Monday, November 27, 2006

തമിഴ്‌ നാടും ജാതിയും

തമിഴ്‌ നാട്ടിലെ ജാതികളായ കള്ളര്‍, മറവര്‍ തുടങ്ങിയവര്‍ തേവര്‍ എന്ന പൊതുസമുദായത്തില്‍ പെടുമെന്നും അവരൊക്കെ സാമൂഹ്യമായി മെച്ചപ്പെട്ട നിലയിലാണെന്നും അര്‍ത്ഥം വരുന്ന ഒരു കമന്റ്‌ വായിച്ചു, പെരിങ്ങോടന്റേതായി. ചിത്രകാരന്‍ എന്ന ബ്ലോഗറുടെ 'അയ്യപ്പക്ഷേത്ര'ത്തെ സംബന്ധിച്ച പോസ്റ്റില്‍.

തമിഴ്‌ നാട്ടിലെ ജാതിവ്യവസ്ഥയെപ്പറ്റി പുസ്തകങ്ങളില്‍ വായിച്ചുള്ള അറിവില്ല. പക്ഷേ ഇവിടുത്തെ പല ഗ്രാമങ്ങളിലും പോയിട്ടുള്ളതിനാലും ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക്‌ കുടിയേറിയ നിരവധി പേരെ പരിചയമുള്ളതിനാലും വ്യക്തമായി ബോധ്യമുള്ള ഒരു കാര്യമുണ്ട്‌. ജാതീയമായ അസമത്വം കൊടികുത്തി വാഴുന്ന സ്ഥലമാണ്‌ തമിഴ്‌ നാട്‌. കള്ളര്‍, മറവര്‍ തുടങ്ങിയവരില്‍ ബഹുഭൂരിപക്ഷവും സാമൂഹികമായി അമ്പേ പിന്നോക്കം നില്‌ക്കുന്നവരാണ്‌. തേവര്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ പലരും താരതമ്യേന ധനികരും സ്വാധീനശക്തിയുള്ളവരുമാണ്‌ എന്നാണറിവ്‌. മധുരയ്ക്ക്‌ സമീപമുള്ള ചില ഗ്രാമങ്ങളില്‍ കള്ളര്‍, തേവര്‍ എന്നീ ജാതിക്കാര്‍ തമ്മില്‍ കടുത്ത സംഘര്‍ഷമുണ്ടാകാറുണ്ട്‌, പലപ്പോഴും.

ഉയര്‍ന്ന ജാതിക്കാര്‍ക്ക്‌ സ്വാഭാവികമായും കൂടുതല്‍ സ്വത്തും ഭൂമിയുമെല്ലാമുണ്ടായിരിക്കുകയും അവര്‍ പിന്നാക്കക്കാരോട്‌ പരമനികൃഷ്ടമായി പെരുമാറുകയും ചെയ്യുന്ന ഗ്രാമങ്ങള്‍ ഏറെയുണ്ട്‌ തമിഴ്‌ നാട്ടില്‍. സാമൂഹ്യനീതിയുടെ കാര്യം പോട്ടെ, പൊലീസിനു പോലും കടന്ന് ചെല്ലാനോ നിയമം നടപ്പിലാക്കാന്‍ പറ്റാത്തതോ ആയ സ്ഥലങ്ങളുണ്ടെന്നും സംഗതി നേരിട്ടറിയാവുന്നവര്‍ പറയുന്നു.

പല ജാതികള്‍ക്കും സ്വന്തമായി രാഷ്ട്രീയകക്ഷികളുണ്ടായതിന്റെ ഒരു കാരണം സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളിലും ഒരു പൊതുനീക്കം ഫലപ്രദമായി നടക്കാനുള്ള സാധ്യത തമിഴ്‌ നാട്ടിലെ രാഷ്ട്രീയാന്തരീക്ഷത്തിലില്ലാത്തതാകണം. ദ്രാവിഡപ്പാര്‍ട്ടികളുടെയൊക്കെ ചുക്കാന്‍ പലപ്പോഴും സവര്‍ണ്ണന്റെ അല്ലെങ്കില്‍ സവര്‍ണ്ണന്റെ നിലയിലേക്കെത്തിച്ചേര്‍ന്ന അവര്‍ണ്ണന്റെ താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നവരുടെ കൈയിലായിരുന്നുവെന്നത്‌ എല്ലാവര്‍ക്കുമറിയാം. 'തൊഴിലാളിവര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നെ അധികാരിവര്‍ഗ്ഗം'
എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എഴുതിയ പോലെയുള്ള ഒരു സ്ഥിതിവിശേഷം.

21 comments:

പരാജിതന്‍ said...

ചിത്രകാരന്റെ 'അയ്യപ്പക്ഷേത്രം' പോസ്റ്റില്‍ തമിഴ്‌ നാട്ടിലെ ചില ജാതികളെപ്പറ്റി പെരിങ്ങോടന്‍ പരാമര്‍ശിച്ചിരിക്കുന്നത്‌ കണ്ടു. അവിടെ ഓഫ്‌ ടോപ്പിക്കുകളുടെ ബഹളമായതിനാല്‍ ചില വിവരങ്ങള്‍ ഇവിടെ പോസ്റ്റുന്നു. മറുപടിയോ വാദമോ ഒന്നുമല്ല, ചില വിവരങ്ങള്‍ മാത്രം.

Anonymous said...

പരാ‍ജിതന്‍ മാഷേ, ഞാനിത് നൂറ് വട്ടം സാക്ഷ്യപ്പെടുത്തുന്നു. ഞാനും ഈ വഴിയുലൂടെ നടന്നിട്ടുണ്ട്...പലതും കണ്ടിട്ടുണ്ട്.

കേരളത്തിലിരുന്നു നോക്കുമ്പോള്‍ എല്ലാം സുഖകരം ശീതളം എന്ന് വിചാരിച്ചുകൊണ്ടിരുന്ന എനിക്ക് ഇതുപോലെ കണ്ടറിഞ്ഞതിനു ശേഷമാണ്
എന്റെ ചിന്താഗതി തന്നെ മാറ്റേണ്ടി വന്നത്. ദളിതര്‍ എന്നാലെന്തെന്ന് തന്നെ ശരിക്കും മനസ്സിലായത്.

