Monday, January 12, 2009
കൊടുക്കരുത്. വാങ്ങുക.
നിരവധി സുഹൃത്തുക്കളുടെ സാന്നിദ്ധ്യം, കവിതാവായന, വിനോദ് ശങ്കറിന്റെ സിതാര്‍ വാദനം, സനലിന്റെ (സനാതനന്‍) സിനിമയുടെ പ്രദര്‍ശനം, സര്‍വ്വോപരി നല്ല പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനായി കുറെ സുഹൃത്തുക്കള്‍ ഒത്തൊരുമിക്കുന്ന ഒരു സമാന്തരപ്രസാധനസംഘത്തിന്റെ ആദ്യപുസ്തകത്തിന്റെ പ്രകാശനം എന്നിവയാല്‍ സുന്ദരമായ ഒരു അനുഭവമായിരുന്നു ജനുവരി പത്താം തീയതി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലെ സായാഹ്നം. പ്രകാശനച്ചടങ്ങില്‍ ബുക് റിപബ്ലിക്കിനെക്കുറിച്ച് ശിവനും (വെള്ളെഴുത്ത്) ബ്ലോഗെഴുത്ത്, ബ്ലോഗിലെ കവിതകള്‍ പുലര്‍ത്തുന്ന മികച്ച നിലവാരം, ടി.പി. വിനോദിന്റെ കവിതകളുടെ പ്രസക്തി എന്നിങ്ങനെ പല വിഷയങ്ങളെക്കുറിച്ചും ഗോപീകൃഷ്ണന്‍, പി പി രാമചന്ദ്രന്‍, എന്‍.ജി. ഉണ്ണികൃഷ്ണന്‍, സുബൈദ ടീച്ചര്‍, വിഷ്ണുപ്രസാദ്, ഉഷാകുമാരി തുടങ്ങിയവരും സംസാരിച്ചു. ഏറ്റവും പ്രസക്തവും ആകര്‍ഷകവുമായ പ്രസംഗം, പക്ഷേ, കവി ക്രിസ്പിന്‍ ജോസഫിന്റെ വകയായിരുന്നു. ഏതാനും വാക്കുകള്‍ മാത്രം. ക്രിസ്പിന്‍ പറഞ്ഞതിതാണ്: “ആരും പുസ്തകം വാങ്ങിയിട്ട് മറ്റൊരാള്‍ക്ക് വായിക്കാന്‍ കൊടുക്കരുത്. പകരം എല്ലാവരും ഓരോ കോപ്പി വാങ്ങണം!“ (തുടര്‍ന്ന് ക്രിസ്പിന്‍ തന്റെ മാസ്റ്റര്‍പീസ് കവിതയും ചൊല്ലി.)
ക്രിസ്‌പിന്റെ വാക്കുകള്‍ ഞാനും കടമെടുക്കുന്നു. അമ്പത് രൂപ മാത്രം വിലയുള്ള ഈ സുന്ദരമായ കവിതാപുസ്തകം, ടി.പി. വിനോദിന്റെ “നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍”, വാങ്ങുന്നവര്‍ മറ്റു വായനക്കാരെയും ഇതു 'വാങ്ങാന്‍' പ്രേരിപ്പിക്കണം എന്നൊരഭ്യര്‍ത്ഥനയാണീ കുറിപ്പ്. “പെയിന്റിങ്ങുകള്‍ വില്‍ക്കാനുള്ളവയല്ല, വാങ്ങാനുള്ളവയാണ്.” എന്നു പറഞ്ഞത് കാനായി കുഞ്ഞിരാമനാണ്. കലയ്ക്കും കലാകാരനും നിലനില്‍ക്കണമെങ്കില്‍ സൃഷ്ടികള്‍ക്ക് വില കിട്ടുക തന്നെ വേണമെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു അത്. ലാഭനിര്‍മ്മിതി ലക്ഷ്യമാക്കാത്ത, മികച്ച പുസ്തകങ്ങളുടെ ഉത്പാദനവും വിതരണവും ഉന്നമിടുന്ന ബുക് റിപബ്ലിക്കിനെപ്പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ നിലനില്പാകട്ടെ, നല്ല വായനക്കാരുടെ ആവശ്യകത കൂടിയായി മാറുന്നു. കാരണം, ഒരര്‍ത്ഥത്തില്‍, അവര്‍ തന്നെയാണ് ഈ പ്രസാധനസംരംഭത്തിന്റെ യഥാര്‍ത്ഥ ഉടമകള്‍. ‘നിലവാരമുള്ള വായന’ എന്ന സംഗതിയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട, ആ ഊര്‍ജ്ജത്തെ മൂലധനമായെണ്ണുന്ന ഒരു സംരംഭത്തിന്റെ ഉടമസ്ഥത മറ്റാര്‍ക്കാണ് അവകാശപ്പെടാനാവുക?
കൂടുതല്‍ വിവരങ്ങള്‍ ബുക് റിപബ്ലിക്കിന്റെ ബ്ലോഗില്‍.
(ചിത്രം: ശ്രീ. എന്‍.ജി. ഉണ്ണികൃഷ്ണനു ആദ്യപ്രതി നല്‍കിക്കൊണ്ട് ശ്രീ. പി.പി. രാമചന്ദ്രന്‍ ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകളു’ടെ പ്രകാശനം നിര്‍വ്വഹിക്കുന്നു. കവി ഗോപീകൃഷ്ണന്‍, വിഷ്ണുപ്രസാദ് എന്നിവരാണ് സമീപത്ത്. ഫോട്ടോ: തുളസി.)
Labels:
ക്രിസ്പിന്‍ ജോസഫ്,
ടി.പി. വിനോദ്,
ബുക് റിപബ്ലിക്
Subscribe to:
Post Comments (Atom)
2 comments:
ഒരാള്‍ക്ക് വായിക്കാനുള്ള പുസ്തകം...
ഒരാള്‍ വായിച്ചേ മതിയാവൂ,
ഒറ്റയ്ക്കു തന്നെ.
നിലവിളി പോലെ പലര്‍ കേട്ടാലും
ഒറ്റയ്ക്കു തന്നെ....
goooooood
Post a Comment