്. അപ്പോള്‍ മദ്യത്തിന്റെ റോളെന്താണ്?
ഉത്തേജനം എന്നതാണ് മദ്യപിക്കുന്നവരുടെ പൊതുലക്ഷ്യം എന്ന് പൊതുവേ കരുതപ്പെടുന്നു. അപ്പോള്‍ എന്തു കൊണ്ടാണ് ആ ഉത്തേജനം പലരിലും പല രീതിയില്‍ പ്രവര്‍ത്തിക്കുന്നത്? അളവിന്റെയും ബ്രാണ്റ്റിന്റെയും പ്രശ്നമാകാന്‍ സാധ്യതയില്ല. താന്‍ തനിച്ചിരിക്കുമ്പോള്‍ മാത്രമോ അല്ലാത്ത പക്ഷം മനസ്സിനുള്ളില്‍ മാത്രമോ പാടുന്ന പാട്ടുകള്‍ മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ക്കായി ഗംഭീരമായി പാടുന്ന ഒരു ചങ്ങാതിയുണ്ട്. (എല്ലാവര്‍ക്കുമുണ്ടാകുമല്ലോ അത് പോലെയുള്ള പരിചയക്കാര്‍.) സംഗീതപ്രിയനും സര്‍വ്വോപരി മദ്യപാനിയുമായതിനാല്‍ "ഇയാളീ ഐറിഷ് പാട്ട് പാടുന്നതിന് പകരം എന്തു കൊണ്ട് മുന്നിലിരിക്കുന്ന കോഴിക്കാലെടുത്ത് ഫാനിലേക്കെറിയുന്നില്ല?" എന്ന് യുക്തിപൂര്‍വ്വം ആലോചിച്ച്, അതിനൊരുത്തരം കണ്ടു പിടിച്ച് നിര്‍വൃതിയടയാന്‍ കഴിഞ്ഞിട്ടില്ല, അന്നേരമൊന്നും. പാനപാത്രം ചിലര്‍ക്ക് നല്ല കാര്യങ്ങളിലേക്കുള്ള യാനപാത്രമാകുമെന്നതിന് ഒരൊന്നാന്തരം തെളിവാണ് ആ ചങ്ങാതി. അതേ സമയം മദ്യം അകത്ത് ചെന്നാല്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തിനെ ഒാര്‍മ്മിപ്പിക്കും വിധം അക്രമം പുറത്തേക്കെടുക്കുന്ന ചില സുഹൃത്തുക്കളുമുണ്ട് എനിക്ക്. ഒാരോ മേജര്‍ മദ്യപാനത്തിനും ഒാരോ ക്രിമിനല്‍ കേസ് എന്ന റെക്കോര്‍ഡിന് മുടക്കം വരുത്താതിരിക്കുന്നതില്‍ തികഞ്ഞ ശ്രദ്ധയാണ് ഈ വിദ്വാന്‍മാര്‍ക്ക്.
ചുരുക്കത്തില്‍, മദ്യമല്ല പ്രശ്നം, മദ്യപിക്കുന്നവര്‍ നല്ലവരാണോ അല്ലയോ എന്നതിലാണ് കാര്യം എന്ന് പറയാന്‍ കഴിയുമോ? അതും സംശയമാണ്. ചില നല്ല മനുഷ്യര്‍, അതായത് മദ്യപിച്ചാല്‍ പോലും നല്ല പെരുമാറ്റത്തിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കുന്നവര്‍, തങ്ങള്‍ക്ക് യോജിച്ച് പോകാന്‍ കഴിയാത്ത ചില മദ്യപാനസദസ്സുകളില്‍ അനിഷ്ടകരമായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ഒന്നാമത്തെ പെഗ്ഗിലെ ചിന്ത 'മിണ്ടാതെ കേട്ടു കൊണ്ടിരുന്നേക്കാ'മെന്നാണെങ്കില്‍ രണ്ടാമത്തെ പെഗ്ഗിലത് 'കേട്ടില്ലെന്ന് നടിച്ചേക്കാം' എന്ന നിലയിലെത്തുന്നു. അങ്ങനെ മൂന്നും കടന്ന് നാലിലെത്തുമ്പോഴേക്കും 'എങ്കില്‍ നാലു വര്‍ത്തമാനം പറഞ്ഞിട്ടു തന്നെ കാര്യം' എന്ന രീതിയില്‍ പുരോഗമിക്കുന്നു. (രണ്ട് പെഗ്ഗില്‍ നിര്‍ത്തി സ്വന്തം മാനം കാക്കുന്ന ബുദ്ധിശാലികളുമുണ്ട്.) ഒരാളുടെ പൊതുസ്വഭാവത്തിലുപരിയായി, മദ്യം ചുണ്ടോടു ചേര്‍ക്കുമ്പോളുള്ള മാനസികാവസ്ഥയ്ക്ക് ഉള്ള പ്രാധാന്യത്തെയാണോ ഇത് സൂചിപ്പിക്കുന്നത്?
ആയിരിക്കാം. ചിലര്‍ ഭാര്യയുമായി കുറച്ചേറെ നേരം ഹൃദയം തുറന്ന് സംസാരിക്കാനായി അല്‌പം ലഹരി ചെലുത്തുമ്പോള്‍ മറ്റു ചിലര്‍ 'കെട്ടിയോള്‍'ക്കിട്ട് രണ്ട് താങ്ങ് താങ്ങാനായി കുപ്പിയെ കൂട്ട് പിടിക്കുന്നു. ഒോരോ കവിള്‍ മദ്യത്തിനും പിന്നില്‍ അറിഞ്ഞോ അറിയാതെയോ ഒരു ചെറിയ അജണ്ടയുണ്ടെന്ന് സാരം. എങ്കിലും ഇത്തരം 'ഇന്‍സ്റ്റണ്റ്റ് അജണ്ട'കളെപ്പോലും അട്ടിമറിക്കാനുള്ള കഴിവും മദ്യത്തിനുണ്ട്, അമിതമാകുമ്പോഴാണെന്ന് മാത്രം. അങ്ങനെ ഡ്രൈവിംഗ് സീറ്റ് മദ്യം കൈയടക്കിക്കഴിഞ്ഞാല്‍ പിന്നെ എല്ലാക്കാര്യങ്ങളും കുടിക്കുന്നവന്റെയോ കൂടെയുള്ളവരുടെയോ ഭാഗ്യം പോലെയിരിക്കും.
അനുബന്ധം: ഈയിടെ 'ഹിന്ദു'വില്‍ ഒരു റിപോര്‍ട് കണ്ടു: ഏതോ വിദേശസര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ മദ്യപിക്കുന്നവര്‍ മദ്യപിക്കാത്തവരെ അപേക്ഷിച്ച് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സമര്‍ത്ഥരാണെന്ന് കണ്ടെത്തിയത്രെ. പക്ഷേ, ഈ അധികവരുമാനം അവര്‍ എങ്ങനെ ചിലവാക്കുന്നുവെന്ന് റിപോര്‍ട്ടിലില്ല.
Subscribe to:
Posts (Atom)