Sunday, November 05, 2006

ഒരു പെഗ്ഗിലെന്തിരിക്കുന്നു?

"മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്‌? മനുഷ്യന്‍ കടലാസില്‍ പുകയിലയിട്ട്‌ ചുരുട്ടി സിഗരറ്റുണ്ടാക്കുകയും വലിക്കുകയും ചെയ്യും, മദ്യം വാറ്റിയുണ്ടാക്കും, കുടിക്കും. അത്‌ തന്നെ!" ഈ ഡയലോഗിന്റെ കോപ്പിറൈറ്റ്‌ എനിക്കല്ല, തമ്പിച്ചായനാണ്‌. തമ്പിച്ചായന്‍ നന്നായി മദ്യപിക്കും, പുക വലിക്കും, പത്തറുപത്‌ വര്‍ഷത്തെ അനുഭവങ്ങളാലും വായനയാലും സൌഹൃദങ്ങളാലുമൊക്കെ സമ്പന്നമായ ജീവിതത്തില്‍ നിന്ന്‌ ചില നുറുങ്ങുകള്‍ കേള്‍വിക്കാര്‍ക്കായി ഏറ്റവും സരസമായി അവതരിപ്പിക്കും, പതിനാറു വയസ്സുകാരന്‌ പോലും അടുത്ത സുഹൃത്തെന്ന തോന്നലുണ്ടാക്കും. മേല്‍പറഞ്ഞ നിരീക്ഷണം മദ്യപിക്കാത്തവരെ അപമാനിക്കാന്‍ വേണ്ടി പറഞ്ഞതല്ല എന്ന്‌ തീര്‍ച്ച. മറിച്ച്‌, ഏറെക്കാലത്തെ മദ്യപാനാനുഭവത്തെ താന്‍ പോസിറ്റീവായാണ്‌ കാണുന്നതെന്ന്‌ സൂചിപ്പിച്ചതാണ്‌. സത്യത്തില്‍ മദ്യപിക്കും എന്നതാണോ തമ്പിച്ചായനെപ്പോലൊരാളെ സ്വീകാര്യനാക്കുന്നത്‌? അല്ല എന്നുത്തരം. അദ്ദേഹത്തിന്‌ സഹജമായുള്ള ധിഷണയും നര്‍മ്മബോധവും സ്നേഹവുമൊക്കെത്തന്നെയാണ്‌ മറ്റുള്ളവരെ ആകര്‍ഷിക്കുന്നത്‌. അപ്പോള്‍ മദ്യത്തിന്റെ റോളെന്താണ്‌?

