Wednesday, December 24, 2008

തിന്മയ്ക്ക് പടച്ചട്ട വില്ക്കുന്നവര്‍

ദൃശ്യവും ശബ്ദവും ഒരുമിച്ചു തരുന്ന ടെലിവിഷന്‍ എന്ന മാധ്യമത്തില്‍, സം‌പ്രേഷണം ചെയ്യുന്നത് ഏതെങ്കിലും അസംബന്ധനാടകത്തിന്റെ മിനിസ്ക്രീന്‍ പതിപ്പോ അക്ഷരവൈരികള്‍‌ ‍നിര്‍‌മ്മിച്ച ചവറ്‌ സീരിയലോ മറ്റോ അല്ലെന്നുണ്ടെങ്കില്‍, ഇപ്പറഞ്ഞ ദൃശ്യത്തിനും ശബ്ദത്തിനും തമ്മില്‍ കണിശമായതോ ഒഴുക്കന്‍ മട്ടിലുള്ളതെങ്കിലുമോ ആയ ബന്ധമുണ്ടായിരിക്കണമെന്നത് ശരാശരി ബുദ്ധിയുള്ള ആര്‍‌ക്കുമറിയാവുന്ന സംഗതിയാണല്ലോ. ഇനി സാമാന്യജനത്തിനു അതേപ്പറ്റി വലിയ ധാരണയൊന്നുമില്ലെന്നു വാദിച്ചാല്‍ പോലും ഒരു ടെലിവിഷന്‍ ചാനലിന്റെ ന്യൂസ് എഡിറ്റര്‍‌ക്ക് തീര്‍‌ച്ചയായും ഓര്‍‌മ്മയുണ്ടായിരിക്കേണ്ട കാര്യമാണതെന്നതില്‍ തര്‍‌ക്കത്തിനു വകുപ്പില്ല. അതു കൊണ്ടു തന്നെ, ഇന്നലെ, അതായത് ഡിസംബര്‍ ഇരുപത്തിമൂന്നാംതീയതി, കൈരളി ചാനലില്‍ രാത്രി 10.30 നുള്ള വാര്‍‌ത്ത ‘കാണുകയും കേള്‍‌ക്കുകയും’ ചെയ്തവരാരും തന്നെ അത് എഡിറ്റ് ചെയ്തയാള്‍‌ക്ക് എന്തെങ്കിലും കൈയബദ്ധം പറ്റിയതായി കരുതിയിരിക്കാനിടയില്ല. പക്ഷേ ആ വാര്‍‌ത്തയിലെ ഒരു സുപ്രധാനഭാഗം യുക്തിബോധമുള്ള ഏതൊരാളുടേയും പുരികം ചുളിപ്പിച്ചിട്ടുണ്ടാകും. മാലേഗോണ്‍ സ്ഫോടനവുമായി ബന്ധപ്പെട്ടഎ ടി എസിന്റെ അന്വേഷണത്തെ സംബന്ധിച്ച വാര്‍‌ത്താശകലമായിരുന്നു അത്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഹിന്ദുമതമൌലികവാദികളുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നുവെന്നുമാണ് വാര്‍‌ത്തയുടെ ശ്രവ്യഭാഗം. അതോടൊപ്പം കാണിച്ച ദൃശ്യങ്ങളിലാകട്ടെ, മാലേഗോണ്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ സന്യാസിനിയുടെയും സൈനികന്റെയും ചിത്രങ്ങള്‍, തികച്ചും ന്യായമായി, കാണിക്കുകയും ചെയ്തു. പക്ഷേ അവരുടെ ചിത്രങ്ങളോടൊപ്പം മറ്റൊരു ദൃശ്യവും അങ്ങേയറ്റം പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെട്ടു. മറ്റൊന്നുമല്ല, മുംബൈയില്‍ ഭീകരാക്രമണസമയത്ത് തീ പടര്‍‌ന്ന നിലയിലുള്ള താജ് ഹോട്ടലിന്റെ ചിത്രം! മാലേഗോണ്‍ സ്ഫോടനരംഗത്തിന്റെ ചിത്രമില്ലാഞ്ഞതു കാരണം അബദ്ധത്തില്‍‌ ഈ ചിത്രം വന്നു പോയതാണെന്നു കുട്ടികള്‍ പോലും പറയില്ല. പിന്നെ എന്തു കൊണ്ടായിരിക്കും വാര്‍‌ത്തയില്‍ ആ ദൃശ്യം പ്രത്യക്ഷപ്പെട്ടത്? മാലേഗോണ്‍ സ്ഫോടനക്കേസ് അന്വേഷിക്കുന്ന എ ടി എസിന്റെ തലവനായിരുന്ന ശ്രീ ഹേമന്ത് കാര്‍‌ക്കറെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നതു കൊണ്ട് താജ് ഹോട്ടല്‍ ദൃശ്യത്തിനു അവിടെ പ്രസക്തിയുണ്ടന്നോ എല്ലാ ഭീകരാക്രമണത്തെയും ഒരേ കണ്ണുകൊണ്ട് കാണണമെന്ന സന്ദേശമാണ് അത് തരുന്നതെന്നോ ഒക്കെ സി പി എമ്മിന്റെയും കൈരളിയുടെയും ജോണ്‍ ബ്രിട്ടാസിന്റെയും മറ്റും കടുകടുത്ത ആരാധകര്‍ പോലും വാദിക്കുമെന്നും തോന്നുന്നില്ല. അപ്പോള്‍ മേല്‍പ്പറഞ്ഞ വാഗ്-ദൃശ്യസംയോജനത്തിന്റെ ലക്ഷ്യം വേറെയാണെന്നത് വ്യക്തം. മുംബൈയിലെ ഭീകരാ‍ക്രമണത്തില്‍‌ ‍സംഘ് പരിവാറിന്റെയും മൊസാദിന്റെയും അമേരിക്കയുടെയുമൊക്കെ കരങ്ങളാണുള്ളതെന്ന കാല്‍‌ക്കാശിനു വിലയില്ലാത്ത ഗൂഢാലോചനാസിദ്ധാന്തം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്ന അല്പബുദ്ധികള്‍‌ക്ക് ഒതുക്കത്തില്‍ പ്രഖ്യാപിച്ച പ്രതീകാത്മകപിന്തുണയായിരുന്നു കൈരളിയുടേത്.

