Tuesday, February 10, 2009

പഠാന്‍ സഹോദരങ്ങള്‍



ഇര്‍‌ഫാന്‍ പഠാന്‍ അരങ്ങേറി ഒരു മാച്ച് വിന്നറായി തിളങ്ങിവന്ന കാലത്ത് ശശി തരൂര്‍ 'Importance of being Irfan' എന്നൊരു കുറിപ്പെഴുതിയിരുന്നു, ഹിന്ദുവിലെ ശശി തരൂര്‍ കോളത്തില്‍. മുസ്ലീം എന്നാല്‍ ദേശവിരുദ്ധന്‍ എന്ന നീചവികാരം അങ്ങനെ ‘സുഖകരമായി‘ പടര്‍‌ന്നുകൊണ്ടിരുന്ന ഒരു സമയത്ത് ഒരു ചെറുപ്പക്കാരന്‍ വെറും ക്രിക്കറ്റ് ബാള്‍ കൊണ്ട് തെളിയിക്കുന്ന ചില കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഒന്നായിരുന്നു ശശി തരൂരിന്റെ കുറിപ്പ്. 'അയാള്‍ ഒരു ഇന്ത്യാക്കാരന്‍, ഇന്ത്യക്കു വേണ്ടി കളി ജയിക്കുന്നു. അതിലെന്തിനാണ് മതത്തിനെ തിരുകിക്കയറ്റുന്നത്? അതിനെന്തു പ്രസക്തി?' എന്നായിരുന്നു ആ ലേഖനത്തിനു കിട്ടിയ പ്രധാനപ്രതികരണങ്ങള്‍. വായിച്ചാല്‍ തോന്നും ശശി തരൂരാണ് ഇന്ത്യയിലെ മതസ്പര്‍‌ദ്ധയ്ക്ക് പ്രധാനകാരണക്കാരനെന്ന്. 'പൊതുവേ മുസ്ലീങ്ങള്‍ ദേശദ്രോഹികള്‍. എന്നാല്‍ അതേ മതത്തിലുള്ള ഒരു സര്‍‌ക്കാരുദ്യോഗസ്ഥന്‍, ശാസ്ത്രജ്ഞന്‍, കായികതാരം ഒക്കെ സമൂഹത്തിനും രാജ്യത്തിനും വേണ്ടി അദ്ധ്വാനിച്ചാല്‍ 'ഹി ഈസ് ജസ്റ്റ് അനദര്‍ ഇന്ത്യന്‍!'. അതിന്റെ പ്രസക്തി എടുത്തുകാണിക്കുന്നവന്‍ കപടമതേതരവാദി. ' ഇതാണ് ദുഷ്ടലാക്കോടെ പ്രചരിക്കപ്പെടുന്നതും നല്ല തോതില്‍ പിന്‍‌പറ്റപ്പെടുന്നതുമായ ഒരു ‘തകര്‍‌പ്പന്‍‌‘ ചിന്ത.

എന്തായാലും ഇന്നു (ഫെബ്രുവരി 10) രാത്രി ശ്രീലങ്ക-ഇന്ത്യ 20-20 മത്സരത്തില്‍ യൂസഫും ഇര്‍‌ഫാനും, 'താടിയും തൊപ്പിയു'മുള്ള ഒരു വൃദ്ധന്റെ മക്കള്‍, ചേര്‍‌ന്ന് അവസാന‌ഓവറുകളിലെ വെടിക്കെട്ട് പ്രകടനത്തോടെ തോല്‍‌വിക്കടുത്തെത്തിയിരുന്ന ഇന്ത്യയെ വിജയിപ്പിച്ചു. ഇര്‍‌ഫാന്റെ ബാറ്റില്‍ നിന്ന്‌ ആ വിന്നിങ്ങ് ഷോട്ട് പറന്ന നിമിഷത്തിലെങ്കിലും 'മുസ്ലീം = ദേശദ്രോഹി' എന്ന നിര്‍‌ദ്ദയസമവാക്യത്തിന് അല്പമെങ്കിലും കോട്ടം തട്ടിയിട്ടുണ്ടാകുമെങ്കില്‍ അത്രയും നന്ന്.

ചിത്രത്തിന് കടപ്പാട്: dailylife.com

22 comments:

Haree said...

"'താടിയും തൊപ്പിയു'മുള്ള ഒരു വൃദ്ധന്റെ മക്കള്‍" - :-)
അങ്ങിനെ അതും ജയിച്ചു...
--

Siju | സിജു said...

കളിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ മാത്രമല്ല നന്നായി കളിക്കുമ്പോഴും ജാതി നോക്കുന്നതിനോട് യോജിക്കുന്നില്ലെങ്കിലും ചിലര്‍ക്കൊക്കെ ഇതൊരു മറുപടിയാകുമ്പോള്‍ ഒരു സന്തോഷം.
ശിവരാമകൃഷ്ണന്റെ ഇംഗ്ലീഷ് ചോദ്യങ്ങള്‍ക്ക് മറുപടി പറയാനറിയാത്ത യൂസഫിനെ കണ്ടപ്പോള്‍ എന്തോ കൂടുതല്‍ ഇഷ്ടം തോന്നി.

Radheyan said...

അതറിയില്ലേ

ഈ മുസ്ലീങ്ങള്‍ പാക്കികള്‍ അല്ലാതാകണമെങ്കില്‍

ഒന്നുകില്‍ ഇന്ത്യക്ക് വേണ്ടി കളി ജയിപ്പിക്കണം(വെറുതേ കളിച്ചാല്‍ പോര)

അല്ലെങ്കില്‍ അണുബോംബോ റോക്കറ്റോ കണ്ടു പിടിക്കണം (ഇടയ്ക്ക് ഗീത ഉദ്ധരിക്കുകയ്യും വേണം)

അല്ലെങ്കില്‍ പട്ടാളത്തില്‍ ചേര്‍ന്ന് പാക്കിസ്ഥാനോട് പൊരുതി മരിക്കണം(മരിക്കണം അത് നിര്‍ബന്ധമാ)

ഞങ്ങള്‍ ഹിന്ദുക്കള്‍ക്ക് ഇതൊന്നും വേണ്ട,കൂമര്‍ നാരായണന്‍ (പഴയ ഒരു പാക്ക് ചാരന്‍)വരെ സമ്പൂര്‍ണ്ണ ഇന്ത്യക്കാരനാണ്.

മുംബേയില്‍ പച്ച കൊടി പാറികളിക്കുന്നതൊക്കെ പാക്കിസ്ഥാനികളെ പിന്‍‌തുണക്കുന്നവരുടെ ഭവനങ്ങളിലാണെന്നും അവിടെ മുഴുവന്‍ കാര്‍പ്പറ്റ് ബോംബ് ചെയ്യണമെന്നും ഒരു ലൈവ് ഷോയിലൂടെ വിളിച്ചു പറഞ്ഞ സിമി ഗ്രേവാളിന്റെ നാടാണ് ഇത്..ഇവിടെ ജീവിക്കുമ്പോള്‍ മുസ്ലീമുകള്‍ നിരന്തരം തെളിയിച്ചു കൊണ്ടേ ഇരിക്കണം, അവര്‍ ഇന്ത്യക്കാരാണെന്ന്.പ്രഗ്യാ സിങ്ങും കേണല്‍ പുരോഹിതും അത് ചെയ്യേണ്ട കാര്യമില്ല.അതാണ് പച്ചയും കാവിയും തമ്മിലുള്ള വ്യത്യാസം.നിങ്ങള്‍ കപടമതേതരന്‍‌മാരുടെ കളര്‍ ബ്ലൈന്‍ഡ്‌നെസ്സും കാണാപ്പുറങ്ങളില്‍ ചികിത്സിക്കണോ പരാജിതാ?

myexperimentsandme said...

എക്‍സെപ്‌ഷന്‍സിനെ ജനറലൈസ് ചെയ്യുന്നതിലെ പോക്രിത്തരത്തെപ്പറ്റി ഒരു ബ്ലോഗ് കമന്റായി ഇന്നലെ വായിച്ചതേ ഉള്ളൂ.

ചില പഴയകാല ഫോട്ടോകളെടുത്ത് ജാതിയെന്തുമായിക്കൊള്ളട്ടെ, സാമ്പത്തികമായ അസമത്വങ്ങള്‍ പാ‍വപ്പെട്ടവര്‍ക്ക് നേരെ പാവപ്പെട്ടവരല്ലാത്തവര്‍ക്ക് അതിക്രമങ്ങള്‍ നടത്താന്‍ പഴയ കാലത്തെ കാരണമായിരുന്നു എന്ന രീതിയില്‍ (ഒരു സമകാലിക മലയാളം ബ്ലോഗ് കലാപരിപാടിയുടെ പശ്ചാത്തലത്തില്‍) ഒരു പോസ്റ്റിട്ടപ്പോള്‍ ആ കാര്യം എക്സപ്ഷനാണെന്ന് പറയുകയും അതല്ല അന്നത്തെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്ന് പറയുകയും ചെയ്തു.

ഒരു നൂറ് കൊല്ലം കഴിഞ്ഞ് ഈ പോസ്റ്റും കമന്റുകളും വായിക്കുന്ന അധികം ബുദ്ധിമുട്ടാന്‍ മനസ്സില്ലാത്ത ഒരു ബ്ലോഗ് ചരിത്രഗവേഷകന്‍ മിക്കവാറും മനസ്സിലാക്കുന്നത് രണ്ടായിരങ്ങളില്‍ ഇന്ത്യയില്‍ പൊതുവായി ഉണ്ടായിരുന്ന ഒരു രീതി ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം തീവ്രവാദികളും രാജ്യദ്രോഹികളുമായി മുദ്രകുത്തപ്പെടുക എന്നതായിരുന്നു എന്നാവാം-ചില എക്സെപ്ഷന്‍സ് ഉണ്ടായിരുന്നുവെങ്കിലും (രാധേയന്റെ കമന്റ് റഫ).