ഉത്തേജനം എന്നതാണ്‌ മദ്യപിക്കുന്നവരുടെ പൊതുലക്ഷ്യം എന്ന്‌ പൊതുവേ കരുതപ്പെടുന്നു. അപ്പോള്‍ എന്തു കൊണ്ടാണ്‌ ആ ഉത്തേജനം പലരിലും പല രീതിയില്‍ പ്രവര്‍ത്തിക്കുന്നത്‌? അളവിന്റെയും ബ്രാണ്റ്റിന്റെയും പ്രശ്നമാകാന്‍ സാധ്യതയില്ല. താന്‍ തനിച്ചിരിക്കുമ്പോള്‍ മാത്രമോ അല്ലാത്ത പക്ഷം മനസ്സിനുള്ളില്‍ മാത്രമോ പാടുന്ന പാട്ടുകള്‍ മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ക്കായി ഗംഭീരമായി പാടുന്ന ഒരു ചങ്ങാതിയുണ്ട്‌. (എല്ലാവര്‍ക്കുമുണ്ടാകുമല്ലോ അത്‌ പോലെയുള്ള പരിചയക്കാര്‍.) സംഗീതപ്രിയനും സര്‍വ്വോപരി മദ്യപാനിയുമായതിനാല്‍ "ഇയാളീ ഐറിഷ്‌ പാട്ട്‌ പാടുന്നതിന്‌ പകരം എന്തു കൊണ്ട്‌ മുന്നിലിരിക്കുന്ന കോഴിക്കാലെടുത്ത്‌ ഫാനിലേക്കെറിയുന്നില്ല?" എന്ന്‌ യുക്തിപൂര്‍വ്വം ആലോചിച്ച്‌, അതിനൊരുത്തരം കണ്ടു പിടിച്ച്‌ നിര്‍വൃതിയടയാന്‍ കഴിഞ്ഞിട്ടില്ല, അന്നേരമൊന്നും. പാനപാത്രം ചിലര്‍ക്ക്‌ നല്ല കാര്യങ്ങളിലേക്കുള്ള യാനപാത്രമാകുമെന്നതിന്‌ ഒരൊന്നാന്തരം തെളിവാണ്‌ ആ ചങ്ങാതി. അതേ സമയം മദ്യം അകത്ത്‌ ചെന്നാല്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തിനെ ഒാര്‍മ്മിപ്പിക്കും വിധം അക്രമം പുറത്തേക്കെടുക്കുന്ന ചില സുഹൃത്തുക്കളുമുണ്ട്‌ എനിക്ക്‌. ഒാരോ മേജര്‍ മദ്യപാനത്തിനും ഒാരോ ക്രിമിനല്‍ കേസ്‌ എന്ന റെക്കോര്‍ഡിന്‌ മുടക്കം വരുത്താതിരിക്കുന്നതില്‍ തികഞ്ഞ ശ്രദ്ധയാണ്‌ ഈ വിദ്വാന്‍മാര്‍ക്ക്‌.

ചുരുക്കത്തില്‍, മദ്യമല്ല പ്രശ്നം, മദ്യപിക്കുന്നവര്‍ നല്ലവരാണോ അല്ലയോ എന്നതിലാണ്‌ കാര്യം എന്ന്‌ പറയാന്‍ കഴിയുമോ? അതും സംശയമാണ്‌. ചില നല്ല മനുഷ്യര്‍, അതായത്‌ മദ്യപിച്ചാല്‍ പോലും നല്ല പെരുമാറ്റത്തിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കുന്നവര്‍, തങ്ങള്‍ക്ക്‌ യോജിച്ച്‌ പോകാന്‍ കഴിയാത്ത ചില മദ്യപാനസദസ്സുകളില്‍ അനിഷ്ടകരമായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ഒന്നാമത്തെ പെഗ്ഗിലെ ചിന്ത 'മിണ്ടാതെ കേട്ടു കൊണ്ടിരുന്നേക്കാ'മെന്നാണെങ്കില്‍ രണ്ടാമത്തെ പെഗ്ഗിലത്‌ 'കേട്ടില്ലെന്ന്‌ നടിച്ചേക്കാം' എന്ന നിലയിലെത്തുന്നു. അങ്ങനെ മൂന്നും കടന്ന്‌ നാലിലെത്തുമ്പോഴേക്കും 'എങ്കില്‍ നാലു വര്‍ത്തമാനം പറഞ്ഞിട്ടു തന്നെ കാര്യം' എന്ന രീതിയില്‍ പുരോഗമിക്കുന്നു. (രണ്ട്‌ പെഗ്ഗില്‍ നിര്‍ത്തി സ്വന്തം മാനം കാക്കുന്ന ബുദ്ധിശാലികളുമുണ്ട്‌.) ഒരാളുടെ പൊതുസ്വഭാവത്തിലുപരിയായി, മദ്യം ചുണ്ടോടു ചേര്‍ക്കുമ്പോളുള്ള മാനസികാവസ്ഥയ്ക്ക്‌ ഉള്ള പ്രാധാന്യത്തെയാണോ ഇത്‌ സൂചിപ്പിക്കുന്നത്‌?