തങ്ങളുടെ താല്പര്യങ്ങള്‍‌ക്ക് കടകവിരുദ്ധമായ വാര്‍‌ത്തകളെ തമസ്കരിക്കുക, അവയെപ്പറ്റി മൌനം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ മാധ്യമങ്ങള്‍ നിരന്തരമായി ചെയ്യുന്നുണ്ടെന്നത് ഏവര്‍‌ക്കുമറിയാം. എന്നാല്‍ മേല്‍‌പ്പറഞ്ഞ കാര്യത്തില്‍ സംഭവിച്ചത്, വളരെ അപൂര്‍‌വ്വമൊന്നുമല്ലെന്നിരിക്കിലും, തന്ത്രപരമായ ഒരു ദൃശ്യസൂചന വഴി പ്രേക്ഷകന്റെ തലച്ചോറിലേക്ക് അലക്ഷ്യവും അസത്യാത്മകവുമായ ഒരു വിധിപ്രസ്താവത്തിന്റെ മയക്കുമരുന്ന് കുത്തിവയ്ക്കാന്‍ ഒരു മാധ്യമം നടത്തിയ ദയനീയപരിശ്രമമാണ്. വിവേചനശക്തിയുള്ള പ്രേക്ഷകന്റെ മുന്നില്‍ കൈരളിയുടെ പരിശ്രമം പരിഹാസ്യമായിത്തീരുമെന്നതിലുപരി മതമൌലികവാദത്തിനും ഭീകരതയ്ക്കുമൊക്കെയെതിരേ പ്രതിരോധമുയര്‍‌ത്താന്‍ സന്നദ്ധരാ‍യ സുമനസ്സുകള്‍ ഗൂഢാലോചനാസിദ്ധാന്തങ്ങളുടെ പല തരം കെണികളെപ്പറ്റി കരുതലോടെയിരിക്കണമെന്ന വസ്തുതയിലേക്കാണ് ഇത്തരം ‘എഡിറ്റിങ്ങ് ടെക്നിക്കുകള്‍‘ വിരല്‍ ചൂണ്ടുന്നത്.

‘ഷേപ് ഓഫ് ദ ബീസ്റ്റി’ല്‍ അരുന്ധതി റോയ് ഇങ്ങനെ പറയുന്നു:
“ഒരു സമയത്ത്, തെഹ‌ല്‍‌ക്കയുടെ വെളിപ്പെടുത്തല്‍ സംഭവിച്ചപ്പോള്‍, ഞാന്‍ കരുതി, ദൈവത്തിനു സ്തുതി, ബിജെപിയില്‍ അഴിമതിക്കാരുണ്ടായതിന്, അവരിലാരൊക്കെയോ കോഴവാങ്ങിയെന്നതിന്. സങ്കല്പിച്ചു നോക്കൂ, അവര്‍ പ്രത്യയശാസ്ത്രപരമായ നിലപാടു മാത്രമുള്ള അഴിമതിരഹിതരായിരുന്നുവെങ്കില്‍ സ്ഥിതി എത്രത്തോളം കൂടുതല്‍ ഭയാനകമായിരുന്നേനെയെന്ന്! എനിക്ക്, കറയറ്റ പ്രത്യയശാസ്ത്രയുദ്ധങ്ങള്‍ ശരിക്കും കൂടുതല്‍ ഭയാനകമാണ്.”

