Wednesday, December 06, 2006

എഴുത്തുമേശപ്പുറത്തെ മഞ്ഞപ്പൂക്കള്‍

എഴുതുന്നവന്‍/എഴുതുന്നവള്‍ (അത്‌ ഫലിതബിന്ദുവോ, അനുഭവക്കുറിപ്പോ, കഥയോ, കവിതയോ, എന്തുമാകട്ടെ) നേരിടുന്ന ചെറുതല്ലാത്ത ഒരു പ്രതിസന്ധിയുണ്ട്‌. പക്ഷേ അത്‌ പറയുന്നതിനു മുമ്പ്‌ ഒരു മുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നു.

ഒരു വിഷയമുണ്ട്‌, അത്‌ വിഷയമില്ലായ്മയെന്ന വിഷയം പോലുമാകാം, എഴുതണമെന്ന് വിചാരിക്കുന്നു, അങ്ങനെയാണ്‌ തുടക്കമെന്ന് കരുതുക. എഴുത്ത്‌ എന്ന പ്രക്രിയ അത്രയും കാലം കൊണ്ട്‌ അവനവന്‍ ആര്‍ജ്ജിച്ച ഭാഷ, അനുഭവങ്ങള്‍, അതുമായി ബന്ധപ്പെട്ട ചിന്തകള്‍, കണ്ടെത്തലുകള്‍, ഒരാളില്‍ സ്വതവേയുള്ള (വ്യാഖാനത്തിന്‌ എളുപ്പം വഴങ്ങിത്തരാത്ത) സര്‍ഗ്ഗോര്‍ജ്ജം, എന്നിവയെ ആശ്രയിച്ച്‌ മുന്നേറുന്നു.

ഈ എഴുത്തുപ്രക്രിയയ്ക്കൊപ്പം തന്നെ സമാന്തരമായി നടക്കുന്ന മറ്റൊരു പ്രധാനസംഗതി എഡിറ്റിംഗാണ്‌. രണ്ടും വേര്‍തിരിച്ചു കാണേണ്ട കാര്യമില്ല എന്ന് തോന്നാമെങ്കിലും രണ്ടും രണ്ട്‌ തന്നെ. നമ്മള്‍ സ്വാഭാവികമായി എഴുതുന്ന ചില വരികള്‍ ഒരു പുനര്‍വിചിന്തനത്തിന്റെ ഫലമായി തൊട്ടടുത്ത നിമിഷം തന്നെ മാറ്റിയെഴുതുകയോ വെട്ടിക്കളയുകയോ ചെയ്യുന്ന പ്രക്രിയ യഥാര്‍ത്ഥത്തില്‍ എഴുത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. എന്നാല്‍ സംവേദനമാണ്‌ എഴുത്തിന്റെ ലക്ഷ്യമെന്നതിനാല്‍ അതേ തടസ്സപ്പെടുത്തല്‍ തന്നെ വായനയുടെ ഒഴുക്കിന്‌ ഗുണകരമായി ഭവിക്കുകയും ചെയ്യുന്നു. ശരിക്കുമുള്ള സര്‍ഗ്ഗാത്മകതയെന്നത്‌ അന്തം വിട്ട ഭാവനയല്ല, മറിച്ച്‌ ഭാവനയുടെ പരിധി നിശ്ചയിക്കുവാനുള്ള ത്രാണിയാണെന്നുള്ള നിരീക്ഷണം എഡിറ്റിംഗിന്റെ പ്രസക്തിയെ വാനോളമുയര്‍ത്തുകയല്ലേ ചെയ്യുന്നത്‌, സത്യത്തില്‍?

അങ്ങനെ എഴുത്തും എഡിറ്റിംഗുമൊക്കെ ഒരുമിച്ചോ, ഘട്ടം ഘട്ടമായോ ഒക്കെ ചെയ്തുകഴിഞ്ഞ്‌, കൃതി, കൃത്യം എന്നിങ്ങനെ സ്വന്തമിഷ്ടമനുസരിച്ച്‌ വിളിക്കാവുന്ന ആ 'സാധനം' നമ്മുടെ മേശപ്പുറത്ത്‌ വിശ്രമിക്കുകയാണ്‌. ഇനിയുള്ള പ്രശ്നത്തെക്കുറിച്ചാണ്‌ ഈ കുറിപ്പ്‌. അതായത്‌ സ്വയം വിമര്‍ശനമെന്ന പ്രഹേളിക. അങ്ങനെയൊന്ന് സാധ്യമാണോയെന്ന് പോലും പലപ്പോഴും സംശയം തോന്നിയിട്ടുള്ളത്‌ കൊണ്ടാണ്‌ പ്രഹേളികയെന്ന 'കടന്ന കൈ' പ്രയോഗിച്ചത്‌.

സ്വയം വിമര്‍ശനവും എഴുതുന്നയാള്‍ സ്വയം ചെയ്യുന്ന എഡിറ്റിംഗും ഒന്നാണോ? അല്ല എന്ന് തോന്നുന്നു. എഡിറ്റുചെയ്യലിന്‌ പ്രേരകമാകുന്ന മനോവ്യാപാരത്തില്‍ സ്വയം വിമര്‍ശനത്തിന്റെ അംശമുണ്ടെങ്കില്‍പ്പോലും, ഇവിടെ സ്വയം വിമര്‍ശനമെന്നുദ്ദേശിച്ചത്‌, എഴുതുന്നയാള്‍ പൂര്‍ണ്ണമായിക്കഴിഞ്ഞ സ്വന്തം കൃതിയെ കഴിയുന്നത്ര നിഷ്പക്ഷമായി വിലയിരുത്തുന്ന വിഷമം പിടിച്ച പണിയെയാണ്‌.അങ്ങനെ ചെയ്യുന്നത്‌ കൊണ്ട്‌ എന്തു പ്രയോജനമെന്ന ചോദ്യമെടുക്കാം. "എഴുതിയത്‌ നന്നായില്ല, ഇത്രയും സമയവും അദ്ധ്വാനവും പാഴായിപ്പോയി!" എന്ന തിരിച്ചറിവില്‍ എഴുതിയത്‌ വലിച്ചുകീറിയെറിഞ്ഞിട്ട്‌ വേറെന്തെങ്കിലും ചെയ്യാം എന്ന ലളിതവും ഉത്തമവുമായ പ്രയോജനത്തെ തല്‌ക്കാലം മാറ്റിവയ്ക്കാം. സ്വയം വിമര്‍ശനത്തിലൂടെ കൈവരുന്ന ഏറ്റവും മികച്ച നേട്ടം സ്വന്തം പരിമിതിയെക്കുറിച്ചുള്ള എഴുത്തുകാരന്റെ തിരിച്ചറിവാണ്‌. പരിമിതിയെ തിരിച്ചറിയാത്തവന്‌ അത്‌ ലംഘിക്കാനും കഴിയില്ല എന്ന ലളിതതത്വം ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയില്ലാത്തതിനാല്‍തന്നെ ഈയൊരു നേട്ടത്തിന്‌ പകരം വയ്ക്കാന്‍ മറ്റൊന്നില്ല.
അകിരാ കുറൊസാവ
പാളിച്ചകള്‍ കുറഞ്ഞ സ്വയം വിമര്‍ശനത്തിന്‌ ഒരെഴുത്തുകാരനെ പ്രാപ്തനാക്കുന്ന ആന്തരികഘടകങ്ങളിലൊന്ന് അയാളുടെ തന്നെ വായനാനുഭവമാണ്‌. സാധാരണവായനക്കാരന്റേതില്‍ നിന്ന് വ്യത്യസ്തമാണ്‌, അഥവാ ആയിരിക്കണം, എഴുത്തുകാരന്‍ നടത്തുന്ന വായന. സൗന്ദര്യാസാദനവും സൗന്ദര്യരഹസ്യം തേടലും തമ്മിലുള്ള വ്യത്യാസം. അലസവായന എഴുത്തുകാരന്‌ / സര്‍ഗ്ഗസൃഷ്ടി നടത്തുന്നവന്‌ പറഞ്ഞിട്ടുള്ളതല്ല. "താന്‍ ഒരിക്കലും അലസവായന നടത്താറില്ലെന്നും എപ്പോഴും, വായിക്കുന്നതിനൊപ്പം തന്നെ സുപ്രധാനഭാഗങ്ങളും നിരീക്ഷണങ്ങളും കുറിച്ചുവയ്ക്കാറുമുണ്ടെ"ന്ന കുറൊസാവയുടെ വെളിപ്പെടുത്തല്‍ (Something like an autobiography) വിരല്‍ ചൂണ്ടുന്നതും മറ്റൊന്നിലേക്കുമല്ല. ചലച്ചിത്രകാരനെന്ന നിലയില്‍ തന്റെ വായന, അക്ഷരങ്ങളില്‍ നിന്നും വാക്കുകളില്‍ നിന്നും എഴുത്തിന്റെ പിന്നിലെ രാസപ്രക്രിയയെ അന്വേഷിച്ചു പോകേണ്ടതുണ്ടെന്ന് തീര്‍ച്ചയായും അദ്ദേഹം കരുതിയിരിക്കണം. (ഇതേ പുസ്തകത്തില്‍ തന്നെ, താന്‍ പോള്‍ സെസാനെന്ന ഫ്രഞ്ച്‌ ചിത്രകാരന്റെ ചിത്രങ്ങള്‍ കണ്ട ശേഷം ചിത്രകാരനാകണമെന്ന ആഗ്രഹം എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചതായി കുറൊസാവ പറയുന്നുണ്ട്‌. എഴുത്തുകാരന്‍, എഴുതിയത്‌ കീറിക്കളയുന്നതിന്‌ പകരം സ്വന്തം പേനതന്നെ ഒടിച്ച്‌ ദൂരെയെറിയുന്നതുപോലെ വേദന നിറഞ്ഞ ഒരു പ്രവൃത്തി.)