ആയിരിക്കാം. ചിലര്‍ ഭാര്യയുമായി കുറച്ചേറെ നേരം ഹൃദയം തുറന്ന് സംസാരിക്കാനായി അല്‌പം ലഹരി ചെലുത്തുമ്പോള്‍ മറ്റു ചിലര്‍ 'കെട്ടിയോള്‍'ക്കിട്ട്‌ രണ്ട്‌ താങ്ങ്‌ താങ്ങാനായി കുപ്പിയെ കൂട്ട്‌ പിടിക്കുന്നു. ഒോരോ കവിള്‍ മദ്യത്തിനും പിന്നില്‍ അറിഞ്ഞോ അറിയാതെയോ ഒരു ചെറിയ അജണ്ടയുണ്ടെന്ന് സാരം. എങ്കിലും ഇത്തരം 'ഇന്‍സ്റ്റണ്റ്റ്‌ അജണ്ട'കളെപ്പോലും അട്ടിമറിക്കാനുള്ള കഴിവും മദ്യത്തിനുണ്ട്‌, അമിതമാകുമ്പോഴാണെന്ന് മാത്രം. അങ്ങനെ ഡ്രൈവിംഗ്‌ സീറ്റ്‌ മദ്യം കൈയടക്കിക്കഴിഞ്ഞാല്‍ പിന്നെ എല്ലാക്കാര്യങ്ങളും കുടിക്കുന്നവന്റെയോ കൂടെയുള്ളവരുടെയോ ഭാഗ്യം പോലെയിരിക്കും.

അനുബന്ധം
: ഈയിടെ 'ഹിന്ദു'വില്‍ ഒരു റിപോര്‍ട്‌ കണ്ടു: ഏതോ വിദേശസര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ മദ്യപിക്കുന്നവര്‍ മദ്യപിക്കാത്തവരെ അപേക്ഷിച്ച്‌ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സമര്‍ത്ഥരാണെന്ന് കണ്ടെത്തിയത്രെ. പക്ഷേ, ഈ അധികവരുമാനം അവര്‍ എങ്ങനെ ചിലവാക്കുന്നുവെന്ന് റിപോര്‍ട്ടിലില്ല.

14 comments:

parajithan said...

മദ്യം കഴിക്കുമെങ്കിലും മദ്യപാനത്തെക്കുറിച്ച്‌ ആലോചിക്കുന്നത്‌ വിരളം. ചില മദ്യചിന്തകളിലൊന്ന്, ഇവിടെ. എഴുതിയത്‌ 'ഫിറ്റുമ്പുറ'ത്തല്ലാത്തതില്‍ (കടപ്പാട്‌: കുറൂമാന്‍) ചെറിയൊരു ഖേദവുമുണ്ട്‌.

സു | Su said...

മദ്യപാനത്തെപ്പറ്റി അഭിപ്രായം ഇല്ല. :| മദ്യപിച്ച് പാടിയാല്‍ പാട്ട് നന്നാവുമെങ്കില്‍ ഒന്ന് ശ്രമിച്ചുനോക്കണമെന്നുണ്ട്. ;)

Anonymous said...

മദ്യത്തെക്കുറിച്ചും മദ്യപാനികളെക്കുറിച്ചും എത്രവേണമെങ്കിലും എഴുതാം.പ്രസ്ഥാനങ്ങളായിമാറുന്ന മദ്യപരുണ്ട്.സുരപാനാനുഭവങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു രസിക്കുന്ന ചിലകൂട്ടുകാര്‍ എനിക്കുമുണ്ട്.ഏറെക്കേട്ടാല്‍ എല്ലാം മുഷിയും.എങ്കിലും സര്‍ഗ്ഗാത്മകതയുമായി അതിനെന്തോ ബന്ധമുണ്ടെന്ന് സംശയിക്കാന്‍ ന്യായമുണ്ട്.ജീവിതത്തിലേക്ക് നാടകത്തെ സംക്രമിപ്പിക്കുവാന്‍ (ജീവിതം തന്നെ നാടകമല്ലേ എന്നൊക്കെ ചിലര്‍ ചോദിച്ചേക്കാം,എപ്പോഴും അങ്ങനെയല്ല)മദ്യത്തിന് അപാരമായ കഴിവുണ്ട്.ഈ നാടകീയതയെ ഇഷ്ടപ്പെടുന്നവര്‍ മദ്യത്തെയും ഇഷ്ടപ്പെടുന്നുവെന്നാണ് എന്റെ നിരീക്ഷണം.

parajithan said...

