Sunday, January 04, 2009

ഡോക്ടറുടെ കൈയക്ഷരം

“മകന്‍ ഡോക്ടറാകും, അവന്റെ കൈയക്ഷരം അതിനു പറ്റിയതാണെ”ന്ന പഴഞ്ചന്‍ ഫലിതത്തിനു ജനത്തെ ചിരിപ്പിക്കാനുള്ള കെല്പ് കുറവാണ്. അതെന്തായാലും കുട്ടികളുടെ കൈയക്ഷരം നന്നായിരിക്കണമെന്ന് മാതാപിതാക്കളും അധ്യാപകരുമൊക്കെ ആശിക്കാറും നിഷ്കര്‍‌ഷിക്കാറുമുണ്ട്. നല്ല കൈയക്ഷരമുള്ള കുട്ടികളോട് മമത തോന്നാത്തവരും കുറയും. പക്ഷേ കുട്ടി മുതിര്‍‌ന്നു കഴിഞ്ഞാലോ? വടിവൊത്ത കൈയക്ഷരമുള്ള മുതിര്‍‌ന്നയാളിന്റെ വ്യക്തിത്വത്തില്‍ എന്തോ ഒരു തരം ബാലിശത്വമുണ്ടെന്ന തോന്നലുണ്ടെനിക്ക്. ചെറിയ കാര്യങ്ങള്‍‌ക്ക് അമിതശ്രദ്ധ കൊടുക്കുന്നത് മനസ്സിന്റെ വലിപ്പക്കുറവിനെ കാണിക്കുന്നതാകാം എന്ന ലളിതതത്വത്തില്‍ നിന്നുത്ഭവിച്ച ഒരു മുന്‍‌വിധിയായിരിക്കാം ഈ തോന്നല്‍‍. അല്ലെങ്കില്‍ “മദ്യപാനം മോശമായിരിക്കാം, പക്ഷേ മദ്യപിക്കാത്തവര്‍ പൊതുവേ കടുത്ത അരസികന്മാരായിരിക്കും.” എന്ന് പണ്ടൊരു സുഹൃത്ത് അഭിപ്രായപ്പെട്ട പോലെ തികച്ചും വ്യക്തിപരമായ ഒരു നിരീക്ഷണമാകാമത്. ഒരു പക്ഷേ, താനെഴുതുന്നത് ചിലപ്പോഴെങ്കിലും സ്വയം വായിക്കാന്‍ പറ്റാത്ത അവസ്ഥ വന്നിട്ടുള്ള ഒരുവന്റെ പരോക്ഷമായ സ്വയം പ്രതിരോധിക്കലിന്റെ ലക്ഷണമാകാനും മതി.

ഡോക്ടറുടെയടുത്തേക്ക് മടങ്ങി വരാം. സ്പഷ്ടതയുടെ കാര്യത്തില്‍ കഷ്ടതരമായ കൈപ്പടയുള്ള ഭിഷഗ്വരന്‍‌മാരെ കണ്ടിട്ടുണ്ട്, തീര്‍‌ച്ചയായും. പക്ഷേ വൈദ്യരംഗവുമായി വിദൂരബന്ധം പോലുമില്ലാത്ത പലരുടേയും കൈയക്ഷരം കണ്ടിട്ട് ലിപി ഇംഗ്ലീഷ് ആണെന്നു കഷ്ടിച്ചു മനസ്സിലാക്കാന്‍ പറ്റിയതേ ഭാഗ്യമെന്നു തോന്നിയിട്ടുണ്ട് താനും. എന്തായാലും പരിചയമില്ലാത്ത കൈപ്പടയില്‍ എഴുതിയിരിക്കുന്നത് വായിച്ചെടുക്കുമ്പോള്‍ സംഭവിക്കാവുന്ന പിശക് വീട്ടിലോ ഓഫീസിലോ തമാശയാകും, മറിച്ച് മെഡിക്കല്‍ സ്റ്റോറിലാണെങ്കില്‍ (ഗുരുതരമായ) കുഴപ്പമാകുമെന്നും നമുക്കെല്ലാവര്‍‌ക്കുമറിയാമെങ്കിലും ഡോക്ടറുടെയടുത്തു നിന്നു പ്രിസ്ക്രിപ്ഷന്‍ കൈപ്പറ്റുമ്പോള്‍ ഭുരിപക്ഷം പേരും അതേപ്പറ്റി ഓര്‍‌ക്കാറില്ലെന്നതാണ് സത്യം. കൈയിലിരിക്കുന്ന കടലാസ്സിലേക്ക് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്‍ രണ്ടു മിനിറ്റ് നേരം കണ്ണുചുളിച്ചു നോക്കിയാലും അയാള്‍‌ക്കും കുറിപ്പ് തന്ന ഡോക്ടര്‍‌ക്കുമിടയില്‍ അദൃശ്യവും എന്നാല്‍ ആശങ്കയ്ക്കിടയില്ലാത്തതുമായ എന്തോ വിനിമയമുണ്ടെന്ന ഉറച്ച ധാരണയിലെന്നോണം ഹെഡ് ആന്റ് ഷോള്‍‌ഡേഴ്സിന്റെയോ ലക്സിന്റെയോ പോസ്റ്ററിലേക്ക് നോക്കി നില്ക്കുന്നതു കാണാം പലരും.


അത്രകണ്ട് മോശമല്ലാത്ത കൈപ്പടയുള്ള ഒരു ന്യൂറോ സര്‍‌ജന്‍ തന്ന പ്രിസ്ക്രിപ്ഷനുമായി ഒരു മെഡിക്കല്‍ സ്റ്റോറില്‍ പോയി, അടുത്തിടെ. സാധാരണരീതിയിലുള്ള ചെറിയ മരുന്നുകടയല്ല, എയര്‍‌കണ്ടീഷന്‍ ചെയ്ത വിശാലമായ ഷോപ്പ്. നിരവധി ജീവനക്കാരും മികച്ച സേവനവും വിലക്കിഴിവുമൊക്കെയുള്ള പേരു കേട്ട ഒരു മെഡിക്കല്‍ സ്റ്റോര്‍ ശൃംഖലയാണ് അവരുടേത്. എനിക്കു വാങ്ങേണ്ടിയിരുന്ന ഗുളികകളിലൊന്നിന്റെ പേര് Nurocol എന്നായിരുന്നു. കുറിപ്പ് വാങ്ങിയ ജീവനക്കാരന്റെ മുഖത്ത് വിശേഷിച്ചൊരു സംശയഭാവവും കണ്ടില്ല. ഷെല്‍‌ഫില്‍ നിന്ന് അതാതു ടാബ്‌ലെറ്റുകള്‍ എടുത്തു മേശമേല്‍ വച്ചപ്പോള്‍ Nurocol-നു പകരമിരിക്കുന്നത് Nuocol. വൈദ്യശാസ്ത്രസംബന്ധമായ അറിവ് പൂജ്യത്തില്‍ നിന്നും ഏറെ താഴെയായ എന്നെപ്പോലൊരാള്‍‌ ഒരക്ഷരത്തിന്റെ വ്യത്യാസത്തില്‍ വന്ന പകരക്കാരനെ തിരിച്ചറിയുമായിരുന്നില്ല. ഭാഗ്യത്തിന് ന്യൂറോകോള്‍ മുമ്പ് വാങ്ങിയിട്ടുള്ളതിനാല്‍ അപ്പോള്‍ തന്നെ കാര്യം പറഞ്ഞു. മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരന്‍ ക്ഷമാപണത്തോടെ ഗുളിക മാറ്റിത്തരികയും ചെയ്തു. കടയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആലോചിച്ചത് ഗുളികയുടെ പേര് കൃത്യമായറിയില്ലായിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന അപകടത്തെപ്പറ്റി മാത്രമായിരുന്നില്ല. ധാരാളം തവണ മരുന്നു വാങ്ങിയിട്ടുണ്ടെങ്കിലും നാളിതു വരെ വാങ്ങിയ മരുന്ന് കൃത്യമാണോ എന്നു ഡോക്ടറെ കാണിച്ച് ഉറപ്പ് വരുത്തിയിട്ടില്ല. അതു കൊണ്ട് ഒരു തവണ പോലും തെറ്റിക്കാണില്ലെന്നു ആശ്വസിക്കാനേ പറ്റൂ. ഇനി മുതല്‍ എന്തു മരുന്നു വാങ്ങിയാലും കുറഞ്ഞപക്ഷം അയല്‍‌പ്പക്കത്ത് താമസിക്കുന്ന പരിചയക്കാരനായ ഡോക്ടറെയെങ്കിലും കാണിച്ച് കൃത്യത ഉറപ്പാക്കണമെന്നു നിശ്ചയിച്ചതിനാല്‍ എനിക്ക് സമാധാനിക്കാന്‍ പറ്റിയേക്കും. പക്ഷേ അഭ്യസ്തവിദ്യര്‍‌ക്കു പോലും പ്രിസ്ക്രിപ്ഷനും മരുന്നിന്റെ ലേബലും ഒത്തു നോക്കാന്‍ പ്രയാസമാണെന്നിരിക്കെ ഇംഗ്ലീഷ് വായിക്കാന്‍ പോലും വശമില്ലാത്ത വലിയൊരു ശതമാനം ജനവുമുള്‍‌പ്പെടുന്ന ഉപഭോക്താക്കള്‍ ഭാഗ്യത്തെ മാത്രം ആശ്രയിക്കേണ്ടുന്ന അവസ്ഥ മാറേണ്ടതല്ലേ?

ഡോക്ടറുടെ മോശം കൈയക്ഷരം കാരണം യു എസില്‍ വര്‍‌ഷം തോറും 7000 പേര്‍ മരിക്കുന്നുവെന്നു 2006-ലെ ഒരു റിപോര്‍ടില്‍ കണ്ടെത്തിയതായി വിക്കിപീഡിയ പറയുന്നു. നമ്മുടെ നാട്ടിലെ കണക്കെന്താണെന്നറിയില്ല. വ്യാപകമായുള്ള ചെറിയ മരുന്നുകടകളില്‍ വൈദഗ്ദ്ധ്യം കുറഞ്ഞ ജോലിക്കാരുള്ള നാടാണ് നമ്മുടേതെന്നോര്‍‌ക്കണം. “ഈ മരുന്നില്ല, പകരം വേറെ കമ്പനിയുടേത് തരട്ടേ?” എന്നു ചോദിച്ചാല്‍ “ശരി!“ എന്നു തല കുലുക്കുന്ന ഉപഭോക്താക്കളും ഏറെയുണ്ടെന്നതും. ആശുപത്രിയുടെ ഭാഗമായുള്ള ഫാര്‍‌മസിയില്‍ നിന്നു പോലും മരുന്നു മാറിക്കൊടുത്ത സംഭവങ്ങളും കേട്ടിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, തന്റെ രോഗി കഴിക്കുന്നത് ശരിയായ മരുന്നാണെന്നുറപ്പു വരുത്താന്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കേണ്ട കടമ ഡോക്ടര്‍‌ക്കില്ലേ? കമ്പൂട്ടര്‍ പ്രിന്റഡ് പ്രിസ്‌ക്രിപ്ഷനിലേക്കു മാറുന്നതിനു തടസ്സമുണ്ടോ? ടൈപ്പിങ്ങ് എറര്‍ പോലും വരാതെ പ്രിസ്ക്രിപ്ഷന്‍ നല്കുകയെന്നത് ഒരാശുപത്രിയോ ഡോക്ടറോ വിചാരിച്ചാല്‍ നടക്കാത്ത കാര്യമാണോ? അതല്ലെന്നുണ്ടെങ്കില്‍ സ്വന്തം കൈയക്ഷരത്തെ താല്കാലികമായി മറന്നു കൊണ്ട് ഓരോ അക്ഷരവും വേറിട്ടറിയുന്ന തരത്തില്‍ എഴുതാം. എഴുതുന്നത് ഉപന്യാസമൊന്നുമല്ലാത്ത സ്ഥിതിയ്ക്ക് സ്പെല്ലിംഗ് കൃത്യമായി രോഗിക്കു പറഞ്ഞു കൊടുത്ത് അയാളോട് / അവളോട് ഒരു കടലാസ്സില്‍ എഴുതിയെടുക്കാന്‍ പറയുകയുമാവാം. അങ്ങനെ ചെയ്താല്‍ മരുന്നുകടയില്‍ നിന്നു കിട്ടുന്ന സാധനം കൃത്യമാണോയെന്നു അവര്‍‌ക്ക് എളുപ്പത്തില്‍ നോക്കാമല്ലോ. ലക്ഷക്കണക്കിനു രൂപ മാസവരുമാനമുള്ള ഒരു ഡോക്ടര്‍‌ക്ക് താന്‍ കുറിച്ചു കൊടുക്കുന്ന മരുന്നു തന്നെയാണ് രോഗിക്ക് ലഭിക്കുന്നതെന്നുറപ്പു വരുത്താന്‍ മുന്‍‌കരുതലെടുക്കണമെന്നു തോന്നാത്തത് അത്ര നിസ്സാരമായ പിഴവാണോ?

പാതവക്കില്‍ മൂത്രമൊഴിക്കുന്നവനെയും ക്യൂ തെറ്റിക്കുന്നവനെയുമൊക്കെ കുറ്റം പറഞ്ഞു നാവു കഴയ്ക്കുമ്പോഴെങ്കിലും ഇത്തരം കാര്യങ്ങളില്‍ നമ്മുടെ കണ്ണുടക്കേണ്ടതില്ലേ? കമ്പ്യൂട്ടറൈസ്ഡ് പ്രിസ്സ്ക്രിപ്ഷനും മറ്റും വികസിതരാജ്യങ്ങളേക്കാള്‍ ആവശ്യം നമ്മുടേതു പോലെ ആരോഗ്യരംഗത്തെക്കുറിച്ചുള്ള അവബോധം കുറഞ്ഞ ജനതയും അനാസ്ഥയ്ക്കു പഞ്ഞമില്ലാത്ത മരുന്നുകടക്കാരുമൊക്കെയുള്ള രാജ്യത്താണ്. പക്ഷേ വിദേശത്തു നിന്നും അത്യുന്നതബിരുദങ്ങള്‍ നേടിയെത്തിയിട്ടുള്ള പ്രഗത്ഭന്മാര്‍ പോലും അവയൊന്നും അനുവര്‍ത്തിച്ചു കാണുന്നില്ല. എന്തെന്നാല്‍ മരുന്നു മാറിപ്പോയാല്‍ അപകടത്തിലാവുന്ന രോഗികള്‍ അവരുടെ ആരുമല്ലല്ലോ!


(ചിത്രത്തിന് കടപ്പാട്: photolibrary.com)

7 comments:

ബാജി ഓടംവേലി said...

നല്ല ചിന്തകള്‍.....
“എന്തെന്നാല്‍ മരുന്നു മാറിപ്പോയാല്‍ അപകടത്തിലാവുന്ന രോഗികള്‍ അവരുടെ ആരുമല്ലല്ലോ.....”

പാമരന്‍ said...

വളരെ ശരി. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌ ഈ കാര്യം. നല്ല പോസ്റ്റ്‌.

പ്രയാണ്‍ said...

........ഈ പോസ്റ്റ് വായിച്ച ഡോക്ടര്‍മാര്‍ വല്ലവരുമുണ്ടെങ്കില്‍ അടുത്ത കോണ്‍ഫറന്‍സിനെങ്കിലും കാര്യം പരിഗണനക്കെടുക്കണെ....

un said...

പറഞ്ഞത് സത്യം!
കണ്ണട വാങ്ങാന്‍ റിലയബിള്‍ ആയ ഒരു ഒപ്റ്റിക്കത്സ് നിര്‍ദ്ദേശിക്കാമോന്ന് ചോദിച്ചപ്പോള്‍ ഒരുത്തനേയും വിശ്വസിക്കരുത്, കണ്ണട വാങ്ങി, തന്നെക്കാണിച്ച് പരിശോധിപ്പിച്ചേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നു നിഷ്കര്‍ശിച്ച ഡോക്ടറോട് ബഹുമാനം തോന്നിയിട്ടുണ്ട്.

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍ സുഹൃത്തേ... വളരെ ഇഷ്ടപ്പെട്ടു....

കാളിയമ്പി said...

ഞാനാ പ്രശ്നത്തിനകത്തു തന്നെയല്ലോ..:)
രാവിലേ മുതല്‍ തിരക്കുകാരണം നിന്നുതിരിയാന്‍ ഇടമില്ലാതെ എഴുതിക്കൊണ്ടേയിരിയ്ക്കുന്ന ഗുമസ്തന്മാരു പോലും ഇങ്ങനെയെഴുതാത്തപ്പോ ഒട്ടുമിക്ക ചികിത്സകത്തൊഴിലാളികളും ഇങ്ങനെയെഴുതുന്നതിന്റെ കാര്യമെന്തെന്ന് പലകുറി ചിന്തിച്ചിട്ടുണ്ട്.

കിട്ടിയ ഉത്തരങ്ങള്‍

1)എങ്ങനെയെഴുതിയാലും നീ മേടിച്ചോണ്ട് പോയ്ക്കോളും എന്ന വിചാരം?
2) മര്യാദയ്ക്കെഴുതിയാല്‍ വെല കുറയുമെന്ന തോന്നല്‍?
3)മരുന്നിന്റെ യഥാര്‍ത്ഥ സ്പെല്ലിങ്ങ് അയാള്‍ക്കും അറിയാത്തതു കാരണം?
4)എന്തോ കോഡുഭാഷ കൈകാര്യം ചെയ്യുന്നവര്‍ എന്ന് തോന്നിക്കോട്ടേ എന്ന് വിചാരിയ്ക്കുന്നതുമാവാം:)
“എനിയ്ക്കും ഫാര്‍മസിസ്റ്റിനുമിടയില്‍ തൂങ്ങിനില്‍ക്കുന്ന ഈ അക്ഷരങ്ങള്‍....“

Suraj said...

ഇപ്പറഞ്ഞ സിസ്റ്റത്തിനകത്തു ജീവിക്കുന്നവനെങ്കിലും എല്ലാ ഡോക്ടര്‍മാരെയും പ്രതിനിധീകരിച്ചു പറയാന്‍ ഈയുള്ളവന്‍ ആളല്ല.എങ്കിലും തികച്ചും വ്യക്തിപരമായ ചിലത് പറയട്ടെ:


സാമാന്യം നല്ല കൈയ്യക്ഷരം കൊണ്ട് മെഡിക്കല്‍ കോളെജില്‍ അഭ്യാസം തുടങ്ങുന്നവന്‍ പോലും ആദ്യവര്‍ഷത്തെ മാരത്തോണ്‍ ലെക്ചര്‍ നോട്ടെഴുത്തു കഴിയുമ്പോള്‍ ഒരു പരുവമായിട്ടുണ്ടാകും. (പുല്ലിംഗം മനപൂര്‍വ്വം ഉപയോഗിച്ചതാണ്. വനിതാ സഹവര്‍ത്തികള്‍ ഇക്കാര്യത്തില്‍ വളരെ ഭേദമാണെന്നാണ് അനുഭവം.)

രണ്ടാം വര്‍ഷം മുതല്‍ ഓ.പി, വാര്‍ഡ് എന്നിവിടങ്ങളില്‍ ഒറ്റക്കാലിലും ഇരുകാലിലും നിന്നുകൊണ്ട് പ്രഫസറുടെ തിരുവായ്മൊഴികള്‍ സ്ക്രിബിളിങ് പാഡില്‍ “ഒപ്പി”യെടുത്തെടുത്ത് കൈയ്യക്ഷരത്തിനുള്ള അവസാന വെടിപ്പും സ്വാഹയായിക്കിട്ടും. എന്നാല്‍ ഉത്തരക്കടലാസിന്റെ മുന്നിലെത്തിയാല്‍ , നഷ്ടപ്പെടാന്‍ പോകുന്ന മാര്‍ക്കിനെ ഓര്‍ത്തെങ്കിലും, ഈ വൃത്തിയൊക്കെ തിരികെ വരുന്ന മിറക്കിള്‍ കണ്ടിട്ടുണ്ട് ! ഹൌസ് സര്‍ജ്ജന്‍സിക്ക് കേയ്സ് ഷീറ്റില്‍ ഓര്‍ഡറുകള്‍ മര്യാദയ്ക്ക് എഴുതിയില്ലെങ്കില്‍ വീട്ടില്‍ കിടന്നുറങ്ങുന്ന അപ്പൂപ്പന്റെ മരിച്ചുപോയ അമ്മയ്ക്കു വരെ തെറി കിട്ടുമെന്നതിനാല്‍ മിക്കവരും (ക്യാപ്പിറ്റല്‍ അക്ഷരങ്ങളിലോ അല്ലാതെയോ) വൃത്തിക്കു തന്നെയാണ് ഡയഗ്നോസിസും മരുന്നിന്റെ പേരുമൊക്കെ എഴുതാറ്. പോസ്റ്റ് ഗ്രാജ്യുവേഷനാകട്ടെ “കൈയ്യെഴുത്ത്” പണികള്‍ അധികമില്ല, മിക്കതും അണ്ടര്‍ ഗ്രാജ്യുവേയ്റ്റ് ‘അടിമകളും‘ ഹൌസ് സര്‍ജ്ജമ്മാരും ചെയ്തോളും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ എന്തിനാണീ കൈയ്യക്ഷരം “മന:പൂര്‍വ”മെന്നോണം വൃത്തികേടാക്കുന്നത് എന്നത് ഒരു പ്രഹേളികയാണ് :)

മെഡിക്കല്‍ കേസ് റെക്കോഡുകള്‍ക്ക് ഏതാണ്ടൊരു കോഡു ഭാഷ ഉണ്ട് എന്നത് സത്യമാണ്. അത് കാലാകാലം സൌകര്യമനുസരിച്ച് എഴുതിയെഴുതി ഉരുത്തിരിഞ്ഞതാണ്. പിന്നെ ഈ ഗൊണാണ്ടറുകള്‍ക്കൊക്കെ ലാറ്റിന്‍ പേരുകള്‍ കൊടുത്തവമ്മാരുടെ കൊണവതിയാരവും. അംബിച്ചേട്ടന്‍ പറഞ്ഞ പോലെ “എങ്ങനെ എഴുതിയാലും നീ മേടിച്ചോണ്ടു പോയ്ക്കോളും” എന്ന ഭാവത്തില്‍ ആരെങ്കിലും പ്രിസ്ക്രിപ്ഷനെഴുതുമെന്ന് എനിക്ക് തോന്നുന്നില്ല. തന്റെ മരുന്ന് കഴിച്ച് രോഗി ഭേദപ്പെടരുത് എന്ന് വിചാരിച്ചല്ലല്ലോ ആരും പ്രാക്റ്റീസ് ചെയ്യുന്നത്. തിരക്ക് കൂടുതലാണെന്ന് കാണിക്കാന്‍ കൈയ്യക്ഷരം ബോറാക്കുന്നത് ചിലരിലെങ്കിലും കണ്ടിട്ടുണ്ട്. എന്നാല്‍ പലരും സ്വന്തം ആവശ്യങ്ങള്‍ക്ക് കത്തോ ഒഫീഷ്യല്‍ കുറിപ്പുകളോ ഒക്കെ എഴുതുമ്പോഴും ഇങ്ങനെ ‘കാക്ക കിണ്ടിയ‘ പോലെ എഴുതുന്നതു കണ്ടിട്ടുണ്ട്.

പിന്നെ, ഒരാശുപത്രിയില്‍ നിന്നും വരുന്ന സ്ഥിരം പ്രിസ്ക്രിപ്ഷനുകള്‍ ആ ആശുപത്രിക്കരികിലുള്ള, അല്ലെങ്കില്‍ അവിടുത്തെ രോഗികള്‍ സ്ഥിരമായി പോകുന്ന മെഡിക്കല്‍ ഷോപ്പുകാര്‍ക്ക് സാമാന്യം പരിചിതമായിരിക്കും. ചില ഡോക്ടര്‍മാര്‍ക്ക് സ്ഥിരം “ഇടപാട്” ഉള്ള ഫാര്‍മസികളും ഉണ്ട്. ഇവിടങ്ങളില്‍ ഏത് കൈയ്യക്ഷരവും ഗണിച്ചെടുക്കും; ഒരു മരുന്നും തെറ്റുകേമില്ല ;))

മരുന്നിന്റെ ജനറിക് നാമം അറിയാമായിരിക്കുമെങ്കിലും ബ്രാന്റ് പേര് അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ പലര്‍ക്കും പറ്റാറില്ല എന്ന് കണ്ടിട്ടുണ്ട്. എന്നാല്‍ പിന്നെ അത് CIMS-ഓ IDR-ഓ പോലുള്ള പുസ്തകത്തില്‍ ക്രോസ് റെഫര്‍ ചെയ്തിട്ടെഴുതാം എന്നുവച്ചാല്‍ അഭിമാനം സമ്മതിക്കില്ല - രോഗിയുടെ മുന്നില്‍ വച്ച് മരുന്നിന്റെ പേരോ ഡോസോ ഒക്കെ റെഫര്‍ ചെയ്യുന്നതെങ്ങനെ ;)
[ഏറ്റവും വലിയ തമാശ ഇവിടെ അമേരിക്കയില്‍ കണ്ടു. ഇവിടെ രോഗിയുടെ മുന്നില്‍ വച്ച് മൊബൈല്‍ ഫോണിലും പോക്കറ്റ് ഡയറിയിലുമൊക്കെ മരുന്നിന്റെ ഡോസോ ബ്രാന്റ് പേരോ ഒക്കെ റെഫര്‍ ചെയ്യുന്നത് രോഗിക്ക് പലപ്പോഴും മതിപ്പുണ്ടാക്കുന്ന ഇടപാടാണ്: “ആഹ ഡോക്ടര്‍ ദേ നന്നായി റെഫര്‍ ചെയ്ത് ഉറപ്പിച്ചിട്ടാണ് എനിക്ക് മരുന്നു തരുന്നത്” എന്ന ഫീല്‍ ഉണ്ടാക്കുന്നതുകൊണ്ടാവാം.]

കൈയ്യക്ഷരം മൂലമുള്ള അബദ്ധങ്ങള്‍ കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പരാജിയണ്ണന്‍ സൂചിപ്പിച്ച പോലെ പ്രിസ്ക്രിപ്ഷന്‍ പ്രാക്റ്റീസ് മൊത്തത്തില്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതാണ്. അമേരിക്കയില്‍ അത് നല്ലൊരു മുന്നേറ്റമായിരുന്നു. പക്ഷേ അതിന്റെ ചെലവ് ചില്ലറയല്ല താനും. നേരിട്ടറിയാവുന്ന ഒരു കേസില്‍ ഒരാശുപത്രിയിലെ പേഷ്യന്റ് റെക്കോഡ്സും പ്രിസ്ക്രിപ്ഷനുകളും റീഫില്ലുകളുമൊക്കെ കമ്പ്യൂട്ടറൈസ് ചെയ്യാന്‍ ഏതാണ്ട് 11 മില്യണ്‍ ഡോളര്‍ ചെലവ് വന്നു. സ്റ്റാഫിനെ പരിചയിപ്പിച്ചെടുക്കാന്‍ നാലഞ്ചു വര്‍ഷം വേറെയും. മരുന്നിന്റെ പേരും ബ്രാന്റും ഡോസുകളുമൊക്കെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള പ്രോഗ്രാം ലൈസന്‍സ് ചെയ്യാന്‍, അത് ലോഡ് ചെയ്യാന്‍, ആശുപത്രിയെ മൊത്തം കണക്റ്റഡ് ആക്കാന്‍ അങ്ങനെയങ്ങനെ... ചെലവ് നോക്കിയാല്‍ ഒരന്തവുമില്ല.

ആ ലെവലിലേയ്ക്കൊന്നും പോകാന്‍ നമുക്ക് ഉടനെയൊന്നും പറ്റില്ല. ചുരുങ്ങിയ നിലയിലെങ്കിലും സാധ്യമായ ഒരു കാര്യം, ഡിസ്ചാര്‍ജ്ജ് സമ്മറിയും മരുന്നു പ്രിസ്ക്രിപ്ഷനും മാത്രമെങ്കിലും ടൈപ്പ് ചെയ്ത് പ്രിന്റൌട്ട് എടുത്ത് നല്‍കുക എന്നതാണ്. അതിന് ചില തദ്ദേശീയ സോഫ്റ്റ് വേറുകള്‍ നാട്ടില്‍ തന്നെ ആശുപത്രികളില്‍ ഉപയോഗിക്കുന്നുണ്ട് - പ്രൈവറ്റുകാരാണെന്ന് മാത്രം :) സ്വകാര്യ പ്രാക്ടീഷണര്‍മാര്‍ക്ക് സൌകര്യത്തിനുള്ള ചില സി.ഡികളും മെഡ്-ക്ലിക്ക് പോലുള്ള കമ്പനികള്‍ ഇറക്കിയിട്ടുള്ളതായി അറിയാം.

പക്ഷേ നമ്മുടെ നാട്ടില്‍ - ഒറ്റമുറി പ്രാക്റ്റീസുകാരൊക്കെ ഇതുപയോഗിക്കുന്ന കാലം എത്രയോ ദൂരെ. ആകെ ചെയ്യാവുന്നത് മരുന്നു കുറിപ്പടിയില്‍ പാലിക്കാന്‍ ഇങ്ങനെ ചില നിര്‍ദ്ദേശങ്ങള്‍ നിയമം മൂലം ശക്തമാക്കുക എന്നതാണ് (എത്തിക്കല്‍ നിയമമൊക്കെ ഉണ്ട്, റെജിസ്റ്റ്രേഷന്‍ കഴിയുമ്പോ എല്ലാ അലോപ്പതിക്കാര്‍ക്കും മെഡിക്കല്‍ കൌണ്‍സിലില്‍ നിന്ന് ഒരു കോപ്പി അടിച്ചു കൊടുക്കാറുമുണ്ട്. പാലിക്കാന്‍ ആര്‍ക്ക് നേരം?):

1. മരുന്നിന്റെ ബ്രാന്റ് നാമം ആണുപയോഗിക്കുന്നതെങ്കില്‍ അതിനോടൊപ്പം ജെനറിക് നാമം തീര്‍ച്ചയായും എഴുതിക്കൊടുത്തിരിക്കണം (ഉദാ: Tab. Nurocol എന്ന് എഴുതുമ്പോള്‍ മരുന്നിന്റെ ജനറിക് നാമമായ Citicoline എന്നോ CDP- choline എന്നോ കൂടി ബ്രാ.യ്ക്കുള്ളില്‍ എഴുതുക;)

2. മരുന്നിന്റെ പേരെങ്കിലും ക്യാപ്പിറ്റല്‍ അക്ഷരങ്ങളിലെഴുതുക. ഒന്നില്‍ കൂടുതല്‍ ബ്രാന്റുകളുണ്ടെങ്കില്‍ പകരം നല്‍കാന്‍ ഒരു ഓള്‍ട്ടര്‍നേറ്റ് ബ്രാന്റ് കൂടി എഴുതിയേക്കുക. (ഡ്രഗ് റെപ്പിന്റെ അച്ചാരം വാങ്ങിച്ചിട്ടില്ലെങ്കില്‍)

3. കഴിക്കേണ്ട രീതി ചുരുങ്ങിയ വാക്കുകളില്‍ മലയാളത്തില്‍ എഴുതുക (ഉദാ: വെറുതേ Tab. Nurocol 250 mg OD (B/F) എന്നെഴുതാതെ Tab. Nurocol 250 mg " രാവിലെ ഒന്ന് വീതം ആഹാരത്തിനു മുന്‍പ്" എന്ന്‍ കൃത്യമായി എഴുതുക. അതിനും പറ്റിയില്ലെങ്കില്‍ Tab. Nurocol 250 mg 1- 0 - 0 (Before food) ചുരുങ്ങിയത് രോഗിയോടോ രോഗിയുടെ കൂടെവരുന്നവരോടോ ഇങ്ങനെ പറഞ്ഞെങ്കിലുമേല്‍പ്പിക്കുക.

ഓഫ് (ആന്റീ ക്ലൈമാക്സ് ?) :

4. ഗുളികരൂപത്തില്‍ കഴിച്ചാല്‍ ഇഫക്റ്റുണ്ടെന്ന് കൊള്ളാവുന്ന പഠനങ്ങളൊന്നും തെളിയിച്ചിട്ടില്ലാത്ത Nurocol പോലുള്ള മരുന്നുകള്‍ എഴുതിവിട്ട് രോഗികളെ പറ്റിക്കാതിരിക്കുക :)))

5. അതിനേക്കുറിച്ച് മരുന്നു റെപ്പ് അണ്ണാക്കില്‍ തള്ളിത്തരുന്ന വിവരക്കേട് വിഴുങ്ങും മുന്‍പ് വല്ല ജേണലുകളിലോ നല്ല വല്ല അന്താരാഷ്ട്ര ഗൈഡ് ലൈനുകളിലോ ഒന്നു തിരയുക.