എഴുതുന്നയാള്‍ അയാളുടെ വായനയെ കൂടുതല്‍ ക്രിയാത്മകമാക്കുന്നതെങ്ങിനെ? നമ്മളെ തീക്ഷ്ണമായി ആകര്‍ഷിക്കുന്ന ഓരോ രചനയുടെയും പൊതുഘടനയെ പല ഘടകങ്ങളാക്കി വേര്‍തിരിച്ച്‌ അപഗ്രഥിക്കാന്‍ കഴിയും. ഒരു തരം അപനിര്‍മ്മാണരീതി (deconstruction). പനിനീര്‍പ്പൂവിന്റെ ആകര്‍ഷണീയതയുടെ രഹസ്യം കണ്ടുപിടിക്കാനായി അതിനെ കീറിമുറിച്ച്‌ പരിശോധിക്കുന്നതുപോലെ അപഹാസ്യം എന്ന് പരിഹസിക്കപ്പെട്ടിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത്തരം അപഗ്രഥനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ തികച്ചും വ്യത്യസ്തമായ മറ്റൊരു തലത്തിലാണ്‌.

വിശദമായിപ്പറയാം. നന്നായി സംവേദിക്കുന്ന ഒരു കവിതയെ നിരൂപകന്‍ പദാനുപദമായി വ്യാഖ്യാനിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംവേദനത്തിന്‌ ക്ഷതം സംഭവിക്കുന്നു. കവിതയെ കവിതയുടെ ഭാഷയില്‍ നിന്ന് സാമാന്യഭാഷയിലേക്ക്‌ തര്‍ജ്ജമ ചെയ്ത പോലെ. (സൂസന്‍ സൊന്‍ടാഗാണ്‌ ഇത്‌ പറഞ്ഞതെന്ന് തോന്നുന്നു.) എന്നാല്‍, മേല്‍പ്പറഞ്ഞ തരം വായനയെ താരതമ്യപ്പെടുത്താന്‍ കഴിയുന്നത്‌ ഒരു ഗായകന്‍ തന്നെ പിടിച്ചുലച്ച ഒരു സംഗീതകൃതിയെ വീണ്ടും വീണ്ടും കേള്‍ക്കുന്ന പ്രക്രിയയോടാണ്‌. പാട്ടില്‍ ലയിക്കുകയും അതേ സമയം തന്നെ സൂക്ഷ്മമായ രാഗസഞ്ചാരങ്ങളെ ജാഗ്രതയോടെ പിന്തുടരുകയും ചെയ്യുന്ന ശ്രവണകല. ചിലപ്പോള്‍ പാട്ടിനോടൊപ്പം അയാളും പാടും, ചില വ്യത്യാസങ്ങള്‍ പ്രയോഗിച്ചു നോക്കും. വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ ആ സംഗീതധാരയിലേക്ക്‌ തിരിച്ചുവരും. യുക്തിയില്‍ നിന്ന് യുക്ത്യാതീതമായ ആനന്ദത്തിലേക്കും, തിരിച്ചുമുള്ള നിരന്തരമായ യാത്ര. ചിത്രകലയില്‍ വാന്‍ഗോഗ്‌ പരിശീലിച്ചിരുന്ന, ഒരു പക്ഷേ വളരെ തീവ്രമായി നിലനിര്‍ത്തിപ്പോന്നിരുന്ന ഒന്നാണ്‌ ഇത്തരം പിന്തുടരല്‍. ദെലക്രോയി, ഹിരോഷിഗെ, മിയെ തുടങ്ങിയ ചിത്രകാരന്മാരുടെ രചനകള്‍ അസാമാന്യതീവ്രതയോടെ പകര്‍ത്തി വരച്ചിട്ടുണ്ട്‌, വാന്‍ഗോഗ്‌. ഒാരോ ബ്രഷ്‌ സ്ട്രോക്കിനും പിന്നിലെ രഹസ്യം തിരയാന്‍ അതിനെക്കാള്‍ മികച്ച മാര്‍ഗ്ഗമെന്തുണ്ട്‌? പക്ഷേ, ഇങ്ങനെയുള്ള പകര്‍പ്പ്‌ രചനകളില്‍ പോലും അന്തിമമായി തെളിയുന്നത്‌ വാന്‍ഗോഗിന്റെ കൈയൊപ്പാണ്‌. തികഞ്ഞ ശൈലീവ്യതിയാനം. അതായത്‌ വേറൊരാളിന്റെ രചനാരഹസ്യം തിരഞ്ഞുപോകുക വഴി സ്വന്തം സര്‍ഗ്ഗശൈലിയെ ഉണര്‍ത്തിക്കൊണ്ട്‌ വരികയാണ്‌ അദ്ദേഹം ചെയ്തത്‌. കലാകാരന്റെ തീവ്രാന്വേഷണത്തിന്റെ ഫലശ്രുതി.

ഇതൊക്കെ പറയുമ്പോഴും ഏതൊരു കലാസൃഷ്ടിയ്ക്കും അനുവാചകനോ വിമര്‍ശകനോ പിടിതരാതെ ഒഴിയുന്ന, ചലനാത്മകമായ ഒരു സൗന്ദര്യകേന്ദ്രമുണ്ടെന്ന് തോന്നുന്നു. പക്ഷേ, അത്‌ കൊണ്ട്‌ മാത്രം അന്വേഷണത്തിന്റെ പ്രസക്തിയില്ലാതാകുന്നില്ല. കാരണം ഈയൊരന്വേഷണത്തില്‍ മാര്‍ഗ്ഗത്തിന്‌, ഒരു പക്ഷേ ലക്ഷ്യത്തെക്കാള്‍ വലുതായ, പ്രാധാന്യമുണ്ട്‌. ചെറിയൊരുദാഹരണം പറയാം. വെറുമൊരു വായനക്കാരനെന്ന നിലയില്‍ ചില രചനകളില്‍ കൗതുകകരവും പലപ്പോഴും അലസവുമായ ചില തിരച്ചിലുകള്‍ നടത്തി നോക്കിയിട്ടുണ്ട്‌, ഇതെഴുതുന്നയാള്‍. എന്‍.എസ്‌. മാധവന്റെ 'കപ്പിത്താന്റെ മകള്‍' എന്ന കഥയിലൂടെയും നടത്തിനോക്കി, അത്തരത്തിലൊരു സഞ്ചാരം. (എന്നെ വല്ലാതെയാകര്‍ഷിച്ച ഒരു കഥയാണത്‌. മറ്റു പലരെയും ആകര്‍ഷിച്ചിട്ടുണ്ടാകണമെന്നില്ല.) അതിലെ കേന്ദ്രകഥാപാത്രമായ, മനോവിഭ്രാന്തിയുടെയും വൈകാരികപതനങ്ങളുടെയും നടുവില്‍പ്പെട്ടുഴറുന്ന, മാളവികയെന്ന ചിത്രകാരിയുടെ ഭൂതകാലം വെളിപ്പെടുത്തുന്ന ഭാഗങ്ങളെല്ലാം തന്നെ വളരെ നിര്‍ണ്ണായകങ്ങളാണ്‌. താന്‍ കുട്ടിയായിരിക്കുമ്പോള്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക്‌ സമുദ്രസഞ്ചാരം നടത്തുന്ന പിതാവുമായി അവള്‍ക്കുള്ള ബന്ധം തുറമുഖങ്ങളില്‍ നിന്ന് അദ്ദേഹം അയയ്ക്കുന്ന കത്തുകളിലൂടെ മാത്രമായിരുന്നു. എല്ലാ കത്തുകളുടേയും ഉള്ളടക്കം ഏതാണ്ടൊന്നുതന്നെയായിരുന്നുവെന്നറിയാവുന്ന കുഞ്ഞുമാളവികയുടെ കൗതുകം മുഴുവന്‍ കത്തുകളിന്മേല്‍ പതിച്ചിരുന്ന, വിവിധരാജ്യങ്ങളുടെ സ്‌റ്റാമ്പുകളോടായിരുന്നു. സ്‌റ്റാമ്പുകളോട്‌ തോന്നുന്ന കൗതുകവുമായി നമുക്ക്‌ വളരെ പെട്ടെന്ന് അടുക്കാന്‍ കഴിയുമല്ലോ. മാളവികയ്ക്ക്‌ വരുന്ന കത്തുകളില്‍ പതിച്ച ആ സ്‌റ്റാമ്പുകളില്‍ ആ കഥയുടെയും (അതിന്റെ സംവേദനതീവ്രതയുടെ) ആ കഥാപാത്രത്തിന്റെ ദുരന്തത്തിന്റെയും ഹൃദയരഹസ്യം ഒളിഞ്ഞിരിക്കുന്നത്‌ പോലെ എനിക്ക്‌ തോന്നി. അഥവാ, സ്‌റ്റാമ്പുകളെപ്പറ്റിയുള്ള ആ ഓര്‍മ്മയെ തനിച്ച്‌ നിര്‍ത്തി നോക്കിയപ്പോള്‍, കഥാശരീരത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ഒരു സുപ്രധാന അവയവമാണല്ലോ താരതമ്യേന ചെറിയ ആ പരാമര്‍ശമെന്ന ബോധ്യം ശക്തിപ്പെടുകയാണുണ്ടായത്‌. പക്ഷേ അതുകൊണ്ട്‌ മാത്രം ആ കഥയുടെ പിന്നിലെ രചനാപ്രക്രിയ വെളിവായിക്കിട്ടി എന്നര്‍ത്ഥമില്ല താനും. എങ്കിലും, ഞാനൊരു കഥയെഴുത്തുകാരനാണെങ്കില്‍ എന്റെ തന്നെ രചനകളെ വിലയിരുത്താന്‍ ചെറുതല്ലാത്ത തരത്തിലുള്ള പ്രയോജനം ചെയ്യും, അത്തരം അന്വേഷണങ്ങളെന്നതില്‍ സംശയമില്ല.