പത്രങ്ങള്‍ വായിച്ചും കുറേ അധികം സ്റ്റാറ്റിസ്റ്റിക്സും നോക്കി പറയുന്നതും കണ്ടും അനുഭവിച്ചും അറിയുന്നതില്‍ തമ്മില്‍ വളരെ വ്യത്യാസമുണ്ടെന്നും അന്ന് മനസ്സിലായി.

നീങ്ക കോവേയില്‍ എവിടേ? ഗാന്ധിപുരം മുതല്‍ സുന്ദരാപുരം വരെ തൈരിയുന്ന സ്ഥലങ്ങള്‍ :) ചുമ്മാ ചോദിച്ചതാട്ടൊ,പറയോന്നും വേണ്ടാ.

vimathan said...

പരാജിതന്‍, തേവര്‍ സമുദായം പരമ്പരാഗതമായി തന്നെ ഭൂവുടമസ്ഥത ഉണ്ടായിരുന്ന peasant class ല്‍ പെടുന്ന ജാതിയായിരുന്നു. പക്ഷെ ബ്രാഹ്മണിക്കല്‍ ഹയറാര്‍ക്കിയില്‍ അവര്‍ക്ക് ശൂദ്ര status തന്നെ ആയിരുന്നു. അതായത് ജാതിപരമാ‍യ അടിച്ചമര്‍ത്തല്‍ അവരും നേരിട്ടിരുന്നു. എന്നാല്‍ കൊളോനിയല്‍ കാലഘട്ടത്തില്‍ തന്നെ തമിഴ്നാടില്‍ ഉയര്‍ന്നുവന്ന ബ്രാഹ്മണവിരുദ്ധ -സെല്‍ഫ് റെസ്പെക്റ്റ്-ദ്രാവിഡ പ്രസ്ഥാങളുടെയും, ജാതി സംവരണത്തിന്റെയും മറ്റും പ്രവര്‍ത്തന ഫലമായി തേവര്‍ ഉള്‍പ്പടെയുള്ള peasant ജാതികള്‍ വിദ്യാഭ്യാസത്തിലും, മറ്റും മുന്നോട്ടുപോയി, ജാതി ഹയറാര്‍ക്കിയില്‍ ശൂദ്ര stausല്‍ നിന്നും ഉയര്‍ന്ന്, ഒരു neo-kshathriya status അവകാശപ്പെടാം എന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പ്രക്രിയയില്‍ അവര്‍ ആരെ എതിര്‍ത്തിരുന്നുവോ, അതെ ബ്രാഹ്മണിക്കല്‍ സംസ്ക്കാരത്തെ, അതിന്റെ സവര്‍ണ്ണമൂല്യങളെ തന്നെ അവര്‍ സംസ്കൃതവല്‍ക്കരണം എന്നോ, സവര്‍ണ്ണ വല്‍ക്കരണം എന്നോ പറയുന്ന ഒരു processലൂടെ സ്വംശീകരിച്ചു. ഏതാണ്ട് സമാനമായ പ്രക്രിയ ദക്ഷിണ ഇന്ത്യയിലെ എല്ലാ സംസ്ഥാനങളിലും നടന്നിട്ടുണ്ട് എന്ന് കാണാം. മഹാരാഷ്ട്രയില്‍ ശൂദ്ര സ്റ്റാറ്റസ് ഉണ്ടായിരുന്ന peasant class ആയ kunbi കള്‍ ഇന്ന് അവിടത്തെ ജാതി ഹയറാര്‍ക്കിയില്‍ ഉന്നത സ്ഥാനം വഹിക്കുന്ന, തികച്ചും സവ്വര്‍ണ വല്‍ക്കരിക്കപ്പെട്ട maratha ജാതിയായത് ഒരുദാഹരണം. ആന്ധ്രയില്‍ reddy, khamma ജാതികള്‍, കര്‍ണ്ണാടകയില്‍ vokkalinga, lingaayat ജാതികള്‍, കേരളത്തിലെ നായര്‍, തുടങിയ ജാതികള്‍ എല്ലാം തന്നെ ബ്രാഹ്മണിക്കല്‍ മതത്തില്‍, ഒരു കാലത്ത്, ശൂദ്ര staus ഉണ്ടായിരുന്ന peasant class ജാതികളാണ്, അവരെല്ലാം ഇന്നു അതാതിടങളില്‍ ഏറ്റവും പ്രബലമായ സവര്‍ണ്ണ സമുദാ‍യങളായി മാറി കഴിഞ്ഞിരിക്കുനു. ആധുനിക ജനാധിപത്യ സംവിധാനത്തില്‍ ഇവരോക്കെ നിര്‍ണ്ണായ്ക ശക്തിയാവുന്നതിന് ഒരു കാരണം ഈ ജാതികളൊക്കെ അതാതിടാങളില്‍ ജനസംഖ്യാ‍നുപാതികമായി നോക്കിയാല്‍ പ്രബലരാണ് എന്നുള്ളതാണ്. എന്നാല്‍ ദലിതര്‍ എവിടെയും ഒരു ന്യൂനപക്ഷമാണ്, അതുകൊണ്ടു തന്നെയാണ് നമ്മുടെ ജനാധിപത്യത്തില്‍ അവര്‍ക്ക് രാഷ്ടീയാധികാരം അപ്രപ്യമായിരിക്കുന്നതും.
note: Gail Omvedt ന്റെ ഒരു പഴയ Doctoral thesis നോട് കടപ്പാട്.

Anonymous said...

പരാജിതന്റെ പോസ്റ്റ്‌ ഉചിതമായി. ജാതിയതയിലും അതിന്റെ പഴയ രൂപമായ വര്‍ണവ്യവസ്തയിലും കെട്ടുപിണഞ്ഞ്‌ മൃതപ്രായമായി രണ്ടായിരം വര്‍ഷമായി ഇന്ത്യ കഷ്ടപ്പെടുന്നു. ബ്രഹ്മണ്യം എന്ന കാളകൂടജാതിവിഷത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ജാതിയുടെ വകഭേദങ്ങലെ വിശകലനം ചെയ്തു പടിച്ചേപറ്റു.
വിമതനെപ്പോലുള്ളവരുടെ ശാസ്ത്രീയ വിശകലനങ്ങള്‍ പോരട്ടെ.....!!
-chithrakaran
http://www.chithrakaran.blogspot.com

vimathan said...