സു, ധൈര്യമായിട്ട്‌ ശ്രമിച്ചോ. പാടുമ്പോള്‍ നല്ല ഏകാഗ്രത കിട്ടും! പക്ഷേ, പിറ്റേ ദിവസത്തെ ഹാങ്ങോവറിന്‌ എന്നെ കുറ്റം പറയരുത്‌.

വിഷ്ണു, നാടകീയതയെ കുറിച്ച്‌ എഴുതിയത്‌ കിറുകൃത്യം. പിന്നെ, ഞാന്‍ പോസ്റ്റില്‍ പറഞ്ഞ വ്യക്തി സുരപാനാനുഭവങ്ങളെപ്പറ്റിയല്ല പറയാറ്‌. മറ്റു പലതും ഉള്‍ക്കാഴ്ചയോടെ പറയുന്ന ആളാണദ്ദേഹം. എത്ര കേട്ടാലും എന്നെപ്പോലെ ഒരു അരസികന്‌ മുഷിയില്ലെങ്കില്‍ മറ്റാര്‍ക്കും മുഷിയാനിടയില്ല.

വേണു venu said...

പരാജിതന്‍,
ഒരോര്‍മ്മ ഈ കുറിപ്പുകണ്ടപ്പോള്‍ ഒരനുഭവം അയവിറക്കണമെന്നു തോന്നുന്നു.
നാട്ടില്‍ ലീവിനെത്തിയ സമയം.വര്‍ഷങ്ങള്‍ നല്‍കിയ മറവിയില്‍, നാടൊരു പുതിയസ്ഥലമായനഭുവപ്പെടാന്‍ തുടങ്ങാന്‍ തുടങ്ങുന്ന കാലം.മദ്യം ഒഴുകുന്ന സദസ്സില്‍ ഇരുന്ന എന്നെ സുഹൃത്തുപദേശിക്കുന്നു (കടമ്മനിട്ട എന്‍റെ പ്രിയന്‍.എന്നെ അറിയുന്നവന്‍). ദൂരെ നിന്നു വന്ന എഴുതാന്‍ പറയാന്‍ ശ്രമിക്കുന്ന സുഹൃത്തേ നിന്നെ ഞാന്‍ കടമ്മിനിട്ടയെ പരിചയപ്പെടാന്‍ അയയ്ക്കുന്നു.
അടുത്ത സ്ക്കൂളിലെ വാര്‍ഷികത്തിനു വന്ന കവിയെ കാണാന്‍ അയാള്‍ എഴുതിയ കത്തുമായി ഞാന്‍ ചെന്നു.
വാര്‍ഷികമൊക്കെ കഴിഞ്ഞു് കവി വിശ്രമിക്കുകയായിരുന്നു.വെളിയിലും അകത്തുമൊക്കെ കവിയുടെ ആരാധകര്‍.
ഞാന്‍ ചെന്നു. കയ്യിലിരുന്ന കടലാസ്സു കൊടുത്തു. എന്‍റെ സുഹൃത്തെഴുതിയിരുന്ന വരികള്‍ വായിച്ചു് ആ മഹാ കവി എന്നോടു പറഞ്ഞു. ദൂരെ നിന്നേ മനസ്സിലായി വാസനയുണ്ടൂ. പിന്നെ ആ പേപ്പര്‍ എനിക്കു തന്നു. ഞാന്‍ അതു വായിച്ചു.
അതിങ്ങനെ ആയിരുന്നു.
“ഈ വരുന്ന എന്‍റെ സുഹൃത്തു് നല്ല വാസനയുള്ള ഒരു പ്രതിഭയാണു്.”
അവിടെയും ഇവിടെയും മദ്യമയമായിരുന്നതിനാല്‍ ഒര്‍മിക്കാതിരുന്നു പോയ ഒരോര്‍മ്മ..പിന്നെയും ഞാനതൊന്നു കൂടി വായിച്ചു.വാസനയുള്ള പ്രതിഭ.