ഭയാനകമായ സമരങ്ങളിലേര്‍‌പ്പെടരുതെന്നതല്ല അരുന്ധതിയുടെ വാദം, സത്യത്തില്‍. ആത്യന്തികമായ തിന്മകളെ ആദര്‍‌ശവത്‌കരിക്കാന്‍ പോന്ന (അഴിമതിരാഹിത്യം, വികസനം എന്നിവ പോലുള്ള) ഘടകങ്ങളുടെ സാന്നിദ്ധ്യമാണ് ഏറ്റവും അപകടകരമെന്ന സൂചനയാണ് അവരുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ചെയ്യാത്ത തെറ്റിനു പഴി കേള്‍‌ക്കേണ്ടി വരുന്ന ഒരു ക്രിമിനലിനു സത്യത്തില്‍ ആ പഴിയെന്നതും അത്തരമൊരു ആദര്‍‌ശവത്കരണസാധ്യതയാണ്. ലളിതമായ ഒരുദാഹരണമെടുക്കാം: ശിക്ഷിക്കപ്പെടാന്‍ പര്യാപ്തമാംവിധം തെളിവുകളുള്ള ഒരു കൊലപാതകക്കുറ്റത്തിന് കോടതിമുറിയില്‍ വിചാരണ നേരിടുന്ന പ്രതിക്കു നേരെ തീര്‍‌ത്തും വ്യാജമായ കുറേ കുറ്റാരോപണങ്ങള്‍ പ്രോസിക്യൂട്ടറാല്‍ ഉന്നയിക്കപ്പെട്ടാല്‍ എന്തു സംഭവിക്കും? ‘കുറ്റവാളി’ എന്ന ലേബലിനു മേലെ ‘അനീതിയുടെ ഇര’ എന്ന ലേബല്‍ പതിയുമ്പോള്‍ തുറന്നു കിട്ടുന്നത് യഥാര്‍‌ത്ഥകുറ്റകൃത്യം (കുറഞ്ഞപക്ഷം കേള്‍‌വിക്കാരുടെ മനസ്സുകളിലെങ്കിലും) ലഘൂകരിക്കപ്പെടാനുള്ള അസുലഭമായ സാധ്യതയാണ്. അത്തരം സാധ്യതകളുടെ പെരുമഴയാണ് ഗൂഢാലോചനസിദ്ധാന്തക്കാര്‍ ഛിദ്രശക്തികളുടെ മേല്‍ വര്‍‌ഷിക്കുന്നത്. തിന്മയ്ക്ക് ആശ്വാസപൂര്‍‌വ്വം എടുത്തണിയാനുള്ള ദൃഢമായ പടച്ചട്ടകളുടെ ആദായവില്പനശാലകളാണ് ഗൂഢാലോചനാസിദ്ധാന്തങ്ങളും അവയുടെ പ്രയോക്താക്കളും. കൈരളിയിലെ ‘ദൃശ്യവിസ്മയം’ കണ്ടവരുടെ കൂട്ടത്തില്‍ അത്തരത്തില്‍ ആശ്വാസം കൊണ്ടവരുണ്ടാകുമെന്ന കാര്യം ആ ചാനലിലെ എഡിറ്റിങ്ങ് വിശാ‍രദന്മാര്‍ ആലോചിക്കുമായിരിക്കുമോ? ആര്‍‌ക്കറിയാം!

10 comments:

Musthafa said...

അല്പം വളച്ച് കെട്ടില്ലാതെ കാര്യം പറഞിരുന്നെങ്കില്‍ എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ കാര്യം മനസ്സിലായേനേ.

“ചെയ്യാത്ത തെറ്റിനു പഴി കേള്‍‌ക്കേണ്ടി വരുന്ന ഒരു ക്രിമിനലിനു സത്യത്തില്‍ ആ പഴിയെന്നതും അത്തരമൊരു ആദര്‍‌ശവത്കരണസാധ്യതയാണ്. .......... ‘കുറ്റവാളി’ എന്ന ലേബലിനു മേലെ ‘അനീതിയുടെ ഇര’ എന്ന ലേബല്‍ പതിയുമ്പോള്‍ തുറന്നു കിട്ടുന്നത് യഥാര്‍‌ത്ഥകുറ്റകൃത്യം (കുറഞ്ഞപക്ഷം കേള്‍‌വിക്കാരുടെ മനസ്സുകളിലെങ്കിലും) ലഘൂകരിക്കപ്പെടാനുള്ള അസുലഭമായ സാധ്യതയാണ്“

- ഈ സിദ്ധാന്തത്തിന്റെ പ്രയോഗ വല്‍കരണമല്ലേ മെലഗോണ്‍, അഭയ അന്വെഷണ സമയത്ത നാം കണ്ടത്. ഈ രണ്ടു കേസുകളിലും തങ്ങളെ പീഡിപ്പിച്ചെന്ന ആരോപണവുമായി പ്രതികളും അവരുടെ അനുഭാവികളും രംഗത്ത് വരികയും പൊതുജനങ്ങളില്‍ ഒരു വിഭാഗത്തിനെങ്കിലും അവരോട് സഹതാപം തോന്നുകയും ചെയ്തെന്നും സത്യമല്ലേ.

-മുസ്തഫ

vimathan said...

പൂര്‍ണ്ണമായി യോജിക്കുന്നു. സ്റ്റാലിനിസ്റ്റുകള്‍ ഇതിലൂടെ സ്വന്തം വിശ്വാസ്യത ( ബാക്കിയുണ്ടെങ്കില്‍ ) കളഞ്ഞ് കുളിച്ച് സ്വയം പരിഹാസ്യരാവുകയാണ്.

Suraj said...

