Saturday, October 28, 2006

ഇന്ദ്രിയങ്ങള്‍ ധ്യാനകവാടങ്ങള്‍

"... സ്ഫടികചക്രവാളം
കൊടുമുടികളില്‍ ഉടയുന്നു.
നാം പരലുകള്‍ക്ക്‌ മീതെ നടക്കുന്നു.
മുകളിലും താഴെയും
ശാന്തതയുടെ വന്‍കയങ്ങള്‍... "

- ജലത്തിന്റെ താക്കോല്‍
ഒക്ടേവിയോ പാസ്‌.


പാസിന്റെ കവിത ഭൂമിയോടു ചേര്‍ന്ന്‌ നില്‍ക്കുമ്പോഴും അഭൌമമായ എന്തോ ഒന്നിനെ സ്പര്‍ശിക്കുന്നുണ്ട്‌. 'സൂര്യശില' (sunstone) എന്ന ശീര്‍ഷകം തന്നെ ഒരു മികച്ച ഉദാഹരണം. കല്ലിനെയും സൂര്യനെയും ഒരൊറ്റ വാക്കില്‍ കുരുക്കി, ഒരൊറ്റ യാഥാര്‍ത്ഥ്യമായി നമ്മുടെ മനസിലേയ്ക്ക്‌ മൃദുവായി എറിഞ്ഞിട്ടു തരുന്നു, ആ കവിതാശീര്‍ഷകം. കൊടുമുടികളില്‍ ഉടയുന്ന സ്ഫടികചക്രവാളങ്ങളും ശാന്തതയുടെ വന്‍കയങ്ങളും കടന്ന്‌ 'ജലത്തിന്റെ താക്കോല്‍' അവസാനിക്കുന്നത്‌ "ആ രാത്രിയില്‍ ഞാന്‍ എന്റെ കരങ്ങള്‍ നിണ്റ്റെ മുലകളിലാഴ്ത്തി" എന്ന വരിയിലാണ്‌. ആത്മീയാനുഭൂതിയുടെ ആകാശത്ത്‌ നിന്നും വൈഷയികത്വമാര്‍ന്ന, ജീവിതത്തിന്റെ സ്വേദശയ്യയിലേയ്ക്ക്‌ നമ്മെ വലിച്ചിടുന്നു ഈ കവി, ക്ഷണനേരത്തില്‍. അതാകട്ടെ ആശ്ചര്യകരമായ ഒരു സാധ്യത വായനക്കാരന്‌ തുറന്ന്‌ കൊടുക്കുകയും ചെയ്യുന്നു. അതായത്‌, രതിശയ്യയില്‍ നിന്ന്‌ വെളിപാടിന്റെ മേഘശയ്യയിലേക്ക്‌ ഒരു ദ്രുതയാത്ര സാധ്യമാകുന്നു അവന്‌, കവിതയുടെ വിരാമചിഹ്നം കടന്ന ശേഷവും.

എല്ലാ കവികളെയും പോലെ അനുഭവങ്ങള്‍ തന്നെയാണ്‌ പാസിന്റെ കവിതയുടെ അസംസ്കൃതവസ്തു. അവയുടെ നിസ്തുലമായ ഒരു പരിവര്‍ത്തനപ്രക്രിയയാണ്‌ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്‌. പാസ്‌ കവിതയ്ക്ക്‌ വേണ്ടി ഇന്ദ്രിയാനുഭവത്തെ തമസ്കരിക്കുന്നില്ല. മറിച്ച്‌, അതിനെ സര്‍ഗ്ഗാത്മകമായ ഒരു ധ്യാനത്തിലേക്കുള്ള താക്കോലായി ഉപയോഗിക്കുന്നു അദ്ദേഹം. അതു കൊണ്ടാണ്‌ ആത്മീയതയുടെയും കേവലജീവിതത്തിണ്റ്റെയും മോഹനബിംബങ്ങള്‍ അന്യോന്യം കൈ കോര്‍ത്ത്‌ മന്ദതാളത്തില്‍ നൃത്തം ചെയ്യുന്ന ഹൃദ്യമായ കാഴ്ച പാസിന്റെ കവിതകളെ സമ്പന്നമാക്കുന്നത്‌.

അനുബന്ധം
: ഒക്ടേവിയോ പാസ്‌ 1914ല്‍ മെക്സിക്കോയില്‍ ജനിച്ചു. കവിതയ്ക്ക്‌ പുറമെ രാഷ്ട്രീയം, കല, സംസ്കാരം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള ഗദ്യരചനകളാലും സമൃദ്ധമാണ്‌ അദ്ദേഹത്തിന്റെ എഴുത്തിന്റെ ലോകം. ഇന്ത്യയില്‍ മെക്സിക്കന്‍ അംബാസിഡറായി ജോലി ചെയ്തിട്ടുണ്ട്‌. ഇന്ത്യന്‍ കലയിലും തത്വചിന്തയിലും ഏറെ ആകൃഷ്ടനായിരുന്നു.1990ല്‍ നോബല്‍ സമ്മാനം നേടി. 98ല്‍ മരണം.

10 comments:

പരാജിതന്‍ said...

കവിയെക്കുറിച്ചെഴുതണമെന്നാവശ്യപ്പെട്ട അബ്ദുവിനാണ്‌ ഈ പോസ്റ്റ്‌. ഇല്ലെങ്കില്‍ ഞാനിതെഴുതുമായിരുന്നോ? സംശയമാണ്‌.

വേണു venu said...

1990ല്‍ നോബല്‍ സമ്മാനം നേടിയ ഒക്ടേവിയോ പാസ്‌നെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ഈ പോസ്റ്റുപകരിച്ചു സുഹൃത്തേ.മനസ്സിലാകുന്ന ഭാഷയില്‍ താങ്കള്‍ അതു നിര്‍വഹിച്ചിരിക്കുന്നു.ആശംസകള്‍.

