ദൃശ്യവും ശബ്ദവും ഒരുമിച്ചു തരുന്ന ടെലിവിഷന്‍ എന്ന മാധ്യമത്തില്‍, സംപ്രേഷണം ചെയ്യുന്നത് ഏതെങ്കിലും അസംബന്ധനാടകത്തിന്റെ മിനിസ്ക്രീന്‍ പതിപ്പോ അക്ഷരവൈരികള്‍ നിര്‍മ്മിച്ച ചവറ് സീരിയലോ മറ്റോ അല്ലെന്നുണ്ടെങ്കില്‍, ഇപ്പറഞ്ഞ ദൃശ്യത്തിനും ശബ്ദത്തിനും തമ്മില്‍ കണിശമായതോ ഒഴുക്കന്‍ മട്ടിലുള്ളതെങ്കിലുമോ ആയ ബന്ധമുണ്ടായിരിക്കണമെന്നത് ശരാശരി ബുദ്ധിയുള്ള ആര്‍ക്കുമറിയാവുന്ന സംഗതിയാണല്ലോ. ഇനി സാമാന്യജനത്തിനു അതേപ്പറ്റി വലിയ ധാരണയൊന്നുമില്ലെന്നു വാദിച്ചാല്‍ പോലും ഒരു ടെലിവിഷന്‍ ചാനലിന്റെ ന്യൂസ് എഡിറ്റര്‍ക്ക് തീര്‍ച്ചയായും ഓര്‍മ്മയുണ്ടായിരിക്കേണ്ട കാര്യമാണതെന്നതില്‍ തര്‍ക്കത്തിനു വകുപ്പില്ല. അതു കൊണ്ടു തന്നെ, ഇന്നലെ, അതായത് ഡിസംബര്‍ ഇരുപത്തിമൂന്നാംതീയതി, കൈരളി ചാനലില്‍ രാത്രി 10.30 നുള്ള വാര്‍ത്ത ‘കാണുകയും കേള്‍ക്കുകയും’ ചെയ്തവരാരും തന്നെ അത് എഡിറ്റ് ചെയ്തയാള്‍ക്ക് എന്തെങ്കിലും കൈയബദ്ധം പറ്റിയതായി കരുതിയിരിക്കാനിടയില്ല. പക്ഷേ ആ വാര്‍ത്തയിലെ ഒരു സുപ്രധാനഭാഗം യുക്തിബോധമുള്ള ഏതൊരാളുടേയും പുരികം ചുളിപ്പിച്ചിട്ടുണ്ടാകും. മാലേഗോണ്‍ സ്ഫോടനവുമായി ബന്ധപ്പെട്ടഎ ടി എസിന്റെ അന്വേഷണത്തെ സംബന്ധിച്ച വാര്‍ത്താശകലമായിരുന്നു അത്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഹിന്ദുമതമൌലികവാദികളുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നുവെന്നുമാണ് വാര്‍ത്തയുടെ ശ്രവ്യഭാഗം. അതോടൊപ്പം കാണിച്ച ദൃശ്യങ്ങളിലാകട്ടെ, മാലേഗോണ്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ സന്യാസിനിയുടെയും സൈനികന്റെയും ചിത്രങ്ങള്‍, തികച്ചും ന്യായമായി, കാണിക്കുകയും ചെയ്തു. പക്ഷേ അവരുടെ ചിത്രങ്ങളോടൊപ്പം മറ്റൊരു ദൃശ്യവും അങ്ങേയറ്റം പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെട്ടു. മറ്റൊന്നുമല്ല, മുംബൈയില്‍ ഭീകരാക്രമണസമയത്ത് തീ പടര്‍ന്ന നിലയിലുള്ള താജ് ഹോട്ടലിന്റെ ചിത്രം! മാലേഗോണ്‍ സ്ഫോടനരംഗത്തിന്റെ ചിത്രമില്ലാഞ്ഞതു കാരണം അബദ്ധത്തില്‍ ഈ ചിത്രം വന്നു പോയതാണെന്നു