Tuesday, May 06, 2008

സംശയം

കടിച്ചാല്‍ പൊട്ടാത്ത നുണകളുടെയും വെറും കയ്യൂക്കിന്റെയും ബലത്തില്‍ ഒരു എമ്പോക്കി, ഒരു രാജ്യത്തെ ചവിട്ടിത്തേച്ച്‌, അവിടത്തെ ലക്ഷക്കണക്കിനു മനുഷ്യരെയും തട്ടി, പിന്നെയും കുറെ ലക്ഷങ്ങളെ തുരത്തിയോടിച്ചും വിട്ടപ്പോള്‍ "അങ്ങേര്‍ സദ്ദാമിനെ കൊന്നു. അതിലിപ്പോ എന്താ ഇത്ര പ്രശ്നം?" എന്നു ഒരൊന്നൊന്നര ചോദ്യം പുച്‌ഛരസത്തില്‍ ചോദിച്ച ഒരു വര്‍ഗ്ഗം (മധ്യവര്‍ഗ്ഗമെന്നും പറയും) "നിന്റെയൊക്കെ തീറ്റ ഇത്തിരി ഓവറാണല്ലോടേ?" എന്നൊരു മുട്ടാപ്പോക്ക്‌ അതേ എമ്പോക്കിയുടെ വായില്‍ നിന്നു വീണപ്പോള്‍ വിറളി പിടിക്കുന്നതിനെപ്പറ്റിയാണോ സര്‍, "അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും!" എന്നു പറയുന്നത്‌?

20 comments:

Inji Pennu said...

:)

ചന്ത്രക്കാറന്‍ said...

അഭിമാനമല്ലിയോ അണ്ണാ നമുക്കേറ്റവും വലുത്‌, ഭാരതമെന്നുകേട്ടാലല്ലേ അന്തരംഗം അഭിമാനപൂരിതമാകേണ്ടതുള്ളൂ, അല്ലാതെ ഇറാഖെന്നു കേള്‍ക്കുമ്പോളാണോ? അവറ്റകള്‍ അഞ്ചാംവേദക്കാര്‍, ചാവുകയോ പീസുപീസായി മരുന്നില്ലാത്ത ആശുപത്രികളില്‍ മരണംകാത്തുകിടക്കുകയോ ചെയ്യട്ടെ - നമുക്കെന്ത്‌?

അല്ലെങ്കില്‍ത്തന്നെ അയാള്‍ പറഞ്ഞതൊരു ബേസിക്‌ എക്കണോമിക്‌ തിയറിയല്ലേ? ഡിമാന്റ്‌ കൂടുകയും സപ്ലൈ കുറയുകയും ചെയ്താല്‍ ചരക്കുകള്‍ക്ക്‌ ക്ഷാമ്മം വരുകയും വില കൂടുകയും ചെയ്യും എന്നതല്യോ പ്രമാണം? (ഈ മഹാപ്രമാണം കേള്‍ക്കുമ്പോള്‍ ഡില്‍ബര്‍ട്ടും എന്റെ പഴയ ഒരു മാനേജറും ഓര്‍മ്മയിലെത്തും, inorder to run business, we need to have customers എന്ന മൂപ്പരുടെ സ്വന്തം കണ്ടുപിടുത്തവും. ഇതൊന്നും വേറെയാര്‍ക്കും അറിയില്ലല്ലോ! masters of the obvious എന്ന് സ്കോട്ട്‌ ആഡംസ്‌)

ഇനിയിപ്പോ ഡിമാന്റ്‌ സപ്ലൈ തിയറിയില്‍ ആര്‍ക്കെങ്കിലും വെരിഫൈചെയ്യണമെന്നുണ്ടെങ്കില്‍ - ശനിയാഴ്ച വൈകുന്നേരം എം. ജി.റോഡില്‍പ്പോയി (എവിടത്തെ എം.ജി.റോഡെന്നു ചോദിക്കരുത്‌, എവിടത്തെയെങ്കിലും എം.ജി.റോഡ്‌) ഒരു ചരക്കിന്റെ അന്നത്തെ വില ചോദിക്കുക; തിങ്കളാഴ്ച വൈകുന്നേരം വീണ്ടും പോയി അതേ ചരക്കിന്റെ വില ചോദിക്കുക. ഉടന്‍ ബോദ്ധ്യപ്പെടും.

(ഇനിയിപ്പോ ഞാന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഷെയര്‍ ഓണറുടെ അമ്മായിയമ്മ അമേരിക്കക്കാരിയാണെന്നും അതുകൊണ്ട്‌ എനിക്ക്‌ അമേരിക്കയെപ്പറ്റി പറയാന്‍ പാടില്ലാന്നും പറഞ്ഞ്‌ ഇങ്ങു വാ...)

അനോണി മാഷ് said...

ശരിയാ ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചപ്പോ കാണാന്‍ നല്ല ചേലായിരുന്നു. കെളവന്‍ അടുത്ത ഗുണ്ടും പൊട്ടിച്ചിട്ടുണ്ട്. എണ്ണ വറ്റിക്കുന്നതും ഞമ്മളത്രേ

ഡാലി said...

ഹ ഹ ഹ
മൂര്‍ത്തീടെ പോസ്റ്റിനിട്ട കമന്റ്.

ഇറാക്കിന്റെ ആക്രമിച്ചത് ‘യഥാര്‍ത്ഥ യുദ്ധനീ‍തി‘ അനുസരിച്ചാണെന്ന വാദങ്ങളും ഈയിടെ കേട്ടിരുന്നു.

ഭൂമിപുത്രി said...

ഇങ്ങേര്‍ ഒരമ്മായമ്മപ്പോര്‍ സ്റ്റൈലിലാണല്ലൊ..
അടുത്ത കുശുമ്പുമായി ഇന്നലെയിറങ്ങി-ലോകത്തിലെ
എണ്ണ മുഴുവന്‍ കുടിച്ചു വറ്റിയ്ക്കുന്നതു നമ്മളാണ്‍പോലും!

മൂര്‍ത്തി said...

“അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും“. അത് തന്നെ...

first they came for the jews ...എന്നു തുടങ്ങുന്ന Pastor Martin Niemöller കവിത ഒന്നു കൂടി വായിക്കാം.

ഡാലി said...

first they come for the communists എന്നല്ലേ മൂര്‍ത്തി?

ചന്ത്രക്കാറന്‍ said...

ഗ്രാമീണതൊഴിലുറപ്പുപദ്ധതിവഴി ഇന്ത്യയിലെ പാവപ്പെട്ടവരുടെ ക്രയശേഷിയും അതുവഴി ഭക്ഷ്യാവശ്യവും വര്‍ദ്ധിച്ചതാണ്‌ ഇന്ത്യയിലെ ഭക്ഷ്യക്ഷാമത്തിന്റെയും വിലക്കയറ്റത്തിന്റെയും പ്രധാനകാരണമെന്ന്‌ കേന്ദ്രഭക്ഷ്യമന്ത്രിതന്നെ ഈയടുത്ത്‌ പ്രസ്താവിച്ചിരുന്നല്ലോ, ഈ പ്രതിഷേധക്കാരൊക്കെ അപ്പോഴെവിടെയായിരുന്നു? അതിലപ്പുറമൊന്നും ബുഷും പറഞ്ഞില്ലല്ലോ? ഓ, നമ്മുടെ മന്ത്രി കുറ്റം പറഞ്ഞത്‌ പാവപ്പെട്ടവരെയാണല്ലോ അല്ലേ? നമ്മള്‍ മദ്ധ്യവര്‍ഗ്ഗം അപ്പോഴും സേയ്ഫ്‌!

അക്ഷരാര്‍ത്ഥത്തില്‍ ബുഷ്‌ പറഞ്ഞതില്‍ കാര്യമുണ്ട്‌ - ഇന്ത്യ ഭക്ഷ്യധാന്യകയറ്റുമതി നിര്‍ത്തിവച്ചിരിക്കുകയാണ്‌. ആഭ്യന്തര ആവശ്യം കൂടിയതിനാല്‍ നമുക്കിന്ന്‌ കയറ്റുമതി ചെയ്യാന്‍മാത്രം സര്‍പ്ലസ്‌ ഇല്ല. ഇന്നെന്നല്ല, ഒരു കാലത്തും ഉണ്ടായിരുന്നുമില്ല. ആഗോളീകരിക്കപ്പെട്ട മാര്‍കറ്റില്‍ സപ്ലൈ എവിടെ മുറിഞ്ഞാലും അത്‌ ആഗോളവിപണിയെത്തന്നെ ബാധിക്കും, ഇന്ത്യയുടെ ഭീമമായ കയറ്റുമതി പൊടുന്നനെ നിന്നത്‌ തീര്‍ച്ചയായും ആഗോളഭക്ഷ്യക്ഷാമത്തിന്റെ പല കാരണങ്ങളില്‍ ഒന്നുതന്നെയായിരിക്കും. ഇന്ത്യന്‍ കൃഷിക്കാരനും കര്‍ഷകത്തൊഴിലാളിയും സ്വയം പട്ടിണികിടന്ന്‌ വിദേശരാജ്യങ്ങളെ തീറ്റിപ്പോറ്റുകയായിരുന്നു. പക്ഷേ ഇന്ന്‌ ലോവര്‍ മിഡ്ഡില്‍ക്ലാസ്സിലായിരുന്ന വലിയൊരു വിഭാഗത്തിന്‌ മിഡ്ഡില്‍ക്ലാസ്സിലേക്ക്‌ സ്ഥാനക്കയറ്റം കിട്ടിയിരുക്കുന്നു, സ്വാഭാവികമായും ഈ വിഭാഗത്തിന്റെ വര്‍ദ്ധിച്ച ക്രയശേഷി ഭക്ഷണാവശ്യവും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. പണ്ട്‌ ഒരുനേരം ഉണ്ടിരുന്നവര്‍ ഇപ്പോള്‍ രണ്ടുനേരം ഉണ്ണുന്നുണ്ടാവണം.

യാഥാര്‍ത്ഥ്യങ്ങളല്ല ഇവിടത്തെ പ്രശ്നം, അതിനെ നോക്കിക്കാണുന്ന രീതിയാണ്‌. ഇന്ത്യ ഉപഭോഗം കൂട്ടുകയല്ല ചെയ്തത്‌, കയറ്റുമതി കുറക്കുകയാണ്‌. അതായത്‌ സ്വന്തം വിഭവങ്ങള്‍ സ്വയം ഉപയോഗിക്കാനുള്ള ശേഷി മൊത്തത്തില്‍പ്പറഞ്ഞാല്‍ രാജ്യം ആര്‍ജ്ജിക്കുന്നു (സമ്പത്തിന്റെ വിതരണത്തില്‍ താരതമ്യങ്ങളില്ലാത്ത അനീതി നമ്മുടെ രാജ്യത്തുണ്ട്‌, അതു കാണാതെയല്ല ഇതു പറയുന്നത്‌). ഇതിനെ പോസിറ്റീവായി കാണേണ്ടതിനുപകരം "പണിക്കൊന്നും ആളെക്കിട്ടാനില്ല, എല്ലാ പറയനും ചോവനും ഇപ്പോ സര്‍ക്കാരുദ്യോദസ്ഥന്‍മ്മാരല്ലേ" എന്ന നാട്ടുമാടമ്പിമാരുടെ ഫ്യൂഡല്‍ മനോഭാവത്തില്‍ മാത്രമേ പ്രശ്നമുള്ളൂ.

മൊത്തം തൊഴിലുകളില്‍ വെറും നാലുശതമാനമേ ഇന്ത്യയില്‍ സര്‍ക്കാര്‍മേഖലയിലുള്ളൂ. അതില്‍ അമ്പതുശതമാനം സംവരണവിഭാഗങ്ങള്‍ക്കു മാറ്റിവച്ചാല്‍ത്തന്നെ പൊതുവിഭാഗത്തിനുള്ള തൊഴില്‍നഷ്ടം വെറും രണ്ടുശതമാനമാണ്‌. അതില്‍ത്തന്നെ പി.എസി.സി.കള്‍ പിന്തുടരുന്ന റൊട്ടേഷന്‍ എന്ന തട്ടിപ്പികൂടി കണക്കിലെടുത്താല്‍ അത്‌ വെറും ഒരു ശതമാനമായി മാറും. ഈ വെറും ഒരു ശതമാനം സംവരണം നല്‍കുന്നതിനെതിരെയാണ്‌ ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗം തരംകിട്ടുമ്പോഴൊക്കെ ഉറഞ്ഞുതുള്ളുന്നത്‌.

എല്ലാ ജോലിയും തീട്ടം കോരുന്നവനും തെങ്ങേല്‍ കേറുന്നവനും കൊടുക്കുന്നതിനാല്‍ ഞങ്ങള്‍ക്കൊന്നും ജോലികളില്ല എന്ന് ഇതേ മദ്ധ്യവര്‍ഗ്ഗം (സവര്‍ണ്ണരെന്നു വായിക്കുക, ചുരുങ്ങിയ പക്ഷം അവര്‍ണ്ണരല്ലാത്തവരെന്നെങ്കിലും
)വിലപിക്കുന്നതും എല്ലാ ഇന്ത്യക്കാരും തിന്നുതുടങ്ങിയതിനാല്‍ ഞങ്ങളുടെ തീറ്റയുടെ വില കൂടിയെന്ന് സായിപ്പുപറയുന്നതും ഒരേ ലോജിക്കല്ലേ? ഒന്നിനോടുമാത്രം എന്തിനിത്ര കലി?

പ്രതിഷേധിക്കാനും വേണം ഒരു യോഗ്യത!

റോബി said...

കമന്റുകള്‍ പോരട്ടെ...!!!

റോബി said...

കമന്റുകള്‍ പോരട്ടെ...!!!

Anonymous said...

ഹരിയേട്ടാ,ഇത്‌ ഒരത്യാവശ്യമായിരുന്നു.

സദ്ദാമിനെകുറിച്ചു പറഞ്ഞാല്‍ നിങ്ങള്‍ കൊക്കക്കോളയെകുറിച്ചാണ് പറയേണ്ടതെന്നു പറയും.കൊക്കക്കോളയെകുറിച്ച്‌ പറഞ്ഞാലോ

nalan::നളന്‍ said...

"പ്രതിഷേധിക്കാനും വേണം ഒരു യോഗ്യത!"

അതു കൊള്ളാം ചന്ത്രക്കാറാ !!

ഏതായാലും ഒരു ബുഷ് അണ്ണനിങ്ങനെ ചൊറിയാനുള്ളതുകൊണ്ട് മനുഷ്യര്‍ക്കൊക്കെ ജനാധിപത്യബോധം വച്ചു തുടങ്ങി. നല്ല കാര്യം.
ഇനി കേരളത്തിലെ ജനങ്ങള്‍ക്കു സമാധാനമായി പ്രതിഷേധിക്കുവാനുള്ള അവകാശം ഇവരുടെയൊക്കെ കാരുണ്യം കൊണ്ട് കിട്ടുമെന്നു പ്രതീക്ഷിക്കാമോ ആവോ.

അതോ ഇനി ബുഷണ്ണന്‍ ചൊറിഞ്ഞ വഴിയില്‍ മെര്‍സിഡിസ് ബെന്‍സിന്റെ പെയിന്റിളകിയാലേ ഈ ഔദാര്യം കിട്ടുകയുള്ളോ ?

Dinkan-ഡിങ്കന്‍ said...

ബുഷിന്റെ പ്രസ്ഥാവന (അതിലിനി അര്‍ദ്ധസത്യം ഉണ്ടെന്നിരിക്കിലും) അപലപനീയം തന്നെ.

ഓഫ്.ടോ.
ബുഷ് ഇത്തരത്തിലൊന്ന് പറയാന്‍ ചിലര് കാത്തു നില്‍ക്കുകയായിരുന്നു. മധ്യവര്‍ഗത്തെ (ദ്ധ-അല്ല-ധ) സവര്‍ണ്ണരെന്ന് വിളിച്ചോളൂ എന്ന കരുണാകൃപാകടാക്ഷം നിറഞ്ഞ അനുമതിയ്ക്ക് സ്തുതി. ഉണ്ട് മലര്‍ന്ന് കിടന്ന് ഏമ്പക്കം വിടാന്‍ എന്താ സുഖം?

പ്രതിഷേധിക്കാന്‍ ഉള്ള യോഗ്യതയ്ക്കായി പത്രത്തില്‍ ഗസറ്റ് വിജ്ഞാപനം കൊടുത്തിട്ടുണ്ട്. കാത്തിരിക്കുന്നു

ചന്ത്രക്കാറന്‍ said...

ഡിങ്കന്‍,ഒരു പ്ലെയിന്‍ സ്റ്റേറ്റ്‌മെന്റിനപ്പുറം എന്തങ്കിലുംകൂടി പ്രതീക്ഷിക്കുന്നു.

ഓഫ്‌ ടോപ്പിക്കിന്‌ -

ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തില്‍ (കേരളവും തമിഴ്‌നാടും വിടൂ) സവര്‍ണ്ണരല്ലാത്തവര്‍ മരുന്നിനുകൂട്ടാനൊക്കെ കണ്ടേക്കാം. പക്ഷേ അതേ ലോജിക്കുപയോഗിച്ചാല്‍ ബി.ജെ.പി. ഒരു മുസ്ലീം പൊളിറ്റിക്കല്‍ പാര്‍ട്ടിയാണെന്നും പറയേണ്ടിവരും, പലയിടത്തും അവരുടെ മാധ്യമവക്താക്കള്‍ മുസ്ലീങ്ങളാണെന്നതോര്‍ക്കുക.

നിന്ദാവാക്യങ്ങള്‍ക്ക്‌ മറുപടിയില്ല. പോസ്റ്റിലേയോ കമന്റുകളിലേയോ വിഷയത്തെക്കുറിച്ചെന്തെങ്കിലും ചര്‍ച്ചചെയ്യാമെങ്കില്‍ ആവാം.

തിരുത്തിയ അക്ഷരത്തിനു നന്ദി.

Dinkan-ഡിങ്കന്‍ said...

ഈ വെറും ഒരു ശതമാനം സംവരണം നല്‍കുന്നതിനെതിരെയാണ്‌ ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗം തരംകിട്ടുമ്പോഴൊക്കെ ഉറഞ്ഞുതുള്ളുന്നത്‌.
എന്നാല്‍ പിന്നെ എന്തിനാണ് ഈ ഒരു ശതമാനം. ഈ സംവരണം തന്നെ അങ്ങ് എടുത്തുകളയരുതോ? (ചോദ്യം ഓഫ് ടോപ്പിക്കാകാം)

“പണിക്കൊന്നും ആളെക്കിട്ടാനില്ല, എല്ലാ പറയനും ചോവനും ഇപ്പോ സര്‍ക്കാരുദ്യോദസ്ഥന്‍മ്മാരല്ലേ" എന്ന നാട്ടുമാടമ്പിമാരുടെ ഫ്യൂഡല്‍ മനോഭാവത്തില്‍ മാത്രമേ പ്രശ്നമുള്ളൂ.
ഇങ്ങനെ ഒരു പ്രസ്ഥാവനയുടെ സാംഗത്യം? ഉപഭോഗം കൂടി എന്നല്ലേ പറഞ്ഞുള്ളൂ എല്ലാരും. അല്ലാതെ പറയനും, ചോവനും വയലില്‍ പണിയെടുക്കാത്തതുകൊണ്ടാണെന്ന് പറയുകയുണ്ടായോ?

മധ്യവര്‍ഗത്തെ കുറിച്ച് ചര്‍ച്ച വന്നാല്‍ “നോര്‍ത്ത് ഇന്ത്യന്‍ ഹിന്ദുസൈക്കി, വര്യേണത“ എന്നും; രാഷ്ട്രത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്താല്‍ “നക്സല്‍, മാവോയിസ്റ്റ്” എന്നുമുള്ള കയറുകളാല്‍ ബന്ധിച്ച് തെങ്ങില്‍ കെട്ടിയ പശുവര്‍ണ്ണനകള്‍ കുറെ കാലം ആയില്ലേ നമ്മള്‍(മധ്യ/ദ്ധ്യ/ദ്യ വര്‍ഗക്കാര്‍) കേള്‍ക്കാന്‍ തുടങ്ങിയിട്ട് ?

നിന്ദാവാക്യങ്ങളല്ല ഒരു തമാശപറഞ്ഞതാണ്.

ചന്ത്രക്കാറന്‍ said...

"“പണിക്കൊന്നും ആളെക്കിട്ടാനില്ല, എല്ലാ പറയനും ചോവനും ഇപ്പോ സര്‍ക്കാരുദ്യോദസ്ഥന്‍മ്മാരല്ലേ" എന്ന നാട്ടുമാടമ്പിമാരുടെ ഫ്യൂഡല്‍ മനോഭാവത്തില്‍ മാത്രമേ പ്രശ്നമുള്ളൂ.
ഇങ്ങനെ ഒരു പ്രസ്ഥാവനയുടെ സാംഗത്യം?"

സാംഗത്യം? ശരി, വിശദീകരിക്കാം.

ഇന്ത്യക്കാര്‍ തിന്നുതുടങ്ങിയതിനാല്‍ ആഗോളഭക്ഷ്യക്ഷാമമെന്ന് ബുഷ്‌.

പറയനും ചോവനും സര്‍ക്കാറുദ്യോഗസ്ഥരായതിനാല്‍ പണിക്കാളെക്കിട്ടുന്നില്ലെന്ന് മാടമ്പി

ബുഷിന്റെ പ്രശ്നത്തെ രണ്ടായിത്തിരിക്കാം.

1. അമേരിക്കയില്‍ ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നതിന്റെ വേവലാതി.

2. ഇന്ത്യക്കാര്‍ ഭക്ഷണം കഴിക്കുന്നതിലെ കെറുവ്‌, ഇത്രയും കാലം പട്ടിണികിടന്ന ഇവനൊക്കെ ഇപ്പോ അങ്ങനെ മൂക്കുമുട്ടെ തിന്നാറായോ എന്നു ചുരുക്കത്തില്‍.

മാടമ്പിയുടെ പ്രശ്നത്തെയും രണ്ടായിത്തിരിക്കാം

1. പണിക്കാളെക്കിട്ടാനില്ല, അഥവാ ചിലര്‍ക്കായി നീക്കിവച്ച, തന്റെ വര്‍ഗ്ഗം ചെയ്യാന്‍ തയ്യാറല്ലാത്ത, പണികള്‍ ചെയ്യാന്‍ ജാതീയമായി വിധിക്കപ്പെട്ട കൂട്ടരെ കിട്ടാനില്ല

2. ജാതീയമായി അത്തരം തൊഴിലുകള്‍ ചെയ്യാന്‍ വിധിക്കപ്പെട്ടവരില്‍ ചിലരെങ്കിലും പരമ്പരാഗതമായി തന്റെ വര്‍ഗ്ഗത്തിന്റെ അവകാശമായിരുന്ന സര്‍ക്കാരുദ്യോഗം എന്ന തൊഴില്‍ ചെയ്യുന്നതിന്റെ അസ്കിത

മേല്‍പ്പറഞ്ഞ രണ്ടു സന്ദര്‍ഭങ്ങളിലും ഫണ്‍ക്‍ഷണല്‍ എലമന്റ്‌, അതായത്‌ പോയന്റ്‌ നമ്പര്‍ 1, വളരെ നിസ്സാരമാണ്‌. പറയുന്നതില്‍ ഒരു ചെറിയ ശതമാനം സത്യമുണ്ടെങ്കിലും ഊന്നുന്നത്‌ അതിലെ നിന്ദാപരമായ അംശത്തിനെയാണ്‌, അതായത്‌ പോയന്റ്‌ നമ്പര്‍ 2 നെയാണ്‌. ഈ മനോഭാവത്തിന്‌ രാഷ്ട്രീയമായി പൊതുവെ വിളിക്കപ്പെടുന്ന പേരാണ്‌ ഫ്യൂഡല്‍ എന്ന്. (കാപ്പിറ്റലിസ്റ്റ്‌ അവന്‌ വേണ്ടതെന്തെന്നു തീരുമാനിക്കുമ്പോള്‍ ഫ്യൂഡലിസ്റ്റ്‌ മറ്റുള്ളവര്‍ക്കെന്തുവേണ്ടെന്നുകൂടി തീരുമാനിക്കും, അതുകൊണ്ടുകൂടിയാണ്‌ കാപിറ്റലിഷം രാഷ്ട്രീയമായി ഫ്യൂഡലിസത്തിനേക്കാള്‍ മെച്ചപ്പെട്ടതാകുന്നത്‌). ഇവിടെ ബുഷിന്റെയും മാടമ്പിയുടെയും മനോഭാവം ഒന്നാണ്‌, ബുഷ്‌ പ്രതിനിധീകരിക്കുന്ന കാപ്പിറ്റലിസ്റ്റ്‌ നീതിയില്‍നിന്നുപോലുമുള്ള പുറകോട്ടുപോക്കാണത്‌.

ഇപ്പോള്‍ സാംഗത്യച്ചോദ്യത്തിനുള്ള ഉത്തരമായി എന്നു കരുതുന്നു.

ഇനി

"മധ്യവര്‍ഗത്തെ കുറിച്ച് ചര്‍ച്ച വന്നാല്‍ “നോര്‍ത്ത് ഇന്ത്യന്‍ ഹിന്ദുസൈക്കി, വര്യേണത“ എന്നും; രാഷ്ട്രത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്താല്‍ “നക്സല്‍, മാവോയിസ്റ്റ്” എന്നുമുള്ള"

അതിലെ രണ്ടാം ഭാഗം വിട്ടേക്കൂ ഡിങ്കാ, അത്‌ ഒന്നാം ഭാഗത്തിനെ ഒന്നു സോഫ്റ്റ്‌ ആക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം തിരുകിയതാണെന്നേ എനിക്കു തോന്നിയുള്ളൂ. സര്‍വ്വവ്യാപിയായ മധ്യവര്‍ഗ്ഗമെവിടെക്കിടക്കുന്നു, മൊത്തം തപ്പിയാല്‍ ഒരു പഞ്ചായത്തുവാര്‍ഡിലെ ഇലക്ഷന്‍ ജയിപ്പിക്കാന്‍പോലും എണ്ണം തികയാത്ത മാവോയിസ്റ്റ്‌-നക്സലൈറ്റുകളെവിടെക്കിടക്കുന്നു?

"തെങ്ങില്‍ കെട്ടിയ പശുവര്‍ണ്ണനകള്‍ കുറെ കാലം ആയില്ലേ നമ്മള്‍(മധ്യ/ദ്ധ്യ/ദ്യ വര്‍ഗക്കാര്‍) കേള്‍ക്കാന്‍ തുടങ്ങിയിട്ട് ?"

സത്യം നൂറുകൊല്ലം കേട്ടാലും മടുക്കരുത്‌,തള്ളിപ്പറയുകയുമരുത്‌. അത്‌ നമ്മുടെയൊക്കെ രാഷ്ട്രീയബാദ്ധ്യതയാണ്‌.

ആദ്യത്തെ ഓഫ്‌ ടോപ്പിക്‌ എന്ന് ലേബല്‍ വച്ച ചോദ്യം ആഗ്രഹചിന്തയല്ലെന്നു സമാധാനിച്ചോട്ടെ?

Dinkan-ഡിങ്കന്‍ said...

ആദ്യത്തെ ഓഫ്‌ ടോപ്പിക്‌ എന്ന് ലേബല്‍ വച്ച ചോദ്യം ആഗ്രഹചിന്തയല്ലെന്നു സമാധാനിച്ചോട്ടെ?
ആഗ്രഹ ചിന്തയല്ല എന്ന് തന്നെ സമാധിക്കാം. ഒപ്പം വി.പി സിങ്ങിനോട് അല്‍പ്പം ബഹുമാനം ഉണ്ടെന്നും കൂട്ടിക്കോളൂ.
“വെറും ഒരുശതമാനത്തിന്റെ പിടിവലി“ എന്ന ലളിതവല്‍ക്കരണം കണ്ടപ്പോള്‍, എന്നാല്‍ ആ പിടിവലി അങ്ങ് ഉപേക്ഷിച്ചൂടെ എന്ന് ചോദിച്ചപ്പോള്‍ അതെങ്ങനെ പ്രശ്നമാകും?

ബുഷിന്റെ പ്രസ്ഥാവന ഫിനാന്‍ഷ്യല്‍ ക്ലാസ് ബേസ് ചെയ്ത പരാമര്‍ശമാണ് എന്നാണ് തോന്നിയിട്ടുള്ളത്. ഇതില്‍ ഇന്ത്യന്‍ മാടമ്പി-ജാതീയത ഏച്ചുകൂട്ടുന്നതിലെ മുഴ കണ്ടാണ് “സാംഗത്യം” ആരാഞ്ഞത്.


"മധ്യവര്‍ഗത്തെ കുറിച്ച് ചര്‍ച്ച വന്നാല്‍ “നോര്‍ത്ത് ഇന്ത്യന്‍ ഹിന്ദുസൈക്കി, വര്യേണത“ എന്നും; രാഷ്ട്രത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്താല്‍ “നക്സല്‍, മാവോയിസ്റ്റ്” എന്നുമുള്ള"
എന്തിനാണ് രണ്ടാം ഭാഗം അങ്ങനെ വിട്ട് കളയുന്നത് വിട്ടുകളയുന്നത് ?
മൊത്തം തപ്പിയാല്‍ ഒരു പഞ്ചായത്തുവാര്‍ഡിലെ ഇലക്ഷന്‍ ജയിപ്പിക്കാന്‍പോലും എണ്ണം തികയാത്ത മാവോയിസ്റ്റ്‌-നക്സലൈറ്റുകളെവിടെക്കിടക്കുന്നു?
ഇവിടെക്കോന്ന് കണ്ണോടിക്കാമോ? . അപ്പോള്‍ പിന്നെ ഒരു പഞ്ചായത്ത് ഇലക്ഷന്‍ പോലും ജയിപ്പിക്കാന്‍ കഴിയാത്ത നാലുംമൂന്നേഴെണ്ണത്തിനെ പിടിക്കാനാണോ ഗ്രേ-ഹണ്ട്, റെഡ്-എലഫന്റ്സ് എന്നൊക്കേ പേരില്‍ സേനാവിന്യാസമുണ്ടാക്കി തിരയണത്. അപ്പോള്‍ ലളിതവല്‍ക്കരണം/സാമാന്യവല്‍ക്കരണം ഒരുകാര്യത്തിലും അരുത്.
ആദ്യപാദത്തിന്റെ അതേ പ്രാധാന്യം രണ്ടാം പാദത്തിനും കൊടുക്കാം.(കാരണം ഇത് “മഞ്ചരി“യല്ലല്ലോ)

സത്യം നൂറുകൊല്ലം കേട്ടാലും മടുക്കരുത്‌,തള്ളിപ്പറയുകയുമരുത്‌.
തീര്‍ച്ചയായും പക്ഷേ “സത്യം പോലെയുള്ള“ ചിലതില്ലേ അതിനെ എല്ലായ്പ്പോഴും കൊള്ളുകവയ്യ.

ഇനി ഒരു ചോദ്യം.
മധ്യവര്‍ഗക്കാരനാണോ?

ചന്ത്രക്കാറന്‍ said...

ക്ലാസ്സെന്ന് സായിപ്പുപറയുന്നത്‌ കാസ്റ്റെന്ന് ഇന്ത്യയില്‍ വായിക്കണം ഡിങ്കാ, അതു ചെയ്യാതിരുന്നതാണ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ ഏറ്റവും ഭീമമായ രാഷ്ട്രീയാബദ്ധം.

ഈീ നക്സല്‍ ബാധയുടെ മനശാസ്ത്രമെന്തെന്ന് നന്നായരിയാവുന്ന ഒരാളാണെന്നുതന്നെ കൂട്ടിക്കോളൂ ഡിങ്കന്‍, ആഴത്തിലും പരപ്പിലും എങ്ങനെ കൂട്ടിയാലും ഇന്ത്യന്‍ ജാതിയുടെയും അതിന്റെ ക്ലാസ്‌ നെയിമായ മദ്ധ്യവര്‍ഗ്ഗത്തിന്റെയും സാന്നിദ്ധ്യത്തിന്റെ ഏഴയലത്തെത്തില്ല അത്‌.

ചോദ്യവും ഉത്തരവും കഴിഞ്ഞെങ്കില്‍ നമുക്കിവിടെ നിര്‍ത്താം.

Dinkan-ഡിങ്കന്‍ said...

അപ്പോള്‍ ഇത് “മിഡില്‍ ക്ലാസുകാരന്റെ മീല്‍‌സ് പ്രശ്നം”.

മിഡില്‍ ക്ലാസുകാരനെന്നാല്‍... ?

ഞാന്‍ നിര്‍ത്തിയിരിക്കുന്നു.

ചന്ത്രക്കാറന്‍ said...

ഒരുത്തരം കൂടി

ഞാന്‍ മധ്യവര്‍ഗ്ഗമാണെങ്കിലും ആലിന്‍കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വവ്വാലാണെങ്കിലും പറയുന്നതില്‍ കാര്യമുണ്ടോന്നു നോക്കിയാല്‍പ്പോരേ ഡിങ്കാ?