Anonymous said...

നന്നായി, ഈ കുറിപ്പ്.

Abdu said...

നന്ദി പരാജിതന്‍,

നന്നായിരിക്കുന്നു വിവരണം, നല്ല ശൈലിയും,

പാസിന്റെ കവിതകള്‍ ഇനിയും പ്രതീഷിക്കുന്നു,



ഈയിടെയായി എന്റെ ആവശ്യങ്ങളൊട് പലരും ആത്മാര്‍ഥമായി പ്രതികരിക്കുന്നു, മുന്നേ ഉണ്ടായിട്ടില്ലാത്തതാണത്, അത്കൊണ്ടുതന്നെ ഈ ലൊകത്തൊട് എനിക്ക് കൂടിതല്‍ ഉത്തരവാദിത്തം ഉണ്ടാകുന്നു,

നന്ദി,

-അബ്ദു-

സു | Su said...

കവിത താഴെ വായിച്ചു. പരിഭാഷകന്‍, പരാജിതന്‍ ആണോ? എന്തായാലും നന്നായി.

പരാജിതന്‍ said...

സുവിന്‌ നന്ദി. പരിഭാഷകന്‍, പരാജിതന്‍.. രണ്ട്‌ വാക്കിനുമുള്ള സാമ്യം കണ്ടാലറിയില്ലേ തര്‍ജ്ജമ ചെയ്ത ദുഷ്ടനാരാണെന്ന്?

ദേവന്‍ said...

വെളിച്ചത്തിന്റെ വാഗ്ദാനവുമായി കടലു പാടി
എന്റെ മതിലകമൊന്നായ്‌ മാര്‍ഗ്ഗമരുളി
വാതിലുകള്‍ പൊളിഞ്ഞു വീണു
അടഞ്ഞിരുന്ന ഇമകളെ തുറന്നുകൊണ്ട്‌
ചുറ്റിവരിഞ്ഞ വസ്ത്രങ്ങളില്‍ നിന്നുമെന്‍ന്റെ
സത്തയെ വലിച്ചുരിഞ്ഞുകൊണ്ട്‌
എന്റെ നെറ്റിയില്‍ നിന്നും സൂര്യന്‍ പൊട്ടിപ്പുറത്തുവന്നു
അതെന്നെ എന്നില്‍ നിന്നും പറിച്ചുമാറ്റി, കല്ലുകളുടെ
നൂറ്റാണ്ടുകളിലെ എന്റെ മൃഗനിദ്രയില്‍
നിന്നുമെന്നെ തട്ടിയെടുത്തു-

സൂര്യശില കടമ്മനിട്ടയുടെ പരിഭാഷ . അതിനടുത്തൊക്കെ വരുന്നുന്നല്ലോ ഇപ്പരിഭാഷ.

പരാജിതന്‍ said...

ദേവന്‌,
കടമ്മനിട്ടയുടെ 'സൂര്യശില' പരിഭാഷ നന്നല്ല. അത്‌ ആ പരുവത്തില്‍ അച്ചടിച്ച്‌ വന്നത്‌ നമ്മുടെ മാധ്യമങ്ങളില്‍ കാര്യശേഷിയുള്ള കവിതാ എഡിറ്റര്‍മാര്‍ ഇല്ലാത്തതിനാലാണ്‌. ഒറിജിനല്‍ നോക്കൂ.
..and the sea sang with a murmur of light,
one by one the walls gave way,
all of the doors were broken down, and the sun came bursting through my forehead,
it tore apart my closed lids,
cut loose my being from its wrappers,
and pulled me out of myself to wake me
from this animal sleep and its centuries of stone,..

പാസിണ്റ്റെ കവിതയ്ക്കുള്ള elegance പരിഭാഷയ്ക്കില്ലെന്ന് സ്പഷ്ടം. സൂര്യശില പോലെ ദീര്‍ഘമായ ഒരു കവിത പരിഭാഷപ്പെടുത്തുന്നത്‌ എളുപ്പമല്ല താനും. അതിനാലായിരിക്കാം പരിഭാഷയില്‍ പാസിണ്റ്റെ നെറ്റി തുളച്ച്‌ പലപ്പോഴും സാക്ഷാല്‍ കടമ്മനിട്ട തന്നെ പുറത്തു വരുന്നത്‌. എങ്കിലും റോബര്‍ട്‌ ഫ്രോസ്റ്റിണ്റ്റെ വരികള്‍ woods are lovely, dark and deep കടമ്മനിട്ട തര്‍ജ്ജമ ചെയ്തത്‌ ഏറെയിഷ്ടമാണെനിക്ക്‌:
"മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും അനേകമുണ്ടു കാത്തിടേണ്ട മാമക പ്രതിജ്ഞകള്‍ അനക്കമറ്റു നിദ്രയില്‍ ലയിപ്പതിന്ന് മുന്നിലായ്‌ എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാന്‍.. (കിളിയും ഞാനും)

വന്നതിനും കമണ്റ്റിട്ടതിനും ഏറെ നന്ദി.

വേണു venu said...

വീണ്ടുമെങനെയോ ഇവിടെത്തിയപ്പോള്‍ ആ ഗാനം...
അല്ല പരാജിതനല്ല ഞാന്‍ സംഗീത.........
സാക്ഷാല്‍....
നാദ ബ്രഹ്മത്തിന്‍....സാഗരം ഏന്തി വരും, നാഗ സൌന്ദരിമാരേ...

പരാജിതന്‍ said...

വേണു, ഈ കമന്‍റ്‌ ഇപ്പോഴാണ്‌ കണ്ടത്‌. :)