ഫലപ്രദമായ വായനയിലൂടെ പ്രതിഭാശാലികളായ എഴുത്തുകാരുടെ രചനാസങ്കേതങ്ങളുടെ വേരുകള്‍ അന്വേഷിച്ചുപോയതു കൊണ്ടു മാത്രം സ്വയം വിമര്‍ശനമെന്ന കടമ്പ വിദഗ്ദമായി കടക്കാനാകണമെന്നില്ല. അതിന്‌ സ്വന്തം രചനയില്‍ നിന്ന്, അത്‌ പൂര്‍ണ്ണമായിക്കഴിഞ്ഞ ശേഷമെങ്കിലും, വൈകാരികമായ അകലം പാലിക്കാനും കഴിയേണ്ടതുണ്ടെന്ന് തോന്നുന്നു.

ഷഗാളിന്റെ ഒരു ചിത്രം


















ഇത്‌, വായനയിലൂടെ, നിരീക്ഷണത്തിലൂടെ ആര്‍ജ്ജിക്കുന്ന ശേഷിയെ സ്വന്തം രചനാശേഷിയുടെ അതിരുകള്‍ വികസിപ്പിക്കാനായി ഉപയോഗിക്കുന്ന കാര്യം. തന്റെ കലാസൃഷ്ടിയെ വിലയിരുത്താനായി മാര്‍ക്‌ ഷഗാള്‍ എന്ന റഷ്യന്‍ ചിത്രകാരന്‍ ഉപയോഗിച്ചിരുന്ന ലളിതവും എന്നാല്‍ അത്ഭുതാവഹവുമായ ഒരു മാര്‍ഗ്ഗത്തെപ്പറ്റി വായിച്ച ഓര്‍മ്മയുണ്ട്‌. ഇത്തരം കാര്യങ്ങളില്‍ വച്ച്‌ ഏറ്റവും ആകര്‍ഷകമായിത്തോന്നിയ ഒന്ന്. പൂര്‍ത്തിയായിക്കഴിഞ്ഞ പെയിന്റിംഗിന്‌ നേരെ പ്രകൃതിജന്യമായ, അതായത്‌ മനുഷ്യന്‍ കൃത്രിമമായി സൃഷ്‌ടിച്ചതല്ലാത്ത, ഏതെങ്കിലുമൊരു വസ്തു വയ്ക്കും, ഷഗാള്‍. അത്‌ ഒരു ചെറിയ മരച്ചില്ലയാകാം, വലിയൊരു പുഷ്‌പമാകാം, സ്വന്തം കൈ പോലുമാകാം. എന്നിട്ട്‌ ആ വസ്തുവിനേയും പെയിന്റിംഗിനേയും താരതമ്യം ചെയ്യും. (ഷഗാള്‍ യഥാതഥസമ്പ്രദായത്തില്‍ (realistic) വരയ്‌ക്കുന്ന ആളല്ലായിരുന്നുവെന്നോര്‍ക്കണം.) അപ്പോള്‍ പെയിന്റിംഗിന്‌ എന്തെങ്കിലും ന്യൂനത തോന്നിയാല്‍ ആ രചന നന്നല്ലെന്ന് അദ്ദേഹം അനുമാനിച്ചിരുന്നത്രെ. ഇതിനെ എങ്ങനെ വിശദീകരിക്കും? കലാസൃഷ്ടിയില്‍ പ്രകടമാകുന്ന ലയം, നിറങ്ങളുടെയും രൂപങ്ങളുടെയും തുലനം എന്നിവ ഒരു സവിശേഷരീതിയില്‍ പ്രകൃതിയിലുള്ള അതേ പ്രതിഭാസങ്ങള്‍ക്ക്‌ നേരനുപാതത്തിലായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

താന്‍ എഴുതാനിരിക്കുമ്പോഴൊക്കെ എഴുത്തുമേശപ്പുറത്തെ പൂപ്പാത്രത്തില്‍ മഞ്ഞപ്പൂക്കളുണ്ടായിരിക്കണമെന്ന മാര്‍കേസിന്റെ, അന്ധവിശ്വാസത്തോടടുത്തു വരുന്ന, ആഗ്രഹത്തെ ഇതുമായി കൂട്ടിവായിച്ചു നോക്കൂ. എഴുത്ത്‌ തുടങ്ങുന്നതിന്‌ മുന്‍പ്‌ തന്നെ കൃതിയെ വിലയിരുത്തുന്ന ഏതോ 'മാജിക്കല്‍ റിയലിസ്റ്റിക്‌' പദ്ധതിയുടെ ഭാഗമായിരിക്കുമോ അത്‌?



ഒന്നാമടിക്കുറിപ്പ്‌: വല്ല വിധേനയും എഴുതിത്തീര്‍ത്തു. സ്വയം വിമര്‍ശിക്കാനുള്ള ധൈര്യം തോന്നുന്നില്ല!

രണ്ടാമടിക്കുറിപ്പ്‌: ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന പലതും (മാധവന്റെ കഥ, കുറൊസാവയുടെ പുസ്തകം തുടങ്ങിയതെല്ലാം) ഓര്‍മ്മയെ മാത്രം അവലംബിച്ചെഴുതിയതാണ്‌. തെറ്റുകളുണ്ടെങ്കില്‍ ക്ഷമിക്കുകയും തിരുത്തുകയും ചെയ്യുക.

40 comments:

പരാജിതന്‍ said...

എഴുതുന്നയാളിന്റെ സ്വയം വിമര്‍ശനത്തെക്കുറിച്ചൊരു പോസ്റ്റ്‌. ഒരു പക്ഷേ മറ്റാരെങ്കിലും മുമ്പ്‌ പറഞ്ഞ കാര്യങ്ങളായിരിക്കാം.

ടി.പി.വിനോദ് said...

പതിവുപോലെ കനമുള്ള നിരീക്ഷണങ്ങള്‍.. ചിലതൊക്കെ കുറിക്കാന്‍ തോന്നുന്നു..യോജിപ്പാണോ വിയോജിപ്പാണോ എന്ന് എനിക്കുതന്നെ അറിയില്ല...

ഒരു വിഷയം ഉണ്ടായിക്കഴിഞ്ഞ് അതിനെ ആവിഷ്ക്കരിക്കാനുള്ള ഉപാധിയായി എഴുത്ത് സംഭവിക്കുന്നു എന്നത് എല്ലായ്പോഴും ശരിയാണോ?രൂപകങ്ങളില്‍ നിന്നോ ബിംബങ്ങളില്‍നിന്നോ വാക്കുകളൂടെ ഗൂഢ ഗണിതങ്ങളില്‍ നിന്നോ തുടങ്ങി ചിലപ്പോഴൊക്കെ എനിക്ക് എഴുതാന്‍ തോന്നാറുണ്ട്.(നീ ആരെടേ എന്ന് ചോദിക്കല്ലേ:) )ആശയപരമായ ഒരു സാംഗത്യം അതിലേക്ക് ഒട്ടോരു മസിലുപിടുത്തത്തോടെയാവും ഒട്ടിച്ചുവെയ്ക്കുക.

transcription (അക്ഷരപ്പെടല്‍?)എന്ന ക്രിയ തന്നെ ഒരുതരം എഡിറ്റിങ്ങ് ആണെന്ന് വിശ്വസിക്കാന്‍ എനിക്ക് തോന്നാറുണ്ട്.അതിനുശേഷമുള്ള എഡിറ്റിങ്ങ് കൃതിയുടെ ജൈവ സ്വഭാവത്തിനോട് അല്ലെങ്കില്‍ അതിന്റെ കാരണങ്ങളോട് എന്ത് തരത്തിലാണ് പെരുമാറുന്നത് എന്നതില്‍ എനിക്ക് സംശയങ്ങളേ ഉള്ളൂ...

എഴുത്തുകാരന്റെ വായന ആസ്വാദകന്റെ വായനയില്‍ നിന്ന് ഭിന്നമായിരിക്കണം എന്നതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു.കണ്ണുനീരിനെ H2O എന്ന് വായിക്കുന്നത് പോലെ ക്രൂരമായിരിക്കുക എന്നത് അതിന്റെ അനിവാര്യതയും സാഫല്യവുമാണ് പല തലത്തിലും.

മാര്‍ക്‌ ഷഗാളിനെ പരിചയപ്പെടുത്തിയതിന് ഏറെ നന്ദി..

സുന്ദരമായ ഒരു പ്രമേയത്തെ കൈയൊതുക്കത്തൊടെ എഴുതിയതിന് അനുമോദനങ്ങള്‍...

സു | Su said...

നല്ല ലേഖനം ആയി. :)

എന്റെ ബ്ലോഗില്‍ ഇടുന്നത് പലതും ഒറ്റ എഴുത്താണ്. അതായത്, മനസ്സിലുള്ളത്, വരമൊഴിയിലേക്കോ എന്റെ പുസ്തകത്തിലേക്കോ. അപൂര്‍വ്വം തിരുത്തല്‍ നടന്നിട്ടുണ്ടാകും. പക്ഷെ മിക്കവയും, അതിന്റെ ജന്മരൂപത്തില്‍ തന്നെയാണ്. അതിന് പല ദോഷവും ഉണ്ടെന്ന് അറിയാം.

സ്വയം വിമര്‍ശനം നടത്തണോ എന്ന് ഇതുവരെ തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല. അറിയാതെ നടത്തുന്നുണ്ടാവും ചിലപ്പോള്‍.