Anonymous said...

കൊള്ളാം..
പറഞ്ഞതനുസരിച്ച് ഫിറ്റായിരുന്നെങ്കില്‍ കൊറച്ചൂടെ നന്നായേനേ (ചുമ്മാ..) എന്നു തോന്നുന്നു...
നമ്മടെ ഒരു ചേട്ടനുണ്ടിഷ്ടാ... സുന്ദരന്‍..സുമുഖന്‍.. ആരോടും മിണ്ടില്ല...പക്ഷേ ഒരെണ്ണം അങ്ങ്ട് ചെന്നാലുണ്ടല്ലോ! എന്റെ ദൈവമേ! അതിലും വല്യ കത്തി ലോകത്തില്ല....
പലര്‍ക്കും മദ്യം ഒരു ഉത്തേജകമാണ്.. ആരോ പറഞഞ പോലെ ശകലം ധൈര്യം അങ്ട് ആയാലോ?
താലി കെട്ടുമ്പോള്‍ കൈ വിറയ്ക്കാതിരിക്കാന്‍.. ഒരുത്തെനെ രണ്ടു തെറി വിളിക്കാന്‍..പിന്നെ സ്വയം മറന്നൊന്ന് ആര്‍മാദിക്കാന്‍...

ലാപുട said...

നല്ല നിരീക്ഷണങ്ങള്‍..സ്പഷ്ടവും സുതാര്യവുമായ എഴുത്ത്...അഭിനന്ദനങ്ങള്‍...

ജീവിതത്തോട് ,സമയത്തോട് , ചിലപ്പോള്‍ ഭാഷയോടുപോലും വിയോജിക്കാന്‍ മനുഷ്യരെ ധൈര്യപ്പെടുത്തുന്ന ഒന്ന് മദ്യത്തിലുണ്ട്..ഇവിടെ കുഴപ്പം പിടിച്ച ഒരു ചോദ്യം എനിക്ക് ബാക്കിയാവുന്നു..വിയോജിപ്പ് എപ്പോഴും സ്വാതന്ത്ര്യത്തിന്റെ അല്‍ഗൊരിഥത്തില്‍ വരുന്ന ഒരു പദമാണോ? അതോ വിയോജിപ്പിനെ സ്വാതന്ത്ര്യത്തിന്റെ അല്‍ഗൊരിഥത്തിലേക്ക് ഏച്ചുകെട്ടുന്നതുവഴിയാണോ മദ്യം നമ്മെ ത്രസിപ്പിക്കുന്നത്..?

പെരിങ്ങോടന്‍ said...

പെഗ്ഗുകളുടെ കണക്കു്
എന്നെ സംസാരപ്രിയനാക്കുന്നതാണു് ആദ്യത്തെ രണ്ടെണ്ണം
പാട്ടുകാരനാക്കുന്നതാണു പിന്നെയുള്ളവ
മിമിക്രിക്കാരനാക്കുന്നതു് അവസാനത്തെ ചിലവ
(മിക്കവാറും മോഹന്‍‌ലാലിനെ അനുകരിക്കും, പിന്നെ പാസ്‌ഔട്ട്)

എന്നെ ഞാനാക്കുന്നതു് എന്താണെന്നു് അന്വേഷിപ്പാന്‍
അതിതീവ്രമായൊരു ഉന്മാദത്തോടെ ഉത്തേജിപ്പിക്കുന്ന
എന്തോ ആണ് ഓരോ പെഗ്ഗും (സോറി റം മാത്രം)

ചില നേരത്ത്.. said...