ഭീകരവിരുദ്ധതയെ ഗൂഢാലോചനാ സിദ്ധാന്തങ്ങളില്‍ മുക്കുക എന്ന എന്‍.ഡി.എഫിന്റെ അജണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റെടുക്കുന്നതോടെ ദുര്‍ബലമാവുന്നത് എല്ലാവിധ മതഭീകരതയ്ക്കുമെതിരായ ചെറുപ്പുകളാണ്. കൈരളി ചാനല്‍ അതിന്റെ സ്ഥാപകലക്ഷ്യങ്ങളെ magic ovenകളില്‍ ഇട്ട് ചുട്ട് നാശമാക്കുക മാത്രമല്ല ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയതിനു നന്ദി ഹരി ജീ.

ഗുപ്തന്‍ said...

‘കാല്‍ക്കാശിനു വിലയില്ലാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍‘ ബ്ലോഗുകളില്‍ വില്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി: ഒരു മോഡി ഗുജറാത്തില്‍ കാണിച്ചുകൂട്ടിയ കൊള്ളരുതായ്മകളുടെ മറപിടിച്ച് ആന്റ്റ്റി ടെറര്‍സ്ക്വാഡുകളെ പ്രതിസ്ഥാനത്തുനിര്‍ത്തി വിചാരണചെയ്യാന്‍ എന്തുത്സാഹമായിരുന്നു ചിലര്‍ക്കൊക്കെ. നല്ല പോസ്റ്റ് ഹരിയേട്ടാ

പരമു, വിശാഖ് said...

പ്രസക്തമായൊരു വിഷയത്തെ ചര്‍ച്ചാവിധേയമാക്കിയതിനു നന്ദി, ഹരീ...
വീക്ഷണങ്ങളോട് പൂര്‍ണമായും യോജിക്കുന്നു.

mpadiyil‍,
താങ്കള്‍ കുത്തിട്ട് ക്വാട്ടു ചെയ്തഭാഗം ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
യഥാര്‍ത്ഥ ടെക്സ്റ്റിനെ താങ്കള്‍ വളച്ചൊടിക്കുന്നതായിപ്പോലും തോന്നി ആ ഉദ്ധരണി കണ്ടപ്പോള്‍. ഇതൊന്നു കൂടി വായിക്കുക...
“ചെയ്യാത്ത തെറ്റിനു പഴി കേള്‍‌ക്കേണ്ടി വരുന്ന ഒരു ക്രിമിനലിനു സത്യത്തില്‍ ആ പഴിയെന്നതും അത്തരമൊരു ആദര്‍‌ശവത്കരണസാധ്യതയാണ്. ലളിതമായ ഒരുദാഹരണമെടുക്കാം: ശിക്ഷിക്കപ്പെടാന്‍ പര്യാപ്തമാംവിധം തെളിവുകളുള്ള ഒരു കൊലപാതകക്കുറ്റത്തിന് കോടതിമുറിയില്‍ വിചാരണ നേരിടുന്ന പ്രതിക്കു നേരെ തീര്‍‌ത്തും വ്യാജമായ കുറേ കുറ്റാരോപണങ്ങള്‍ പ്രോസിക്യൂട്ടറാല്‍ ഉന്നയിക്കപ്പെട്ടാല്‍ എന്തു സംഭവിക്കും? ‘കുറ്റവാളി’ എന്ന ലേബലിനു മേലെ ‘അനീതിയുടെ ഇര’ എന്ന ലേബല്‍ പതിയുമ്പോള്‍ തുറന്നു കിട്ടുന്നത് യഥാര്‍‌ത്ഥകുറ്റകൃത്യം (കുറഞ്ഞപക്ഷം കേള്‍‌വിക്കാരുടെ മനസ്സുകളിലെങ്കിലും) ലഘൂകരിക്കപ്പെടാനുള്ള അസുലഭമായ സാധ്യതയാണ്.“
താങ്കള്‍ പറയുന്നത് പോലെ മലേഗാവ്, അഭയ കേസുകളില്‍ സംഭവിച്ചത് മേല്പറഞ്ഞതിനു സമാനമായ സംഗതിയല്ല. ഇരു കേസുകളിലും ഉന്നയിക്കപ്പെട്ടത് ‘വ്യാജമായ കുറേ കുറ്റകൃത്യങ്ങള്‍’ ആയിരുന്നില്ല.അതുകൊണ്ട് തന്നെ അതിലൊരു ഗൂഢാലോചനാസിദ്ധാന്തത്തിന്റെ പ്രയോഗവല്‍ക്കരണം ഉണ്ടെന്ന് തോന്നുന്നില്ല.

താങ്കളുടെ കമന്റും വ്യക്തമല്ലല്ലോ ഗുപ്താ..
‘ഒരു മോഡി’ എന്നു പറയുമ്പോള്‍ മോഡി ഒരു ഒറ്റ വ്യക്തിയാണെന്നും, അയാളുടെ ചെയ്തികള്‍ക്ക് സംഘടനാപരമോ പ്രത്യയശാസ്ത്രപരമോ ആയ ഒരു പശ്ചാത്തലം വായിച്ചെടുക്കേണ്ടതില്ലെന്നുമുള്ള ഒരു സൂചനയല്ലേ വരുന്നത്? അയാള്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ മറവില്‍ ആന്റി ടെറര്‍ സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്നു എന്ന് പറയുമ്പോള്‍ ആശയക്കുഴപ്പം മൂര്‍ച്ഛിക്കുന്നു. ഹിന്ദുത്വവാദികളല്ലാതെ മറ്റാരാണ് എ ടി എസിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയത്? അതിനവര്‍ ഉപയോഗിച്ച മറയാവട്ടെ ഒരിക്കലും മോഡിയുടെ കുറ്റകൃത്യങ്ങളായിരുന്നില്ല താനും....