അലസവായന ഉണ്ടായിരുന്നു. ഇപ്പോ ഇല്ല. ഒരു കഥ, കൃതി വായിച്ചാല്‍ എഴുതിവെക്കുന്നില്ലെങ്കിലും ഓര്‍മ്മിക്കാന്‍ പറ്റുന്നുണ്ട്. ഇടയ്ക്കൊക്കെ ഓര്‍മ്മിക്കാറുണ്ട്. അതൊരു നല്ല കാര്യമായിട്ട് തോന്നാറുമുണ്ട്. ഓര്‍മ്മക്കുറവില്ലാത്തിടത്തോളം അങ്ങനെ പോകും. അതു കഴിഞ്ഞാല്‍ കുറിച്ചുവെയ്ക്കേണ്ടി വരും.

ഇനി തമാശ. ലന്തന്‍ബത്തേരി വായിച്ചിട്ട് ചേട്ടനോട് വായിക്കൂ എന്ന് പറഞ്ഞു. നീ കഥ ചുരുക്കിപ്പറഞ്ഞാല്‍ മതി എന്നു പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു “ജെസിക്കക്ക് വട്ടായി” എന്ന്. ഇത്രേ ഉള്ളൂ അതില്‍ എന്ന് ചേട്ടന്‍. ഹിഹിഹി.

ഈശ്വരാ... ഈ ബ്ലോഗ് ആരൊക്കെ വായിക്കും?

എന്തായാലും ഇനി വായനയിലും എഴുത്തിലും ശ്രദ്ധിക്കും. വായന നേരെയാവുമായിരിക്കും. എഴുത്ത് പഴയപോലെ തന്നെയേ ഉണ്ടാകൂ. ;)

മുസ്തഫ|musthapha said...

പരാജിതന്‍ (എന്തോ, താങ്കളെ അങ്ങിനെ വിളിക്കാനൊരു വിഷമം)... ഇത് നല്ല ലേഖനമായി തോന്നി.

ഈ ഗണത്തിലൊന്നും പെടില്ല എന്‍റെ ‘കൃത്യ’ങ്ങള്‍ എന്ന് തോന്നുന്നു. പലതും മനസ്സിലിട്ട് മെരുക്കിയെടുത്ത് പോസ്റ്റാന്‍ പദ്ധതിയുമായി വരും. പക്ഷെ, അത് ടൈപ്പ് ചെയ്ത് ഒരു പാരഗ്രാഫ് ആകുമ്പോള്‍ തോന്നും ഇതിപ്പോ എഴുതാന്‍ പറ്റിയ മൂഡല്ല... അങ്ങിനെ അത് സേവ് ഡ്രാഫ്റ്റായി കിടക്കും, ചിലപ്പോള്‍ കുറേ കാലം. അതേ സമയം, മനസ്സില്‍ ഒട്ടും തന്നെയില്ലാതിരുന്ന ഒരു കാര്യം പോസ്റ്റായി പിറക്കുകയും ചെയ്യും :)

കിളിവാതിലിലൂടെ എം.ടി. പറഞ്ഞു, എഴുതാനാഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ട് പത്ത് പുസ്തകങ്ങളില്‍ ഒന്നാണ് ഗുസ്താവ് ഫ്ലോബര്‍ട്ടിന്‍റെ ‘മാഡം ബേവറി’ എന്ന്. വില കുറവില്‍ കണ്ടപ്പോള്‍ ഒരെണ്ണം വാങ്ങിച്ചു - കൂടെ ഒരു ഡിക്ഷണറിയും. പിന്നെ എനിക്കൊരു കാര്യം മനസ്സിലായി, വായിക്കാനറിയുന്നവനേ അത് വാങ്ങിക്കാവൂ എന്ന്.

ദേവന്‍ said...

ഇന്നാ പിടിച്ചോ സൂ, മോബി ഡിക്ക്‌ ന്റെ ഒണ്‍ ലൈന്‍. ഒരുത്തന്‍ തിമിങ്ങലത്തെക്കൊല്ലാന്‍ നോക്കിയിട്ട്‌ ഒടുക്കം അത്‌ ചത്തുമില്ല അവന്‍ ചത്തും പോയി.


പരാജിതാ,
ഞാന്‍ എഴുത്തുകാരനൊന്നുമല്ല, അതുകൊണ്ടാണോ എന്തോ ഒരു കമ്പ്യൂട്ടറിന്റെ ഫയര്‍വാള്‍ പോലെ വര്‍ത്തിക്കുന്ന എന്റെ മനസിന്റെ ക്വാളിറ്റി കണ്ട്രോള്‍ വിഭാഗത്തെ നൈമിഷികമായി ഓഫ്‌ ചെയ്തു വച്ചാണ്‌ ഞാന്‍ ബ്ലോഗ്‌ പ്രസിദ്ധീകരിക്കാറ്‌(ബ്ലോഗല്ലാതെ ഇന്നുവരെ തൊഴില്‍ക്കാര്യേതരമായി ഒന്നും എഴുതിയിട്ടില്ല) ഇല്ലെങ്കില്‍ ചിലപ്പോള്‍ എന്റെ ജീവിതത്തില്‍ ബ്ലോഗ്ഗേ ഇല്ലെന്നു വരും.

ഒരു കൌതുകത്തിനു പരാജിതന്‍ ചെയ്യുന്നതുപോലെ കഥകളെ കീറി ഞാന്‍ അതിന്റെ ഉടമയുടെ സ്റ്റ്രാറ്റെജി കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്‌. പലപ്പോഴും ഞാനായിരുന്നെങ്കില്‍ എങ്ങനെ അതു ചെയ്തേനേ എന്നു നോക്കിയിട്ടുമുണ്ട്‌.
ഗോസ്റ്റ്‌ എന്നത്‌ ഒരന്ധവിശ്വാസമല്ലേ എന്നു ചോദിക്കുന്ന ആളിനോട്‌

"Laws of nature are human inventions, like ghosts. ...... We see what we see because these ghosts show it to us, ghosts of Moses and Christ and the Buddha, and Plato, and Descartes, and Rousseau and Jefferson and Lincoln, on and on and on. Isaac Newton is a very good ghost. .. Your common sense is nothing more than the voices of thousands and thousands ...ghosts trying to find their place among the living."
(സെന്‍ ആന്‍ഡ്‌ ദ്‌ ആര്‍ട്ട്‌ ഓഫ്‌ മോട്ടോര്‍ സൈക്കിള്‍ മെയിന്റനന്‍സ്‌) എന്ന ഭാഗം ഞാന്‍ ഒരുപാടു തവണ തിരുത്തിയെഴുതിയിട്ടുണ്ട്‌. ഒരു കിക്കിനു വേണ്ടി.

Anonymous said...

നന്നായി സുഹൃത്തേ, നന്നായി,,, ഞാനിത് പണ്ടേ പറയണമെന്നു വിചാരിച്ചതാ !

Anonymous said...

pria paraajithaa..,
സര്‍ഗാത്മകതയുടെ അടുക്കളക്കകത്തുകൂടിയുള്ള നടപ്പും ചേരുവകളുടെ സാങ്കേതിക കണക്കെടുപ്പും നമ്മെ യന്ത്രവല്‍ക്കരിക്കുകയും, നൈസര്‍ഗിഗതയുടെ ക്രിയാത്മകതക്ക്‌ കോട്ടം വരുത്തുമെന്നും ചിത്രകാരാനു തോന്നുന്നു. പ്ലാസ്റ്റിക്‌ പൂക്കളെയും, പ്രകൃതിയുടെ പൂക്കളെയും ചിത്രകാരന്‍ വേര്‍ത്തിരിച്ചു കാണുന്നു.
www.chithrakaran.blogspot.com

Anonymous said...

അപരാജിതാ,

സന്ദര്‍ഭത്തിനൊത്ത നല്ലൊരു ലേഖനമായി ഇത്. ഒരു പക്ഷേ എഴുത്തിനെക്കുറിച്ചുതന്നെ ബൂലോഗങ്ങളില്‍ ഇതുവരെ വന്നതില്‍ ഏറ്റവും ശ്രദ്ധാര്‍ഹമായ ലേഖനം.

'Stupid Mode' എന്നു ഞാന്‍ സ്വയം ഓമനപ്പേരിട്ടു വിളിക്കുന്ന ഒരു രീതിയുണ്ട് എനിക്ക്. എന്റെ തൊഴിലില്‍ പോലും എന്തെങ്കിലും മികവ് എനിക്കുണ്ടാവുന്നുണ്ടെങ്കില്‍ അതിലെ ഒന്നാമത്തെ കാരണമായി ഞാന്‍ കണക്കാക്കുന്നത് അതാണ്. മരമണ്ടന്‍ മോഡിനെക്കുറിച്ച് എന്തെങ്കിലും എഴുതാം എന്നാലോചിച്ചിരിക്കുമ്പോള്‍ അതിനൊരു പിന്നരങ്ങൊരുക്കാന്‍ ഈ ലേഖനം വളരെ സഹായിക്കുന്നു.

“എഴുത്തുമേശപ്പുറത്തെ മഞ്ഞപ്പൂക്കള്‍” നമ്മുടെ ബൂലോഗത്തെ ഏറ്റവും ഗൌരവവും ആസ്വാദ്യവും ഉപയോഗപ്രദവുമായ ഒരു നെടുനീളന്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തുമെന്ന് പ്രതീക്ഷിക്കട്ടെ.

ഈ ഒന്നാംക്ലാസ്സ് കൃതിക്ക് എന്റെ അഭിനന്ദനങ്ങള്‍.

Anonymous said...

വളരെ വളരെ നല്ലൊരു ലേഖനം.സ്കൂളില്‍ ഒക്കെ വായിക്കണ പോലത്തെ.പത്രത്തില്‍ ആണൊ ജോലി ചെയ്യുന്നെ?


പക്ഷെ പ്രശ്നം ബ്ലോഗിങ്ങില്‍ ഈ സാധാരണ എഴുത്തിന്റെ നിയമങ്ങള്‍ ഒക്കെ കാറ്റില്‍ പറക്കുന്നു. പുതിയ നിയമങ്ങളാണ്.

ഡാലി said...

വളരെ നല്ല ലേഖനം.

സ്വയം വിമര്‍ശനത്തെ പറ്റി. അത് എല്ലാവരും ചെയ്യുന്നുണ്ടാവും എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാണല്ലോ മിക്കവരോടും ഏറ്റവും ഇഷ്ടപെട്ട കൃതി അല്ലെങ്കില്‍ വര്‍ക്ക് അല്ലെങ്കില്‍ പോസ്റ്റ് എന്ന് ചോദിക്കുമ്പോള്‍ അധികം മടിക്കതെ ഉത്തരം കിട്ടുന്നത്. പക്ഷേ അധികവും ഇത് സ്വന്തം കൃതികളെ തന്നെ നോക്കിയാവുന്നത് കൊണ്ടാവാം വേണ്ട സ്വയം വിമര്‍ശനം വേണ്ട രീതിയില്‍ ഫലിക്കത്തത്. (അഹം എന്ന സ്വയം സ്നേഹം നിരത്തനുമാവില്ലല്ലോ)

ബ്ലോഗില്‍ പക്ഷെ, ഇതൊന്നും ബാധകമാകേണ്ടതില്ല എന്ന് തോന്നുന്നു. തന്റെ പാട്ട് എത്ര മോശമാണേന്ന് സ്വയം അറിഞ്ഞാലും തൊട്ടപ്പുറത്തിരിക്കുന്നവനെ മൂളി കേള്‍പ്പിക്കാനുള്ള ചങ്കൂറ്റം, സ്വന്തം ഡയറിയില്‍ എഴുതിയ ഒന്ന് (കഥയോ, കവിതയോ, ചിന്തകളോ എന്തും ) തൊട്ട്പ്പുറത്തിരിക്കുന്നവന് കാണിച്ച് കൊടുക്കാന്‍ ക്ലാസ്മുറികളില്‍ നാം കാണിച്ച ആവേശം അതിന്റെ ഇന്റര്‍നെറ്റ് പരിഭാഷ, അതാണ് ബ്ലോഗ് എന്നാണ് എനിക്ക് തോന്നിയിരിക്കുന്നത്. ഈ ഡയറികളിലൊക്കെ ചിലപ്പോള്‍ ഉല്‍കൃഷ്ട സൃഷ്ടികളും ഉണ്ടായിരുന്നില്ലേ? അതുപോലെ ബ്ലോഗിലും കാണാം ചിലത്. അത്രയേ ഉള്ളൂ.

Anonymous said...

വെറുമൊരു ഡയറി എഴുത്തായി ബ്ലോഗിനെ കാണുന്നതില്‍ ഞാന്‍ ശക്തമായി പ്രതിഷേധം അറിയിക്കുന്നു!

(പാലപ്പം,പാലപ്പം) :)

ഡാലി said...

ഇഞ്ചി ഡിയര്‍,
വെറിമൊരു ഡയറി എഴുത്ത് എന്ന് ഞാന്‍ പറഞ്ഞില്ല. അപ്പുറത്തിരിക്കുന്നവന് (അവന്‍ പ്രിയപെട്ടവന്‍ ആവേണ്ട) കാണിച്ച് കൊണ്ടുക്കാന്‍ ആവേശം തോന്നുന്നവ എന്നാണ്. അതില്‍ നല്ല കൃതികളും വരും. തനിക്കായി മാത്രം സൂക്ഷിച്ച് വയ്ക്കുന്ന ഡയറികള്‍ ആണല്ലോ വെറും ഡയറി എഴുത്തുകള്‍ അവയല്ലല്ലോ ബ്ലോഗില്‍ വരുന്നവ. അതാണ് പറഞ്ഞത്.

പാലപ്പമോ അതെന്താ?

വല്യമ്മായി said...

വളരെ നല്ല ലേഖനം.

എന്തെങ്കിലും എഴുതി കഴിഞ്ഞാല്‍ അത് പെട്ടെന്ന് പോസ്റ്റ് ചെയ്യാനുള്ള ആക്രാന്തമാണ്‌.അതെങ്ങനെ മറികടക്കാം എന്നൊന്നു പറഞ്ഞു തരുമോ

Anonymous said...

പരാജിതന്‍,
വളരെ നല്ലൊരു ലേഖനം.
Susan Sontag-ന്റേതായ ഉദ്ധരണിയും Mark Shagal-ന്റെ 'പരീക്ഷണ രീതിയും'(പുള്ളിയെ 'റഷ്യന്‍ ക്യൂബിസ്റ്റ്' എന്നു ആരോ പരാമര്‍ശിച്ചു കണ്ടിട്ടുണ്ട് :))പുതിയ അറിവുകളാണു്‌. നന്ദി.
എഴുത്തിന്റെ ഉറവിടത്തെപ്പറ്റി പറയുമ്പോള്‍ 'കരുതുക' എന്നു കരുതലോടെ ഉപയോഗിച്ചതു ശ്രദ്ധിച്ചു.:) കാരണം ലാപുട പറഞ്ഞതു പോലെ മറ്റാര്‍ക്കും ചിലപ്പോള്‍ ഒരുതരത്തിലും കൈമാറാന്‍ കഴിയാത്ത ചില നിഗൂഢതകളില്‍ നിന്നായിരിക്കാം 'എഴുത്തു' ഉണ്ടാകുന്നതു്‌.
താങ്കള്‍ വിശദമാക്കിയ 'എഴുത്തുകാരന്റെ വായന 'ശരിക്കും എന്റെ മനസ്സിലുള്ളതു പോലെ.
പിന്നെ താങ്കള്‍ പറഞ്ഞ 'സ്വയം വിമര്‍ശ്ശനമെന്ന പ്രഹേളിക' രണ്ടാം വായനയില്‍ (ഞാനുദ്ദേശിച്ചതു, പ്രസിദ്ധീകരണ ശേഷം, വിമര്‍ശ്ശകരുടെ അഭിപ്രായങ്ങള്‍ കേട്ടതിനു ശേഷം.)ചെയ്യേണ്ടതല്ലേ? അപ്പോഴല്ലേ രചയിതാവിനു 'സ്വന്തം രചനയില്‍ നിന്ന്, അത്‌ പൂര്‍ണ്ണമായിക്കഴിഞ്ഞ ശേഷമെങ്കിലും, വൈകാരികമായ അകലം പാലിക്കാന്‍' കൂടുതല്‍ കഴിയുക?അതിനു മുമ്പു ചെയ്യുന്നതു അത്ര ഫലവത്തായിരിക്കുമോ?
വിശേഷിച്ചും, സൃഷ്ടികര്‍മ്മം നടന്നതിനു ശേഷം അതിനെ എഡിറ്റ് ചെയ്യാന്‍ കലാകാരനാകില്ല എന്നു കരുതുമ്പോള്‍.
ഇതൊക്കെ എന്റെ വെറും തോന്നലുകളാണു്‌. ഒന്നും ആധികാരികമല്ല. :)

Anonymous said...

സ്വന്തം കൃതിയാകുമ്പോള്‍, അതൊരു കഥയാവട്ടെ, കവിതയാവട്ടെ, ഒരു പക്ഷെ നമ്മുടെ അടുക്കളയില്‍ ഉണ്ടാക്കുന്ന അവിയല്‍ ആകട്ടെ, സൃഷ്ടികര്‍ത്താവ്‌ അതു പല വട്ടം പ്രാവ്ശ്യം തൊട്ടു നാവിന്മേല്‍ വെക്കും. ഓരോര്‍തരും സ്വന്തം അഭിരുചിക്കനുസരിചു സൃഷ്ടിയെ പാകപെടുത്തന്‍ ശ്രമിക്കുന്നു. എല്ലവര്‍ക്കും ഒരു പോലെ സ്വീകാര്യമാവണമെന്നില്ല.

എല്ലാം ശരി. എന്നാലും ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുന്ന സ്വാതന്ത്ര്യം ഞാന്‍ വളരയേറെ വില മതിക്കുന്നുണ്ട്‌. ഒരു മൂരാചി പത്രാധിപന്റെ ദയ കാങ്ക്ഷിച്ചു കാതിരിക്കേണ്ട ഗതിക്കേട്‌ ഒരു മുഷിച്ചില്‍...

Abdu said...

പലപ്പോഴും ലാപുഡ പറഞ്ഞതാണ് (രൂപകങ്ങളില്‍ നിന്നോ ബിംബങ്ങളില്‍നിന്നോ വാക്കുകളൂടെ ഗൂഢ ഗണിതങ്ങളില്‍ നിന്നോ തുടങ്ങി ചിലപ്പോഴൊക്കെ എനിക്ക് എഴുതാന്‍ തോന്നാറുണ്ട്.(നീ ആരെടേ എന്ന് ചോദിക്കല്ലേ:) )ആശയപരമായ ഒരു സാംഗത്യം അതിലേക്ക് ഒട്ടോരു മസിലുപിടുത്തത്തോടെയാവും ഒട്ടിച്ചുവെയ്ക്കുക.)
എന്റെ എഴുത്തില്‍ സംഭവിക്കാറ്. അവസാനം പറഞ്ഞത് നടക്കാത്തതിനാല്‍ അവസാനിക്കാത്ത ഒരുപാടെണ്ണമുണ്ട് എന്റെ മേശപ്പുറത്ത്.

മാര്‍ക്‌ ഷഗാള്‍ ശരിക്കും വിസ്മയിപ്പിച്ചു. അയാളെ ആദ്യമായാണ് കേള്‍ക്കുന്നത്.

അഭിനന്ദങ്ങള്‍‌.‍ ഇനിയും എഴുതുക, എഴുത്തിന്റെ രസതന്ത്രത്തെക്കുറിച്ച്, ഇവിടെ അധികമാരും പറയാത്തതാണത്, അതും ഇത്ര മനോഹരമായി.

വേണു venu said...

ഇന്നു് ശ്രി.വിശ്വം തിരുത്തുന്നതിനു മുമ്പേ ഞാന്‍‍ രണ്ടാമതൊരു പ്രാവശ്യം കൂടി വന്നു പറഞ്ഞിരുന്നല്ലോ അല്ലാ പരാജിതനല്ല ഞാന്‍.
ലേഖനം കാലിക പ്രസക്തിയില്‍‍ ശക്തം.
കുറൊസാവയുടെ വെളിപ്പെടുത്തല്‍, ഒാരോ ബ്രഷ്‌ സ്ട്രോക്കിനും പിന്നിലെ രഹസ്യം തിരയാന്‍ അതിനെക്കാള്‍ മികച്ച മാര്‍ഗ്ഗമെന്തുണ്ട്‌ എന്നന്വേഷിച്ചു നടന്ന വാന്‍ഗോഗ,എന്‍.എസ്‌. മാധവന്റെ കപ്പിത്താന്റെ മകള്‍ ഓരോരൊ സ്റ്റാമ്പിലും ഒളിഞ്ഞിരിക്കുന്ന ദുരന്തങ്ങള്‍‍ ദര്‍ശിക്കുന്നതു്.സുഹൃത്തേ നിങ്ങളിന്നൊരു ചിത്ര ഗോപുരത്തിലെയ്ക്കു കൊണ്ടു പോയി നിര്‍ത്തിയിട്ടു് സ്വയമെല്ലാവരുമൊന്നു വിമര്‍ശിക്കാന്‍ പറയുന്നതു് ഗംഭീരമായിരിക്കുന്നു.
“എഴുത്തുമേശപ്പുറത്തെ മഞ്ഞപ്പൂക്കള്‍” എന്ന ഈ ലേഖനത്തിനു് എന്‍റെ അഭിനന്ദനങ്ങള്‍.

ബിന്ദു said...

സീരിയസ് ആയി എഴുതുന്നവര്‍ക്കു പറ്റിയ ലേഖനം ആയിരുന്നു ട്ടൊ.പൊതുവെ ഉള്ള എഴുത്തുകാരെ പറ്റിയല്ലെ? :)

(സ്വയം വിമര്‍ശിച്ച് വിമര്‍ശിച്ച് ഇപ്പോള്‍ എഴുതാന്‍ തോന്നുന്നില്ല എന്നായവരെ എന്താ ചെയ്യേണ്ടെ?)

പരാജിതന്‍ said...

പ്രിയപ്പെട്ടവരേ, എല്ലാവര്‍ക്കും നന്ദി.
എന്നെ 'അപരാജിതാ' എന്ന് സ്നേഹത്തോടെ വിളിച്ച (ആ പേര്‌ ഞാനര്‍ഹിക്കുന്നില്ലെങ്കിലും) വിശ്വം എന്ന 'വീട്ടുകാരനും' വേണുവിനും പ്രത്യേകനന്ദി.

ലാപുടേ, അബ്ദൂ,
'വിഷയം' എന്നത്‌ സൗകര്യത്തെക്കരുതി മാത്രം പ്രയോഗിച്ചതാണ്‌. എഴുത്തെന്നത്‌ എന്തില്‍ നിന്നും തുടങ്ങാമല്ലോ. കവിതയൊക്കെ പലപ്പോഴും എഴുതിത്തുടങ്ങിയ ശേഷമാണ്‌ ഒരു 'തീമി'ന്റെ സാന്നിദ്ധ്യം പോലും തെളിയുന്നതെന്ന് അറിയാം.
പ്രാഥമികമായ എഴുത്തില്‍ തീര്‍ച്ചയായും എഴുതുന്നയാളിന്റെ എഡിറ്റിംഗ്‌ ബുദ്ധി പ്രവര്‍ത്തിക്കും. പക്ഷേ എഡിറ്റിംഗ്‌ പലപ്പോഴും അവിടെ മാത്രമവസാനിക്കുന്നില്ലല്ലോ. മറ്റൊരാള്‍ നന്നായി എഡിറ്റ്‌ ചെയ്താലും കൃതി മെച്ചപ്പെട്ടേക്കാം. അപ്പോഴും രചനയുടെ ഉടമ എഴുതിയയാള്‍ തന്നെയായിരിക്കുമല്ലോ. (വേസ്‌റ്റ്‌ ലാന്റ്‌ എസ്രാ പൗണ്ടിന്റെ പേരിലല്ലല്ലോ അറിയപ്പെടുന്നത്‌.)

എഴുത്തുകാരന്റെ കാഴ്ച: എഴുത്തുകാര്‍ സഹതാപമര്‍ഹിക്കുന്നവരാണെന്നും, തങ്ങള്‍ക്ക്‌ സ്നേഹിക്കാന്‍ കഴിയില്ല, നിരീക്ഷിക്കാന്‍ മാത്രമേ അറിയൂ എന്നും പറഞ്ഞത്‌ മോപ്പസാങ്ങാണോ?

സു, ആ ചുരുക്കിപ്പറച്ചില്‍. :-)

അഗ്രജാ, ഹരീ എന്ന് വിളിക്കാമല്ലോ. :-)

ദേവനെപ്പറ്റി, "ദൈവമേ! ഈ മനുഷ്യനെ എനിക്ക്‌ നന്നായറിയാമല്ലോ!" എന്ന് നേരത്തെ തന്നെ തോന്നിയിട്ടുള്ളതിനാല്‍, പിഴ്സിഗിന്റെ വരികള്‍ തിരുത്തിയെഴുതിയിട്ടുള്ള കഥ കേട്ട്‌ അത്ഭുതം തോന്നിയില്ല.

ബെര്‍ളി, നന്ദി.

ചിത്രകാരാ, സര്‍ഗ്ഗരചനയ്ക്ക്‌ ഒരു സൂത്രവാക്യമുണ്ടെന്നോ അത്‌ കണ്ടു പിടിച്ചേ തീരൂ എന്നല്ലല്ലോ ഞാന്‍ പറഞ്ഞത്‌?

വിശ്വം, stupid mode രസകരമായിട്ടുണ്ടല്ലോ. ഉടനേ എഴുതുന്നുണ്ടോ?

ഇഞ്ചീ, നന്ദി. (പത്രത്തിലല്ല പണി. :-))

ഡാലി, ബ്ലോഗിങ്ങിനെപ്പറ്റി പറഞ്ഞതില്‍ ഒരു പരിധി വരെ സത്യമുണ്ട്‌. പക്ഷേ, അതിനൊരു മറുവശവുമുണ്ട്‌. കുറെ പറയേണ്ടി വരുമെന്നതിനാല്‍ ഒരു പോസ്റ്റാക്കിയാലോ?

വല്ല്യമ്മായി, നന്ദി.
ആ ചോദ്യം ശരിക്കും കുഴക്കി. :-)

നവന്‍, Chagal ക്യൂബിസ്റ്റ്‌ സങ്കേതം വളരെ നന്നായി ഉപയോഗിച്ചിരുന്നു. പില്‌ക്കാല രചനകളില്‍ ക്യൂബിസവും സറീയലിസവും മനോഹരമായി ഇട കലരുന്നുണ്ട്‌. അദ്ദേഹത്തിന്റെ ഒരു ചിത്രം സ്കാന്‍ ചെയ്ത്‌ വച്ചതാണ്‌. ഇമേജ്‌ ചേര്‍ക്കാന്‍ ശ്രമിച്ചിട്ട്‌ നടന്നില്ല.
'വൈകാരികമായ അകലം പാലിക്കല്‍' പ്രയാസം തന്നെ. പക്ഷേ അങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ പ്രയോജനമുണ്ട്‌. വിമര്‍ശകന്റെ അഭിപ്രായങ്ങള്‍ സ്വയം വിമര്‍ശനത്തിന്‌ തീര്‍ച്ചയായും ഗുണം ചെയ്യും.

സുജയ, നമ്മുടെ ബ്ലോഗിന്‌ വേറെ പത്രാധിപരില്ല എന്നത്‌ നമ്മുടെ ഉത്തരവദിത്വം കൂട്ടുകയല്ലേ വേണ്ടത്‌?

അബ്ദൂ, chagal-നെ കുറിച്ച്‌ ഒരു കുറിപ്പെഴുതിയാല്‍ കൊള്ളാമെന്നുണ്ട്‌, ചിത്രങ്ങളും ചേര്‍ത്ത്‌.

വേണു, :-)

ബിന്ദു, എല്ലാ എഴുത്തും 'സീരിയസാ'ണ്‌. നമ്മുടെ വിശാലന്‍ സീരിയസ്സായി എഴുതുന്നതു കൊണ്ടാണ്‌ വായിക്കുന്ന നമ്മളെല്ലാം ചിരിച്ചു മറിയുന്നത്‌. അങ്ങനെയല്ലെന്ന് അദ്ദേഹം പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. :-)
(സ്വയം വിമര്‍ശിച്ച്‌ എഴുതാതായവരുണ്ടെങ്കില്‍ അവരെ അഭിനന്ദിക്കാം. :-))

പരാജിതന്‍ said...

പിന്‍മൊഴീ, നന്ദി. അപ്പറഞ്ഞത്‌ (ആസ്വാദകന്‍ മാത്രമായി മാറുന്നതിന്റെ പ്രയാസം) സത്യം തന്നെ.

Anonymous said...

പരാജിതന്‍ എന്ന ഒരു ത്യാഗിയുടെ പേര്‍ എന്തേ തിരഞ്ഞെടുക്കാന്‍ .. വല്ല അനുഭവവും ???

Siju | സിജു said...

ഹരിചേട്ടാ..
നല്ല ലേഘനം, തെളിച്ചു മനസ്സിലാകാനായി ആവര്‍ത്തിച്ചു വായിച്ചു
അഭിപ്രായം പറയത്തക്ക വിവരമില്ല
qw_er_ty

Anonymous said...

പ്രിയ പരജിതാ, ഗന്ധിജിക്കു ഭാന്താണെന്ന് parajithan,your latest post's comment window do not open . so i put it here. (sorry!!)ആരെങ്കിലും പറഞ്ഞാല്‍ അതില്‍ കുഴപ്പമൊന്നുമില്ല. കുറഞ്ഞ പക്ഷം പറഞ്ഞ വ്യക്തിയുടെ മാനസിക നിലയുടെ അളവു കോലായെങ്കിലും ആ വാചകത്തെ ചുമ്മാ കേള്‍ക്കുക.

Anonymous said...

parajithan,your latest post's comment window do not open . so i put it here. (sorry!!)
പ്രിയ പരജിതാ, ഗന്ധിജിക്കു ഭാന്താണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ കുഴപ്പമൊന്നുമില്ല. കുറഞ്ഞ പക്ഷം പറഞ്ഞ വ്യക്തിയുടെ മാനസിക നിലയുടെ അളവു കോലായെങ്കിലും ആ വാചകത്തെ ചുമ്മാ കേള്‍ക്കുക.

Anonymous said...

Good!..but..
Raji Chandrasekhar has not read this one.thats why she has not stopped yet ,like me!

Anonymous said...

രാജി കുട്ടി ഏതായാലും ഇതു വയിച്ചു കാണുകേല..അതണു!
ഇതു വായിച്ച ശേഷം എഴുതിയതെല്ലാം വിമര്‍ശിച്ചു, അകാലത്തില്‍ ചരമടഞ്ഞ കുറിപ്പുകളെ നോക്കി നെടുവീര്‍പ്പടക്കുന്ന ഒരു ബ്ലൊഗിനി..
എങ്കിലും ഉദ്ദേശ ശുദ്ധിക്കു മാപ്പു തന്നിരിക്കുന്നു..
priyamvada

Anonymous said...

രാജി കുട്ടി ഏതായാലും ഇതു വയിച്ചു കാണുകേല..അതണു!
ഇതു വായിച്ച ശേഷം എഴുതിയതെല്ലാം വിമര്‍ശിച്ചു, അകാലത്തില്‍ ചരമടഞ്ഞ കുറിപ്പുകളെ നോക്കി നെടുവീര്‍പ്പടക്കുന്ന ഒരു ബ്ലൊഗിനി..
എങ്കിലും ഉദ്ദേശ ശുദ്ധിക്കു മാപ്പു തന്നിരിക്കുന്നു..
priyamvada

Anonymous said...

Parajithan,
it is really impressive. Nice to read this kind of items. Title is catching.

Thanks
Achu

തറവാടി said...

പോസ്റ്റ് ഞാന്‍ പിന്നീട് വായിക്കാം

ഒരു നന്ദി പറയാന്‍ വന്നതാ സുഹൃത്തെ ,

ഇത്രയും പേരുള്ള ഈ ലോകത്ത് താങ്കളെങ്കിലും എന്നെ അല്ലെങ്കില്‍ ഞാന്‍ പറഞ്ഞത് മനസ്സിലാക്കിയല്ലോ , നന്ദി!

സസ്നേഹം

തറവാടി

QW_er_ty

Anonymous said...

ജിതാ,

മാര്‍കേസിന്റെ മഞ്ഞപ്പൂക്കളും ഷെഗാളിന്റെ കൈപ്പത്തിയും തുണയാകട്ടെ. വളരെ നല്ല ലേഖനം.

സ്വയം വിമര്‍ശിച്ച്‌ എഴുതാതായവരുണ്ടെങ്കില്‍ അവരെ അഭിനന്ദിക്കാം എന്ന പ്രസ്താവനയോടു യോജിക്കാന്‍ കഴിയുന്നില്ല. സ്വന്തം മക്കളെയെന്നപോലെ കൃതികളെയും അമിതപ്രതീക്ഷ കൊണ്ടു ശ്വാസം മുട്ടിച്ച്ചുകൊല്ലാതിരിക്കാന്‍ കലാകാരന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് എന്റെ രണ്ടണ.

Anonymous said...

ദേവന്റെ വരികളിലെ ഫീഡ്രസും നീണാള്‍ വാഴട്ടെ.

കുറുമാന്‍ said...

വളരെ നല്ല ലേഖനം പരാജിതന്‍. ഞാനൊക്കെ എഴുതുന്നത് സ്വയം കീറിമുറിക്കാന്‍ തുടങ്ങിയാല്‍ ബ്ലോഗില്‍ കാലുകുത്താന്‍ പോലും പറ്റില്ല എന്ന ഒരു തിരിച്ചറിവുമുണ്ട്

രാജ് said...

ഹരീ വളരെ നല്ല ലേഖനമായിരുന്നു എഴുത്തുമേശപ്പുറത്തെ മഞ്ഞപ്പൂക്കള്‍. എനിക്കിപ്പോഴാണു ഈ ബ്ലോഗിലെ അവസാന രണ്ടു കൃതികള്‍ കാണുവാ‍നായതു്. ഇതു വളരെയേറെ താല്പര്യം ജനിപ്പിച്ച വിഷയമായി, സ്വയം വിമര്‍ശനത്തിന്റെ വേളയില്‍ അപനിര്‍മ്മാണം സൂക്ഷിച്ചു പ്രയോഗിച്ചില്ലെങ്കില്‍ വളരെ കൃത്രിമത്വം തോന്നുന്ന കൃതിയാവും ഫലം എന്നുകൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. അപനിര്‍മ്മാണം ഏറെ സഹായിക്കുക ക്രാഫ്റ്റ് രൂപപ്പെടുത്തുന്ന വേളയിലാണെന്നും തോന്നുന്നു. ഏറ്റവും നല്ല രീതി എഴുതിയതു കീറിക്കളഞ്ഞു രണ്ടാമതൊന്നു ആദ്യത്തേതിനു സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നതാണെന്നും തോന്നുന്നു (ഞാനിതുവരെ ശ്രമിച്ചു നോക്കിയിട്ടില്ല) ;)

Haree said...

പെരിങ്ങോടരുടെ കമന്‍റ് കണ്ടാണിവിടെയെത്തിയത്. ഹരി (എന്‍റേത് ‘ഹരീ’ എന്നാണേ) എന്നു തന്നെയാണോ താങ്കളുടേയും പേര്?
--
ലേഖനത്തെക്കുറിച്ച്,
ശരിയാണ് എഴുതുന്നയാള്‍ വായിക്കുന്നത്, ആത്മവിമര്‍ശനത്തിനും, താന്‍ എഴുതുന്നത് എവിടെ നില്‍ക്കുന്നു എന്നുമനസിലക്കുന്നതിനും സഹായിക്കും. എങ്കില്‍ തന്നെയും, അത്ര സീരിയസായി വായിക്കാത്ത ഒരാളുടെ സര്‍ഗസൃഷ്ടിക്കും അതിന്‍റേതായ ഗുണങ്ങള്‍ കാണില്ലേ? വരുന്ന ആശയങ്ങളില്‍, ഇതുവരെ വായിച്ചറിഞ്ഞവയില്‍ നിന്നുമുള്ള സ്വാധീനം ഒഴിവായിരിക്കുകയില്ലേ?

വളരെ നല്ല ലേഖനം, നന്നായി എഴുതിയിരിക്കുന്നു. ഇതിന്‍റെ രഹസ്യമെന്താണ്? എഴുത്തു മേശപ്പുറത്ത് എന്തുകൊണ്ട് അദ്ദേഹം മഞ്ഞപ്പൂക്കള്‍ ഉണ്ടാവണമെന്നു കരുതുന്നു എന്നതു തേടിപ്പോയതാണോ? :)
--

പരാജിതന്‍ said...

ഹ ഹ! പ്രിയംവദേ, മനുഷ്യര്‍ക്ക്‌ ഒരബദ്ധം പറ്റിയാല്‍ ഇങ്ങനെ പരിഹസിക്കാമോ?

ഉള്ളത്‌ പറയാലോ, ആ കവിതാഭ്യാസം ഏഴാം ക്ലാസ്സിലോ മറ്റോ പഠിക്കുന്ന ഏതോ വിവരമില്ലാത്ത പെങ്കൊച്ചെഴുതിയതാണെന്നാ വിചാരിച്ചെ. പോരെങ്കില്‍ ഇഞ്ചിയുടെ "കുട്ടീ" വിളിയും കൂടിയായപ്പോള്‍ ആ വിചാരം ഉറപ്പിച്ചു. പിന്നെ വേറൊരു സുഹൃത്ത്‌ ഫോണില്‍ പറഞ്ഞു, "ആശാനെ, തെറ്റിപ്പോയി. അതൊരു മുതിര്‍ന്ന സ്ത്രീയാണിഷ്ടാ!" എന്ന്. എന്തായാലും ഭാഗ്യം, ആ പോസ്റ്റ്‌ ബ്ലോഗര്‍ തന്നെ കൊണ്ടു പോയി. ഞാന്‍ നോക്കീട്ടും കണ്ടില്ല, കമന്റിടാന്‍ നോക്കിയവര്‍ക്കും കിട്ടിയില്ല. പക്ഷേ 'കുട്ടീ' വിളിയൊക്കെ കേട്ടിട്ടും മിണ്ടാതിരുന്ന കവിസുഹൃത്ത്‌ താന്‍ പത്തുനാല്‌പത്തഞ്ച്‌ വയസ്സുള്ള ഒരു പുരുഷനാണെന്ന് ഈയിടെ വെളിപ്പെടുത്തിയെന്നു കേട്ടു. അദ്ദേഹത്തിന്‌ നല്ലതു വരട്ടെ!

അച്ചു, നന്ദി.

രാജേഷേ, ഈ വരവിന്‌ വളരെ നന്ദി. ബ്ലോഗില്‍ വരുന്നതിന്‌ മുമ്പെ കേട്ടിട്ടുണ്ട്‌ കഥാകൃത്തിനെപ്പറ്റി. പണ്ട്‌ ലോഡ്ജ്‌ മുറിയിലെ ചര്‍ച്ചയ്ക്കിടയില്‍ രാജേഷ്‌ വര്‍മ്മ എന്ന പേരും കേട്ട ഓര്‍മ്മയുണ്ട്‌. ഇ.എം.എസ്‌. സ്തുതി (?) രസിച്ചു വായിച്ചു, ഉമേഷ്‌ ജിയുടെ വ്യാഖ്യാനത്തിന്റെ സഹായത്തോടെ. (സി.പി.എം. വിരോധിയായതു കൊണ്ടല്ല, കേട്ടോ! :))

സ്വയം വിമര്‍ശിച്ച്‌ എഴുതാതാവുന്നതിനെപ്പറ്റി ഒട്ടൊരു തമാശരൂപത്തില്‍ പറഞ്ഞതാ. മക്കളെയും കീറിക്കളയാവുന്ന കൃതികളെയും താരതമ്യപ്പെടുത്തണോ?

കുറുമാന്‍ ജീ, താങ്കളെപ്പോലെ അനുഗൃഹീതനായ ഒരാള്‍ക്ക്‌ സ്വയം വിമര്‍ശനമൊന്നും ചെയ്തില്ലെങ്കിലും കുഴപ്പമൊന്നുമില്ലെന്നു തോന്നുന്നു. വായനയ്ക്കും കമന്റിനും നന്ദി.

പെരിങ്ങോടാ, വളരെ സന്തോഷം.
പറഞ്ഞത്‌ ശരി തന്നെ. അപനിര്‍മ്മാണം നടത്തിയുള്ള വായന സഹായിക്കുന്നത്‌ ക്രാഫ്റ്റിന്റെ രൂപീകരണത്തെത്തന്നെയാണെന്നാണ്‌ എന്റെയും തോന്നല്‍. പിന്നെ അപനിര്‍മ്മാണം എന്ന വാക്കിനെ പലരും മുന്‍വിധിയോടെയാണ്‌ സമീപിക്കുന്നതെന്ന് ഞാന്‍ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌.

ഹരീ,
എന്റെ മുഴുവന്‍ പേര്‌ ഹരികൃഷ്ണന്‍ എന്നാണ്‌. സീരിയസായി വായിക്കാത്തവരുടെ മാത്രമല്ല, ഒന്നും വായിക്കാതെ എഴുതുന്നവരുടെ കൃതികള്‍ക്കും അതിന്റേതായ ഗുണം കണ്ടേക്കാം. ഇതിനൊന്നും ഒരു അന്തിമവാക്ക്‌ ഇല്ലല്ലോ. വായനയ്ക്കും കമന്റിനും നന്ദി.

എഴുത്ത്‌ നന്നായോ? ഫുള്‍ പേജ്‌ പരസ്യമെഴുതിയിട്ട്‌ അത്‌ കാല്‍ പേജാക്കി ചുരുക്കിയും കാല്‍ പേജ്‌ പരസ്യം രണ്ട്‌ കോളം പത്തു സെന്റിമീറ്ററാക്കി ചുരുക്കിയും പരിചയമുള്ളതു കൊണ്ട്‌ എന്റെ ഗദ്യമെഴുത്തിന്‌ ഒട്ടൊരു ഒതുക്കമുള്ളതായി എനിക്കും തോന്നിയിട്ടുണ്ട്‌. വേറെന്തെങ്കിലും ഗുണമുണ്ടോയെന്നറിയില്ല, സത്യമായും.

Anonymous said...

ഹഹ,ഞാനും കരുതി! അതായിരുന്നു പേടിച്ചിട്ടാണൊ ഡിലിറ്റീയേ എന്ന് കരുതി വിചാരിച്ചു അന്ന് കമന്റിയത്. പറ്റുന്ന ഒരോ അബദ്ധങ്ങളേ.

താങ്കളുടെ പ്രതിഷേധ പോസ്റ്റും കണ്ടിരുന്നു. :) പക്ഷെ കമന്റാന്‍ പറ്റിയില്ല (താങ്കളുടെ ഭാഗ്യം :))

താങ്കള്‍ പറഞ്ഞതില്‍ പക്ഷെ കാര്യമുണ്ടെന്ന് എനിക്ക് മനസ്സിലായി. ശരിയാണ്. 100 വട്ടം ശരിയെന്ന് പിന്നീട് ആലോചിച്ചപ്പോള്‍ തോന്നി. വളരെ നന്ദി അതിനു.

രാജേഷ് ആർ. വർമ്മ said...

ഹരീ,

താങ്കള്‍ പറഞ്ഞതു ശരിയായിരിക്കാം. കീറിക്കളയാവുന്ന കൃതികളെയും മക്കളെയും താരതമ്യം ചെയ്യാന്‍ പാടില്ലായിരിക്കാം. കീറിക്കളയാവുന്നതും കീറിക്കളയരുതാത്തതും തമ്മില്‍, 'വയറ്റീന്നു പോയതുപോലെ'യുള്ള കൃതികളെയും 'വയേറ്റെന്നു വന്നതുപോലെ'യുള്ള കൃതികളെയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയുന്നതായിരിക്കാം എഴുത്തുകാരന്റെ യഥാര്‍ത്ഥ വിജയം.

കൊല്ലമാണല്ലേ?

കൈയൊപ്പ്‌ said...

പരാജിതന്‍,

അവസാന ഭാഗത്തെ മാര്‍കേസിന്റെ താല്പര്യത്തില്‍ വേറൊന്ന്നു കൂടിയുണ്ട്. ഈ നല്ല ലേഖനം അവിടെ മുതല്‍‍ ഞാന്‍ തിരിച്ച് വായിക്കട്ടെ. ചിലര്‍ക്കതൊരു തൂവാലയാവാം, മറ്റ് ചിലര്‍ക്ക് ഇഷ്ടപ്പെട്ട ഒരു പേനയോ മേശയോ. ഒരു എഡിറ്റിങ് മനോനിലയിലേക്ക് രചനാവേളയില്‍ തന്നെ സ്വയം നോര്‍മലൈസ് ചെയ്തു വരാനുള്ള ഉപാധി. പുറമേ വ്യാപരിക്കുന്ന മനസ്സിനെ സ്വന്തം നിലപാടുകളിലേക്കും വൈകാരിക സ്വതത്തിലേക്കും തിരികെയെത്തിലാനുള്ള പ്ലാസിബോ മരുന്ന്.

ഇനി എഡിറ്റിങ്ങ് എളുപ്പമാകുന്നു.

ആസ്വാദനം ക്ര്ത്യമായി സംഭവിക്കണമെങ്കില്‍ ഇതേ പോലൊരു മുഹൂര്‍ത്തത്തിന്റെ തന്നെ ഏതെങ്കിലും വിധേനയുള്ള സാത്മീകരണം ആസ്വദിക്കുന്നയാളിലും സംഭവിക്കണമെന്നു തോന്നുന്നു. ‘Glass Menagerie‘ യിലെ തീന്മേശയിലെ പ്രാര്‍ത്ഥന ഒരു വൈകാരിക മുഹൂര്‍ത്തമായി നമുക്ക് അറിയാന്‍ കഴിയാത്തത് ഇതിന്റെ ഉദാഹരണമാണെന്നും കരുതുന്നു.

അതൊരു തെറ്റുമാകുന്നില്ല.

വല്യമ്മായി said...

വിശാഖിന്റെ ലേഖനത്തിലെ അപനിര്‍മ്മാണത്തില്‍ തൂങ്ങിയാണ് ഇവിടെ വീണ്ടുമെത്തിയത്.ഒരോ വായനയിലും പുതിയ അറിവുകള്‍ കിട്ടുന്ന പോലെ.എഴുത്തില്‍ മെച്ചപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ട്തു തന്നെ.

ജ്യോതിര്‍മയി /ज्योतिर्मयी said...

ഹരികൃഷ്ണാ :)

"എഴുത്തുമേശപ്പുറത്തെ മഞ്ഞപ്പൂക്കള്‍" ഇന്നേ കണ്ടൂള്ളൂ. വളരെ നല്ല ലേഖനം.


പണ്ടേ വായിച്ചില്ലല്ലോ എന്നൊരു ഖേദം...

ഇപ്പോഴെങ്കിലും വായിച്ചല്ലോ എന്ന സന്തോഷം...

ഇനിയും പലതും പഠിയ്ക്കാനുണ്ടെന്ന തിരിച്ചറിവ്...

എഴുതിത്തെളിയണം എന്ന (അതി)മോഹം...

അഭ്യസിക്കണം എന്ന നിശ്ചയം...

ഇത്രയും ഒറ്റവായനയിലെ അനുഭവങ്ങള്‍...
ഇനീം വായിക്കും, ശ്രമിച്ചുനോക്കുന്നതുകൊണ്ടൂ കുഴപ്പമൊന്നുമില്ലല്ലോ:)

(ആത്മഗതം: എന്നും പ്രസക്തിയുള്ള ലേഖനമായതുകൊണ്ട്, ഇന്നും കമന്റിടാം).