സുരപാനകഥകള്‍ കേട്ട് കേട്ട് രണ്ടെണ്ണം ഇട്ടപ്പോഴാണ്, വെറുമൊരു തലചുറ്റലല്ലാതെയൊന്നുമല്ല മദ്യപാനം എന്ന് തോന്നിയത്.
മദ്യം, ഒരു ലഹരിയേയല്ല.

parajithan said...

വേണു, ഹ ഹ ഹ! കമന്‍റിന്‌ പോലും നല്ല വാസന! നാട്ടിലേക്കുള്ള പോക്ക്‌ കോയമ്പത്തൂറ്‍ വഴിയാക്കിയാല്‍ നമുക്കൊരുമിച്ച്‌ വാസനാബലം അല്‍പം കൂട്ടാം. എന്താ? കടമ്മനിട്ടയ്ക്ക്‌ ഇപ്പോള്‍ തെല്ലും 'വാസന'യില്ലെന്ന്‌ കേള്‍ക്കുന്നു, ശരിയാണോ ആവോ!

സുകുമാരപുത്രാ, ഇനി മേല്‍ ഫിറ്റല്ലാത്തപ്പോള്‍ ബ്ളോഗുന്നതല്ല! സത്യം, സത്യം, സത്യം.

ലാപുടേ, വിയോജിപ്പിനെപ്പറ്റി പറഞ്ഞത്‌ ചിന്തനീയം തന്നെ. ധൈര്യം കൊടുക്കുന്നത്‌ മദ്യമാണെങ്കിലും വിയോജിപ്പ്‌ പുതുതായി ജനിച്ചതാവണമെന്നില്ലല്ലോ. വിയോജിപ്പും സ്വാതന്ത്യ്രവുമായുള്ള ബന്ധം... വളരെയേറെ എഴുതേണ്ടി വരും. (വ്യക്തിപരമായി, സ്വതന്ത്രജീവിതത്തിണ്റ്റെയും വിയോജിപ്പിണ്റ്റെയുമൊക്കെ icons ആയി കൊണ്ടാടപ്പെടുന്ന ജോണ്‍ എബ്രഹാം, അയ്യപ്പന്‍ തുടങ്ങിയവരോട്‌ യാതൊരു വിധ താല്‍പര്യവുമില്ലാത്ത ആളാണ്‌ ഞാന്‍.)

പെരിങ്ങോടാ, കമന്‍റിണ്റ്റെ മുന്നില്‍ പോസ്റ്റ്‌ നമിച്ചു. പിന്നെ, റമ്മിനെപ്പറ്റി പറയുമ്പോള്‍ സോറി വേണ്ടാ. റമ്മിഷ്ടമല്ലാത്ത കുടിയന്‍മാരാരുണ്ട്‌?

ചില നേരത്തെ, രണ്ട്‌ തരക്കാര്‍ക്ക്‌ മദ്യം ലഹരിയല്ല എന്നു തോന്നുന്നു.

1. തുടക്കക്കാര്‍. കുടിയെ ലഹരിപൂര്‍ണ്ണമാക്കുന്നത്‌ പരിശീലനം ആവശ്യമുള്ള കലയാണ്‌.