പരാജിതന്‍, താങ്കളുടെ ബ്ലൊഗിന്റെ തലവാചകം: “പലപ്പോഴും നമ്മള്‍ "അതൊക്കെ ഒരു കാലം!" എന്ന്‌ ആനന്ദത്തോടെ പറയുന്നത്‌ നിരന്തരപരാജയങ്ങളുടേതായ ഒരു പൂര്‍വകാലത്തെക്കുറിച്ച്‌ തന്നെയല്ലേ?” ഇത് ഇപ്പോഴേ ശ്രദ്ധിച്ചുള്ളൂ. തോറ്റ സമരങളില്‍ മാത്രം പങ്കെടുത്ത എനിക്കത് വളരെ ഇഷ്ടമായി.

പരാജിതന്‍ said...

ഇഞ്ചി, ചിത്രകാരന്റെ പോസ്റ്റിനെഴുതിയ കമന്റ്‌ കണ്ടിരുന്നു. അങ്ങനെയെഴുതണമെങ്കില്‍ ഇങ്ങനെയെന്തോ കാണുമെന്നും തോന്നി. കോവൈയില്‍ എവിടെയാണെന്ന് പറയുന്നതിലെന്ത്‌ പ്രശ്നം? :)
ഗാന്ധിപുരത്ത്‌ നിന്ന് രണ്ട്‌ കി.മീ. ല്‍ കുറഞ്ഞ ദൂരമുള്ള ശിവാനന്ദ കോളനിയെന്ന സ്ഥലത്ത്‌ ഓഫീസ്‌. ഏതാണ്ട്‌ അതേ ദൂരം മാത്രമുള്ള ലക്ഷ്മിപുരത്തിനടുത്ത്‌ (സത്യമംഗലം റോഡ്‌) ചെക്കാന്തോട്ടം എന്ന സ്ഥലത്ത്‌ താമസം.

വിമതാ, പോസ്റ്റുകളും കമന്റുകളുമൊക്കെ കണ്ട്‌ ആദരവ്‌ തോന്നിയിട്ടുണ്ട്‌. ഇവിടെ പറഞ്ഞവയൊക്കെ ശരി തന്നെ. ശൂദ്രഗണത്തില്‍ പെട്ടവരെന്ന് പറയാവുന്ന ധനികരും പ്രമാണിമാരുമായവര്‍ നവക്ഷത്രിയസ്ഥാനം സ്വയം നേടിയെടുത്തത്‌ മാത്രമാണെന്ന് പറയാനാവില്ലല്ലോ, അല്ലേ? പുരോഹിതവര്‍ഗ്ഗത്തിന്റെ മൗനാനുവാദവും ആശംസകളും അവര്‍ക്കുണ്ടായിരുന്നു. മാറിയ കാലത്തില്‍ തങ്ങളുടെ സ്വാര്‍ത്ഥമൂല്യങ്ങളെ സംരക്ഷിക്കാന്‍ പുതിയ രാജാപ്പാര്‍ട്ടുകളുണ്ടാവുന്നതിനെക്കാള്‍ മെച്ചമായെന്തുണ്ടവര്‍ക്ക്‌?

ചിത്രകാരാ, കമന്റിന്‌ നന്ദി.
ബ്രാഹ്മണ്യം എന്ന പൊതുവിവക്ഷ മേല്‍ക്കോയ്മയെ സൂചിപ്പിക്കുന്നതാണെങ്കിലും കേരളത്തെ അപേക്ഷിച്ച്‌ തമിഴ്‌ നാടിന്റെ സാംസ്കാരികപൈതൃകത്തിന്‌, പ്രത്യേകിച്ച്‌ സംഗീതമേഖലയിലും മറ്റും, ബ്രാഹ്മണര്‍ നല്‌കിയ വിലപ്പെട്ട സംഭാവനകളെ ബഹുമാനിക്കാതിരിക്കാന്‍ കഴിയില്ല.
പക്ഷേ ദളിതനെ ചിലര്‍ അപരിഷ്കൃതനെന്ന് വിളിക്കുന്നതിലും ശക്തമായി ബ്രാഹ്മണനെ ഞാന്‍ അപരിഷ്കൃതനെന്ന് വിളിക്കും. അധീശത്വമനോഭാവം പോലെ നികൃഷ്ടമായ അപരിഷ്കൃതത്വം വേറെയില്ല.

ഓ.ടോ.: വിമതാ, അപ്പോള്‍ നമ്മള്‍ ഒരു 'ജാതി'യാണല്ലേ! :)

Anonymous said...

തമിഴ് എഴുത്തുകാരനായ ജയമോഹന്‍ തമിഴ്നാട്ടിലെ ദളിതരെക്കുറിച്ച് കുറെക്കാലം മുന്‍പ് ഭാഷാപോഷിണിയില്‍ എഴുതിയതായി ഓര്‍ക്കുന്നു.തമിഴ്നാട്ടില്‍ ചായക്കടകളില്‍ താണജാതിക്കാര്‍ക്ക് കുടിക്കാന്‍ വേണ്ടി മാത്രം പ്രത്യേകം ഗ്ലാസുകള്‍ ഉണ്ടാവുമെന്നും കേട്ടിട്ടുണ്ട്.എന്തിന് വയനാട്ടിലെ ആദിവാസികള്‍ക്ക് ഇതരജാതിമതവിഭാഗങ്ങള്‍
ഇപ്പോഴും അയിത്തം കല്‍പ്പിക്കുന്നുണ്ട്.പക്ഷേ അവരെ ക്കൊണ്ട് പണിയെടുപ്പിക്കും.അവരുടെ പെണ്‍കുട്ടികള്‍ക്ക് അനാ‍ഥക്കുഞ്ഞുങ്ങളെ ഉണ്ടാക്കിക്കൊടുക്കും.അവിടെ മാത്രം അയിത്തമില്ല.

കാളിയമ്പി said...

കൊച്ചിനെയുണ്ടാക്കിക്കൊടുക്കാന്‍ പണ്ടും അയിത്തമൊന്നുമില്ലായിരുന്നു വിഷ്ണുമാഷേ..
ഈ നശിച്ച ജാതിവ്യവസ്ഥയാണ് ഒരുവിധപ്പെട്ട എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.ഇന്നും

myexperimentsandme said...

ഓരോരുത്തരെ ടാര്‍ഗറ്റ് ചെയ്‌തുകൊണ്ടുള്ള വികസനവും, അവരെങ്ങിനെയായോ അതുപോലെ മാത്രം ആകാനുള്ള ആഗ്രഹവും ഉദ്ദേശിച്ച ഫലം ഉണ്ടാക്കുമോ എന്നൊരു സംശയം.

