Saturday, December 02, 2006

ഒക്‍ടേവിയോ പാസിന്റെ രണ്ട്‌ കവിതകള്‍ കൂടി

1. ഉള്‍വശം

അടരാടുന്ന ചിന്തകള്‍
എന്റെ തലയോട്‌ പിളര്‍ത്താന്‍ ശ്രമിക്കുന്നു.
ഈ രചന
കിളികളുടെ തെരുവിലൂടെ നീങ്ങുന്നു.
എന്റെ കൈ ഉച്ചത്തില്‍ ചിന്തിക്കുന്നു.
ഒരു വാക്ക്‌ മറ്റൊന്നിലേക്ക്‌ വിളിക്കുന്നു.

ഞാനെഴുതുന്ന ഈ പേജില്‍
ഉണ്മകള്‍ വരികയും പോകുകയും ചെയ്യുന്നത്‌ എനിക്ക്‌ കാണാം.
പുസ്തകവും നോട്ടുബുക്കും
അവയുടെ ചിറകുകള്‍ വിരിച്ച്‌ വച്ച്‌ വിശ്രമിക്കുന്നു.

വിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട്‌.
സമയം ഒരു കിടക്കയെന്നോണം
തുറക്കുകയും അടയുകയും ചെയ്യുന്നു.

ചുവന്ന കാലുറ ധരിച്ച്‌
വിളര്‍ത്ത മുഖവുമായി
നീയും രാത്രിയും അകത്ത്‌ പ്രവേശിക്കുന്നു.


2. ഇണകള്‍

എന്റെ ശരീരത്തില്‍
നീ തിരയുന്നു, പര്‍വ്വതത്തിലെന്നോണം,
അതിന്റെ വനത്തില്‍ മറവു ചെയ്യപ്പെട്ട സൂര്യനു വേണ്ടി.

നിന്റെ ഉടലില്‍
ഞാന്‍
നിശയുടെ മദ്ധ്യത്തില്‍ ഒഴുകി നടക്കുന്ന
വഞ്ചിക്കായി തിരയുന്നു.

8 comments:

പരാജിതന്‍ said...

ഏറെക്കാലം മുമ്പ്‌ ചെയ്ത പരിഭാഷയാണ്‌.
മുമ്പ്‌ പോസ്റ്റ്‌ ചെയ്തവയെപ്പോലെ.

വിഷ്ണു പ്രസാദ് said...

പരാജിതാ,നല്ല ഉദ്യമം.പാസിന്റെ കവിതകള്‍ ഇനിയും പരിഭാഷ ചെയ്തതുണ്ടോ...?വായിക്കാന്‍ കാത്തിരിക്കുന്നു.രണ്ടാമത്തെ കവിത ഏറെ ഇഷ്ടമായി.

mydailypassiveincome said...

കൊള്ളാം കവിതകളുടെ പരിഭാഷകള്‍ :)

സു | Su said...

വായിച്ചു. നന്ദി.

qw_er_ty

Jishnu R said...

തികച്ചും അപരാചിതം

ടി.പി.വിനോദ് said...

വളരെ നന്നായിരിക്കുന്നു. നന്ദി, പാസിന്റെ കാവ്യ ഗാംഭീര്യത്തെ പ്രസരണനഷ്ടമില്ലാതെ പരിഭാഷപ്പെടുത്തുന്നതിന്...

വേണു venu said...

നേരത്തെ വന്ന പരിഭാഷ പോലെ തന്നെ ഇതും നന്നായി.ഇനിയുമുണ്ടെങ്കില്‍ തീര്‍ച്ചയായും പോസ്റ്റു ചെയ്യുക.

പരാജിതന്‍ said...

വിഷ്ണു, വേണു, ഇനിയുമിടാം. ഇടയ്ക്കൊക്കെ പഴയ കടലാസുകള്‍ കിട്ടുമ്പോഴുള്ള സന്തോഷം പങ്കു വയ്ക്കാമല്ലോ നമുക്ക്‌.

മഴത്തുള്ളി, നന്ദി.

സു, നന്ദി മാത്രമേയുള്ളോ? പതിവ്‌ ചിരി കാണാത്തതിനാലൊരു വിഷമം.:)
(ഇടയ്ക്ക്‌ ബ്ലോഗില്‍ ചെന്ന് നോക്കിയപ്പോള്‍ സുവിന്‌ ചിരിക്കാന്‍ മാത്രമല്ലറിയാവുന്നതെന്ന് മനസ്സിലായി.:))

കുruക്കനേ, നന്ദി.

ലാപുടേ, കമന്റ്‌ വായിച്ചപ്പോള്‍ കുറെക്കൂടി പരിഭാഷകള്‍ ചെയ്യണമെന്ന് തോന്നുന്നു. വിവര്‍ത്തനങ്ങള്‍ക്കായി ഒരു ബ്ലോഗ്‌ തുടങ്ങാമെന്നും. ഏറെ നന്ദി.