പക്ഷേ ഇപ്പോഴും ഞാന്‍ മനസ്സിലാക്കുന്നത് എല്ലാ മുസ്ലിങ്ങളെയും തീവ്രവാദികളായും എല്ലാ തീവ്രവാദികളും മുസ്ലിങ്ങള്‍ മാത്രമാണെന്നും വിശ്വസിക്കുന്ന ഇന്ത്യക്കാര്‍ ഒരു ന്യൂനപക്ഷം മാത്രമാണെന്നാണ്- ആ വിശ്വാസം എക്‍സെപ്ഷന്‍ മാത്രമാണ് എന്നാണ്. ആ ന്യൂനപക്ഷം സാധാരണക്കാര്‍, ഇടതുവലതുപക്ഷക്കാര്‍ തുടങ്ങി സാംസ്കാരിക സാമ്യൂഹ്യ രാഷ്ട്രീയ മേഖലകളിലെല്ലാം കണ്ടേക്കാം. എന്നാലും ആ ചിന്താഗതി ഒരു എക്സെപ്ഷന്‍ മാത്രമാണ് ഇന്ത്യയില്‍ ഇപ്പോഴും എന്നുതന്നെയാണ് എന്റെ അഭിപ്രായം.

പക്ഷേ മുസ്ലിങ്ങളിലെ തീവ്രവാദികളെപ്പറ്റി (മാത്രം) പരാമര്‍ശിക്കുമ്പോള്‍ ഇന്ത്യയിലെ എല്ലാ മുസ്ലിങ്ങളും തീവ്രവാദികളാണെന്ന് തന്നെയാണ് പറഞ്ഞത് എന്ന് സമര്‍ത്ഥിക്കാന്‍ നോക്കുമ്പോള്‍ എക്സെപ്‌ഷനെ ജനറലൈസ് ചെയ്യാന്‍ തന്നെയാണ് ശ്രമം. ചിലര്‍ അങ്ങിനെ തന്നെയേ പറയാന്‍ ശ്രമിക്കൂ എന്ന് സ്ഥാപിക്കേണ്ടുന്നത് ചിലരുടെ ആവശ്യം. ചിലരെപ്പറ്റി ചിലര്‍ ഇങ്ങനെ മാത്രമേ പറയൂ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും ചിലരുടെ ആവശ്യം. ആ പറച്ചിലും ആ ശ്രമവും ആ ആവശ്യവും എല്ലാം എക്സെപ്ഷന്‍സ് മാത്രമാണ്. ഇന്നത്തെ ജനറലൈസ് ചെയ്യാനുള്ള ശ്രമം നാളത്തെ ജനറല്‍ കാര്യമായി മാറിയാല്‍ അതിനുള്ള ഉത്തരവാദിത്തം ഇന്നത്തെ ഇത്തരം ജനറലൈസ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കുമുണ്ട്.

എക്സെപ്ഷനെ ജനറലൈസ് ചെയ്യുന്നതിനെതിരെ പട പൊരുതുന്നവര്‍ ഇത്തരം പോസ്റ്റുകള്‍ ഒരു എക്സെപ്ഷന്‍ മാത്രമാണെന്ന് കരുതിയാവണം മിണ്ടാതിരിക്കുന്നത് :)

(മുഹമ്മദ് അസ്സറുദ്ദീന്‍ മതക്കാര്‍ഡിളക്കാന്‍ നോക്കിയപ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിച്ച മുസ്ലിം മത/രാഷ്ട്രീയ നേതൃത്വത്തെ ഓര്‍ക്കുന്നു ഇപ്പോള്‍).

പഠാന്മാരുടെ മതത്തെപ്പറ്റി ഓര്‍മ്മപ്പെടുത്തിയതിന് പരാജിതന് നന്ദി.

പരാജിതന്‍ said...

വക്കാരി, നമസ്കാരം. :)
വക്കാരി ഇന്ത്യയിലല്ല ജീവിക്കുന്നതെന്ന് ഇങ്ങനെ ഇടയ്ക്കിടെ ഓര്‍‌മ്മിപ്പിക്കല്ലേ, പ്ലീസ്.

myexperimentsandme said...

പരാജിതന്‍ മാത്രമാണ് ഇന്ത്യയില്‍ ജീവിക്കുന്നതെന്നത് ഒരു എക്സെപ്ഷനാവാനാണ് വഴി അല്ലേ പരാജിതാ? :)

പരാജിതന്‍ said...

ഹഹഹ, വക്കാരി. സമ്മതിക്കില്ല, അല്ലേ?
കണ്ണും കാതും തുറന്നു വച്ചു ജീവിക്കുന്നത് എക്സെപ്ഷനാണെങ്കില്‍ അങ്ങനെ. അതിപ്പോള്‍ ഒരാളായാലും ഒരു ലക്ഷം പേരായാലും ഒരു പോലെ തന്നെ.
അതു പോട്ടെ.
കൃഷ്ണതൃഷ്ണയുടെ പോസ്റ്റിനെപ്പറ്റി പറഞ്ഞത് ഇഷ്ടമായി. അത് അവിടെ തന്നെ പറയാമായിരുന്നല്ലോ. ഓ മറന്നു, കാര്യം വളച്ചൊടിക്കുമ്പോള്‍ തൊട്ടു മുകളില്‍ പോസ്റ്റ് നോക്കി തന്നെ സത്യം ബോധ്യപ്പെടുന്നവര്‍ എന്തു വിചാരിക്കും, അല്ലേ? ഇവിടാകുമ്പോള്‍ ഓടിപ്പോയി വെരിഫൈ ചെയ്യാനോ മുമ്പ് വായിച്ച ഓര്‍‌മ്മ പുതുക്കാനോ മിനക്കെടാത്തവരെങ്കിലും ഒന്നു ‘കണ്‍‌ഫ്യൂസ്ഡും എന്‍‌ലൈറ്റന്‍‌ഡു‘മാകും. വാട്ട് ആന്‍ ഐഡിയ സര്‍‌ജി!

വേറൊന്നു കൂടി: പോസ്റ്റിലോ രാധേയന്റെ കമന്റിലോ ‘തീവ്രവാദി’ എന്നൊരു വാക്കേയില്ല. വക്കാരിയുടെ കമന്റില്‍ അതിന്റെ പൂരം. മുന്‍‌വിധികളുടെ ഓരോ കളി നോക്കണേ! അപ്പോള്‍ ശരി.

myexperimentsandme said...

ശരിയാണല്ലോ പരാജിതാ, പോസ്റ്റിലോ രാധേയന്റെ കമന്റിലോ തീവ്രവാദിയെന്ന ഒരു വാക്കേ ഇല്ല. എന്റെ കമന്റിലാണെങ്കില്‍ അതിന്റെ പൂരവും. എന്റെയൊരു മുന്‍വിധി.

ഇനി നമ്മുടെ പതിവ് ബ്ലോഗ് ശൈലികള്‍ കടമെടുത്താല്‍... ഞാനെന്താണ് ഉദ്ദേശിച്ചതെന്ന് പരാജിതന് മനസ്സിലാവാഞ്ഞിട്ടൊന്നുമല്ലല്ലോ :)

പരാജിതാ, പരാജിതന്‍ മുന്‍‌പെവിടെയോ (കൃഷ്ണതൃഷ്ണയുടെ പോസ്റ്റില്‍ തന്നെ?) പറഞ്ഞ രീതി കടമെടുത്താല്‍ (ഈ കമന്റിലാണെങ്കില്‍ കടമെടുക്കലിന്റെ പൂരവും)... “ലിങ്കിടാനൊന്നും സമയമില്ല“, അതുകൊണ്ടല്ലേ പോസ്റ്റ് വെറുതെ പരാമര്‍ശിക്കുക മാത്രം ചെയ്തത്.

പിന്നെ പരാജിതരീതിയായ “കാര്യങ്ങള്‍ വളച്ചൊടിക്കല്‍” പരാമര്‍ശം ഇഷ്ടപ്പെട്ടു. ഇനി നേരേ വാ നേരേ പോ:

കൃഷ്ണതൃഷ്ണയുടെ പോസ്റ്റില്‍ (ലിങ്കാനൊന്നും സമയമില്ല) ചരിത്രത്തിലെ എക്‍സപ്ഷനെ ജനറലൈസ് ചെയ്യരുതെന്ന് പറഞ്ഞു.

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന “'പൊതുവേ മുസ്ലീങ്ങള്‍ ദേശദ്രോഹികള്‍. എന്നാല്‍ അതേ മതത്തിലുള്ള ഒരു സര്‍‌ക്കാരുദ്യോഗസ്ഥന്‍, ശാസ്ത്രജ്ഞന്‍, കായികതാരം ഒക്കെ സമൂഹത്തിനും രാജ്യത്തിനും വേണ്ടി അദ്ധ്വാനിച്ചാല്‍ 'ഹി ഈസ് ജസ്റ്റ് അനദര്‍ ഇന്ത്യന്‍!'. അതിന്റെ പ്രസക്തി എടുത്തുകാണിക്കുന്നവന്‍ കപടമതേതരവാദി. ' ഇതാണ് ദുഷ്ടലാക്കോടെ പ്രചരിക്കപ്പെടുന്നതും നല്ല തോതില്‍ പിന്‍‌പറ്റപ്പെടുന്നതുമായ ഒരു ‘തകര്‍‌പ്പന്‍‌‘ ചിന്ത“ എന്ന പരാജിത കണ്‍ക്ലൂഷന്‍ ചിന്ത (പ്രത്യേകിച്ചും “പൊതുവെ മുസ്ലിങ്ങള്‍ ദേശദ്രോഹികള്‍“ എന്ന പരാമര്‍ശം) ഇന്ത്യയില്‍ വെച്ചുപുലര്‍ത്തുന്നവര്‍ ഒരു ന്യൂനപക്ഷം മാത്രമാണെന്നും അത് ഒരു എക്സെപ്ഷന്‍ മാത്രമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. പരാജിതന്റെ ഈ പോസ്റ്റും രാധേയന്റെ കമന്റും ആ എക്‍സപ്ഷനെ ജനറലൈസ് ചെയ്യുകയാണെന്നും ഞാന്‍ അഭിപ്രായപ്പെടുന്നു. എക്സെപ്ഷനെ ജനറലൈസ് ചെയ്യുന്നവര്‍ക്കെതിരെയുള്ള സംഘടനയെ ഞാനിവിടേയ്ക്ക് സ്വാഗതം ചെയ്യുന്നു.