കെ said...

വാര്‍ത്തയ്ക്കുളളിലെ ദൃശ്യങ്ങളുടെ രാഷ്ട്രീയ സാധ്യതകള്‍ ഈ വിധത്തില്‍ കൈരളി ഉപയോഗിച്ചത് കണ്ടിരുന്നില്ല. എങ്കിലും അസ്ഥാനത്ത് ഒട്ടും അവിചാരിതമായല്ല അവര്‍ താജ് ഹോട്ടലിന്റെ ചിത്രം ഉപയോഗിച്ചതെന്ന് വ്യക്തം. മാധ്യമ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വലതുപക്ഷവും ഇടതുപക്ഷവും ഒരേ തന്ത്രങ്ങള്‍ തന്നെയാണ് പിന്തുടരുന്നത് എന്നു വരുന്നത് ശരിയോ, അതോ യുദ്ധത്തില്‍ എന്തു തന്ത്രവുമാകാം, അന്തിമ വിജയമാണ് പ്രധാനം എന്ന അടവുനയത്തിനാണോ പ്രസക്തി എന്നൊക്കെയുളള ചര്‍ച്ച പ്രസക്തം തന്നെ

ഹരിയുടെ ഈ വാചകം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നുവെന്ന് തോന്നുന്നു.

"മുംബൈയിലെ ഭീകരാ‍ക്രമണത്തില്‍‌ ‍സംഘ് പരിവാറിന്റെയും മൊസാദിന്റെയും അമേരിക്കയുടെയുമൊക്കെ കരങ്ങളാണുള്ളതെന്ന കാല്‍‌ക്കാശിനു വിലയില്ലാത്ത ഗൂഢാലോചനാ സിദ്ധാന്തം അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്ന അല്പബുദ്ധികള്‍‌ക്ക് ഒതുക്കത്തില്‍ പ്രഖ്യാപിച്ച പ്രതീകാത്മക പിന്തുണയായിരുന്നു കൈരളിയുടേത്."

മുംബെയിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണ് എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നവരെയാണ് ബുദ്ധി കടാക്ഷിച്ചിരിക്കുന്നതെന്നും നല്ല വിലകിട്ടുന്ന ഗൂഡാലോചനാ സിദ്ധാന്തം അതാണെന്നും കൂടി വേണമെങ്കില്‍ ഈ വരികള്‍ക്കിടയില്‍ നിന്ന് വായിച്ചെടുക്കാം.

പാകിസ്താനല്ല മുംബെ ഭീകരാക്രമണത്തിന് പിന്നില്‍ എന്ന് വാദിച്ച് സമര്‍ത്ഥിക്കുക ഈ കമന്റിന്റെ ലക്ഷ്യമല്ല. മതഭീകരതയുടെ പ്രസരണത്തിന് പാകിസ്താന്‍ വഹിക്കുന്ന പങ്ക് വിസ്മരിച്ചു കൊണ്ടുമല്ല ഇതെഴുതുന്നത്. എന്നാല്‍ ഏതു ദുരന്തങ്ങളുടെയും സംഭവ്യമായ എല്ലാ സാധ്യതകളും ജനം ചര്‍ച്ച ചെയ്യുന്നത് വിലക്കേണ്ടതാണെന്ന ഭരണകൂട ഫാസിസത്തിന്റെ ചുവ മേല്‍ ഉദ്ധരിച്ച വാചകങ്ങളിലുണ്ട്.

പാകിസ്താനും അനുഭവിക്കുന്നുണ്ട് സമാനമായ രാഷ്ട്രീയ സാഹചര്യം. സാധാരണ ജനത്തിനു പുറമേ രാഷ്ട്രീയ നേതാക്കളും ഭരണാധിപന്മാരുമൊക്കെ അവിടെ ഇരകളാണ്. ഓരോ സംഭവം നടക്കുമ്പോഴും പാക് മാധ്യമങ്ങളുടെ പഴിയുടെ സിംഹഭാഗവും വന്നു പതിക്കുന്നത് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുകളിലും. അതും ശരിയോ തെറ്റോ എന്ന് നമുക്കറിയില്ല. ഒരു വ്യത്യാസമെന്തെന്നു വെച്ചാല്‍ പാകിസ്താനില്‍ നടക്കുന്ന എല്ലാ ഭീകരാക്രമണങ്ങളുടെയും പിന്നില്‍ സിഐഎയുടെ പങ്കുണ്ടെന്ന ആരോപണം ശക്തമായി ഉന്നയിക്കാന്‍ പാക് മാധ്യമങ്ങള്‍ ഒരു മടിയും കാണിച്ചിട്ടില്ല. ഇതറിയാന്‍ മാരിയറ്റ് സ്ഫോടനം പാക് മാധ്യമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് മാത്രം നോക്കിയാല്‍ മതി. പത്രങ്ങളുടെ ആര്‍ക്കൈവ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

മുന്‍വിധികള്‍ എങ്ങനെയൊക്കെ പൊട്ടിത്തകരാം എന്നതിന് മലേഗാവിനോളം വലിയൊരു ഉദാഹരണമില്ല. അത് പഠിപ്പിക്കുന്നതോ, ദുരന്തങ്ങളുടെ സകല സാധ്യതകളും ജനം ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയും.

മുംബൈ ഭീകരാക്രമണത്തിനു പിന്നിലുളളവരെക്കുറിച്ച് ഭരണകൂടം വെളിപ്പെടുത്തിയതു മാത്രമേ നമുക്കറിയൂ. ഓര്‍ക്കുക. അതേ ഭരണകൂടം തങ്ങളുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ കാണിച്ച അക്ഷന്തവ്യമായ ഒട്ടേറെ പാളിച്ചകളുടെ പരിണിതി കൂടിയാണ് മുംബൈ ഭീകരാക്രമണം. അവരുടെ വാക്കുകള്‍ക്ക് ജനം വിശ്വാസ്യതയുടെ അതിരുകള്‍ നിര്‍വചിച്ചേ മതിയാകൂ.

ഈ വാര്‍ത്ത കാണുക. നവംബര്‍ 28ന് പ്രസിദ്ധീകരിച്ചത്. കപില്‍ സിബല്‍ എന്ന മന്ത്രിയുടെ അമരവാണി പ്രത്യക്ഷപ്പെട്ടത് നവംബര്‍ 27ന് രാത്രി. മുംബെയില്‍ ഭീകരാക്രമണം നടന്നതിന്റെ തൊട്ടു പിറ്റേന്ന് ഒരു മന്ത്രി ടെലിവിഷന്‍ ചാനലിലൂടെ വിളിച്ചു പറഞ്ഞ വിവരങ്ങളാണ് ഇവ. ടാജിലും ഒബറോയിയിലും ഭീകരര്‍ കണ്‍ട്രോള്‍ റൂം തുറന്നെന്നും മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന്റെ പിന്‍ബലമുണ്ടെന്നും എകെ 47അല്ല, എംപി 6 ആയുധങ്ങളാണ് ഭീകരര്‍ ഉപയോഗിച്ചതെന്നുമൊക്കെ നവംബര്‍ 27നു തന്നെ കേന്ദ്രമന്ത്രി അറിഞ്ഞിരുന്നു. അതുവരെയുളള എല്ലാ ഇന്റലിജന്‍സ് പിഴകള്‍ക്കും എത്ര സുന്ദരമായ പാപ പരിഹാരം.

നവംബര്‍ 27ന് കപില്‍ സിബല്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ എന്തെങ്കിലും ഈ നീണ്ടു നിന്ന അന്വേഷണ നാടകങ്ങള്‍ക്കു ശേഷവും പുറത്തു വന്നുവെന്ന് പറയാമോ? കാര്‍ക്കറെയെയും സലാസ്കറെയും കാംതെയെയും ഭീകരര്‍ തെരഞ്ഞു പിടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രഖ്യാപിക്കാന്‍ ഒരു കേന്ദ്രമന്ത്രിക്ക് ഒരന്വേഷണ റിപ്പോര്‍ട്ടിനെയും കാത്തു നില്‍ക്കേണ്ടി വന്നില്ല.

They had targeted certain key police officers even when they were wearing vests and protective head gears, he said, adding the terrorists shot them dead within minutes of their arrival.

ഹേമന്ത് കാര്‍ക്കറെ, വിജയ് സലാസ്കര്‍, അശോക് കാംതെ എന്നിവരെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുമായാണ് ഭീകരര്‍ മുംബെയിലെത്തിയതെന്ന് എത്ര അസന്നിഗ്ധമായാണ്, ഒരന്വേഷണത്തിന്റെയും സഹായമില്ലാതെ നമ്മുടെ മന്ത്രി പ്രഖ്യാപിച്ചത്.

എന്നാല്‍ കൊലപാതകത്തിലെ ഏക ദൃക്സാക്ഷിയായ പൊലീസുകാരന്‍ പറയുന്നത് തങ്ങളുടെ വാഹനത്തിനു നേരെ രണ്ടു ഭീകരര്‍ റാന്‍ഡം ഫയറിംഗ് നടത്തുകയായിരുന്നുവെന്ന്. ആ വെടിവെയ്പ്പില്‍, കൊല്ലപ്പെട്ട പ്രധാന മൂന്ന് ഉദ്യോഗസ്ഥന്മാരുടെയും ദേഹത്ത് തുളഞ്ഞു കയറിയത് കസബിന്റെ തോക്കില്‍ നിന്ന് പുറപ്പെട്ട ഉണ്ടകള്‍ തന്നെയായിരുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം. വെടിയേറ്റ് ചത്ത കസബിന്റെ കൂട്ടുകാരന്റെ തോക്ക് ഈ മൂന്നു പേരുടെയും കാര്യത്തില്‍ നിരപരാധിയാണ്. ജീവനോടെ പിടിയിലായ ഏക ഭീകരന്‍ തന്നെയാണ് പ്രധാന പൊലീസുദ്യോഗസ്ഥന്മാരെ വെടിവെച്ചു കൊന്നത് എന്നു സ്ഥാപിച്ചു കഴിഞ്ഞാല്‍, അവനുളള വധശിക്ഷ ഉറപ്പല്ലേ. ചോദിക്കാനും പറയാനും ആരുമില്ലാത്തവനെ തൂക്കുകയറില്‍ കെട്ടിത്തൂക്കി അഴിച്ചിറക്കിക്കഴിയുമ്പോള്‍ ജനരോഷത്തിന്റെ അഡ്രിനാലിന്‍ പ്രവാഹത്തിന് സുഖകരമായ പരിസമാപ്തിയുമാകും.