കുട്ടികള്‍ പോലും പറയില്ല. പിന്നെ എന്തു കൊണ്ടായിരിക്കും വാര്‍ത്തയില്‍ ആ ദൃശ്യം പ്രത്യക്ഷപ്പെട്ടത്? മാലേഗോണ്‍ സ്ഫോടനക്കേസ് അന്വേഷിക്കുന്ന എ ടി എസിന്റെ തലവനായിരുന്ന ശ്രീ ഹേമന്ത് കാര്‍ക്കറെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നതു കൊണ്ട് താജ് ഹോട്ടല്‍ ദൃശ്യത്തിനു അവിടെ പ്രസക്തിയുണ്ടന്നോ എല്ലാ ഭീകരാക്രമണത്തെയും ഒരേ കണ്ണുകൊണ്ട് കാണണമെന്ന സന്ദേശമാണ് അത് തരുന്നതെന്നോ ഒക്കെ സി പി എമ്മിന്റെയും കൈരളിയുടെയും ജോണ്‍ ബ്രിട്ടാസിന്റെയും മറ്റും കടുകടുത്ത ആരാധകര്‍ പോലും വാദിക്കുമെന്നും തോന്നുന്നില്ല. അപ്പോള്‍ മേല്‍പ്പറഞ്ഞ വാഗ്-ദൃശ്യസംയോജനത്തിന്റെ ലക്ഷ്യം വേറെയാണെന്നത് വ്യക്തം. മുംബൈയിലെ ഭീകരാക്രമണത്തില്‍ സംഘ് പരിവാറിന്റെയും മൊസാദിന്റെയും അമേരിക്കയുടെയുമൊക്കെ കരങ്ങളാണുള്ളതെന്ന കാല്‍ക്കാശിനു വിലയില്ലാത്ത ഗൂഢാലോചനാസിദ്ധാന്തം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്ന അല്പബുദ്ധികള്ക്ക് ഒതുക്കത്തില്‍ പ്രഖ്യാപിച്ച പ്രതീകാത്മകപിന്തുണയായിരുന്നു കൈരളിയുടേത്.
തങ്ങളുടെ താല്പര്യങ്ങള്ക്ക് കടകവിരുദ്ധമായ വാര്‍ത്തകളെ തമസ്കരിക്കുക, അവയെപ്പറ്റി മൌനം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ മാധ്യമങ്ങള്‍ നിരന്തരമായി ചെയ്യുന്നുണ്ടെന്നത് ഏവര്‍ക്കുമറിയാം. എന്നാല്‍ മേല്‍പ്പറഞ്ഞ കാര്യത്തില്‍ സംഭവിച്ചത്, വളരെ അപൂര്‍വ്വമൊന്നുമല്ലെന്നിരിക്കിലും, തന്ത്രപരമായ ഒരു ദൃശ്യസൂചന വഴി പ്രേക്ഷകന്റെ തലച്ചോറിലേക്ക് അലക്ഷ്യവും അസത്യാത്മകവുമായ ഒരു വിധിപ്രസ്താവത്തിന്റെ മയക്കുമരുന്ന് കുത്തിവയ്ക്കാന്‍ ഒരു മാധ്യമം നടത്തിയ ദയനീയപരിശ്രമമാണ്. വിവേചനശക്തിയുള്ള പ്രേക്ഷകന്റെ മുന്നില്‍ കൈരളിയുടെ പരിശ്രമം പരിഹാസ്യമായിത്തീരുമെന്നതിലുപരി മതമൌലികവാദത്തിനും ഭീകരതയ്ക്കുമൊക്കെയെതിരേ പ്രതിരോധമുയര്‍ത്താന്‍ സന്നദ്ധരായ സുമനസ്സുകള്‍ ഗൂഢാലോചനാസിദ്ധാന്തങ്ങളുടെ പല തരം കെണികളെപ്പറ്റി കരുതലോടെയിരിക്കണമെന്ന വസ്തുതയിലേക്കാണ് ഇത്തരം ‘എഡിറ്റിങ്ങ് ടെക്നിക്കുകള്‍‘ വിരല്‍ ചൂണ്ടുന്നത്.