വളച്ചൊടിച്ച് നൂറുകഷണമാക്കിയല്ലേ പരാജിതാ. വളച്ചൊടിച്ചെന്ന് എത്രപ്രാവശ്യം പറയണം, വളയാനും ഒടിയാനും?

ഈ പോസ്റ്റ് അത്രയ്ക്ക് കോമ്പ്ലിക്കേറ്റഡ് ഒന്നുമല്ലല്ലോ പരാജിതാ, വളച്ചൊടിച്ച് കണ്‍ഫ്യൂസ് ചെയ്ത് എന്‍ലൈറ്റന്‍ഡ് ആവാന്‍.

ഇനി എന്നെപ്പറ്റി അല്പം: പണ്ടൊക്കെ അതാത് പോസ്റ്റുകളില്‍ തന്നെ ഞാന്‍ എനിക്ക് പറയാനുള്ളത് പറഞ്ഞ് വേണ്ടത്ര മേടിച്ച് കെട്ടാറുണ്ടായിരുന്നു. ഇപ്പോള്‍ ബ്ലോഗും ഞാനും തമ്മിലുള്ള കണക്ഷന്‍ തുലോം കുറവായതുകൊണ്ടും, പിന്നെ എങ്ങാനും ഒരു കമന്റിട്ട് അതിനൊരു മറുപടി കിട്ടിയാല്‍ അതില്‍ പിടിച്ച് തൂങ്ങിത്തൂങ്ങിത്തൂങ്ങി... (ഈ പോസ്റ്റിലെ കമന്റുകള്‍ തന്നെ ഉദാഹരണം) പോകാനുള്ള ഒരു ദുശ്ശാസനശീലം ഇപ്പോഴും പൂര്‍ണ്ണമായും മാറാത്തതു കാരണവും എന്നാല്‍ അതിനുള്ള മാനസികാവസ്ഥയും മറ്റ് പല അവസ്ഥകളും ഇപ്പോള്‍ വേണ്ടത്ര ഇല്ലാത്തതിനാലുമാണ് പറയേണ്ടത് പറയേണ്ടിടത്ത് തന്നെ പറയാത്തത്. പരാജിതന്‍ ക്ഷമി. (പിന്നെ “ചര്‍ച്ച വഴിതെറ്റിക്കല്‍ പേടി” സിന്‍ഡ്രോം അങ്ങ് പൂര്‍ണ്ണമായും മാറിയിട്ടുമില്ല-വിവരമുള്ള ധാരാളം പേര്‍ ഇപ്പോള്‍ ബ്ലോഗിലുണ്ട് താനും). അങ്ങിനെ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു, പരാജിതാ. അല്ലാ... പലപ്പോഴും നമ്മള്‍ "അതൊക്കെ ഒരു കാലം!" എന്ന്‌ ആനന്ദത്തോടെ പറയുന്നത്‌ നിരന്തരപരാജയങ്ങളുടേതായ ഒരു പൂര്‍വകാലത്തെക്കുറിച്ച്‌ തന്നെയല്ലേ? :)

അപ്പോള്‍ ഡബിള്‍ ശരി.

പരാജിതന്‍ said...

വക്കാരീ, നന്നായി. :)

താങ്കള്‍ എന്ത് ഉദ്ദേശിച്ചാലും ‘ദേശവിരുദ്ധന്‍’, ‘ദേശദ്രോഹി’, ‘തീവ്രവാദി’ എന്നീ വാക്കുകള്‍ തമ്മില്‍ സാരമാ‍യ വ്യത്യാസമുണ്ട്. അതു കൊണ്ടു തന്നെ പോസ്റ്റില്‍ ആ ഒരു വ്യത്യാസം കണക്കിലെടുത്താണ് തീവ്രവാദി എന്ന വാക്ക് ഉപയോഗിക്കാഞ്ഞത് എന്നതിനാല്‍ ‍ ചുമ്മാ കേറിയങ്ങ് സമീകരിച്ചാല്‍ സഹിക്കാന്‍ ബുദ്ധിമുട്ടുണ്ട്, തല്‍ക്കാലം.

അടുത്ത സമീകരണം ദാണ്ടെ കിടക്കുന്നു. തര്‍‌ക്കിക്കാന്‍ കണ്ടു പിടിച്ച രീതി, അത്രയ്ക്ക് പുതിയതൊന്നുമല്ലെങ്കിലും, സൂപ്പര്‍. കൃഷ്ണതൃഷ്ണയുടെ ബ്ലോഗില്‍ ലിങ്ക് തപ്പാന്‍ നേരമില്ലെന്നു പറഞ്ഞിട്ട് ആ ലിങ്കിലെ പോസ്റ്റില്‍ ‘തല’ എന്നെഴുതിയിരിക്കുന്നത് കൃഷ്ണയുടെ പോസ്റ്റില്‍ ‘ചുവട്’ എന്നെഴുതുന്ന അലമ്പ് പരിപാടിയല്ല വക്കാരീ ഞാന്‍ കാണിച്ചത്. മറ്റേയിടത്തു പറഞ്ഞ കാര്യം അവിടെയും കൃത്യമായി ക്വോട്ട് ചെയ്തിട്ടുണ്ട്. ആ ലിങ്കിലെ മറ്റു ഡീറ്റെയ്ല്സ് എടുത്തിടേണ്ട കാര്യവുമുണ്ടായിരുന്നില്ല.
വക്കാരി ഇവിടെ ചെയ്തതോ? ഒന്നു നോക്കിയേ.

വക്കാരിയുടെ കമന്റ് : “ചില പഴയകാല ഫോട്ടോകളെടുത്ത് ജാതിയെന്തുമായിക്കൊള്ളട്ടെ, സാമ്പത്തികമായ അസമത്വങ്ങള്‍ പാ‍വപ്പെട്ടവര്‍ക്ക് നേരെ പാവപ്പെട്ടവരല്ലാത്തവര്‍ക്ക് അതിക്രമങ്ങള്‍ നടത്താന്‍ പഴയ കാലത്തെ കാരണമായിരുന്നു എന്ന രീതിയില്‍ (ഒരു സമകാലിക മലയാളം ബ്ലോഗ് കലാപരിപാടിയുടെ പശ്ചാത്തലത്തില്‍) ഒരു പോസ്റ്റിട്ടപ്പോള്‍ ആ കാര്യം എക്സപ്ഷനാണെന്ന് പറയുകയും അതല്ല അന്നത്തെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്ന് പറയുകയും ചെയ്തു.“

കൃഷ്ണ തൃഷ്ണ എഴുതിയത്: “മനുഷ്യനെ സമൂഹത്തില്‍‌ എന്നും‌ വേര്‍‌തിരിച്ചു നിര്‍‌ത്തിയിരുന്നത് അവന്റെ കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം‌ മാത്രമായിരുന്നു എന്ന ഒരു ഓര്‍‌മ്മപ്പെടുത്തലിനുവേണ്ടിയാണ് ഈ പോസ്റ്റ്.“

ഇതില്‍ ‘കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം ‘മാത്ര‘മായിരുന്നു’എന്ന തീര്‍‌പ്പിനോടാണ് ഞാനടക്കം പലരും വിയോജിച്ചത്. താങ്കള്‍ പറഞ്ഞ ‘പഴയ കാലത്തെ കാരണമായിരുന്നു’എന്നതും ‘സാമ്പത്തികാസമത്വം മാത്രമായിരുന്നു’വെന്നു പറഞ്ഞതും തമ്മില്‍ നല്ല വ്യത്യാസമുണ്ട് വക്കാരി. അതൊക്കെ അവിടെ വിശദമായി ചര്‍‌ച്ച ചെയ്തിട്ടുണ്ട്. അല്ലാതെ മുട്ടാപ്പോക്കു പറച്ചിലും ആക്കിത്തീര്‍‌ക്കലുമൊന്നുമല്ല നടന്നതെന്ന് ആ പോസ്റ്റ് വായിച്ച മിക്കവര്‍‌ക്കുമറിയാം. താന്‍ എഴുതിവച്ചതില്‍ വിള്ളലുണ്ടായിരുന്നുവെന്ന് പോസ്റ്റുടമയും പറഞ്ഞതാണ്. താങ്കള്‍ പറയുന്ന കേട്ടാല്‍ പോസ്റ്റുടമ പറഞ്ഞ ഏതോ മഹാസത്യത്തെ ചിലരൊക്കെ ചേര്‍‌ന്നു വേറെന്തോ ആക്കി വച്ചു എന്നേ തോന്നൂ. അതാണ് പറഞ്ഞത് വളച്ചൊടിക്കലെന്ന്. (അത് ഈ പോസ്റ്റിന്റെ കാര്യവുമല്ല.) ആ പോസ്റ്റില്‍ തന്നെ പറഞ്ഞാല്‍ കാര്യം എല്ലാവര്‍‌ക്കും കുറേക്കൂടി പിടി കിട്ടിയേനെ. പറയേണ്ടത് പറയേണ്ടിടത്ത് പറയാത്തതൊക്കെ മനസ്സിലാക്കാം. അതിവിടെ വന്നു പറഞ്ഞ ടൈമില്‍ അവിടേം കൂടി പറയാമായിരുന്നു. അതിനു വലിയ ടൈമൊന്നും വേണ്ടല്ലോ വക്കാരീ. പിന്നെ, തര്‍‌ക്കത്തിലേര്‍‌പ്പെടാനുള്ള വൈമനസ്യമാണെങ്കില്‍ ഓക്കേ. ഞാന്‍ കരുതി, കുറേപേര്‍ യോജിപ്പിലെത്തിയ ഒരു കാര്യത്തില്‍ വീണ്ടും ഒരു വ്യതിയാനമുണ്ടാക്കാന്‍ പ്രയാസമായിരിക്കും എന്നു കരുതിയിട്ടാണെന്ന്. ഇപ്പോള്‍ മനസ്സിലായി, വക്കാരിക്ക് വേറെ അഭിപ്രായമുണ്ട്, പക്ഷേ സംവാദത്തിനും മറ്റും ടൈമില്ലാത്തതു കൊണ്ട് പറയാന്‍ മിനക്കെടുന്നില്ലെന്ന്. അത് താങ്കളുടെ സ്വാതന്ത്ര്യം തന്നെ.