വിമതന്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ തേവര്‍ സമുദായവും നായര്‍ സമുദായവുമെല്ലാം ഒരുകാലത്ത് ശൂദ്രരായിരുന്നു. പക്ഷേ അവര്‍ പല കാരണങ്ങള്‍ കൊണ്ടും ഉയര്‍ന്ന് വന്നു. പക്ഷേ ഉയര്‍ന്ന് വന്ന് അവര്‍ അവസാനം ബ്രാഹ്‌മണരെപ്പോലുള്ളവര്‍ എങ്ങിനെയായോ ആ രീതികളൊക്കെ സ്വന്തമാക്കി (എന്നാല്‍ ഈ പ്രക്രിയയില്‍ അവര്‍ ആരെ എതിര്‍ത്തിരുന്നുവോ, അതെ ബ്രാഹ്മണിക്കല്‍ സംസ്ക്കാരത്തെ, അതിന്റെ സവര്‍ണ്ണമൂല്യങളെ തന്നെ അവര്‍ സംസ്കൃതവല്‍ക്കരണം എന്നോ, സവര്‍ണ്ണ വല്‍ക്കരണം എന്നോ പറയുന്ന ഒരു processലൂടെ സ്വംശീകരിച്ചു-വിമതന്‍).

സമൂഹത്തില്‍ ഉയര്‍ന്ന നിലവാരം കൈവരിക്കുന്ന പിന്നോക്കക്കാരെന്ന് പറയപ്പെടുന്നവരും ഒരിക്കല്‍ ആ നില കൈവരിച്ചാല്‍ ബാക്കി പിന്നോക്കക്കാരെന്ന് പറയപ്പെടുന്നവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നു എന്നും കൂടി നോക്കണമെന്ന് തോന്നുന്നു. അതുപോലെ ഉന്നമനം എന്ന് പറയുന്നത് ഏത് രീതിയിലുള്ള ഉന്നമനമാണെന്നും-തേവന്മാരും നായന്മാരും കൈവരിച്ച രീതിയിലുള്ള ഉന്നമനമാണോ അതോ വേറേ രീതിയിലുള്ളതാണോ.

കൊറിയയുടെ വികസനത്തെ സംശയദൃഷ്ടിയോടെ ചില ecconomists നോക്കാനുള്ള ഒരു കാരണമായി അവര്‍ പറയുന്നത് ആ വികസനം എപ്പോഴും Japan centric ആണെന്നുള്ളതാണ്. ജപ്പാനെക്കാളും മുന്നിലെത്തണം എന്നതാണത്രേ അവരുടെ ലക്ഷ്യം. അവരുടെ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെയോ മറ്റോ ഒരു ലേഖനം വായിച്ചപ്പോള്‍ എനിക്കും അങ്ങിനെ തോന്നി- നമ്മള്‍ ഇങ്ങിനെയൊക്കെ ചെയ്താല്‍ ഇത്രനാള്‍ കഴിഞ്ഞാല്‍ ജപ്പാനെക്കാളും മുന്നിലെത്താം. അതുപോലത്തെ ആഗ്രഹങ്ങള്‍ വെച്ച് പുലര്‍ത്തുന്ന വികസനങ്ങള്‍ അത് രാഷ്ട്രത്തിന്റെയായാലും സമൂഹത്തിന്റെയായാലും ചിലപ്പോള്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുമോ എന്നൊരു സംശയം.

അമ്പീ, ഇതുമായിട്ട് ബന്ധമില്ലെങ്കിലും ഇന്ത്യന്‍ എക്‍സ്‌പ്രസ്സിലെ ഗുരുമൂര്‍ത്തിയുടെ ഒരു കോളം വായിച്ചു. സംഗതി ഗുരുമൂര്‍ത്തി എഴുതിയതായതുകൊണ്ട് തള്ളിക്കളയാം.എങ്കിലും ഇവിടുണ്ട്. അതില്‍ എത്രമാത്രം വാസ്തവമുണ്ട് എന്നറിയില്ല.

പരാജിതന്‍ said...

വക്കാരീ, ശൂദ്രഗണത്തില്‍ പെടുത്താവുന്ന തേവര്‍ എന്ന സമുദായം നവക്ഷത്രിയസ്ഥാനമാര്‍ജ്ജിച്ച്‌ സാമുദായികമായ മേല്‍ക്കോയ്മ മറ്റ്‌ അവര്‍ണ്ണസമുദായങ്ങളുടെ മേല്‍ സ്ഥാപിച്ചുവെന്ന വാദമാണല്ലോ വിമതന്റേത്‌. തമിഴ്‌ നാട്ടിലെ ജനങ്ങളുടെ, പ്രത്യേകിച്ചും ഗ്രാമീണജനതയുടെ ജീവിതം നേരിട്ട്‌ കാണുന്ന ആര്‍ക്കും മനസ്സിലാകുന്ന വളരെ ലളിതമായ ഒരു സത്യം മാത്രമാണത്‌.
അതേ പോലെ തേവന്മാരെയും നായന്മാരെയും ഒരേ പന്തിയിലിരുത്താമോ എന്നറിയില്ല. എന്തായാലും, നായര്‍ സമുദായം സ്വകാര്യസ്വത്തിന്റെ കാര്യത്തില്‍ എല്ലാ അവര്‍ണ്ണന്മാരെയുംകാള്‍ വളരെ മുന്നിലായിരുന്നില്ലേ? തന്നെയുമല്ല, നമ്പൂതിരിമാരുമായുള്ള സംബന്ധം നായര്‍ സ്ത്രീകള്‍ക്കും അതുവഴി ആ സമുദായത്തിനും സമ്പത്തും വരേണ്യതയും നേടിക്കൊടുത്തുവെന്ന സംഗതിയും നിഷേധിക്കാന്‍ കഴിയുമോ? നവക്ഷത്രിയസ്ഥാനത്തിന്‌ ഒട്ടൊക്കെ അര്‍ഹതയുള്ളവരായി നായര്‍ സമുദായത്തിനെ കേരളത്തിലെ ബ്രാഹ്മണ്യം കണ്ടിട്ടുണ്ടാവണം.
ശൂദ്രഗണത്തില്‍പ്പെടുന്ന എല്ലാ സമുദായക്കാര്‍ക്കും നായര്‍ സമുദായത്തിന്റെ അവസ്ഥയായിരുന്നില്ലല്ലോ. അതിന്റെയൊക്കെ കാരണങ്ങള്‍ വളരെ സങ്കീര്‍ണ്ണവും സ്ഥിതിവിവരക്കണക്കുകള്‍ക്ക്‌ വിവരിക്കാനാകാത്തതുമായിരിക്കാം. (എന്തായാലും ആര്യാവര്‍ത്തത്തിന്‌ പുറത്തുള്ളവരെന്ന തിരിച്ചറിവിലൂടെയെങ്കിലും കേരളത്തിലുള്ള നായന്മാരും പുലയന്മാരുമെല്ലാമടങ്ങുന്ന ഹിന്ദുക്കള്‍ 'പല മെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ..' എന്ന ലൈനില്‍ ചിന്തിക്കാത്തതില്‍ അത്ഭുതമില്ല. കാരണം അവനവന്റെ തട്ടകത്തിലുള്ള അധീശത്വമാണല്ലോ പ്രധാനം.)

