Showing posts with label ഇര്‍‌ഫാന്‍ പഠാന്‍. Show all posts
Showing posts with label ഇര്‍‌ഫാന്‍ പഠാന്‍. Show all posts

Tuesday, February 10, 2009

പഠാന്‍ സഹോദരങ്ങള്‍



ഇര്‍‌ഫാന്‍ പഠാന്‍ അരങ്ങേറി ഒരു മാച്ച് വിന്നറായി തിളങ്ങിവന്ന കാലത്ത് ശശി തരൂര്‍ 'Importance of being Irfan' എന്നൊരു കുറിപ്പെഴുതിയിരുന്നു, ഹിന്ദുവിലെ ശശി തരൂര്‍ കോളത്തില്‍. മുസ്ലീം എന്നാല്‍ ദേശവിരുദ്ധന്‍ എന്ന നീചവികാരം അങ്ങനെ ‘സുഖകരമായി‘ പടര്‍‌ന്നുകൊണ്ടിരുന്ന ഒരു സമയത്ത് ഒരു ചെറുപ്പക്കാരന്‍ വെറും ക്രിക്കറ്റ് ബാള്‍ കൊണ്ട് തെളിയിക്കുന്ന ചില കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഒന്നായിരുന്നു ശശി തരൂരിന്റെ കുറിപ്പ്. 'അയാള്‍ ഒരു ഇന്ത്യാക്കാരന്‍, ഇന്ത്യക്കു വേണ്ടി കളി ജയിക്കുന്നു. അതിലെന്തിനാണ് മതത്തിനെ തിരുകിക്കയറ്റുന്നത്? അതിനെന്തു പ്രസക്തി?' എന്നായിരുന്നു ആ ലേഖനത്തിനു കിട്ടിയ പ്രധാനപ്രതികരണങ്ങള്‍. വായിച്ചാല്‍ തോന്നും ശശി തരൂരാണ് ഇന്ത്യയിലെ മതസ്പര്‍‌ദ്ധയ്ക്ക് പ്രധാനകാരണക്കാരനെന്ന്. 'പൊതുവേ മുസ്ലീങ്ങള്‍ ദേശദ്രോഹികള്‍. എന്നാല്‍ അതേ മതത്തിലുള്ള ഒരു സര്‍‌ക്കാരുദ്യോഗസ്ഥന്‍, ശാസ്ത്രജ്ഞന്‍, കായികതാരം ഒക്കെ സമൂഹത്തിനും രാജ്യത്തിനും വേണ്ടി അദ്ധ്വാനിച്ചാല്‍ 'ഹി ഈസ് ജസ്റ്റ് അനദര്‍ ഇന്ത്യന്‍!'. അതിന്റെ പ്രസക്തി എടുത്തുകാണിക്കുന്നവന്‍ കപടമതേതരവാദി. ' ഇതാണ് ദുഷ്ടലാക്കോടെ പ്രചരിക്കപ്പെടുന്നതും നല്ല തോതില്‍ പിന്‍‌പറ്റപ്പെടുന്നതുമായ ഒരു ‘തകര്‍‌പ്പന്‍‌‘ ചിന്ത.

എന്തായാലും ഇന്നു (ഫെബ്രുവരി 10) രാത്രി ശ്രീലങ്ക-ഇന്ത്യ 20-20 മത്സരത്തില്‍ യൂസഫും ഇര്‍‌ഫാനും, 'താടിയും തൊപ്പിയു'മുള്ള ഒരു വൃദ്ധന്റെ മക്കള്‍, ചേര്‍‌ന്ന് അവസാന‌ഓവറുകളിലെ വെടിക്കെട്ട് പ്രകടനത്തോടെ തോല്‍‌വിക്കടുത്തെത്തിയിരുന്ന ഇന്ത്യയെ വിജയിപ്പിച്ചു. ഇര്‍‌ഫാന്റെ ബാറ്റില്‍ നിന്ന്‌ ആ വിന്നിങ്ങ് ഷോട്ട് പറന്ന നിമിഷത്തിലെങ്കിലും 'മുസ്ലീം = ദേശദ്രോഹി' എന്ന നിര്‍‌ദ്ദയസമവാക്യത്തിന് അല്പമെങ്കിലും കോട്ടം തട്ടിയിട്ടുണ്ടാകുമെങ്കില്‍ അത്രയും നന്ന്.

ചിത്രത്തിന് കടപ്പാട്: dailylife.com