ഈ പോസ്റ്റില്‍ താങ്കള്‍ എക്സെപ്ഷനാണെന്നു പറഞ്ഞ സംഗതി എക്സെപ്ഷനാണെന്നു തോന്നിയിരുന്നെങ്കില്‍ സമ്മതിക്കാന്‍ യാതൊരു മടിയും കാണിക്കില്ലായിരുന്നു. മറിച്ച് പരാമര്‍‌ശിച്ച കാര്യം പടര്‍‌ന്നുകൊണ്ടിരിക്കുന്ന ഒരു രോഗമാണെന്നു ബോധ്യമുള്ളതു കൊണ്ടാണ് അങ്ങനെ തന്നെ എഴുതിയിരിക്കുന്നത്. താങ്കള്‍ താങ്കള്‍‌ക്ക് തോന്നുന്ന പോലെ വിശ്വസിച്ചോളൂ, നോ പ്രോബ്ലം.

(പിന്നെ, താങ്കള്‍ സ്വന്തം ഭൂതകാലത്തെക്കുറിച്ചെഴുതിയതും ഈ ബ്ലോഗിന്റെ മുകളില്‍ എഴുതി വച്ചിരിക്കുന്നതും ചേര്‍‌ത്തുള്ള ഫലിതം രസിച്ചു, ശരിക്കും. ഹഹഹ!)

വിശാഖ് ശങ്കര്‍ said...

വക്കാരി,
കൃഷ്നാതൃഷ്ണായുടെ പോസ്റ്റില്‍ കണ്ട മാറുമറയ്ക്കാത്ത നായരുപെണ്ണിന്റെയും സര്‍വ്വാഭരണവിഭൂഷിതയായ ഈഴവപ്പെണ്ണിന്റെയും ഫോട്ടോകളെ മാത്രം അടിസ്ഥാനപ്പെടുത്തി കേരളത്തില്‍ നിലനിന്നിരുന്ന വര്‍ണ്ണവ്യവസ്ഥ കേവലം സാമ്പത്തികാ‍ന്തരങ്ങളില്‍നിന്നുണ്ടായതാണെന്ന് സാമാന്യവല്‍ക്കരിക്കുവാനുള്ള ശ്രമത്തെ ഈ പോസ്റ്റുമായി തുലനം ചെയ്യാനുള്ള ശ്രമം അല്പം കടന്നുപോയെന്ന് പറയാതെവയ്യ.കേരളത്തില്‍ നിലനിന്നിരുന്ന വര്‍ണ്ണവ്യവസ്ഥയെ നായരെ ഉദാഹരിച്ചുകൊണ്ട് പഠിക്കാനാവില്ലെന്നതാണ് ഒരു പ്രശ്നം.ഇപ്പൊഴും നായര്‍ വകഭേദങ്ങളില്പെടുന്ന
വിളക്കിത്തല നായര്‍, ചക്കാല നായര്‍, ചങ്കൂതിനായര്‍,തുടങ്ങിയ(ഇനിയും ഒരുപാടുണ്ട്. പല പേരുകള്‍ക്കും വിളിപ്പേരിലുള്ള പ്രാദേശിക ഭേദങ്ങള്‍ ബാധകം)വിഭാഗങ്ങളില്‍ പെടുന്നവരെ; സാമ്പത്തികമായി ഇതര വിഭാഗങ്ങള്‍ക്ക് തുല്യരോ മുകളില്‍ നില്‍ക്കുന്നവരോ ആയിക്കോട്ടെ; ഉണ്ണിത്താന്‍, കുറുപ്പ്, പിള്ള തുടങ്ങിയവര്‍ ഒരുതരം ബാന്ധവങ്ങള്‍ക്കും പരിഗണിക്കാറില്ല.അതിന്റെ അര്‍ഥം വര്‍ണ്ണവ്യവസ്ഥപ്രകാരം നായരില്‍തന്നെ സാമ്പത്തികേതര വകഭേദങ്ങളുണ്ടെന്നാണ്.മേല്‍പ്പറഞ്ഞ ഫോട്ടൊയില്‍ പ്രത്യക്ഷപ്പെട്ടത് കുറുപ്പ്, പിള്ള, മേനോന്‍, ഉണ്ണിത്താന്‍ തുടങ്ങി നായരിലെത്തന്നെ വരേണ്യ വിഭാഗങ്ങളില്‍ പെടുന്നവരില്‍ ആരെങ്കിലുമായിരുന്നുവോ എന്ന ചോദ്യം ഞാന്‍ ആ പോസ്റ്റില്‍ തന്നെ ഉന്നയിച്ചിരുന്നു. മറുപടിയൊന്നും കിട്ടിയില്ല.