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ അമേരിക്കയും മൊസാദുമാണെന്നത് കാല്‍ക്കാശിനു വിലയില്ലാത്ത അല്‍പബുദ്ധികളുടെ ഗൂഡാലോചനാ സിദ്ധാന്തമായിരിക്കാം. എന്നാല്‍ ഭീകരാക്രമണം തുടങ്ങി ഇരുപത്തിനാല് മണിക്കൂര്‍ പോലും തികയും മുമ്പെ കപില്‍ സിബലിനെപ്പോലുളള മന്ത്രിമാര്‍ ടെലിവിഷന്‍ വഴി പ്രചരിപ്പിച്ചു തുടങ്ങിയ ഉത്തരവാദികളെ സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ ലക്ഷ്യം എന്തായിരിക്കും? ഭീകരതയുടെ ഉത്തരവാദികളെ മുന്‍കൂട്ടി നിശ്ചയിച്ച് ഭരണകൂടം ചൂണ്ടുവിരലുമായി രംഗത്തിറങ്ങുമ്പോള്‍ അവരുടെ തിയറി തൊണ്ടതൊടാതെ വിഴുങ്ങുന്നവനെയാണോ മാതൃകാ പൗരന്റെ പട്ടും വളയും നല്‍കി നാം ആദരിക്കേണ്ടത്?

സംശയങ്ങളെ ഗൂഡാലോചനാ സിദ്ധാന്തങ്ങളെന്ന് പേരിട്ട് അപ്രസക്തമാക്കുന്നത്, സുവ്യക്തമായ രാഷ്ട്രീയ അജണ്ടയാണോ എന്നും ചര്‍ച്ച ചെയ്യേണ്ടതല്ലേ?

പരാജിതന്‍ said...

മുസ്തഫ, വിമതന്‍, സൂരജ്, ഗുപ്തന്‍, പരമു, വിശാഖ്.. വായനയ്ക്കും കമന്റുകള്‍‌ക്കും നന്ദി.

പരമു, വിശാഖ്,
മുസ്തഫയുടെ കമന്റിലുള്ള പ്രശ്നം നിങ്ങള്‍ കൃത്യമായി പറഞ്ഞു. സ്വയം ഡിഫന്റ് ചെയ്യാന്‍ ഏതു ദുഷ്ടനും എന്തു കള്ളവും പറയുമെന്നത് എല്ലാവര്‍‌ക്കുമറിയാം. കോണ്‍‌സ്പിരസി തിയറികളുടെ കാര്യം അങ്ങനെയല്ല.

ഗുപ്തന്‍ ഉദ്ദേശിച്ചത്, എനിക്കു മനസ്സിലായിടത്തോളം, ഇതാണ്: ഗുജറാത്തില്‍ നടന്ന ജിനോസൈഡില്‍ മോഡിയുടെ പൊലീസ് പക്ഷം ചേര്‍‌ന്നു പ്രവര്‍‌ത്തിച്ചുവെന്നതിനെ മുന്‍‌നിറുത്തി ആന്റി ടെറര്‍ സ്ക്വാഡിന്റെ പ്രവര്‍‌ത്തനം ഒരു തരം പക്ഷപാതപരമായ മുസ്ലീം വേട്ടയാണെന്ന രീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്, പലരും. പൊലീസോ ആന്റി ടെറര്‍ സ്ക്വാഡോ ഭീകരപ്രവര്‍‌ത്തനവുമായി ബന്ധപ്പെട്ട് ഏതൊരു മുസ്ലീം വംശജനെ കസ്റ്റഡിയിലെടുത്താലും സംശയത്തോടെ മാത്രം വീക്ഷിക്കുന്ന പ്രവണത ഇസ്ലാമിക ഭീകരതയെ അനുകൂലിക്കലാണ്, ഒരര്‍‌ത്ഥത്തില്‍. മാലേഗോണ്‍ കേസില്‍ കാര്‍‌ക്കരേക്കെതിരെയും ആന്റി ടെറര്‍ സ്ക്വാഡിനെതിരെയും വിഷം തുപ്പിയ ഹിന്ദു ഭീകരര്‍ മേല്‍‌പ്പറഞ്ഞ ടീമുകളേക്കാള്‍ ‘മുറ്റിയ’ ഇനമാണ് തങ്ങളെന്നു തെളിയിച്ചുവെന്നതും നേര്.

പരാജിതന്‍ said...

മാരീചാ,
‘പാകിസ്ഥാന്‍ ആരോപണ’ത്തെപ്പറ്റി പറയാതിരുന്നത് അത് ഗൂഢാലോചനാസിദ്ധാന്തത്തിന്റെ പരിധിയില്‍ വരില്ലെന്നു തോന്നിയതു കൊണ്ടു തന്നെയാണ്. ബ്ലേറ്റന്റ് ആയ ഒരു ആരോപണമാണ് അത്, ഗൂഢാലോചനാസിദ്ധാന്തമല്ല. ‘ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ’ എന്ന ലൈന്‍ പല രീതിയിലും അപ്ലൈ ചെയ്യാം. അതിന്റെ വളരെ പ്ലെയിനായ ഒരു ആപ്ലിക്കേഷനാണ് പാകിസ്ഥാന്‍ ആരോപണം. അത് കണ്ണുമടച്ചു വിഴുങ്ങുന്നതാണ് ബുദ്ധിയുടെ ലക്ഷണമെന്ന് ഞാനുദ്ദേശിച്ചില്ല.

സംശയങ്ങള്‍ ഉന്നയിക്കപ്പെടുകയും അവ അര്‍‌ഹിക്കുന്ന രീതിയില്‍ പരിഗണിക്കപ്പെടുകയും വേണമെന്നതില്‍ ആര്‍‌ക്കാണ് പരാതിയുണ്ടാവുക? സംശയങ്ങള്‍ സത്യാന്വേഷണവാസനയുടെ ചിഹ്നങ്ങളാണ്, തീര്‍‌ച്ചയായും. എന്നാല്‍ അവയെ ചില പ്രത്യേകലക്ഷ്യങ്ങളില്‍ തറപ്പിക്കാനുതകുന്ന അസ്ത്രങ്ങളെന്ന നിലയില്‍ മാത്രം ഉപയോഗിക്കുന്ന കൌശലം വിപരീതഫലം മാത്രമേ ചെയ്യൂ. കൈരളിയില്‍ കണ്ട ദൃശ്യവും അത്തരമൊരു വിലകുറഞ്ഞ കൌശലപ്രയോഗമാണ്.

മാരീചന്‍ പറഞ്ഞ പോലെ വാലിഡായ സംശയങ്ങളെ ഗൂഢാലോചനാസിദ്ധാന്തങ്ങളെന്നു ലേബലടിച്ചു അപ്രസക്തമാക്കുന്ന തന്ത്രവും പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന തരത്തിലുള്ള ഒരു പടച്ചട്ടയാണ്. അത് ആവശ്യക്കാര്‍‌ക്ക് നല്‍കിയത് വാലിഡല്ലാത്ത സിദ്ധാന്തങ്ങളുടെ പ്രയോക്താക്കള്‍ തന്നെയാണെന്നതാണ് ഞാന്‍ പറയുന്നതും. പഴങ്കഥ ഇത്തിരി മാറ്റിയെഴുതിയാല്‍ ‘പുലി വരുന്നേ’യെന്ന സത്യം വിളിച്ചു പറഞ്ഞവന്‍ അവഗണിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യാനിടയാക്കിയവര്‍ ‘പുലിയും സിംഹവും കടുവയുമെല്ലാം ഒന്നിച്ചു വരുന്നേ’യെന്ന കള്ളം വിളിച്ചു പറഞ്ഞു കൊണ്ടിരുന്നവരാണ്.

‘ഭരണകൂടങ്ങള്‍ കള്ളം പറയു’മെന്നു സൂചിപ്പിച്ചതിനോട് യോജിപ്പേയുള്ളു. അധികാരസ്ഥാപനങ്ങളില്‍ നിന്നു വരുന്ന വിശദീകരണങ്ങളെപ്പറ്റിയും മറ്റും തികഞ്ഞ ജാഗ്രത വേണമെന്നും അവയെപ്പറ്റി ഗൌരവതരമായ സംശയങ്ങള്‍ ഉന്നയിക്കപ്പെടണമെന്നും തന്നെയാണ് എന്റെയും ധാരണ. പക്ഷേ അതല്ല മാരീചാ, ഇവിടെ വിഷയം. ചെറുത്തുനില്പുകള്‍ പലപ്പോഴും ദുര്‍‌ബലമാക്കപ്പെടുന്നത് അവയുടെ തന്നെ ഭാഗമാണെന്നു ഭാവിക്കുന്നവരുടെ കൈകളാലാണ്. അവര്‍ ആരെയാണ് സഹായിക്കുന്നതെന്നത് മറ്റുള്ളവര്‍ തിരിച്ചറിയേണ്ടതുണ്ട്.

Unknown said...

diffferrent way of thinking.......... its nys to read.. muralika.

ഗുപ്തന്‍ said...

ഹരിയേട്ടാഎന്റെ കമന്റ് കൃത്യമായി വിശദീകരിച്ചതിനു നന്ദി. പരമു ..അതുതന്നെയാണ് ഉദ്ദേശിച്ചത്. കമന്റ് ഫോളോ ചെയ്തിരുന്നില്ല :)