സാമൂഹ്യമായ ഉന്നമനം കൈവരിക്കുന്ന പിന്നോക്കക്കാര്‍ തങ്ങള്‍ക്കും പിന്നില്‍ കിടക്കുന്നവരെ, അല്ലെങ്കില്‍ അത്തരം സമുദായങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്നതിന്റെ പ്രാധാന്യം, വക്കാരി പറഞ്ഞതു പോലെ, വളരെ പ്രസക്തമാണ്‌. പുലയനെ നികൃഷ്ടനായിക്കാണുന്ന കാര്യത്തില്‍ നമ്പൂതിരിമാരെക്കാളും വഷളന്മാരാണ്‌ നായന്മാരും ഈഴവന്മാരും ആശാരിമാരുമൊക്കെ എന്നു തോന്നുന്നു.

ഒരു സമുദായത്തിന്റെ ഉന്നമനത്തിന്‌ അതേ സമുദായത്തില്‍പ്പെട്ട സാമൂഹ്യപരിഷ്കര്‍ത്താക്കളുണ്ടാകുക എന്നതാണ്‌ ഏറെ പ്രായോഗികം എന്ന് തോന്നുന്നു. അതിനുള്ള സാഹചര്യമൊരുക്കാന്‍ മറ്റുള്ളവര്‍ക്ക്‌ കഴിയുകയും വേണം. (ബ്രിട്ടീഷുകാര്‍ അവര്‍ണ്ണന്‌ വല്ല ഉപകാരവും ചെയ്തിട്ടുണ്ടോ, അത്തരത്തില്‍? അതായത്‌, സാഹചര്യമൊരുക്കല്‍ എന്ന സല്‍ക്കര്‍മ്മം?)

വക്കാരീ, ആദരവോടെ തന്നെ ചോദിക്കട്ടെ, സാമൂഹ്യനീതി പോലുള്ള സെന്‍സിറ്റീവായ ഒരു വിഷയത്തിനെ കൊറിയയുടെ വികസനമോഹവുമായി താരതമ്യം ചെയ്യുന്നത്‌ ഉചിതമാണോ? സംശയമാണ്‌.

ഗുരുമൂര്‍ത്തിയുടെ ലേഖനം വായിച്ചു. അതില്‍ കാര്യമുണ്ടാകാം, പക്ഷേ കഴമ്പില്ല. കഴമ്പുണ്ടാകും, പത്തൊമ്പതാം നൂറ്റാണ്ടിലെങ്കിലും കേരളത്തില്‍ നായന്മാരുടെയും ഈഴവന്മാരുടെയും പുലയന്മാരുടെയുമൊക്കെ അവസ്ഥ ഒരേ പോലെയായിരുന്നുവെന്ന് ആരെങ്കിലും തെളിയിച്ചാല്‍. അത്‌ പോലെ തന്നെ അതാത്‌ സമുദായക്കാരില്‍ എത്ര ശതമാനം പേര്‍ക്ക്‌ വിദ്യാഭ്യാസം ലഭിച്ചിരുന്നു എന്നും മറ്റുമുള്ള, കുറേക്കൂടി വ്യക്തമായ, പ്രാതിനിധ്യസ്വഭാവമുള്ള, കണക്കും എഴുതേണ്ടിയിരുന്നു.

ഒന്നു കൂടി: ഇപ്പോഴത്തെ അവര്‍ണ്ണന്‍ ഇപ്പോഴത്തെ സവര്‍ണ്ണനുമേല്‍ വ്യക്തമായ അധീശത്വം സ്ഥാപിക്കുന്ന കാലത്ത്‌ അവര്‍ണ്ണനെയും അപരിഷ്കൃതന്‍ എന്ന് വിളിക്കേണ്ടി വരും. ആരുടെയും മേല്‍ക്കോയ്മയില്ലാത്ത ലോകമാണല്ലോ എല്ലാവര്‍ക്കും നല്ലത്‌.

myexperimentsandme said...

പരാജിതാ, കൊറിയയുടെ വികസനവുമായി താരതമ്യം ചെയ്‌തതല്ല (അങ്ങിനെ തോന്നിയെങ്കില്‍ അത് പൂര്‍ണ്ണമായും എന്റെ തെറ്റ്), നമ്മുടെ ലക്ഷ്യം, അല്ലെങ്കില്‍ ഉദ്ദേശം, ശരിയായ രീതിയിലല്ലെങ്കില്‍ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്ന് കാണിക്കാനാള്ള ഒരു ശ്രമമായിരുന്നു-അത് ഒരു രാജ്യത്തിന്റെ വികസനമാണെങ്കിലും പിന്നോക്കാവസ്ഥയില്‍ നിന്നും മുന്നോക്കാവസ്ഥയിലേക്കുള്ള മാറ്റമാണെങ്കിലും. കൊറിയയുടെ വികസനമല്ല, കൊറിയയുടെ വികസനമോഹവും അവരുടെ ഒരേയൊരു ലക്ഷ്യവും അത് എത്രമാത്രം ശരിയാണ് എന്നുമാണ് പറയാനുദ്ദേശിച്ചത്. ആ രീതിയിലുള്ള, തെറ്റായ ഒരു ലക്ഷ്യമാണ് പിന്നോക്കാവസ്ഥയില്‍ നിന്നുള്ള മാറ്റത്തിനും പ്രതീക്ഷിക്കുന്നതെങ്കില്‍ ഉദ്ദേശിച്ച ഫലം കാണുമോ എന്നൊരു സംശയമാണ് പ്രകടിപ്പിച്ചത്.

(മഴയെത്തും മുന്‍‌പെയില്‍ ശ്രീനിവാസന്‍ പറഞ്ഞതുപോലെ ഇനി കൊറിയയെപ്പറ്റി പറഞ്ഞത് ശരിയായില്ലെങ്കില്‍ ആ ഭാഗം തീര്‍ച്ചയായും മാറ്റാം) :)

പരാജിതന്‍ said...

പ്രിയപ്പെട്ട വക്കാരി,
'വികസനമോഹം' എന്ന് തന്നെയാണല്ലോ ഞാന്‍ എഴുതിയിരുന്നതും. ഇന്ത്യയിലെ പല തട്ടിലായി കിടക്കുന്ന ദളിതന്റെ സങ്കീര്‍ണ്ണമായ സാമൂഹ്യാവസ്ഥയും അതിന്‌ മാറ്റം വരാനുതകുന്ന തരത്തിലുള്ള രാഷ്ട്രീയമോ സാമൂഹ്യമോ ആയ പോംവഴികളുടെ അഭാവത്തെയും അത്തരമൊരു താരതമ്യത്തിലൂടെ നോക്കിക്കാണുവാന്‍ പറ്റുമോ എന്നസംശയമാണ്‌ ഞാന്‍ പ്രകടിപ്പിച്ചത്‌.

സംശയമൊക്കെ പ്രകടിപ്പിക്കുന്നതിനിടയില്‍ കമന്റിനും ലിങ്കിനും നന്ദി പറയാന്‍ വിട്ടു പോയി. :-)

Anonymous said...

സാമൂഹ്യമായ ഉന്നമനം കൈവരിക്കുന്ന പിന്നോക്കക്കാര്‍ തങ്ങള്‍ക്കും പിന്നില്‍ കിടക്കുന്നവരെ, അല്ലെങ്കില്‍ അത്തരം സമുദായങ്ങളെ എങ്ങനെ നോക്കിക്കാണുന്നുവെന്നതിന്റെ പ്രാധാന്യം, xxxxxxxxxxxx
വക്കാരി പറഞ്ഞതു പോലെ, വളരെ പ്രസക്തമാണ്‌. പുലയനെ നികൃഷ്ടനായിക്കാണുന്ന കാര്യത്തില്‍ നമ്പൂതിരിമാരെക്കാളും വഷളന്മാരാണ്‌ നായന്മാരും ഈഴവന്മാരും ആശാരിമാരുമൊക്കെ എന്നു തോന്നുന്നു.
xxxxxxxxxx

പരാചിതന്‍,

ഈ നിരീക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. തഴോട്ടുള്ള ജാതികളോട്‌ നാം ആരും തന്നെ നീതി പുലര്‍ത്താറില്ല. കാരണം എത്ര ഇല്ലെന്നു പറഞ്ഞാലും വര്‍ണവ്യവസ്ത്തിതിയില്‍ മുകളിലോട്ടു പോകുന്തോറും പണത്തിന്റെ സാന്നിദ്ധ്യം കൂടുകയും അതിനനുസരിച്ച്‌ ദുരഭിമാനത്തിന്റെ ദുര്‍ഗന്ധം വര്‍ദ്ധിക്കുകയും ചെയ്യും.

നമ്മുടെ ശ്രീ നാരായണഗുരു പോലും മുകളില്‍ പറഞ്ഞ ദോഷത്തില്‍ നിന്നും മുക്തനായിരുന്നില്ല എന്നാണ്‌ ചിത്രകാരനു തോന്നിയിട്ടുള്ളത്‌.

അയ്യങ്കാളിയെപ്പോലുള്ള ഒരു അപൂര്‍വ പ്രതിഭാസത്തെ മാറോടണക്കാന്‍ സ്രീ നാരായണഗുരു കുറച്ചു മടിച്ചില്ലേ എന്നൊരു ശങ്ക.
ഈ ശങ്ക ബ്രാഹ്മണനായിട്ടും ജാതീയതക്കെതിരെ സമൂഹ്യ വിപ്ലവം നടത്തിയ ആനന്തതീര്‍ത്ഥനോടും ഗുരു കാണിച്ചിട്ടുണ്ടെന്നു തോന്നുന്നു.( അശ്രമവാസിയുടെ നിസംഗതയുടെ ഭാഗമാണാവോ ഈ നിലപാട്‌.)
-chithrakaran
" http://www.chithrakaran.blogspot.com "

Anonymous said...

പരാജിതന്‍,
ഇതെല്ലാം ബീഹാറിലും യുപിയിലും ഇതിലും കൂടുതലാണ്.എന്റെ ലേഖനം വായിച്ചു question mark ഇട്ടത് ശരിയായില്ല

Anonymous said...

പരാജിതന്‍,
ഇതെല്ലാം ബീഹാറിലും യുപിയിലും ഇതിലും കൂടുതലാണ്.എന്റെ ലേഖനം വായിച്ചു question mark ഇട്ടത് ശരിയായില്ല

പരാജിതന്‍ said...

എം.കെ. നമ്പ്യാര്‍, കമന്റിന്‌ നന്ദി. ഏത്‌ ചോദ്യചിഹ്നത്തിന്റെ കാര്യമാണ്‌ പറഞ്ഞത്‌? താങ്കളുടെ ബ്ലോഗ്‌ ഞാന്‍ കണ്ടിട്ടുപോലുമില്ല. ഇപ്പോള്‍ പോയി നോക്കാം.

പരാജിതന്‍ said...

അയ്യോ, നമ്പ്യാരേ, ശരിയാണല്ലോ. റിയലി സോറി. മറവി, മറവി. ശരിക്കും അങ്ങനെയൊരു കാര്യമേ ഓര്‍മ്മയില്ലായിരുന്നു. നേരത്തെയെഴുതിയത്‌ കമന്റ്‌ കണ്ടയുടനെ യാതൊരു പിടിത്തവും കിട്ടാഞ്ഞിട്ടാണ്‌. തെറ്റിദ്ധരിച്ചതാണോയെന്ന് ഞാന്‍ തെറ്റിദ്ധരിച്ചു! ഒരിക്കല്‍ക്കൂടി മാപ്പ്‌. താങ്കള്‍ പറഞ്ഞതിന്‌ മറുപടി അവിടെത്തന്നെയിടാം.

രാജ് said...

പരാജിതന്‍, ജഗതി ഒരു സിനിമയില്‍ പറയുന്ന ഡയലോഗ് ഓര്‍മ്മ വന്നു, അച്ഛന്‍ മേനോനാ, അമ്മ ചക്കാലെ എന്നു്. കള്ളറില്‍ പെടുന്ന ഒരു സഹപ്രവര്‍ത്തകനാണു അവന്‍ തേവര്‍ എന്ന ജാതിയുടെ ഉപജാതിയാണെന്നു എന്നോടു പറയുന്നതു്. ഈ ഉപജാതികള്‍ക്കിടയില്‍ സംഘര്‍ഷം (മിക്കതും സമ്പത്തിന്റെ വിതരണത്തിലുള്ള വ്യതിയാനങ്ങള്‍ മൂലം) മധുരയില്‍ പതിവാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. വിമതന്‍ peasant class എന്നുദാഹരിക്കുന്ന സമൂഹങ്ങള്‍ തമിഴ്‌നാട്ടിലെന്തായാലും കാര്‍ഷികജീവിതവുമായി ബന്ധപ്പെട്ടു കഴിഞ്ഞിരുന്നതല്ല. അഥവാ ആണെങ്കിലും പ്രാചീന തമിഴ് കൃതികളില്‍ നിന്നുള്ള അറിവു വച്ചു ആയുധധാരികളായ സമൂഹമായിരുന്നു. സമൂഹത്തില്‍ അവരുടെ ഇടപെടലുകളെ അപ്രകാരമാണു രാജന്‍ ഗുരുക്കളുടെ കേരള ചരിത്രത്തിലും വായിക്കുവാനാകുന്നതു്. തേവര്‍ എന്ന ബൃഹത്ജാതിയെ കുറിച്ചുള്ള വിക്കി ലേഖനത്തിലും കള്ളറെ തേവരിലാണു ഉള്‍പ്പെടുത്തുന്നതും. ഇനി സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന കള്ളര്‍ സ്വയം എടുത്തണിയുന്ന പേരാണോ തേവര്‍ എന്നെനിക്കറിയില്ല.

(ഈ ലേഖനം കാണുവാനും താമസിച്ചു, വിമതന്‍ ഈയിടെ ബ്ലോഗിലില്ലെന്നുണ്ടോ?)

vimathan said...

പ്രിയ പെരിങോടന്‍, കുറച്ചുകാലമായി ബ്ലൊഗ് വായിക്കാന്‍ സൌകര്യമില്ലായിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും തുടങി. ഡിസംബറില്‍ ദൂബയ് വിട്ടു. ഇപ്പൊള്‍ കൊച്ചിയില്‍ സെറ്റില്‍ ചെയ്യാനുള്ള തിരക്കിലാണ്.

peasant class/caste എന്നതു കൊണ്ട് ഉദ്ദേശിച്ചത് ചരിത്രത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ ഒരു പ്രത്യേക കാലഘട്ടത്തില്‍ അവര്‍ കാര്‍ഷിക ഉത്പാദന ശക്തികളില്‍ ഒന്നായിരുന്ന ജാതി/വര്‍ഗ്ഗം ആയിരുന്നു എന്ന് മാത്രമാണ്. അതിനു മുന്‍പത്തെ ക്കഥ വേറെ.
മറ്റൊന്ന്, കള്ളര്‍, തേവര്‍ എന്നൊക്കെയുള്ള വിഭജനം മാറി തേവര്‍ മാത്രമാകുന്ന പ്രക്രിയ, അതായത് “സമജാതിവല്‍ക്കരണം” എന്ന പ്രക്രിയ, കേരളം ഉള്‍പ്പടെയുള്ളിടത്ത്, ശൂദ്ര സ്റ്റാറ്റസ്സ് ഉണ്ടായിരുന്ന മിക്ക ജാതികളും ഒരു neo kshathriya status അവകാശപ്പെടുന്ന കാലത്ത് നടന്നതാണ് എന്നു നമുക്ക് കാണാന്‍ കഴിയും.

രാജ് said...

വിമതന്‍ കള്ളറും, മറവനുമെല്ലാം ജാതീയമായി അറിയപ്പെട്ട കാലത്തു തന്നെ ഇവര്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടായിരുന്നു ഉപജീവനം. ചിലര്‍ നേരിട്ടു മണ്ണില്‍ കൃഷി ചെയ്യുന്നുണ്ടെങ്കില്‍ മറ്റു ചിലര്‍ കൃഷിയുല്പന്നങ്ങള്‍ സംരക്ഷിക്കുന്നതിലായിരുന്നെന്നുമാത്രം. കള്ളറും മറവും രണ്ടാമത്തെ ഗണത്തില്‍ പെടുന്നവരായിരുന്നുവെന്നാണു എനിക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുള്ളതു്.

വിമതനും ഹരിയും പറയുന്നതു പോലെയാണു കാര്യങ്ങളെങ്കില്‍ കള്ളറിലും മറവരിലുമുള്ള ചിലര്‍ മാത്രം എങ്ങനെ തേവരായി? നിയോക്ഷത്രിയ സ്റ്റാറ്റസ് നേടിയെടുക്കുവാന്‍ എല്ലാവര്‍ക്കുമായിട്ടില്ലെന്നു കരുതേണം, ഹരി എന്റെ കമന്റ് വായിച്ച ബ്ലോഗില്‍ ഈ തമിഴ് ജാതികളെ പരാമര്‍ശിക്കുവാനുള്ള കാരണവും ഇതു തന്നെയാണു്. ദളിതന്‍ സാമ്പത്തികമായും അധികാരമായും ഉയര്‍ന്നാല്‍ പിന്നെ ദളിത് പ്രശ്നങ്ങള്‍ അവനെ അഭിമുഖീകരിക്കുന്നില്ല, പുറകിലാക്കപ്പെടുന്ന ചിലര്‍ ദളിതാവസ്ഥയില്‍ തുടരുന്നുമുണ്ടു്. ദളിതന്റെ പ്രശ്നങ്ങളുടെ അവസാനം അവന്‍ ദളിതനല്ലാതായി തീരുക എന്നതാണോ? കേരളത്തില്‍ ഒരു കാലത്തു ക്ഷേത്രം നിഷേധിക്കപ്പെട്ടവരുടെ ലക്ഷ്യം ക്ഷേത്രം നിഷേധിക്കപ്പെട്ടവനല്ലാതാകുക എന്നതായിരുന്നതു പോലെ, സ്വന്തമായുണ്ടായിര്‍ന്നു ദേവാരാധനാരീതികള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചു അവന്‍ ബോധവാനായിട്ടില്ലെന്നതു പോലെ..

പരാജിതന്‍ said...

പെരിങ്ങോടാ, വൈകിയാണെങ്കിലും ഇവിടെ വന്നു കണ്ടതില്‍ വളരെ സന്തോഷം.
എന്റെ പോസ്റ്റില്‍ താങ്കള്‍ പറഞ്ഞ വസ്തുതകളോട്‌ പ്രത്യേകിച്ച്‌ എതിര്‍പ്പൊന്നുമില്ലായിരുന്നു. താങ്കളുടെ കമന്റിലെ ചില സൂചനകളോട്‌ വിയോജിപ്പുണ്ടായിരുന്നു താനും. ലഭ്യമായ പഴയ ചില വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കുകയും സമീപകാലയാഥാര്‍ത്ഥ്യത്തെ വേണ്ട വിധം പരിഗണിക്കാതിരിക്കുകയും ചെയ്താല്‍ ഉണ്ടാകാവുന്ന ചില പൊരുത്തക്കേടുകളെപ്പറ്റി മാത്രമാണ്‌ ഞാനെഴുതിയത്‌. പോസ്റ്റില്‍ പരാമര്‍ശവിധേയമായ താങ്കളുടെ കമന്റില്‍ നിന്ന്:
"തമിഴ്‌നാട്ടില്‍ കള്ളര്‍, മറവര്‍ എന്നെല്ലാം പേരില്‍ അറിയപ്പെടുന്നതും തേവര്‍ എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്നതുമായ ജനസമൂഹമുണ്ടു്. ദക്ഷിണ ഇന്ത്യയിലെ തന്നെ ആദ്യകാല മനുഷ്യകുലങ്ങളില്‍ ഒന്നു്. ദക്ഷിണഭാരതത്തിന്റെ ചരിത്രമനുസരിച്ചു പാഴ്‌നിലമായ പാ‍ലനിലത്തുകാരായ ഇവര്‍ കുറുഞ്ചി, മുല്ല, മരുതം, നെയ്തിലം എന്നിങ്ങനെ നാനിലത്തിലെ ഭക്ഷ്യ/കാര്‍ഷികവ്യവസ്ഥയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ആദിമനിവാസികളാണു് (കാലിക്കവര്‍ച്ചയും മറ്റും). കൂടുതല്‍ പരിഷ്കൃതരായ ഉത്തരേന്ത്യന്‍ ജനസമൂഹം ദക്ഷിണത്തില്‍ ഇടപെടുന്നതോടെ ഇവര്‍ ഇന്നു നമ്മള്‍ വിശേഷിപ്പിക്കപ്പെടുന്ന അവര്‍ണ്ണര്‍‍ എന്ന വിഭാഗമായി തരം‌താഴ്ത്തപ്പെടുകയാണുണ്ടായതു്. തമിഴു് നാട്ടില്‍ ഇന്നു് ഈ വിഭാഗത്തിന്റെ അവസ്ഥ വിമതന്‍ പറയുന്നതു പോലെയാണോ?.."

ഇത്‌ വായിക്കുന്ന ഒരാള്‍ക്ക്‌, അയാള്‍ തമിഴ്‌ നാട്ടിലെ ഗ്രാമീണജനതയുടെ ജീവിതം കണ്ടിട്ടില്ലെങ്കില്‍, ലഭിക്കുന്ന ചിത്രമെന്തായിരിക്കും? പൊതുവേ ജാതിവ്യവസ്ഥയുടെയും സാമൂഹ്യനീതിയുടെയും മറ്റും കാര്യത്തില്‍ തമിഴ്‌ നാട്‌ ഏറെ ഭേദമാണെന്നായിരിക്കില്ലേ?

മുക്കുളത്തോരില്‍ അഗമുദയാര്‍ വിഭാഗക്കാരാണ്‌ ടിപ്പിക്കല്‍ തേവര്‍ പ്രമാണിത്വം കൈയാളുന്നതെന്ന് പറയപ്പെടുന്നു. (ഇത്‌ ഇമ്മാതിരി വിഷയങ്ങളില്‍ അവഗാഹമുള്ള ഒരു തമിഴ്‌ സുഹൃത്തില്‍ നിന്ന് മനസ്സിലാക്കിയതാണ്‌.) മറവര്‍, കള്ളര്‍ വിഭാഗക്കാരില്‍ അത്ര മെച്ചമല്ല സ്ഥിതിയെന്നും. ഗ്രാമങ്ങളില്‍ 'കാതലി'ന്റെയും വസ്തുതര്‍ക്കത്തിന്റെയുമൊക്കെ പേരിലാണ്‌ പലപ്പോഴും അടി. പക്ഷേ ഇതിനെക്കാളൊക്കെ ഭീകരമാണ്‌ മറ്റുപല കീഴ്‌ജാതിക്കാരോടും തേവര്‍മാരടക്കമുള്ളവര്‍ കാട്ടുന്ന മനോഭാവം. ജാതീയമായ ഉച്ചനീചത്വത്തിന്റെ അളവ്‌ ഇവിടെ ഒട്ടും കുറവല്ല എന്ന് പറയുകയായിരുന്നു ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. മറിച്ചാണെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ ആ ധാരണ തിരുത്താനും.

പെരിങ്ങോടന്‍ ചോദിച്ച ചോദ്യത്തിന്‌ (ദളിതന്റെ പ്രശ്നങ്ങളുടെ അവസാനം അവന്‍ ദളിതനല്ലാതായിത്തീരുക എന്നതാണോ?) തീര്‍ച്ചയായും പ്രസക്തിയുണ്ട്‌. ദളിതസ്വത്വത്തില്‍ നിന്നുള്ള മോചനം തന്നെയാണ്‌ ഭൂരിപക്ഷം ദളിതരും മനസ്സുകോണ്ട്‌ ആഗ്രഹിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. ഇതൊരു നെഗറ്റീവായ ചിന്തയായിരിക്കാം. എങ്കിലും ഭൂരിപക്ഷത്തിന്‌ സാംസ്കാരികവിവക്ഷകളെക്കാളൊക്കെ പ്രധാനം സാമൂഹ്യവും സാമ്പത്തികവുമായ അതിജീവനം തന്നെയായിരിക്കണം. ശാപ്പാടിനു വകയില്ലെങ്കില്‍ എന്തോന്നു കുലദൈവം?