കേരളത്തിലെ വര്‍ണ്ണവ്യവസ്ഥയെക്കുറിച്ച് സാമൂഹ്യശാസ്ത്രപരമായ ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്.അവയില്‍ മേല്‍പ്പറഞ്ഞപോലെയുള്ള ഒരു നിഗമനത്തെ പിന്‍പറ്റുന്നവയായി എത്രയെണ്ണമുണ്ടെന്ന് തെളിവുനിരത്തി പറഞ്ഞാല്‍ ചര്‍ച്ചയാവാം.തെളിവുകളായി അപൂര്‍വ്വങ്ങളുടെ സാമാന്യവല്‍ക്കരണം പോര എന്ന് ചുരുക്കം.കാരണം ചോദ്യം ചെയ്യാനുള്ളത് ഒരു വ്യവസ്ഥയുടെ ഇന്നും നിലവിലുള്ള ഇഫക്ടുകളെയാണ്.പക്ഷെ ആ പോസ്റ്റിനെ പകല്‍ പോലെ വ്യക്തമായ ഒരു പ്രവണതയെ ചൂണ്ടിക്കണിക്കുന്ന ഈ പോസ്റ്റുമായി സമീകരിക്കുന്ന യുക്തിയാണ് എത്രയൊക്കെ മുടിനാരിഴ കീറിയിട്ടും ഗ്രഹിക്കാനാവതെ പോകുന്നത്.
സാമാന്യാര്‍ത്ഥത്തില്‍ മുസ്ലീം=തീവ്രവാദിയെന്ന് എളുപ്പത്തില്‍ സാമാന്യവല്‍ക്കരിക്കപ്പെടുന്നതും, അപൂര്‍വ്വാ‍വസരങ്ങളില്‍ അതിനപവാദമായി ഉയര്‍ന്നുവരുന്ന മുസ്ലീം നാമധേയങ്ങളെ ‘ഹീ ഇസ് ജസ്റ്റ് അന്‍ അതര്‍ ഇന്ത്യന്‍’ എന്ന നിലയ്ക്ക് ലളിതവല്‍ക്കരിക്കുകയും ചെയ്യുന്ന ഒരു പ്രവണത ഇന്ന് നിലവിലുണ്ട്.ഒരു ഹിന്ദുവിനും
തന്റെ ഹിന്ദുസ്താനിത്വം നിത്യേനെ ഓരോ വീരകൃത്യങ്ങളാല്‍ തെളിയിച്ചുകൊണ്ടിരിക്കേണ്ടതില്ല.അത് സ്വാഭാവികം.എന്നാല്‍ ഒരു മുസല്‍മാന് ഒരു ഇന്ത്യാക്കരനായിരിക്കാന്‍ നിത്യേനെ അത്തരം വീരപ്രവര്‍ത്തികള്‍ ആവര്‍ത്തിക്കണം!. ഈ
വൈരുധ്യത്തെക്കുറിച്ച് ഒരു
സൂചന ഈ
പോസ്റ്റ് തരുന്നുണ്ട്. അതിനു മേല്‍പ്പറഞ്ഞ പോസ്റ്റിലെ പോലെ ഒരുപാട് തെളിവുകളൊന്നും നിരത്തേണ്ട കാരണമില്ല. കാരണം അത് ഓരോ ഇന്ത്യാക്കാരനും പകല്‍ പോലെ വ്യക്തമായ ഒരു സംഗതിയാണ്.ഏറ്റുമുട്ടലില്‍ അറസ്റ്റുചെയ്യപ്പെടുന്ന തീവ്രവാദിയുടെ മുഖം മറയ്ക്കാന്‍ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ഒരു മത ചിഹ്നമെന്ന നിലയ്ക്ക് വൈകാരികപ്രസക്തിയുള്ള ‘തുര്‍മേ’ തുണി തന്നെ തിരഞ്ഞെടുക്കുന്നതിലൂടെനമ്മുടെ ചില ഭരണകൂടങ്ങള്‍ അത് പറയാതെ പറയുന്നുണ്ട്.(ഇതിനെക്കുറിച്ച് ഉമ്പാച്ചി ഒരിക്കലെഴുതിയ വികാരഭരിതമായ ഒരു കുറിപ്പ്ഓര്‍മ്മയുണ്ട്. അതിന്റെ ലിങ്ക് തപ്പി പരാജയപ്പെട്ടു.ഉമ്പാചിയെ ചാറ്റിലൊ മറ്റൊ കണ്ടുകിട്ടിയാല്‍ ആ ലിങ്കും സംഘടിപ്പിക്കാം)അതായത് ഇന്ത്യാക്കര്‍ മുഴുവന്‍ മുസ്ലീം= തീവ്രവാദി സമവാക്യത്തില്‍ വിശ്വസിക്കുന്നില്ല.എന്നാല്‍ അത്തരം ഒരു വിശ്വസിപ്പിക്കലിനായുള്ള ശ്രമങ്ങള്‍ പരക്കെ നടക്കുന്നുണ്ട്.അത് അനുദിനം വിജയിച്ചുകൊണ്ടിരിക്കുന്നു എന്നതു മനസിലാക്കാനായി കേടുപറ്റാത്ത ഇന്ദ്രിയങ്ങളുമായി നമ്മുടെ സമൂഹത്തില്‍ജീവിച്ചിരുന്നാല്‍ മാത്രം മതിയാകും.ആ ഒരു സാഹചര്യത്തില്‍ ഒരു ഇര്‍ഫാന്റെയോ, യൂസഫിന്റെയോ, സഹീറിന്റെയോ, അമീറിന്റെയോ, ഷാരൂഖിന്റെയോ , സാനിയയുടേയോ(ഒരുപാട് ചര്‍ച്ചയൊന്നും കൂടാതെതെതന്നെഒരു അന്താരഷ്ട്ര സമൂഹത്തില്‍‍ ഇന്ത്യക്ക് അഭിമാനമായവരുടെ അപൂറ്ണ്ണമായ ലിസ്റ്റ്)നേട്ടങ്ങള്‍ക്ക് ഇന്ത്യന്‍ സാമൂഹിക സാഹചര്യങ്ങളില്‍ , ആ ഒരു നിയതമായ നേട്ടത്തിലും അപ്പുറമുള്ള പ്രസക്തി ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു ഈ പോസ്റ്റ്.മലേഗാവ് കേസില്‍ പ്രതിയായി പിടിക്കപ്പെട്ട സന്യാസിനിയെ ഒരു സാധ്വിക്കെങ്ങനെ ഒരു ഭീകരവാദിയാകാന്‍ പറ്റും എന്ന വാദം ഉന്നയിച്ചു പ്രതിരോധിക്കുന്നവര്‍ തന്നെയാണ് കോടതി വെറുതേ വിട്ട മുസ്ലീം പ്രൊഫസര്‍ ഇപ്പൊഴും തീവ്രവാദിയാണെന്ന വിശ്വാസം പ്രചരിപ്പിക്കുന്നത്.മുസ്ലീം രാജ്യങ്ങളില്‍ ജീവിക്കുന്ന ഹിന്ദുക്കളുടെ ഇടയില്‍ ഇസ്ലാം വിരോധം പടര്‍ത്താന്‍ ഈ ബിംബം(മുസ്ലിം=തീവ്രവാദി) പരക്കെ ഉപയോഗപ്പെടുത്താറുണ്ടെന്നതിനു മനുഷ്യാനുഭവങ്ങള്‍ എത്രവേണമെങ്കിലും തെലിവുകളായി നിരത്താനാവും.ഇത്തരം ഒരു സമൂഹത്തിലാണ് ഇര്‍ഫാന്‍ സിക്സറടിച്ച് വിജയിപ്പിച്ച ഇന്ത്യന്‍ ദേശീയതയില്‍ ഒരു മുസ്ലീമിനുള്ള പങ്ക്.(സാരെ ജഹാം സെ അച്ഛാ ഹിന്ദുസ്താന്‍ ഹമാര പോലെയുള്ള വരികളിലെ ദേശീയതയില്‍ വിശ്വാസമില്ലെങ്കില്‍ കൂടി.ഇനി ഇത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരു അഭിപ്രായമെന്ന നിലയില്‍ പോലും ആര്‍ക്കൊക്കെ പറയാനാവും എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച സാധ്യമാണ്. കാരണം അതാണ് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം..!)

nalan::നളന്‍ said...

സംഘടന!! ക്ലബ്!! കൊള്ളാം..

ഇവിടെ ഇതൊരു എക്സപ്ഷനാണെന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം വക്കാരിക്കുണ്ട്.
9/11 ശേഷം ആഗോളതലത്തിലും ഇന്ത്യയിലും വന്ന മാറ്റം കണ്ടില്ലെന്നുണ്ടോ.
suspected hijacking intentions ന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട കഥകള്‍ ഒന്നും രണ്ടുമല്ലല്ലോ.
എന്തിനു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ terrorist activities നടത്തിയിട്ടുള്ളതാരാണു ? ഹിന്ദുക്കളല്ലേ? ഹിന്ദുക്കള്‍ നടത്തിയിട്ടുള്ള തീവൃവാദ പ്രവര്‍ത്തനങ്ങളുമായി (ബാബ്രി,സിക്ക്, ഗോധ്ര...) തട്ടിച്ചു നോക്കുമ്പോള്‍ മുസ്ലിമിനെ തീര്‍ത്തും മറക്കാവുന്നതാണു.. എന്നിട്ടും എന്തേ terrorist ലേബല്‍ എന്നും മിസ്ലീമിനു മാത്രം ?
പൊതു സൈക്കില്‍ മുസ്ലിം-terroist എന്ന സമീകരണം എത്രത്തോളം വ്യാപകമാണെന്നു മനസ്സിലാക്കണമെങ്കില്‍ മാധ്യമങ്ങളെ ആശ്രയിക്കുന്നതിനു പകരം പത്തു പേരുമായി സംസാരിച്ചല്‍ മതി.
ഈ അടുത്ത കാലത്ത ഒരു അടുത്ത സുഹൃത്തില്‍ നിന്നും കേള്‍ക്കേണ്ടി വന്ന വാചകം ഭീതി പടര്‍ത്തുന്നതായിരുന്നു. പുള്ളി ഒരു ഫനാറ്റിക്കൊന്നുമല്ല, സധാരണക്കാരന്‍, ശുദ്ധന്‍... കമ്പനിയില്‍ പുതുതായി ജോലിക്കെടുത്ത മുസ്ലിമിനെ പറ്റിയായിരുന്നു ആവലാതി. കോണ്ട്രാക്റ്ററായതു കൊണ്ട് ബാക്ക്ഗ്രൌണ്ട് ചെക്കുകള്‍ ഒന്നുമില്ലെന്നുള്ളത് “ഇവനൊക്കെ എത്തരക്കാരനാണെന്നാര്‍ക്കറിയാം ?”
ഇതൊരു എക്സെപ്ഷനാണെന്നു തല്‍ക്കാലം സമ്മതിക്കാന്‍ വയ്യ.

absolute_void(); said...

വക്കാരി ഭാഷ പഠിച്ച സ്കൂളില്‍ പഠിക്കാനുള്ള ദുര്യോഗം എന്റെ അനന്തരതലമുറയ്ക്കുണ്ടാവരുതേ, എന്റെ പോത്തിന്‍കാലപ്പാ!

P.C.MADHURAJ said...

Azhar, Bedi, Chadra, Doshi, ErappaLLi Prasanna, Farook Engineer, GunDappa Vishi, Harbhajan, Irfan, Javagal Srinath,Kapildev,Laxman,Maninder Sing,Navjoth Sidhu, Parkar, RaviSastri,Sachin,Tinu,Uthappa,Virendra Sewag,Yousuf... They are/were playing so well not because they belong to any particular religion!
Is Shashi Tharur writing good English becaus he's of a particular Religion? Is Rahman a wonderful composer because he's of a religion?
This is much more superstitious than astrologer saying that I failed to get a degree because of the planetary positions at the time of my birth.
Religion must be discussed when the activity for which a person has become famous has something to do with religion. Edison is to be remembered for his inventions- not for his religion. Does it matter what colour underware Bobby Fisher was wearing when he became world Champion?
Yes, to those "Journalists" who can not write anything about the chess Fisher played. They wrote about other things.They live on advertisements. And the advertising technique is still in its low IQ table- Jayaram is a good actor; and he wear Kalyan Silks; Anil Kumble is known for his success; He hanks with----Bank-One can not say that it is untrue. It is not of importance.
If you all still don't undrstand, I would say that Shashi Tharur is trying to overcome his failure in UN election- trying to regain the lost attention.
Hope he doesn' do the Bedi act of running naked in Juhu Beach!

P.C.MADHURAJ said...

I regret typos.

പരാജിതന്‍ said...

Madhuraj,
Shashi Tharoor wrote the Irphan article a long while ago. It has got nothing to do with the UN election or his failure. Before you say one shouldn't connect a person's achievements and his religion, it would be better if you teach yourself not to label someone else's writing as an expression of certain frustrations. Discuss what he wrote, instead, sir. Still, I understand your urge to write off what Shashi said and that urge, to an extent, justifies your miscalculation of the date of that article. :)

I agree with you that it is a sort of wrong practice to mention one's religion in a context that makes it irrelevant, and to link it with something he/she achieves. But every situation isn't an ideal situation, even if we wish it to be so. When certain political circumstances and the evil it unleashes grow out of proportion and hijack the normality of lives of millions, people who prefer resisting it can't just sit back and look at things as if nothing has happened. In such a situation, a sport isn't just a sport anymore, an art isn't just an art anymore and everything gets pushed into a clash of values. That is why, at times when muslims are suspected to be less patriotic than the majority, by several people from different walks of life, it becomes relevant to point out that there are people like Irphan, Yosuf et al. who are the real representatives of 150 million Indian muslims.