2. മദ്യജീവികള്‍ (ബുദ്ധിജീവികള്‍ എന്നൊക്കെ പറയുന്നത്‌ പോലെ). ഊണ്‌ കഴിക്കാന്‍ വച്ചിരിക്കുന്ന കാശെടുത്ത്‌ കുടിച്ചിട്ട്‌ സുഖമായി പട്ടിണിയിരിക്കും. കുഞ്ഞ്‌ ജനിച്ചാല്‍ കുടി, ഭാര്യ മരിച്ചാലും കുടി. റോഡ്‌ മാര്‍ഗ്ഗം വീട്ടില്‍ പോകണമെന്ന പിടിവാശിയൊന്നുമില്ലാത്ത സാധുക്കള്‍. ഒോടമാര്‍ഗ്ഗം വീടിണ്റ്റെ പരിസരത്തെവിടെയെങ്കിലും എത്തിയാല്‍ മതിയെന്നെയുള്ളൂ. അവര്‍ക്ക്‌ മദ്യം ലഹരിയല്ല, ജീവിതം തന്നെയാണ്‌.

തഥാഗതന്‍ said...

മദ്യപാനത്തിന്‌ ആരോഗ്യപരമായ നിരവധി ദൂഷ്യവശങ്ങള്‍ ഉണ്ടെന്ന കാര്യത്തില്‍ എനിക്ക്‌ തര്‍ക്കമില്ല. ആരെ എങ്കിലും മദ്യപിയ്ക്കന്‍ പ്രേരിപ്പിക്കുകയുമല്ല.

മദ്യപാനത്തിലൂടെ നിരവധി തീവ്രങ്ങളായ സൌഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മിക്ക മദ്യപാന സദസ്സുകളും വളരെ അധികം വിജ്ഞാനപ്രദങ്ങളായ സംവാദങ്ങളായിട്ടുണ്ട്‌.

മദ്യം എന്റെ ആവശ്യവും മാര്‍ക്സിസം എന്റെ പ്രത്യയശാസ്ത്രവുമാണ്‌ എന്നു പറഞ്ഞ ഗുരോ(ജോണ്‍ എബ്രഹാം) അങ്ങേക്ക്‌ പ്രണാമം

Siju | സിജു said...

ഇവിടെ മുഴുവന്‍ കുടിയന്‍‌മാരാണല്ലോ

ഇടങ്ങള്‍|idangal said...
This comment has been removed by a blog administrator.
ഇടങ്ങള്‍|idangal said...

കുടിച്ചാല്‍ മാത്രം ഷാപ്പില്‍വെച്ച് മനൊഹരമായി നാടന്‍പാട്ട് പാടുന്ന ഒരാളെ എനിക്കറിയാം, ഒരേപാട്ടിന് ഓരൊതവണയും വിത്യസ്ത വരികള്‍ ആയിരുന്നു, പക്ഷെ എല്ലാത്തിനും താളവും അര്‍ഥവുമുണ്ടായിരുന്നു, പലതവണ പകര്‍ത്താന്‍ വേണ്ടി കള്ള് മേടിച്ച് കൊടുത്തിട്ടുണ്ട്,

എല്ലാമാസത്തിലേയും അവസാന്‍ വെള്ളിയായ്ച കുടിക്കുകയും ഒരൊറ്റവരിമാത്രം പാടി നടക്കുകയും ചെയ്യുന്ന ഒരാള്‍ എന്റെ നാട്ടിലുണ്ട്, ആ വരി ഇതാണ്,‘വാടിയതാണേലും പൂവല്ലേ വത്സലേ, തൊട്ടുനൊക്കട്ടെ വിരൊധമുണ്ടൊ?’ ആരെഴുതിയതാണ് ആ വരിയെന്ന് അറിയില്ല.

കുടിക്കില്ലെങ്കിലും കുടിയന്മാരെകൂടെകൂടി അവരേക്കാള്‍ ലഹരിപിടിച്ച നേരങ്ങളുണ്ട്, ഏറ്റവും നിഷ്കളങ്കവും ആത്മാര്‍ഥതയുള്ളതും സര്‍ഗാത്മകവുമായ ലൊകങ്ങള്‍ ഞാനനുഭവിച്ചത് കുടിയന്മാര്‍ക്കിടയിലാണ്,

നന്ദി പരാജിതന്‍, ഇത്തരം എഴുത്തുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു,