കമന്റ് അഗ്രഗേറ്ററിനെയും ഷെയേഡ് ലിസ്റ്റിനെയും താരതമ്യം ചെയ്യുന്നത് പന്തിയാണോ? കമന്റും പോസ്റ്റും തമ്മിലുള്ളതിനേക്കാള്‍ വലുതാണ് അവ തമ്മിലുള്ള വ്യത്യാസം.
പലരും പല രീതിയില്‍ പറഞ്ഞ ഒരു വസ്തുത ആവര്‍ത്തിക്കട്ടെ. കമന്റ് അഗ്രഗേറ്റര്‍ അഡിക്ഷനുണ്ടാക്കിയിരുന്നു. പോസ്റ്റുകളോടോ എഴുതുന്നയാളിനോടോ ഉള്ള അഡിക്ഷനല്ല. (അത്തരമൊരു അഡിക്ഷന് കുറവാണ്, സത്യത്തില്‍.) നൂറുകണക്കിന് കഴമ്പില്ലാക്കമന്റുകളിലൂടെ കടന്നു പോകുക എന്ന പ്രക്രിയയോടുള്ള, യാതൊരു പ്രയോജനവുമില്ലാത്ത അഡിക്ഷന്. ബ്ലോഗുകളുടെ എണ്ണം കൂടുന്തോറും കമന്റ് അഗ്രഗേറ്റര്‍ വലിയൊരു ചവറ് സംഭരണകേന്ദ്രമായി വളര്‍ന്നു. വേറെ ഗതിയില്ലാത്തതിനാലും ഒരു ചീപ്പ് എന്റര്‍ടെയിന്‍മെന്റിന്റെ സുഖമുള്ളതിനാലും ജനം അതിനിടയില്‍ കിടന്ന് പരതി. ചിലരൊക്കെ ഫില്‍റ്റര്‍ സംവിധാനം ഉപയോഗിച്ചതായി കേട്ടു. എന്തായാലും, ഇതില്‍ നിന്നൊരു വിടുതി നേടാമെന്ന് ഇതെഴുതുന്നയാളടക്കം പലരും തീരുമാനിച്ചതിന്റെ പിന്നിലെ ലോജിക്ക് വളരെ സിമ്പിളായിരുന്നു. രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് ആപ്പീസില് പോകുന്നതിനു വേണ്ടി തലേന്നു രാത്രി മൂന്നു മണി വരെ നീളുന്ന വെള്ളമടി സെഷന് ഒഴിവാക്കുന്നതു പോലുള്ള ഒരു നടപടിയായിരുന്നു അത്. വായനയ്ക്ക് വേണ്ടി ചിലവാക്കാവുന്ന സമയം പാഴാക്കിക്കളയുന്നത് നിര്‍ത്തലാക്കാമെന്ന ഗുണപ്രദമായ തിരിച്ചറിവ്.
പക്ഷേ, അന്നേരം ഒരു പ്രശ്നം വന്നു. മുമ്പ് നമുക്ക് വേണ്ട പോസ്റ്റുകള്‍ പലതും തിരഞ്ഞു പിടിക്കാന്‍ വായനയിലൂടെ നമ്മളില്‍ താല്പര്യം ജനിപ്പിച്ചിട്ടുള്ള ചില ബ്ലോഗര്‍മാരുടെ കമന്റുകളും സഹായകമായിരുന്നു. ഇനിയെന്തു ചെയ്യും? അവിടെയാണ് വായനാലിസ്റ്റുകള് ഉപകാരമായത്. നേരെ പോയി ഡിസ്പ്ലേ ചെയ്തിരിക്കുന്ന പോസ്റ്റുകള്‍ നോക്കുകയേ വേണ്ടൂ. വായിക്കണമെന്നു തോന്നുന്നവ വായിക്കാം. അല്ലാത്തവയെ അവഗണിക്കാം. കമന്റുകൂനയില്‍ കിടന്നു പരതുന്ന സമയവും ലാഭം.
ഇമ്മാതിരി ഒരന്വേഷണം പരിമിതമായ ഒരു വൃത്തത്തില്‍ ഒതുങ്ങുകയില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരാളുടെ ലിസ്റ്റില്‍ നിന്ന് വേറൊരു പോസ്റ്റില്‍ പോയി അതില്‍ താല്പര്യം ജനിച്ചാല്‍ ആ ബ്ലോഗറിന്റെ മറ്റു പോസ്റ്റുകളും നോക്കും നമ്മള്. ക്രമേണ അയാളുടെ വായനാലിസ്റ്റും നമ്മുടെ പരിഗണനയില്‍ വരും. അങ്ങനെ ആ വൃത്തം വികസിക്കുകയും ചെയ്യും.
വായനാലിസ്റ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പോസ്റ്റ് ടൈറ്റിലുകള്‍ക്കൊപ്പം ആ ലിസ്റ്റിന്റെ ഉടമയുടെ വക അദൃശ്യമായ ഒരു കമന്റുണ്ട്. എല്ലാ ടൈറ്റിലുകള്‍ക്കുമൊപ്പമുള്ള ഒരേയൊരു കമന്റ്. എന്താണത്? തീര്‍ച്ചയായും "ഇതാ, ഞാന്‍ വായിച്ച വളരെ മികച്ച ഒരു പോസ്റ്റ്!" എന്നല്ല അത്. മറിച്ച്, "ഇതാ, ഞാന്‍ വായിച്ച ശ്രദ്ധേയമായ ഒരു പോസ്റ്റ്." എന്നാണ്. ശ്രദ്ധേയം എന്നത് മികച്ചത്, എന്ന അര്‍ത്ഥത്തിലോ വിമര്ശിക്കപ്പെടേണ്ടത് എന്ന അര്‍ത്ഥത്തിലോ ആകാം. ഇടതുപക്ഷചായ്വുള്ള ഒരാള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ വാദമുഖങ്ങളുള്ള ഒരു പോസ്റ്റ് തന്റെ ലിസ്റ്റിലുള്‍പ്പെടുത്തിയെന്നു വരാം. ഫെമിനിസത്തിനോട് അനുഭാവമുള്ളയാള്‍ സ്ത്രീവിരുദ്ധചിന്തകള്‍ നിറഞ്ഞ ഒരു പോസ്റ്റ് ചൂണ്ടിക്കാണിച്ചെന്നു വരാം. അതു പോലെ മറിച്ചും സംഭവിക്കാം. അതായത്, ലിസ്റ്റ് നോക്കി പോസ്റ്റ് വായിക്കുന്നയാള് എടുക്കുന്ന നിലപാടിന് വായനാലിസ്റ്റിന്റെ ഉടമ ഉത്തരവാദിയല്ലെന്നര്‍ത്ഥം.
ഇനി ലിസ്റ്റില്‍ വരുന്ന പോസ്റ്റിട്ട ബ്ലോഗറിന്റെ കാര്യമെടുക്കാം. പണ്ട് തന്റെ പോസ്റ്റിനു കമന്റിട്ടയാളിനോട് കൂറു കാട്ടുവാനായി തിരിച്ചു കമന്റിട്ട പോലെ, തന്റെ പോസ്റ്റ് ലിസ്റ്റിലുള്‍പ്പെടുത്തിയയാളോട് പോസ്റ്റിട്ടയാളിന് വിധേയത്വം തോന്നിയിട്ട് അയാളുടെ ഏതു ചവറുപോസ്റ്റും തന്റെ ലിസ്റ്റില്‍ പെടുത്തിയേക്കാമെന്നു ആരെങ്കിലും കരുതുമോ? ഒരു പോസ്റ്റില്‍ പോയി "ആശംസകള്‍." എന്നോ "നന്നായിട്ടുണ്ട്. എങ്കിലും കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു." എന്നോ കമന്റിടുന്നത് പോലെയാണോ ഇത്? വായനാലിസ്റ്റ് ഒരാളുടെ അഭിരുചിയെ വളരെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. സ്വന്തം ലിസ്റ്റില്‍ യാതൊരു ഗുണവും മണവുമില്ലാത്ത ഒരു പോസ്റ്റ് പ്രദര്‍ശിപ്പിക്കുന്നത് ഒരു പോസ്റ്റിന്റെ ചുവട്ടില്‍ പോയി ആശംസയെഴുതുന്നതു പോലുള്ള റിസ്ക് കുറഞ്ഞ ഏര്‍പ്പാടല്ല. "എനിക്കു യാതൊരു ബോധവുമില്ല!" എന്നു പരസ്യം ചെയ്യുന്ന പോലെയാണത്. എങ്കില്‍ക്കൂടിയും മേല്‍പ്പറഞ്ഞ തരം വിധേയത്വം കാട്ടുന്നവര്‍ കണ്ടേക്കാം. പക്ഷേ അത് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ലിസ്റ്റുകള്‍ നോക്കുന്ന മറ്റുള്ളവര്‍ക്കുണ്ടാകേണ്ടതാണ്. മറിച്ച്, നേരത്തെ തന്റെ പോസ്റ്റ് ലിസ്റ്റിലിട്ടയാളുടെ ശ്രദ്ധേയമായൊരു പോസ്റ്റാണ് ഒരാള്‍ ഷെയര്‍ ചെയ്യുന്നതെങ്കില്‍ അതില്‍ തെറ്റില്ലല്ലോ. (അതിനേക്കാള്‍ കുറ്റമറ്റതാകണം ഇത്തരമൊരു സംവിധാനമെന്ന ആഗ്രഹം ഇത്തിരി കടന്ന കൈ അല്ലേ?)
പിന്നെ, വിധേയത്വം ഒരു വീക്‍നെസ്സായവരുടെ കാര്യം. തൊമ്മിമാര്‍ തൊമ്മിമാരായി ജനിക്കും, തൊമ്മിമാരായി ജീവിക്കും, അപ്പടിയേ എരന്തു പോകും. അവരെപ്പറ്റിയാലോചിച്ചു തല പുകയ്ക്കുന്നതിലും ഭേദം കമന്റ് അഗ്രഗേറ്ററില് പോയി
"പ്രണയിനീ നീ ഞാനാം ഊഷരഭൂമിയില്‍ പെയ്തിറങ്ങും തരളമേഘം.. എന്ന വരി ഹൃദയത്തില്‍ തട്ടി. അഭിനന്ദനങ്ങള്‍, ഇനിയും വരട്ടേ ഇതു പോലെയുള്ള മൗലികരചനകള്‍." എന്നൊക്കെയുള്ള 'തകര്‍പ്പന്‍' കമന്റുകള്‍ വായിച്ചു നേരം പോക്കുന്നതാണ്.
Monday, November 12, 2007
Subscribe to:
Posts (Atom)