Unknown said...

"'താടിയും തൊപ്പിയു'മുള്ള ഒരു വൃദ്ധന്റെ മക്കള്‍" - :-)
അങ്ങിനെ അതും ജയിച്ചു...


അങ്ങനെയൊക്കെ ഉണ്ടോ??

myexperimentsandme said...

പരാ‍ജിതാ, ഇത് പരാജിതന്റെ ബ്ലോഗല്ലേ, കൃഷ്ണതൃഷ്ണയുടേതല്ലല്ലോ. പരാജിതന്‍ തന്നെ പറഞ്ഞതുപോലെ കൃഷ്ണതൃഷ്ണയുടെ പോസ്റ്റിനെപ്പറ്റിയുള്ള ചര്‍ച്ച അവിടെത്തന്നെയാകാമല്ലോ.

ഈ പോസ്റ്റില്‍ ഞാന്‍ കൃഷ്‌ണതൃഷ്ണയുടെ പോസ്റ്റ് പരാമര്‍ശിച്ചത് ആ പോസ്റ്റിന് എനിക്കുള്ള അഭിപ്രായമായോ, ആ പോസ്റ്റിനെപ്പറ്റി പരാജിതന്റെ അഭിപ്രായത്തിനുള്ള എന്റെ മറുപടിയായോ ഒന്നുമല്ലെന്ന് (സ്ഥിരം ബ്ലോഗ് ശൈലി കടമെടുത്താല്‍) പരാജിതന് മനസ്സിലാകാഞ്ഞിട്ടൊന്നുമല്ലല്ലോ :) ആ പോസ്റ്റിന്റെ വ്യാഖ്യാനത്തെപ്പറ്റി അവിടെത്തന്നെ ഒന്നില്‍ കൂടുതല്‍ അഭിപ്രായങ്ങളുണ്ടായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

ആ പോസ്റ്റിനെപ്പറ്റി വന്ന (എന്റെ നോട്ടത്തില്‍) ഒരു പ്രധാന അഭിപ്രായം എക്‍സെപ്ഷന്‍‌സിനെ സാമാന്യവല്‍ക്കരിക്കരുത് എന്നായിരുന്നു. മുസ്ലിങ്ങളെല്ലാം രാജ്യദ്രോഹികള്‍, അല്ലെങ്കില്‍ തീവ്രവാദികള്‍ (മുസ്ലിങ്ങളെല്ലാം തീവ്രവാദികള്‍ എന്നും പ്രചരിപ്പിക്കുന്നുണ്ട്-പക്ഷേ അതും എക്‍സെപ്ഷന്‍ ആണെന്നുതന്നെയാണ് എന്റെ അഭിപ്രായം. ദേശവിരുദ്ധന്‍, രാജ്യദ്രോഹി, തീവ്രവാദി ഇവ തമ്മിലുള്ള പത്ത് വ്യത്യാസങ്ങളല്ല, ഞാന്‍ ഉദ്ദേശിച്ചത്, ലേബലടി എന്ന നിലയില്‍ അവയെല്ലാം ഒരുപോലെ എന്ന അര്‍ത്ഥത്തിലാണ്-അതും പരാജിതന് മനസ്സിലാകാഞ്ഞിട്ടൊന്നുമല്ലല്ലോ) എന്ന് ഇന്ത്യയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അത് എക്സെപ്ഷന്‍ ആണെന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതുകൊണ്ട് കൃഷ്‌ണതൃഷ്‌ണയുടെ പോസ്റ്റില്‍ എക്സെപ്ഷനെ സാമാന്യവല്‍ക്കരിക്കുന്നതിനെതിരെ പ്രതികരിച്ചാല്‍ (എന്റെ നോട്ടത്തില്‍) എക്‍സെപ്ഷനായ “മുസ്ലിങ്ങളെല്ലാം തീവ്രവാദികള്‍” എന്ന പ്രചരണത്തെ സാമാന്യവല്‍ക്കരിക്കുന്നതിനെതിരെയും പ്രതികരിക്കണം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. എക്‍സെപ്ഷനുകളുടെ സാമാന്യവല്‍ക്കരണമാണ് കൃഷ്ണതൃഷ്‌ണയുടെ പോസ്റ്റ് പരാമര്‍ശിക്കുക വഴി ഞാന്‍ ഉദ്ദേശിച്ചത്.

പിന്നെ പരാജിതാ, ബ്ലോഗിംഗ്/കമന്റിംഗ് എന്ന് പറഞ്ഞാല്‍ സ്വാതന്ത്ര്യത്തിന്റെ ലാസ്റ്റ് സ്റ്റോപ്പിന് ഇപ്പുറത്തെ സ്റ്റോപ്പായതിനാല്‍, അവിടെ പറയാമായിരുന്നല്ലോ, അതിന് അധികം ടൈമൊന്നും വേണ്ടായിരുന്നല്ലോ എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും ആരോടും ഒരിക്കലും പറഞ്ഞേ പോകരുത് എന്നാണല്ലോ. അവിടെ പറയണമെന്ന് തോന്നിയാല്‍ മാത്രം അവിടെ പറയും. അവിടെ പറയാത്തതിന് കാക്കത്തൊള്ളായിരം കാരണങ്ങള്‍ കാണും. ചിലപ്പോള്‍ ഒരു കാരണവും കാണില്ല. ആ കാരണങ്ങള്‍ ചികയണോ വേണ്ടയോ എന്നതൊക്കെ അവരവരുടെ സ്വാതന്ത്ര്യം. ചിലപ്പോള്‍ പറയാത്തത് വേറേ അഭിപ്രായം ഇല്ലാത്തതുകൊണ്ടാവാം. ചിലപ്പോള്‍ അഭിപ്രായം ഉണ്ടാവാം, പറയേണ്ടെന്ന് വെച്ചതാവാം, ചിലപ്പോള്‍ പറയാനാഞ്ഞിട്ട് വേണ്ടെന്ന് വെച്ചതാവാം. ചിലപ്പോള്‍ പറയേണ്ടത് തന്നെ വേറേ ആരെങ്കിലും പറഞ്ഞതുകൊണ്ടാവാം. അതിന്റെ കാരണങ്ങള്‍ ചികയുക എന്നത് അറ്റ്‌ലാന്റിക് ഓഷ്യനില്‍ കായം കലക്കിയിട്ട് കായം വേര്‍തിരിക്കുന്നതുപോലെയാവില്ലേ എന്ന് കണ്‍ഫ്യൂഷന്‍. പക്ഷേ അങ്ങിനെയൊക്കെ ആരെങ്കിലും ചെയ്യണോ വേണ്ടയോ എന്നതൊക്കെ പൂര്‍ണ്ണമായും അവരവരുടെ സ്വാതന്ത്ര്യം.

അതുകൊണ്ട് പരാജിതാ, ഈ പോസ്റ്റില്‍ എന്റെ കമന്റിന്റെ സാരം എക്സെപ്ഷനെ ജനറലൈസ് ചെയ്യരുത് എന്ന് മാത്രമായിരുന്നു. കൃഷ്ണതൃഷ്ണയുടെ പോസ്റ്റ് പരാമര്‍ശിക്കാന്‍ കാരണം ആ പോസ്റ്റിനെപ്പറ്റി വന്ന പ്രധാനമായ ഒരു പരാമര്‍ശം ആ പോസ്റ്റ് എക്സെപ്ഷനെ ജനറലൈസ് ചെയ്തു എന്നതായിരുന്നു. കൃഷ്ണതൃഷ്ണയുടെ പോസ്റ്റിന് എന്റേതായ ഒരു വ്യാഖ്യാനം (ചില പഴയകാല ഫോട്ടോകളെടുത്ത് ജാതിയെന്തുമായിക്കൊള്ളട്ടെ, സാമ്പത്തികമായ അസമത്വങ്ങള്‍ പാ‍വപ്പെട്ടവര്‍ക്ക് ...) കൊടുക്കാന്‍ കാരണം താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അവിടെ കമന്റിട്ട ചിലര്‍ക്ക് മനസ്സിലായി എന്ന് കൃഷ്ണതൃഷ്ണ പറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു. ആ പോസ്റ്റില്‍ പരാജിതന്‍ പറഞ്ഞതുപോലെ “കുറെപ്പേര്‍ യോജിപ്പിലെത്തി”യ ഫീലിംഗ് ഒന്നും എനിക്ക് തോന്നിയില്ല. കുറെപ്പേര്‍ യോജിപ്പിലെത്തി. മറ്റ് ചിലരും യോജിപ്പിലെത്തി. യോജിപ്പിലെത്തിയ ഇവരും യോജിപ്പിലെത്തിയ അവരും തമ്മില്‍ യോജീപ്പിലാണോ യോവാനായിലാണോ എത്തിയതെന്ന് ഒന്നുകൂടി ഒന്ന് പോയി നോക്കട്ടെ.