‘ഷേപ് ഓഫ് ദ ബീസ്റ്റി’ല്‍ അരുന്ധതി റോയ് ഇങ്ങനെ പറയുന്നു:
“ഒരു സമയത്ത്, തെഹല്‍ക്കയുടെ വെളിപ്പെടുത്തല്‍ സംഭവിച്ചപ്പോള്‍, ഞാന്‍ കരുതി, ദൈവത്തിനു സ്തുതി, ബിജെപിയില്‍ അഴിമതിക്കാരുണ്ടായതിന്, അവരിലാരൊക്കെയോ കോഴവാങ്ങിയെന്നതിന്. സങ്കല്പിച്ചു നോക്കൂ, അവര്‍ പ്രത്യയശാസ്ത്രപരമായ നിലപാടു മാത്രമുള്ള അഴിമതിരഹിതരായിരുന്നുവെങ്കില്‍ സ്ഥിതി എത്രത്തോളം കൂടുതല്‍ ഭയാനകമായിരുന്നേനെയെന്ന്! എനിക്ക്, കറയറ്റ പ്രത്യയശാസ്ത്രയുദ്ധങ്ങള്‍ ശരിക്കും കൂടുതല്‍ ഭയാനകമാണ്.”
ഭയാനകമായ സമരങ്ങളിലേര്‍പ്പെടരുതെന്നതല്ല അരുന്ധതിയുടെ വാദം, സത്യത്തില്‍. ആത്യന്തികമായ തിന്മകളെ ആദര്ശവത്കരിക്കാന് പോന്ന (അഴിമതിരാഹിത്യം, വികസനം എന്നിവ പോലുള്ള) ഘടകങ്ങളുടെ സാന്നിദ്ധ്യമാണ് ഏറ്റവും അപകടകരമെന്ന സൂചനയാണ് അവരുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ചെയ്യാത്ത തെറ്റിനു പഴി കേള്‍ക്കേണ്ടി വരുന്ന ഒരു ക്രിമിനലിനു സത്യത്തില്‍ ആ പഴിയെന്നതും അത്തരമൊരു ആദര്‍ശവത്കരണസാധ്യതയാണ്. ലളിതമായ ഒരുദാഹരണമെടുക്കാം: ശിക്ഷിക്കപ്പെടാന്‍ പര്യാപ്തമാംവിധം തെളിവുകളുള്ള ഒരു കൊലപാതകക്കുറ്റത്തിന് കോടതിമുറിയില്‍ വിചാരണ നേരിടുന്ന പ്രതിക്കു നേരെ തീര്‍ത്തും വ്യാജമായ കുറേ കുറ്റാരോപണങ്ങള്‍ പ്രോസിക്യൂട്ടറാല്‍ ഉന്നയിക്കപ്പെട്ടാല്‍ എന്തു സംഭവിക്കും? ‘കുറ്റവാളി’ എന്ന ലേബലിനു മേലെ ‘അനീതിയുടെ ഇര’ എന്ന ലേബല്‍ പതിയുമ്പോള്‍ തുറന്നു കിട്ടുന്നത് യഥാര്‍ത്ഥകുറ്റകൃത്യം (കുറഞ്ഞപക്ഷം കേള്‍വിക്കാരുടെ മനസ്സുകളിലെങ്കിലും) ലഘൂകരിക്കപ്പെടാനുള്ള അസുലഭമായ സാധ്യതയാണ്. അത്തരം സാധ്യതകളുടെ പെരുമഴയാണ് ഗൂഢാലോചനസിദ്ധാന്തക്കാര്‍ ഛിദ്രശക്തികളുടെ മേല്‍ വര്‍ഷിക്കുന്നത്. തിന്മയ്ക്ക് ആശ്വാസപൂര്വ്വം എടുത്തണിയാനുള്ള ദൃഢമായ പടച്ചട്ടകളുടെ ആദായവില്പനശാലകളാണ് ഗൂഢാലോചനാസിദ്ധാന്തങ്ങളും അവയുടെ പ്രയോക്താക്കളും. കൈരളിയിലെ ‘ദൃശ്യവിസ്മയം’ കണ്ടവരുടെ കൂട്ടത്തില്‍ അത്തരത്തില്‍ ആശ്വാസം കൊണ്ടവരുണ്ടാകുമെന്ന കാര്യം ആ ചാനലിലെ എഡിറ്റിങ്ങ് വിശാരദന്മാര് ആലോചിക്കുമായിരിക്കുമോ? ആര്‍ക്കറിയാം!
Wednesday, December 24, 2008
Subscribe to:
Posts (Atom)