നളനും വിശാഖ് ശങ്കറും ചെയ്തതുപോലെ പരാജിതന്‍ ഈ പോസ്റ്റില്‍ പരാമര്‍ശിച്ച കാര്യം എക്സെപ്ഷനാണോ അല്ലയോ എന്ന് പറയുക, ഞാന്‍ പറഞ്ഞത് ശരിയോ തെറ്റോ എന്ന് പറയുക എന്നൊക്കെയാണെങ്കില്‍ ‍ അതാണ് ഈ പോസ്റ്റില്‍ നിന്നും വ്യതിചലിക്കാതെയുള്ള മറുപടി എന്നാണ് എന്റെ ഒരു തോന്നല്‍. അതല്ലാതെ കൃഷ്ണതൃഷ്ണയുടെ പോസ്റ്റിനുള്ള മറുപടി പറയാന്‍ ഞാന്‍ പരാജിതന്റെ ഈ പോസ്റ്റ് ഉപയോഗിച്ചു, അത് അവിടെ പറയാതെ ഇവിടെ പറയുക വഴി അവിടെയും ഇവിടെയും വഴി തെറ്റിക്കലാണ് എന്റെ ഉദ്ദേശം എന്നൊക്കെയുള്ള പരാജിതകണ്ടുപിടുത്തങ്ങള്‍ കുറച്ച് രോമാഞ്ചമുണ്ടാക്കുന്നുണ്ട് എന്നതിനപ്പുറം എന്തെങ്കിലുമുണ്ടാക്കുന്നുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും എന്റെ ഉദ്ദേശം അതല്ലായിരുന്നു. ഇവിടെ എന്റെ മറുപടി എന്തായിരുന്നു എന്ന് എന്റെ മുന്‍‌പിലത്തെ മൂന്ന് കമന്റുകളുലുമുണ്ട്, ഇവിടെയുമുണ്ട്. പക്ഷേ എന്തിനൊക്കെ പ്രതികരിക്കണം, എങ്ങിനെയൊക്കെ പ്രതികരിക്കണം എന്നൊക്കെയുള്ള ത് പൂര്‍ണ്ണമായും അവനവന്റെ സ്വാതന്ത്ര്യം.

വിശാഖ് ശങ്കര്‍, താങ്കളുടെ പകല്‍ എനിക്ക് രാത്രിയായതുകൊണ്ടാവാം, താങ്കള്‍ക്ക് പകല്‍ പോലെ വ്യക്തമായ ചില കാര്യങ്ങള്‍ എനിക്കിപ്പോഴും അത്രയ്ക്ക് വ്യക്തമല്ലാത്തത്. മുസ്ലിങ്ങളെല്ലാം തീവ്രവാദികള്‍, ഹിന്ദുക്കളെപ്പറ്റി പറയുന്നവരെല്ലാം സംഘപരിവാറുകാര്‍, കൃസ്ത്യാനികളെല്ലാം മതം മാറ്റാന്‍ നടക്കുന്നവര്‍, സിക്കുകാരെല്ലാം രാജ്യത്തോട് സ്നേഹമില്ലാത്തവര്‍... തുടങ്ങി അവനവന്റെ നിലപാടുകളനുസരിച്ച് ഇങ്ങനെ പല കാര്യങ്ങളും പലര്‍ക്കും തരം പോലെ പകല്‍ പോലെ വ്യക്തമായിരിക്കും. പക്ഷേ നമുക്ക് ചുറ്റുമുള്ള പത്ത് പേരുടെ നിലപാട് വെച്ച് അതാണ് സാമാന്യനിലപാട് എന്നൊക്കെ സാമാന്യവല്‍ക്കരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരു പഠനറിപ്പോര്‍ട്ടോ, സര്‍വ്വേ ഫലമോ അങ്ങിനെയെന്തെങ്കിലും വേണ്ടിവരും. എങ്കില്‍ പോലും ആള്‍ക്കാരുടെ ഉള്ളിലിരുപ്പുകള്‍ എന്താണെന്ന് എത്രയൊക്കെ പഠിച്ചാലും ചിലപ്പോള്‍ വ്യക്തമായിക്കൊള്ളണമെന്നുമില്ല.

എനിക്കുചുറ്റുമുള്ള ആള്‍ക്കാരെ ഞാന്‍ ഇന്നും പരിശോധിച്ചു. ഇന്ത്യയോടുള്ള സ്നേഹവും കൂറും ഓരോ നിമിഷവും എങ്ങിനെ തെളിയിക്കും, ഒരു നിമിഷം കഴിഞ്ഞ് പോയാല്‍ എന്താവും സ്ഥിതി, തെളിയിക്കാന്‍ ഒരു നിമിഷത്തില്‍ കൂടുതല്‍ എടുത്താല്‍ പ്രശ്നമാവുമോ എന്നൊക്കെയോര്‍ത്ത് വിഷമിച്ച് നടക്കുന്നവരെയൊന്നും ഞാന്‍ ഇന്നും കണ്ടില്ല. നമുക്ക് വേണ്ടത് മാത്രം നാം കാണുന്നതുകൊണ്ടാവും.

മുസ്ലിങ്ങളെല്ലാം രാജ്യദ്രോഹികളാണ് എന്ന് വിശ്വസിക്കുന്നവരാണോ മുസ്ലിങ്ങളെല്ലാം രാജ്യദ്രോഹികളാണ് എന്നാണ് നല്ലൊരു വിഭാഗം വിശ്വസിക്കുന്നത് എന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നവരാണോ എക്സെപ്ഷന്‍ എന്നാണ് എന്റെ ഇപ്പോഴത്തെ കണ്‍ഫ്യൂഷന്‍.

Kumar Neelakandan © (Kumar NM) said...

ഹരീ
അവര്‍ പഥാന്‍മാര്‍ കളിച്ചു ജയിച്ചതു പാകിസ്ഥാനെതിരെ അല്ലലൊ, നമ്മുടെ “അനിയ“ രാജ്യമായ ശ്രീലങ്കയ്ക്കെതിരെയല്ലെ.

പഥാന്‍ കുട്ടികളെ നിങ്ങള്‍ അന്യരാജ്യമായ പാകിസ്ഥാനെതിരെ പോരാടി വിജയം വരിക്കു, അല്ലെങ്കില്‍ ഇംഗ്ലീഷ് വില്ലോ വച്ച് അടിവാങ്ങി മരിക്കു.. തെളിയിക്കൂ നിങ്ങടെ രാജ്യസ്നേഹം,
അപ്പോള്‍ ഞങ്ങള്‍ ആലോചിക്കാം നിങ്ങളെ പുകഴ്ത്തിപാടുന്നതിനെ കുറിച്ച്.
നിങ്ങള്‍ ജനിച്ച മതവര്‍ഗ്ഗത്തിനെതിരെ പോരാടൂ. അന്നു ഞങ്ങളുടെ മാധ്യമങ്ങള്‍ നിങ്ങള്‍ക്കായി എട്ടുകോളം തലക്കെട്ടുകള്‍ തീര്‍ക്കും.
പിന്നൊരു കാര്യം പാകിസ്ഥാനെതിരെ കളിച്ചു ജയിച്ചാല്‍ മാത്രം പോരാ..
അവന്‍ ബൌള്‍ ചെയ്യുമ്പോള്‍ ബോള്‍ ഫേയ്സ് ചെയ്യും മുന്‍പ് അടിക്കുന്ന സിക്സര്‍ ഗാലറില്‍ എവിടേയ്ക്കെന്ന് ബാറ്റ് ചൂണ്ടി കാട്ടിയിട്ട് അടിക്കണം. പ്രകോപിപ്പിച്ച് ജയിക്കണം. ചുരുക്കത്തില്‍ അവനോട് ഉടക്കണം.

ഒരു ഓര്‍മ്മ; പണ്ടു വിശ്വനാഥന്‍ എന്ന വിക്കറ്റ് കീപ്പറെ ( ഒരു സ്റ്റൈലന്‍ മൊട്ട) വിക്കറ്റിന്റെ പിന്നില്‍ ബൌളര്‍ക്ക്
പ്രചോദനമായി അലറി വിളിച്ചു കൊണ്ടു നിന്നപ്പോള്‍ സാക്ഷാല്‍ മിയാന്ദാദ് വിശ്വനാഥിന്റെ മൊട്ടത്തലയില്‍ വിരലു ചൂണ്ടി എന്തൊക്കെയോ പറഞ്ഞു. വന്നു നമ്മുടെ പ്രിയ ക്യാപ്റ്റന്‍ കപില്‍ദേവ്. വിരല്‍ മിയാന്ദാദിന്റെ മൂക്കിനുനേരേ വിരല്‍ ചൂണ്ടി കയര്‍ക്കുന്നു. കപിലിന്റെ മുഖം ഒരു യുദ്ധമുഖം പോലെ രൂക്ഷം. ഒടുവില്‍ നൊമ്മടെ ഗാവസ്കര്‍ സാര്‍ ഒക്കെ എത്തി സംഗതി ഒരു വഴിക്കാക്കി ഒതുക്കുന്നു.
കുറച്ചു നാള്‍ മുന്‍പുവരെ സൂക്ഷിച്ചുവച്ചിരുന്ന സ്പോര്‍ട്സ്സ്റ്റാറുകളില്‍ ഒന്നില്‍ നിര നിരയായി
അടുക്കിവച്ചപോലെയുള്ള ചിത്രങ്ങളാണിവ.
പ്രീഡിഗ്രീക്ക് പഠിക്കുന്ന ഞങ്ങള്‍ക്കൊക്കെ കപിലിന്റെ ആ “എടപെടലില്‍” കുളിരു കോരി. അന്നു കശ്മീരും കാര്‍ഗ്ഗിലും ഒന്നും കടുത്തതല്ല എങ്കിലും സംഗതി പാകിസ്ഥാന്‍ ആണല്ലോ! പക്ഷെ അന്നു അതു വെറും പാകിസ്ഥാന്‍ ആയിരുന്നു ഞങ്ങള്‍ക്ക്, അതിര്‍ത്തിക്കപ്പുറം ചൂടുള്ള ശത്രുത തരുന്ന ഒരു രാജ്യം. പകരം ജാവേദ് മിയാന്‍‌ദാദ് എന്ന മുസ്ലീം അല്ല.

പക്ഷെ ഇന്ന് വളരെ സിമ്പിള്‍ ആയ ഗെയിം പ്ലാന്‍ ആണ്. പാകിസ്ഥാന്‍ ഒരു ശത്രു രാജ്യമല്ല, മുസ്ലീം എന്ന ഒരു “വിരുദ്ധന്റെ”
രാജ്യമാണ്”.

പക്ഷെ നമുക്ക് ഒന്നോര്‍ക്കാം പിന്നെ തിരിച്ചറിയാം; പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ജയിക്കുമ്പോള്‍, കൂട്ടമായിരുന്ന് ഉള്ളിലെങ്കിലും ആഹ്ലാദിക്കുന്ന ഇന്ത്യാക്കാരായ ഒട്ടനവധിപേരെ. നമ്മള്‍ ‘ഇന്ത്യാക്കര്‍‘ തന്നെ സൃഷ്ടിച്ചവരെ.

നമ്മള്‍ തന്നെ വിരുദ്ധരാക്കിയവരെ.

പരാജിതന്‍ said...

വക്കാരീ,
എക്സെപ്ഷന്‍സിനെ ജെനറലൈസ് ചെയ്യാന്‍ പാടില്ലെന്നു തന്നെയാണ് അഭിപ്രായമെന്നു നൂറുവട്ടം പറയണോ? താങ്കള്‍ എക്സെപ്ഷനായി കാണുന്നത് എനിക്ക് അങ്ങനെ കാണാന്‍ പറ്റില്ലെന്നതു കൊണ്ടാണ് ഈ പോസ്റ്റിട്ടതെന്നും പറഞ്ഞും. ഇനിയെന്തു വേണമെന്നാണ്?

എക്സെപ്ഷന്‍‌സിനെപ്പറ്റി പറയാന്‍ കൃഷ്ണതൃഷ്ണയുടെ പോസ്റ്റിനെ പരാമര്‍‌ശിക്കുന്ന കൂട്ടത്തില്‍ ആ പോസ്റ്റിലെ വിഷയത്തെപ്പറ്റി താങ്കളൊരു നെടുങ്കന്‍ വാചകമെഴുതിയിരുന്നു. അത് യാഥാര്‍‌ത്ഥ്യത്തിനു നിരക്കുന്നതല്ലാത്തതു കൊണ്ടും തെറ്റിദ്ധാരണയുണ്ടാക്കുമെന്നതു കൊണ്ടും അതേപ്പറ്റി ഇവിടെ സംസാരിക്കാന്‍ താല്പര്യമില്ലാത്തതു കൊണ്ടുമാണ് അവിടെ സംസാരിക്കാമായിരുന്നില്ലേയെന്നു ചോദിച്ചത്. ഉദ്ദേശിച്ചത് മനസ്സിലാക്കുന്നതിനെപ്പറ്റിയും പോസ്റ്റ് എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുവെന്നതിനെപ്പറ്റിയുമൊക്കെ അവിടെ വിശദമായി പറഞ്ഞിട്ടുണ്ടേ. എല്ലാ പേരും യോജിച്ചുവെന്നൊന്നും ഞാന്‍ പറഞ്ഞതുമില്ല. അങ്ങനൊരു അതിമോഹവുമില്ല, കുറഞ്ഞ പക്ഷം ബ്ലോഗെഴുതുമ്പോഴെങ്കിലും.

പിന്നെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുമൊക്കെ ഊഹിക്കാനുള്ള കുത്തകാവകാശം താങ്കള്‍‌ക്കു മാത്രമായി ആരാണാവോ പതിച്ചു തന്നത്? ബാക്കിയുള്ളവരും കുറച്ചൊക്കെ ഊഹിച്ചോട്ടെന്ന്.

വിശാഖ് ശങ്കര്‍ said...

എക്സപ്ഷന്‍സിനെ ജെനറലൈസ് ചെയ്യരുത്.തികച്ചും ന്യായമായ വാദം.കൃഷ്ണ തൃഷ്ണയുടെ ബ്ലോഗില്‍ എക്സപ്ഷണലായ ചില ഫോട്ടോകളും അവസ്ഥകളും സാമാന്യവല്‍ക്കരിച്ചുകൊണ്ട് കേരളത്തിലെ അയിത്തമുള്‍പ്പെടെയുള്ള സാമൂഹികാനാചരങ്ങളുടെ കാരണം സാമ്പത്തികാസമത്വങ്ങള്‍ ആണെന്ന് വാദിക്കാന്‍ ശ്രമിച്ചപ്പോള്‍ പലരും അതിനെ എതിര്‍ത്തു.ചില എക്സപ്ഷന്‍സിനെ ജെനറലൈസ് ചെയ്യതുകൊണ്ട് മാത്രം ഒരു സാമൂഹ്യ സത്യത്തിലേയ്ക്ക് എത്താനാവില്ല എന്നു വാദിച്ചുകൊണ്ട്.പക്ഷെ ഈ പോസ്റ്റില്‍ പറയുന്നതോ?മുസ്ലീങ്ങളൊക്കെ തീവ്രവാദികളാണ് എന്ന് ഇന്ത്യയിലെ മുഴുവന്‍ മനുഷ്യരും വിശ്വസിക്കുന്നു എന്നൊരു വാദം ഒരിടത്തും ഈ പോസ്റ്റ് മുന്നോട്ടുവയ്ക്കുന്നതായി എനിക്കു തോന്നിയില്ല.മറിച്ച് അങ്ങനെ വിശ്വസിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ഒരു എക്സപ്ഷന്‍ മാത്രമാണെന്നും,അതേക്കുറിച്ചുള്ള ചര്‍ച്ചകളൊക്കെ ചില എക്സപ്ഷനുകളെ ജെനറലൈസ് ചെയ്ത് ഇല്ലാത്ത ഒരു പ്രശ്നത്തെ ഉണ്ടെന്നു വരുത്തി തീര്‍ക്കലാണെന്നുമുള്ള താങ്കളുടെ വാദമാകട്ടെ നമ്മുടെ സമൂഹത്തില്‍ അനുദിനം പ്രബലമായിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യവിപത്തിനെ അപ്പാടെ തമസ്കരിക്കുന്നതും.കേവലം ഒരു മുസ്ലീം നാമധാരിയായതുകൊണ്ടുമാത്രം സംശയത്തിന്റെ നിഴലില്‍ കഴിയേണ്ടിവന്ന നിരവധി ഇന്ത്യന്മുസല്‍മാന്മാരുടെ വേദനയേയും, ധാര്‍മികരോഷത്തെയുമൊക്കെ എത്ര എളുപ്പത്തില്‍ നിസ്സാരവല്‍ക്കരിക്കാനാവുന്നു ഈ വാദത്തിന്!ഇതുപോലൊരു സമകാലിക സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനും സര്‍വേ റിപ്പോര്‍ട്ടുകള്‍ വേണം എന്ന് പറഞ്ഞാല്‍ പിന്നെ ഒന്നും പറയാനില്ല.യാന്ത്രികമായ കണക്കുകളിലൂടെ ഒരു ജീവിതയാഥാര്‍ത്ഥ്യത്തെയും അറിയാനാവില്ല. അത് ജീവിച്ചുതന്നെ അറിയണം.എന്റെ പകല്‍ മറ്റൊരാള്‍ക്ക് എന്താണെന്നതല്ല പ്രശ്നം.ഊഴം വച്ചായാലും പകല്‍ വെളിച്ചം എല്ലാവര്‍ക്കും ലഭ്യമല്ലേ...

Suraj said...

കൃഷ്ണതൃഷ്ണയുടെ എക്സപ്ഷന്‍സും ഈ പറയുന്ന "ജസ്റ്റ് അനതര്‍ ഇന്‍ഡ്യന്‍" എക്സപ്ഷന്‍സും ഒന്നാണെന്നും ആ ഒന്നായ ലവനെ രണ്ടെന്ന് കണ്ട് ഉണ്ടായ ഇണ്ടലാണു എക്സപ്ഷന്‍സിനെ ജനറലൈസ് ചെയ്യുന്നതിനെതിരേ "പോരാടുന്നവരുടെ" ക്ലബ്ബ് അംഗങ്ങള്‍ക്ക് (!) എന്നൊക്കെയുള്ള ഗൊണാണ്ടറും പൊക്കിക്കൊണ്ടു വന്ന് പതിനഞ്ചു പേജിന്റെ രായസമെഴുതി സ്ഥാപിക്കുക എന്നതാണു പരാജിതന്‍ ജീ ചിലരുടെ ഫയങ്കരമാന ഉദ്ദേശ്യങ്ങള്‍. അതിന്റെ വയറിളകിക്കിടക്കുന്നതിലു ഇങ്ങളു ചവിട്ടി തെന്നി വീഴാണ്ടിരിക്കീനേ.

ആര്‍ക്കും ഒന്നും മനസിലാവാഞ്ഞിട്ടൊന്നുമല്ല...എങ്കിലും പ്യേച്ചേണ്ടടത്ത് പ്യേച്ചാത വല്ലടത്തും വന്നിരുന്ന് മുള്ളിയപ്പം തെറിച്ച ബന്ധം പറഞ്ഞ് പ്യേച്ചിയാലെ ഒറക്കം വരൂന്ന്... എന്തര്‍..വീര്യങ്ങള്‍..!

myexperimentsandme said...

തന്നെ തന്നെ സൂരജേ... എല്ലാവര്‍ക്കും എല്ലാം മനസ്സിലാവുന്നുണ്ട് എന്നത് മാത്രമാണ് ആശ്വാസം.